LIMA WORLD LIBRARY

ബുച്ച പട്ടണത്തിൽ 410 പേരെ റഷ്യ കൂട്ടക്കൊല‌ ചെയ്തെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തിനു സമീപം ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല നടത്തിയെന്ന ആരോപണവുമായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ. ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ജി7 രാജ്യങ്ങളോട് കുലേബ ആവശ്യപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സംഭവത്തെ വംശഹത്യയെന്നു വിശേഷിപ്പിച്ചു.

കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞു. ഈ വാദങ്ങൾ നിഷേധിച്ച റഷ്യൻ പ്രതിരോധ മന്ത്രാലയം ഇവ മറ്റൊരു പ്രകോപനമാണെന്ന് പ്രതികരിച്ചു. കീവ് നഗരത്തിൽ പൂർണമായ ആധിപത്യം തങ്ങൾ വീണ്ടെടുത്തെന്നാണ് യുക്രെയ്ൻ പറയുന്നത്. ബുച്ചയുൾപ്പെടെ കീവിന്റെ സമീപമേഖലകളിൽ നിന്നു റഷ്യ പിന്മാറിയെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നിന്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നു കരുതുന്നു.

ഒരു മാസത്തോളം നീണ്ട അധിനിവേശത്തിനും പിന്മാറ്റത്തിനുമിടയിലാണു റഷ്യ കൂട്ടക്കുരുതി നടത്തിയതെന്നു യുക്രെയ്ൻ ആരോപിച്ചു. കൊല്ലപ്പെട്ട 9 പേരുടെ മൃതശരീരങ്ങൾ അസോഷ്യേറ്റഡ് പ്രസ് മാധ്യമസംഘം കണ്ടെത്തി.കൈകൾ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങൾ കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്. സംഭവത്തിൽ യുഎസ്, യൂറോപ്യൻ യൂണിയൻ അധികൃതർ പ്രതിഷേധം രേഖപ്പെടുത്തി. യുക്രെയ്നിൽ റഷ്യ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തുന്നെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു.

ലിത്വാനിയൻ ഡോക്യുമെന്ററി സംവിധായകനായ മാന്റാസ് ക്വെഡറവിസ്യസ് (46) മരിയുപ്പോളിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരിയുപ്പോൾ എന്ന പേരിലുള്ള ഡോക്യുമെന്ററി 2016ൽ ബർലിൻ ചലച്ചിത്രോത്സവത്തിൽ കാണിച്ചിരുന്നു.

mantas
മാന്റാസ് ക്വെഡറവിസ്യസ്

ഒഡേസയിൽ മിസൈലാക്രമണം 

ഇതിനിടെ കരിങ്കടൽ തീരത്തെ ഒഡേസയിലെ എണ്ണ സംഭരണി മിസൈൽ ആക്രമണത്തിൽ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. യുദ്ധതീവ്രത ശക്തമായി നിൽക്കുന്ന മരിയുപ്പോളിലും ബൈർഡ്യാൻസ്കിലും രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെന്നു യുക്രെയ്ൻ പറഞ്ഞു. വ്ലാഡിമിർ പുട്ടിനും വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.

English Summary: Massacre in Ukraine Bucha town

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px