LIMA WORLD LIBRARY

നാടക, സിനിമാ നടന്‍‌ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര, നാടകനടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു.  കൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. രണ്ടുതവണ മികച്ച നാടക നടനുളള സംസ്ഥാന പുരസ്കാരം നേടി. കെപിഎസി ഉള്‍പെടെ ഒട്ടേറെ നാടകസമിതികളില്‍  പ്രവര്‍ത്തിച്ചു. പതിനായിരത്തിലേറെ വേദികളില്‍ പ്രധാനവേഷങ്ങളില്‍ തിളങ്ങി. ഈമയൗ, ലൂസിഫര്‍, ഹോം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.

സപ്തതി വേളയില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച ജീവിതചിത്രം: ആലപ്പുഴയിലെ ഒരു നാട്ടുപ്രദേശമാണു കൈനകരി. കൈത്തോടുകളും നെൽപാടങ്ങളും നിറഞ്ഞ കുട്ടനാടൻ മണ്ണ്. ഇന്ന് അതു വെറുമൊരു മണ്ണല്ല. അതിന് ഒരു മനുഷ്യന്റെ രൂപവും ശബ്ദവും കൂടിയുണ്ട്; കരുമാടിക്കുട്ടന്റെ നാട്ടിൽ തങ്കശോഭയുള്ള ഒരു മനുഷ്യരൂപം– കൈനകരി തങ്കരാജ്. കേരളം ഉറക്കമൊഴിഞ്ഞിരുന്നു, ആ രൂപത്തിലേക്കു കഥാപാത്രങ്ങൾ പരകായപ്രവേശം നടത്തുന്നത് എത്രയോ കണ്ടിരിക്കുന്നു. അതേ, ആ തങ്കരാജ് സപ്തതിയുടെ നിറവിൽ. സാർഥകമായ 70 വർഷം.

1946 ഒക്ടോബർ 18. അന്നു തുലാം ഒന്നായിരുന്നു. അവിട്ടം നക്ഷത്രം. തങ്കരാജ് പിറന്നത് അന്നാണ്. നാടകനടനും ഭാഗവതരുമായ നാരായൺ കുട്ടിയും ജാനകിയമ്മയും മാതാപിതാക്കൾ. അച്ഛന്റെ നടനവാസന ഏക മകനിലേക്കും പടർന്നു. 13–ാം വയസ്സിൽ തങ്കരാജ് അഭിനയത്തിനു തട്ടേക്കയറി. ആരും വിളിച്ചു കയറ്റിയതല്ല. അതിനൊരു വാശിയുടെ കഥയുണ്ട്.

സ്കൂൾ വാർഷികത്തിന് അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത്. കാനം ഇജെയുടെ ‘മതിലുകൾ ഇടിയുന്നു’ എന്ന നാടകമാണ്. നടൻമാരെ നിശ്ചയിക്കുന്നതിനു അധ്യാപകരുടെ ‘സ്ക്രീൻ ടെസ്റ്റ്’. പതിമൂന്നുകാരനായ തങ്കരാജിനു മറ്റു പലരെയു പോലെ പുറത്തേക്കായിരുന്നു വഴി. പക്ഷേ പിന്മാറാൻ തങ്കരാജ് തയാറായില്ല. തിരസ്കരിക്കപ്പെട്ടവരെയെല്ലാം ചേർത്ത് ഉഷ തിയറ്റേഴ്സ് രൂപീകരിച്ചു. അതേ നാടകം അതിനെക്കാൾ മികവോടെ കൈനകരിയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. സൗജന്യമായിട്ടായിരുന്നു അവതരണം. ഒരു നടനയാത്രയുടെ തുടക്കമായിരുന്നു അത്. എട്ടുവർഷം വിവിധ നാടകങ്ങളുമായി അമച്വർ വേദികളിൽ തങ്കരാജ് നിറഞ്ഞാടി. പേരിനു മുന്നിൽ നാടിന്റെ പേരു ചേർന്നു. തങ്കരാജ് കൈനകരി തങ്കരാജ് ആയിമാറി.

നാടകം ജീവിതം

ജീവിതവും നാടകവും തങ്കരാജിനു രണ്ട് അല്ലാതായി മാറി. 23–ാം വയസ്സിൽ നൂറനാട് ശിൽപശാലയിലൂടെ പ്രഫഷനൽ രംഗത്തേക്കു ചുവടുമാറ്റി. പിതാവിനോടൊപ്പം അഭിനയിച്ചിരുന്ന ഓച്ചിറ ശങ്കരൻകുട്ടി, അടൂർ പങ്കജം, മാവേലിക്കര പൊന്നമ്മ തുടങ്ങിയവരായിന്നു നാടകത്തിലെ മറ്റു താരങ്ങൾ. അടുത്ത വർഷം ആലപ്പുഴ യങ്സ്റ്റേഴ്സിന്റെ ‘രാത്രി’ നാടകത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം. തങ്കരാജ് പിന്നെ തിരിഞ്ഞു നോക്കിയില്ല. സമിതികളിൽ നിന്നു സമിതികളിലേക്ക്. വേദികളിൽ നിന്നു വേദികളിലേക്ക്. കെപിഎസിയിൽ ഒൻപതുവർഷം. ചങ്ങനാശേരി ഗീഥയിൽ അഞ്ചുവർഷം. ചാലക്കുടി സാരഥി ചരിത്രം എഴുതിയ ‘ഫസകിൽ’ 1400ലേറെ വേദികൾ. പിന്നെ കായംകുളം പീപ്പിൾസ്, ആലപ്പി തിയറ്റേഴ്സ്, കോട്ടയം നാഷനൽ, അടൂർ ജയ, ചേർത്തല ജൂബിലി, കൊച്ചിൻ ദൃശ്യകലാഞ്ജലി, അമ്പലപ്പുഴ അക്ഷരജ്വാല.. അങ്ങനെ ഒന്നാംകിട സമിതികളിൽ അമരക്കാരനായി. ഒടുവിൽ കൊട്ടാരക്കര ആശ്രയ സമിതിയിൽ. 57 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 10,100 വേദികൾ. ഇത്രയും വേദികൾ പിന്നിട്ട ഒരു നാടക നടനും ഇന്നു മലയാള മണ്ണിൽ ജീവിച്ചിരിപ്പില്ലെന്നു പറയുന്ന തങ്കരാജ് ഇനി ഇത്രയും വേദി പിന്നിടാൻ ഒരു നടൻ ഉണ്ടാകില്ലെന്നും അടിവരയിടുന്നു. ഇതിനിടയിൽ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചെങ്കിലും ഏറെ താമസിയാതെ അത് ഉപേക്ഷിച്ചു നാടകത്തിനൊപ്പം നിന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px