കെട്ടിട നിർമാണത്തിന് സിമന്റിന് പകരമായി ഉപയോഗിക്കാവുന്ന വേദിക് പ്ലാസ്റ്റർ ചാണകവും പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ഡോക്ടർ ശിവ്ദർശൻ മാലിക്. 2005 ൽ ഐഐടി ഡൽഹിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നതിനിടെ പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഡോ. ശിവ്ദർശൻ. അപ്പോഴാണ് കാർഷിക മാലിന്യങ്ങളും ഉണങ്ങിയ ചാണകവും ഉപയോഗിച്ച് ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള മാർഗങ്ങൾ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയത്. ചാണകം ഉപയോഗിച്ച് ഭിത്തിയിൽ പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പിന്നീട് ഏറെ ഗവേഷണങ്ങൾ നടത്തിയ ശേഷം 2006 ൽ പ്രകൃതി സൗഹൃദമായ രീതിയിൽ ഭിത്തികൾ പ്ലാസ്റ്ററിങ്ങ് ചെയ്യാനാവുന്ന വേദിക് പ്ലാസ്റ്റർ നിർമ്മിച്ചെടുക്കുകയായിരുന്നു. ചാണകം, മണ്ണ്, കളിമണ്ണ്, ആര്യവേപ്പില, ചുണ്ണാമ്പുകല്ല്, ജിപ്സം തുടങ്ങി പ്രകൃതിദത്ത വസ്തുക്കൾ ചേർത്താണ് വേദിക് പ്ലാസ്റ്റർ നിർമ്മിക്കുന്നത്. സിമന്റ് തേച്ച് മിനുസപ്പെടുത്തുന്നതുപോലെതന്നെ വേദിക് പ്ലാസ്റ്റർ ഉപയോഗിച്ച് ഭിത്തികൾ മിനുസപ്പെടുത്താനാവും. പുറത്തെ ചൂട് ഭിത്തികൾ ആഗിരണം ചെയ്യില്ല എന്നതാണ് പ്രത്യേകത.
ഇപ്പോഴത്തെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തികളിലും നിലവിലുള്ള പ്ലാസ്റ്ററിങ്ങ് ചുരണ്ടി മാറ്റിയശേഷം വേദിക് പ്ലാസ്റ്റർ ഉപയോഗിക്കാനാവും. ഇന്ത്യയിൽ അങ്ങോളമിങ്ങോളം 20,000 വീടുകളിൽ ഇപ്പോൾ ഡോക്ടർ ശിവ്ദർശന്റെ വേദിക് പ്ലാസ്റ്റർ ഉപയോഗിച്ച് ഭിത്തി ഒരുക്കിയിട്ടുണ്ട്. മറ്റുചിലർ മേൽക്കൂരയിലാണ് ഇത് ഉപയോഗിച്ച് പ്ലാസ്റ്റിറങ്ങ് നൽകിയിരിക്കുന്നത്. അന്തരീക്ഷ താപനിലയിൽ നിന്ന് ഏഴ് ഡിഗ്രി സെലഷ്യസ് താഴെ മാത്രമേ വീടുകൾക്കുള്ളിൽ ചൂട് അനുഭവപ്പെടു. തണുപ്പുകാലത്താകട്ടെ ഒരു ആവരണമായി പ്രവർത്തിച്ച് അകത്ത് ചൂട് നിലനിർത്താനും സഹായിക്കും. രാജസ്ഥാനിലെ ബിക്കാനീറിലുള്ള നിർമ്മാണശാലയിൽ പ്രതിവർഷം അഞ്ച് ടൺ വേദിക് പ്ലാസ്റ്റർ അദ്ദേഹം ഉത്പാദിപ്പിക്കുന്നുണ്ട്.













