കുട്ടിക്കാലത്ത് ചോറുണ്ണാനായി അമ്മ പറഞ്ഞുതന്നിരുന്ന കഥകളിൽ ഒന്നായിരുന്നു കണ്ണകിയുടേയും കോവലന്റേയും കഥ. അത് ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് വഴിതുറക്കുന്ന തമിഴ് സാഹിത്യത്തിലെ ക്ലാസിക്കൽ എന്ന് വിശേഷിപ്പിക്കാവുന്ന സംഘകാല കൃതികളിൽ പെടുന്ന ചിലപ്പതികാരം ആണെന്ന് മനസ്സിലായതു മുതൽ ചിലപ്പതികാരം വായിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. തമിഴിന്റെ മലയാള വിവർത്തനം കുഞ്ഞിക്കുട്ടൻ ഇളയത് ഗദ്യരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിലപ്പതികാരം എന്നാൽ ചിലമ്പിന്റെ കഥ എന്നാണർത്ഥം.
ആദ്യകാല ചോള തലസ്ഥാനമായ കാവേരിപൂമ്പട്ടണത്തിൽ (പുഹാർ)
വ്യാപാരിയായ കോവലനും ഭാര്യ കണ്ണകിയും സസുഖം വസിക്കുന്ന കാലത്താണ് കോവലൻ മാധവി എന്ന ദേവദാസിയിൽ ആകൃഷ്ടനാവുന്നത്. തന്റെ സമ്പാദ്യം മുഴുവൻ മാധവിക്കായി സമർപ്പിച്ച കോവലൻ കണ്ണകിയെ മറക്കുന്നു. വിരഹദുഖത്താൽ പരവശയായ കണ്ണകി എന്നെങ്കിലും തന്റെ ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാലം കഴിച്ചുകൂട്ടി. ധനം മുഴുവൻ നശിച്ചപ്പോൾ മാധവിക്ക് തന്നെ വേണ്ടാതായോ എന്ന് കോവലൻ സംശയിക്കുന്നു. പശ്ചാതാപ ചിന്തയിൽ കോവലന് കണ്ണകിയെ ഓർമ്മവരുന്നു. കോവലൻ കണ്ണകിയുടെ അടുത്തേക്ക് മടങ്ങിപോകുന്നു. എന്നാൽ കോവലൻ പോയതിൽ മാധവി അതിയായി ദുഖിക്കുന്നു. അവൾക്ക് മണിമേഖല എന്ന പുത്രി ജനിക്കുന്നു. സംഘം കൃതികളിൽ ഒന്നായ ‘മണിമേഖല’ കോവലന്റേയും മാധവിയുടേയും പുത്രിയായ മണിമേഖലയുടെ ജീവചരിത്രമത്രേ.
മടങ്ങിവന്ന കോവലനെ കണ്ണകി ആദരവോടെ സ്വീകരിക്കുന്നു. തന്റെ വിലപിടിപ്പുള്ള ചിലമ്പുകൾ കോവലന് നൽകി മാധവിയുടെ മുന്നിൽ പണക്കാരനായി ചെല്ലുവാൻ അവൾ ആവശ്യപ്പെടുന്നു. കണ്ണകിയുടെ മഹത്വം മനസ്സിലാക്കിയ കോവലൻ കണ്ണകിയോട് മാപ്പപേക്ഷിക്കുന്നു. ഈ ചിലമ്പുകൾ മാധവിക്കുള്ളതല്ല എന്നും അവ വിറ്റുകിട്ടുന്ന പണം കൊണ്ട് പുതിയ വ്യാപാരം തുടങ്ങുമെന്നും നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കുമെന്നും കോവലൻ പറയുന്നു. അതിനായി കാവേരിപൂമ്പട്ടണം വിട്ട് പാണ്ഡ്യ രാജ്യതലസ്ഥാനമായ മധുരയിൽ പോകാൻ അവർ തീരുമാനിക്കുന്നു.
മധുര യാത്രയിൽ അവരെ സഹായിക്കുന്ന സഹയാത്രികയായ കവുന്തി അടികൾ എന്ന സന്യാസിനിയും, മധുരയിൽ കണ്ണകിയെ പരിരക്ഷിച്ച മാതരി എന്ന സ്ത്രീയും, കണ്ണകിയുടെ സുഹൃത്തായ ദേവന്തിയും, ചാത്തൻ എന്ന ദ്രാവിഡ ദൈവവുമെല്ലാം ഈ കാവ്യത്തിലെ പ്രധാന ഭാഗങ്ങളിൽ കടന്നുവരുന്നുണ്ട്.
മധുരയിൽ വച്ച് കണ്ണകിയുടെ പൊൻചിലമ്പ് വിൽക്കാൻ ശ്രമിക്കുന്ന കോവലനെ ദുഷ്ടനായ ഒരു തട്ടാൻ ചതിക്കുന്നു. അയാൾ കട്ടെടുത്ത മഹാറാണിയുടെ ചിലമ്പിനോട് സാദൃശ്യമുള്ളതായിരുന്നു കണ്ണകിയുടെ ചിലമ്പ്. അയാൾ പാണ്ഡ്യ രാജനായ നെടുംചേഴിയനെ പറഞ്ഞ് പറ്റിച്ച് കോവലനെ കള്ളനാക്കി. സത്യമെന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ പാണ്ഡ്യ രാജാവ് കോവലനെ വധിക്കാൻ ഉത്തരവിടുന്നു. ഭടന്മാർ രാജകൽപന അനുസരിക്കുന്നു. മാതരിയിൽ നിന്ന് കാര്യങ്ങളറിഞ്ഞ കണ്ണകി ബോധരഹിതയാവുന്നു. സ്വബോധം തിരിച്ചുകിട്ടുമ്പോൾ അവൾ തന്റെ പതിയെ കൊലചെയ്ത സ്ഥലത്തേക്ക് ചെല്ലുന്നു. “ഞാൻ പതിവ്രതയെങ്കിൽ എന്റെ പതി ഞാൻ വിളിച്ചാൽ വിളികേൾക്കട്ടെ” എന്നവൾ പ്രകൃതിശക്തികളോട് ആജ്ഞ്യാപിക്കുന്നു. കണ്ണകി വിളിച്ചപ്പോൾ കോവലൻ കണ്ണുതുറന്നവളെ നോക്കി. അവളെ തഴുകാനായി ഒരു വേള കൈകളുയർത്തി എന്നെന്നേക്കുമായി കണ്ണടച്ചു. പ്രതികാര ദാഹിയായി മാറിയ കണ്ണകി; പാണ്ഡ്യനോട് ഇതിന് നീതി ചോദിക്കും എന്ന് പ്രഖ്യാപിക്കുന്നു.
പാണ്ഡ്യ രാജധാനിയിൽ പ്രവേശിച്ച അവൾ പാണ്ഡ്യരാജാവിനോട് പരാതി ബോധിപ്പിച്ചു. എന്നാൽ മോഷ്ടാക്കൾക്ക് മരണശിക്ഷ നൽകുന്നത് രാജധർമ്മമാണെന്നായിരുന്നു നെടുംചേഴിയന്റെ മറുപടി. ഇതുകേട്ട് പൊട്ടിത്തെറിച്ച കണ്ണകി “ഇതോ നിന്റെ രാജനീതി” എന്നും ചോദിച്ചുകൊണ്ട് തന്റെ കയ്യിലുള്ള ഒറ്റച്ചിലമ്പ് ഉയർത്തിക്കാണിച്ചു. “ഈ ചിലമ്പിന്റെ തുണയാണ് നിന്റെ രാജ്ഞിയുടേതെന്ന് പറഞ്ഞ് നീ അപഹരിച്ചിരിക്കുന്നത്. കവർച്ച ചെയ്തവന് മരണശിക്ഷയെങ്കിൽ അതിനർഹൻ പാണ്ഡ്യരാജാവായ നീ തന്നെയാകുന്നു.” ഇതുകേട്ട രാജാവ് ചിലമ്പ് കൊണ്ടുവരുവാൻ ഭടന്മാരോട് ആജ്ഞ്യാപിക്കുന്നു. ചിലമ്പ് രാജ്ഞിയുടേതല്ലെന്ന് തെളിയിക്കാൻ കണ്ണകിയോട് ആവശ്യപ്പെട്ടു. കണ്ണകി ചിലമ്പ് വാങ്ങി നിലത്തെറിഞ്ഞപ്പോൾ അതിൽ നിന്ന് അമൂല്യങ്ങളായ രത്നക്കല്ലുകൾ ചിതറിവീണു. പാണ്ഡ്യറാണിയുടെ ചിലമ്പിൽ മുത്തുകളായിരുന്നു എന്നറിയാവുന്ന നെടുംചേഴിയന് താൻ ചെയ്ത അപരാധം ബോധ്യമായി. പാപഭാരത്താൽ നടുങ്ങിയ പാണ്ഡ്യമന്നൻ തൽക്ഷണം ഹൃദയം പൊട്ടി മരിക്കുന്നു. ആ കാഴ്ചകണ്ട് മഹാറാണിയായ മഹാദേവിയും മരണമടയുന്നു. പാണ്ഡ്യമന്നന്റെ മരണം തനിക്കുള്ള നീതിയല്ലെന്ന് പറഞ്ഞ കണ്ണകി നഗരം മുഴുവൻ കോപാഗ്നിയാൽ ചുട്ടെരിക്കുന്നു. കുട്ടികളേയും വൃദ്ധരേയും പതിവ്രതകളേയും അഗ്നിബാധയിൽ നിന്ന് രക്ഷിക്കുന്നു. പുതിയതായി അധികാരമേറിയ പാണ്ഡ്യ രാജാവ് കണ്ണകീ പ്രീതിക്കായി ആയിരം തട്ടാന്മാരെ ബലി കൊടുത്തുവത്രേ. കോപം ശമിക്കാതെ കണ്ണകി തന്റെ ഇടത്തേ മുല പറിച്ചെടുത്ത് മധുരക്ക് നേരെ വലിച്ചെറിഞ്ഞു. മധുരാപുരിമുഴുവൻ കത്തിയെരിയുമ്പോൾ നഗരത്തിലെ ദേവതയായ മധുരാവതി (മധുരമീനാക്ഷി എന്നും ചില പഠനങ്ങളിൽ കൊടുത്തിട്ടുണ്ട്) പ്രത്യക്ഷപ്പെട്ട് താൻ പാണ്ഡ്യ രാജാക്കന്മാരുടെ സംരക്ഷകയാണെന്നും ഇനിയും അക്രമം കാണിക്കരുത് എന്നും പറയുന്നു. എന്റെ ഭർത്താവിനെ നിനക്ക് തിരിച്ചുതരാൻ സാധിക്കുമോ എന്ന് ചോദിക്കുന്ന കണ്ണകിയെ നെടുംചേഴിയനും മറ്റ് പാണ്ഡ്യരാജാക്കന്മാരും ചെയ്ത സത്‌പ്രവർത്തികളെക്കുറിച്ച് വിവരിച്ചുകൊണ്ട് ദേവത ശാന്തയാക്കുന്നു. കണ്ണകിക്ക് സംഭവിച്ചത് കൊടിയ ദുരന്തമാണെന്ന് അംഗീകരിക്കുന്ന ദേവത അധികം താമസിക്കാതെ അവൾ കോവലനെ സന്ധിക്കുമെന്നും സ്വർഗ്ഗം പൂകുമെന്നും ആശീർവദിക്കുന്നു. കലിയടങ്ങിയെങ്കിലും നീതികിട്ടാത്ത കണ്ണകി പാണ്ഡ്യരാജ്യത്തുനിന്നും സ്വന്തം രാജ്യമായ ചോളനാട്ടിൽ പോകാതെ നീതിമാനായ ചേരൻ ചെങ്കുട്ടുവനെ കാണുവാനായി ചേരനാട്ടിലേക്ക് വരുന്നു.
എന്നാൽ ചേരനാട്ടിൽ പ്രവേശിച്ച കണ്ണകി ചെങ്കുട്ടുവനെ കാണുന്നതിന് മുൻപ് തന്നെ സ്വർഗ്ഗലോകം പൂകുന്നു. നാട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കാനായി രാജ്യത്തൊട്ടാകെ യാത്രചെയ്യുന്നത് ചെങ്കുട്ടുവന്റെ പ്രത്യേകതയായിരുന്നു. അങ്ങനെ ഒരിക്കൽ പെരിയാറിന്റെ ഉത്ഭവസ്ഥാനത്ത് എത്തിയ ചെങ്കുട്ടുവനെ കാണാൻ ചില ഗിരിവർഗ്ഗക്കാർ എത്തുന്നു. അവിടെ അടുത്ത് ഒരു വേങ്ങമരത്തിൻ കീഴിൽ ഒറ്റമുലച്ചിയായ ഒരു സ്ത്രീ കരഞ്ഞുകൊണ്ടു നിൽക്കുന്നതുകണ്ടു എന്നും അൽപസമയത്തിനുള്ളിൽ ദേവലോകത്ത് നിന്ന് അവരുടെ പതി തേരേറി വന്ന് അവരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി എന്നും അവർ ചെങ്കുട്ടുവനോട് പറഞ്ഞു. അന്നുമുതൽ തങ്ങൾ വേങ്ങമരച്ചുവട്ടിൽ അവരെ ദേവിയായി പ്രതിഷ്ഠിച്ച് ആരാധിക്കുന്നു എന്നും അവർ ഉണർത്തിച്ചു. വേങ്ങമരച്ചുവട്ടിൽ രക്തം വാർന്ന് കണ്ണകി മരിച്ചു എന്നതാണ് യാഥാർത്ഥ്യം. ബാക്കിയെല്ലാം കാൽപനികത മാത്രം. കോവലന്റേയും കണ്ണകിയുടേയും മരണ വാർത്തയറിഞ്ഞ മാധവിയും മണിമേഖലയും ബുദ്ധസന്യാസിനിമാരായി തീരുന്നു. ഈ കഥകേട്ട ചേര രാജാവ് അത്യധികം അഭുതത്തോടെ ഇതിന്റെ നിജസ്ഥിതി അറിയാനായി തന്റെ സദസ്യരിലൊരാളായ ചാത്തനാരോട് ആവശ്യപ്പെട്ടു. എന്നാൽ ചാത്തനാർ പാണ്ഡ്യനാട്ടിൽ നടന്ന കാര്യങ്ങൾ മുൻപേ അറിഞ്ഞിരുന്നു. കണ്ണകിയുടേയും കോവലന്റേയും കഥ ചാത്തനാരിൽ നിന്ന് കേട്ട ചെങ്കുട്ടുവൻ തന്റെ പത്നിയോട് ചോദിച്ചു “ആരാണ് കൂടുതൽ ശ്രേഷ്ഠ. പാണ്ഡ്യരാജന്റെ മരണത്തോടൊപ്പം മരണത്തെ പുൽകിയ മഹാദേവിയോ പതിവ്രതയായ കണ്ണകിയോ?”
ചേരരാജ്ഞി പറഞ്ഞു. രണ്ടുപേരും ശ്രേഷ്ഠർ തന്നെ പക്ഷേ നീതിലഭിക്കാത്ത കണ്ണകി അനുഭവിച്ച യാതനകൾ ലോകത്ത് ഒരു സ്ത്രീയും അനുഭവിച്ചുകാണില്ല. അതിനാൽ ശ്രേഷ്ഠരിൽ ശ്രേഷ്ഠയായ കണ്ണകിക്ക് നമുക്കാവും വിധം നീതി നടപ്പാക്കണം. നീതിമാനായ ചേരമാനെ കാണാനായാണ് അവർ നമ്മുടെ നാട്ടിലേക്ക് വന്നത്. എന്നാൽ നമ്മുടെ നിർഭാഗ്യം കാരണം നമുക്കവരെ കണ്ടുമുട്ടാൻ സാധിച്ചില്ല. നമുക്കവരെ നമ്മുടെ ദേവിയായി ആരാധിക്കണം.”
രാജ്ഞിയുടെ അഭിപ്രായം കേട്ട ചെങ്കുട്ടുവൻ ഭാരതത്തിലെ ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായ ഹിമാലയത്തിൽ നിന്ന് കൊണ്ടുവരുന്ന കൃഷ്ണശില കൊണ്ട് തന്നെ കണ്ണകിക്ക് വിഗ്രഹം നിർമ്മിച്ച് ചേരനാടിന്റെ ദേവതയായി ആരാധിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ചെങ്കുട്ടുവൻ ആരാണെന്ന് ശരിക്കറിയാവുന്ന ഉത്തരേന്ത്യൻ രാജാക്കന്മാരിൽ പലരും ഒരു ശിലക്ക് വേണ്ടി മാത്രം ചേരന്മാർ ഹിമാലയം വരെ വരണമെന്നില്ല എന്നും വിഗ്രഹം തീർക്കാനുള്ള ശില കൊടുത്തയക്കാമെന്നും പറയുന്നു. എന്നാൽ ഉത്തര ദിക്കിലെ ചില രാജാക്കന്മാർ ചെങ്കുട്ടുവനെ പരിഹസിച്ചതും ദ്രാവിഡരെ അപകീർത്തിപ്പെടുത്തിയതും ഹിമാലയം വരെ പടനയിക്കാൻ ചെങ്കുട്ടുവനെ പ്രേരിപ്പിച്ചു. കുലദേവനായ തിരുവഞ്ചിക്കുളത്തെ ശിവനെ വണങ്ങി വിഷ്ണുക്ഷേത്രത്തിൽ നിന്ന് പ്രസാദം വാങ്ങി (ഇത് തൃക്കുലശേഖരപുരം ക്ഷേത്രമാണെന്ന് സംശയിക്കുന്നു) ചെങ്കുട്ടുവൻ പടക്ക് പുറപ്പെട്ടു. വഴിയിൽ കാണുന്ന രാജ്യങ്ങളെല്ലാം ചെങ്കുട്ടുവന്റെ ആധിപത്യം അംഗീകരിക്കുകയും ചേര സാമ്രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ശതവാഹന രാജാവായ ശതകർണ്ണി അതിൽ പ്രധാനിയായിരുന്നു. ശതകർണ്ണി ചെങ്കുട്ടുവന് തന്റെ സൈന്യത്തെ നൽകി. ഗംഗാതീരത്ത് പ്രത്യക്ഷപ്പെട്ട ചേരസൈന്യത്തെക്കണ്ട് ആര്യരാജാക്കന്മാർ നടുങ്ങിപ്പോയി. ആര്യാവർത്തത്തിലെ രാജാക്കന്മാർ ചേരന്മാരുമായി യുദ്ധം ചെയ്തു. കനകൻ, വിജയൻ, ഉത്തരൻ, വിചിത്രൻ, രുദ്രൻ എന്നീ രാജാക്കന്മാരുടെ സംയുക്ത സൈന്യം ചേരപ്പടയെ നേരിട്ട് ദയനീയമായി പരാജയപ്പെട്ടു. ചെങ്കുട്ടുവൻ ഹിമാലയത്തിൽ പ്രവേശിച്ച് കണ്ണകി പ്രതിഷ്ഠക്ക് വേണ്ട കൃഷ്ണശില കണ്ടെടുത്തു. ഗംഗാനദിയിൽ മുക്കിയെടുത്ത് ശില പവിത്രമാക്കി. യുദ്ധത്തിൽ തോറ്റ ആര്യരാജാക്കന്മാർ ഹിമാലയം മുതൽ ചേരതലസ്ഥാനമായ വഞ്ചി വരെ ആ ശില ചുമന്നു. അതിനുശേഷം അവരെ പെൺ വേഷം കെട്ടിച്ച് ചോള പാണ്ഡ്യ രാജാക്കന്മാരെ കാണിച്ച് വിട്ടയച്ചു. എന്നാൽ ചോള പാണ്ഡ്യ രാജാക്കന്മാർ ഈ നടപടിയെ വിമർശ്ശിച്ചു. കുപിതനായ ചെങ്കുട്ടുവൻ ചോളന്മാർക്കും പാണ്ഡ്യന്മാർക്കും എതിരേ സൈനിക നീക്കത്തിന് ഉത്തരവിട്ടു. എന്നാൽ തൽക്കാലം കോപമടക്കി കണ്ണകീ പ്രതിഷ്ഠക്ക് പ്രാധാന്യം നൽകാൻ ഗുരുക്കന്മാർ ഉപദേശിച്ചതുകൊണ്ട് സൈനിക നടപടി നീട്ടിവച്ചു. ക്ഷേത്രനിർമ്മാണത്തിന് ശേഷം ചോളരുടേയും പാണ്ഡ്യരുടേയും സംയുക്ത സൈന്യത്തെ ചെങ്കുട്ടുവൻ പരാജയപ്പെടുത്തി.
ചെങ്കുട്ടുവന്റെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ ഇളയ സഹോദരനായ ഇളംകോ അടികളാണ് ചിലപ്പതികാരം രചിച്ചത്. ചോള പാണ്ഡ്യ ചേര രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേരുകൾ നൽകി ഈ കാവ്യത്തെ മൂന്ന് കാണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. പുകാർ കാണ്ഡം, മധുര കാണ്ഡം, വഞ്ചി കാണ്ഡം എന്നിവയാണത്.
കണ്ണകിക്കായി ചെങ്കുട്ടുവൻ നിർമ്മിച്ച ക്ഷേത്രം ഏതാണ്? ഒരുപക്ഷേ ഒന്നിലധികം ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കാം. കേരളത്തിലെ ഭഗവതി എന്ന ദൈവം കണ്ണകിതന്നെയാണ്. ബ്രാഹ്മണ കുടിയേറ്റത്തിന് ശേഷമാണ് അവക്കെല്ലാം ആര്യ ദൈവങ്ങളുടെ പരിവേഷം ലഭിക്കുന്നത്. ഗോത്ര വർഗ്ഗക്കാരുടെ കൊറ്റവൈ എന്ന ദൈവവും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും പത്തിനി കടവുൾ എന്നറിയപ്പെടുന്നതും കണ്ണകി തന്നെ. ഗിരിവർഗ്ഗക്കാർ പറഞ്ഞ വേങ്ങമരച്ചുവട്ടിൽ ചെങ്കുട്ടുവൻ സ്ഥാപിച്ചതാണ് ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രം എന്ന് കരുതുന്നു. അതുപോലെ ചേര തലസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട കണ്ണകി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതീ ക്ഷേത്രം. കേരളത്തിലെ കാവുകളുടെ എല്ലാം കേന്ദ്രസ്ഥാനം കൊടുങ്ങല്ലൂരിനാണ്. കൊടുങ്ങല്ലൂർ ക്ഷേത്രം സ്ഥാപിതമായതിനു ശേഷം മാത്രമാണ് മറ്റ് ഭഗവതീ കാവുകളുടെ നിർമ്മാണം നടന്നിട്ടുള്ളത് എന്നതിനാലായിരിക്കാമത്.
കൊടുങ്ങല്ലൂരിൽ ചെങ്കുട്ടുവൻ ആരാധിച്ചിരുന്ന ശിവന്റെ സമീപത്ത് കണ്ണകിയെ പ്രതിഷ്ഠിച്ചു. ദേവിയുടെ “വീരക്കല്ല്” നാട്ടിയതോടെയാണ് കൊടുംകല്ലൂർ എന്ന പേര് നാടിന് കൈവന്നത്. അത് കാലക്രമത്തിൽ കൊടുങ്ങല്ലൂരായി മാറി എന്ന് ‘കൊടുങ്ങല്ലൂർ ഭഗവതി ചരിത്രവും ഐതിഹ്യവും’ എന്ന പുസ്തകത്തിൽ പറയുന്നു. എന്നാൽ ഇത് ചിലപ്പതികാരത്തിൽ ഇല്ല. ചെങ്കുട്ടുവൻ കണ്ണകീ ക്ഷേത്രം നിർമ്മിച്ച് ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ശിലയിൽ വിഗ്രഹം തീർത്ത് പ്രതിഷ്ഠിച്ചു എന്നുമാത്രം പറഞ്ഞുകൊണ്ട് ചിലപ്പതികാരം അവസാനിക്കുന്നു.
കടൽപിറകോട്ടിയ ചേരൻ, ചോളരേയും പാണ്ഡ്യരേയും യുദ്ധത്തിൽ തോൽപ്പിച്ച ചേരൻ, ഹിമാലയത്തിൽ കൊടികുത്തിയ ചേരൻ എന്നൊക്കെയാണ് ചെങ്കുട്ടുവനെക്കുറിച്ചുള്ള വിശേഷണങ്ങൾ. തമിഴകം മുഴുവൻ അടക്കിവാണതും ഹിമാലയം വരെയുള്ള പ്രദേശങ്ങൾ മുഴുവനും ചേരസാമ്രാജ്യത്തിന്റെ മേൽക്കോയ്‌മ അംഗീകരിപ്പിക്കുകയും ചെയ്തത് ചേരൻ ചെങ്കുട്ടുവൻ ആയിരുന്നു. ഒരുകാലത്ത് ഭാരതഖണ്ഡം മുഴുവൻ അടക്കിവാണത് കേരളത്തിലെ കൊടുങ്ങല്ലൂർ എന്ന ചേര തലസ്ഥാനമായിരുന്നു എന്ന് ചിലപ്പതികാരത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഭാരതം കണ്ട ഏറ്റവും വലിയ രാജവംശങ്ങളായ മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചക്കും (ബി സി 185) ഗുപ്ത സാമ്രാജ്യത്തിന്റെ ഉദയത്തിനും (എ ഡി 240) ഇടയിലുള്ള കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ രാഷ്ട്രീയ ഐക്യം താരതമ്യേന കുറവായിരുന്നു. കുശാനന്മാരും ശതവാഹനന്മാരുമായിരുന്നു അന്നത്തെ പ്രബലന്മാർ. കുശാന വംശത്തിലെ മഹാനായ ചക്രവർത്തി കനിഷ്‌കന്റെ ഭരണത്തിനു മുൻപായിരിക്കണം ചെങ്കുട്ടുവന്റെ ഉത്തരേന്ത്യൻ ആക്രമണം.
ചേരൻ ചെങ്കുട്ടുവൻ അടക്കം ആദ്യകാല പത്ത് ചേരരാജാക്കന്മാരുടെ വീരേതിഹാസങ്ങൾ വിവരിക്കുന്ന പതിറ്റുപത്ത് എന്ന സംഘകാല കൃതിയിൽ നിന്ന് ചെങ്കുട്ടുവനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആര്യന്മാരെ തോൽപ്പിച്ച് കണ്ണകീ പ്രതിഷ്ഠ നടത്തിയ കടൽപിറകോട്ടിയ ചേരൻ ചെങ്കുട്ടുവൻ അമ്പത്തഞ്ചുവർഷം രാജ്യം വാണിരുന്നു എന്നാണ് പതിറ്റുപ്പത്തിൽ കാണുന്നത്.
കൊടുങ്ങല്ലൂർ ഭഗവതി കണ്ണകി പ്രതിഷ്ഠയാണെന്നും പ്രതിഷ്ഠനടത്തിയത് ചേരൻ ചെങ്കുട്ടുവനാണെന്നും പറയുന്നുണ്ടെങ്കിലും ചില വസ്തുതകളിൽ വിമർശ്ശന പഠനം നടത്തിയ ഒരു ഗ്രന്ഥമാണ് “കൊടുങ്ങല്ലൂർ ക്ഷേത്രേതിഹാസം” പ്രത്യേകിച്ചും ചെങ്കുട്ടുവന്റെ കാലഘട്ടവും കണ്ണകി കഥയുടെ കാലഘട്ടവും ഇളങ്കോ അടികളുടെ കാലഘട്ടവും തമ്മിൽ അന്തരമുണ്ടെന്ന വാദഗതികൾ അതിൽ കാണുന്നു. ഈ നാലു പുസ്തകങ്ങളിലൂടെ കടന്നുപോയാൽ ചെങ്കുട്ടുവനെ പറ്റി ഏകദേശ ധാരണ ലഭിക്കുന്നതാണ്. ചെങ്കുട്ടുവന്റെ കാലഘട്ടം ഏതാണെന്ന് രേഖപ്പെടുത്തിയ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ ഇളംകോ അടികളുടെ കാലഘട്ടം എ ഡി രണ്ടാം നൂറ്റാണ്ടാണെന്ന് ചിലപ്പതികാര രചനയുടെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇലങ്കയിലെ (ശ്രീലങ്ക) ചക്രവർത്തിമാരെ കുറിച്ചുള്ള സിംഹള ചരിത്രം പ്രതിപാദിക്കുന്ന കൃതിയാണ് മഹാനാമൻ പാലി ഭാഷയിൽ എഴുതിയ ‘മഹാവംശം’. ഇതിൽ ഗജബാഹു എന്നൊരു സിംഹള രാജാവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഗജബാഹുവിന്റെ കാലം എ ഡി 2-ആം നൂറ്റാണ്ടിൽ (എ ഡി 113 നും 125 നും മദ്ധ്യേ) ആയിരുന്നു എന്ന് ഇതിൽ പറയുന്നുണ്ടത്രേ. ചെങ്കുട്ടുവൻ നടത്തിയ പത്തിനി പ്രതിഷ്ഠയിൽ ഗജബാഹു പങ്കെടുത്തു എന്നും ഇലങ്കയിൽ തിരിച്ചെത്തി അവിടെ പത്തിനീ പ്രതിഷ്ഠ നടത്തി എന്നും മഹാവംശത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതായത് ഗജബാഹുവിന്റെ സമകാലീനനായിരുന്നു ചെങ്കുട്ടുവൻ എന്ന് മനസ്സിലാക്കാം.
Note: ചെങ്കുട്ടുവൻ എന്നും ചെങ്കുട്ടവൻ എന്നും പലസ്ഥലങ്ങളിൽ എഴുതിയിരിക്കുന്നത് കാണാം. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പതിറ്റുപ്പത്തിൽ ചെങ്കുട്ടുവൻ എന്നാണ് കൊടുത്തിരിക്കുന്നത് എന്നതിനാൽ ആ പദമാണ് ഇവിടെ ഞാൻ സ്വീകരിച്ചത്.
സമ്പാദനം
ദീപു RS
About The Author
No related posts.