LIMA WORLD LIBRARY

കൂടുതൽ പ്രദേശം തിരിച്ചുപിടിച്ച് യുക്രെയ്ൻ; മിസൈൽ ആക്രമണം കടുപ്പിച്ച് റഷ്യ

കീവ് ∙ യുക്രെയ്നിന്റെ കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളിൽ കനത്ത പോരാട്ടം നടക്കുന്നു. തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരിസ്റ്റോവിച് അറിയിച്ചു. മധ്യ യുക്രെയ്നിലെ പോൾട്ടോവ മേഖലയിൽ മിസൈൽ ആക്രമണത്തിൽ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകൾ പതിച്ചു.

റോയിട്ടേഴ്സിനു ഫോട്ടോയും വിഡിയോയും നൽകിയിരുന്ന മാധ്യമപ്രവർത്തകൻ മാക്സിം ലെവിൻ (41) റഷ്യൻ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എബി.യുഎ എന്ന വെബ്സൈറ്റിൽ പ്രവർത്തിച്ചിരുന്ന ഡോക്യുമെന്ററി നിർമാതാവായ ഇദ്ദേഹത്തിന്റെ മൃതദേഹം കീവിനു സമീപമുള്ള ഗ്രാമത്തിലാണ് കണ്ടെത്തിയത്.

റഷ്യൻ സേന പിൻവാങ്ങുന്ന പ്രദേശങ്ങളി‍ൽ കുഴിബോംബുകൾ വിതറുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിർ സെലെൻസ്കി ആരോപിച്ചു. ഒഴിപ്പിക്കൽ ശ്രമം തടസ്സപ്പെടുത്തുന്നതിനുള്ള ഹീന നടപടി നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോവറി നഗരം ഉൾപ്പെടെ പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകൾ നീക്കംചെയ്താൽ മാത്രമേ ഇവിടം വിട്ടവർക്കു തിരിച്ചുവരാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മാരിയുപോളിൽ കുടുങ്ങിയ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നതിന് റെഡ് ക്രോസ് തീവ്രശ്രമം തുടരുന്നു. റഷ്യൻ സേന പിടിച്ച ഹോസ്റ്റോമെലിലെ വിമാനത്താവളം അവർ ഉപേക്ഷിച്ചു.

സമാധാന ചർച്ച വെള്ളിയാഴ്ച പുനരാരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. റഷ്യൻ നഗരമായ ബെൽഗൊറോദിലെ എണ്ണ സംഭരണശാല ആക്രമിച്ചതു സംബന്ധിച്ച് യുക്രെയ്നിന്റെ സ്ഥിരീകരണത്തിനു കാത്തിരിക്കുകയാണ് റഷ്യ. കീവിനു പടിഞ്ഞാറുള്ള ഡിമിട്രിവ്കയിൽ റഷ്യയുടെ കവചിതവാഹന വ്യൂഹം കത്തുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഇവിടെ 8 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നതും കാണാം.

ഇതിനിടെ, യുക്രെയ്നിന് ചെറുത്തുനിൽപിനായി 30 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങൾ കൂടി നൽകിയതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാറ്റോ വിപുലീകരണം സംബന്ധിച്ച ആശങ്ക പരിഹരിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് ചൈനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാങ് ലുടോങ് പറഞ്ഞു.

English Summary: 8 Bodies Seen In One Street In Town Near Kyiv As Russian Troops Withdraw

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px