ചൈനയുടെ സേന പിന്മാറ്റം പൂര്‍ത്തിയായി അതിര്‍ത്തി ശാന്തമാകാതെ ഉഭയകക്ഷി ബന്ധം പഴയപടിയാകില്ലെന്ന ശക്തമായ നിലപാടുമായി ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യമാണ്. ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലല്ല. ചൈനയുടെ സേന പിന്മാറ്റത്തിന് വേഗം പോരെന്നും ജയ്ശങ്കര്‍ വാങ് യിയോട് പറഞ്ഞു.
2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ – ചൈന ഉന്നതതല സന്ദര്‍ശനം നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. നയതന്ത്രബന്ധം പഴയതുപോലെയാകണമെന്ന് ചൈന അഭ്യര്‍ഥിച്ചു. എന്നാല്‍ ചൈനയുടെ സൈനിക നടപടി ബന്ധം വഷളാക്കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ ബലപ്രയോഗത്തിലൂടെ പരിഹരിക്കരുത്. അധികസേന വിന്യാസം മൂലം അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യമാണ്. സംഘര്‍ഷാവസ്ഥയുള്ള മേഖലകള്‍ ഇപ്പോഴുമുണ്ട്. സാമാധാന ശ്രമങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു.













