പ്രത്യയശാസ്ത്രം ഒരു മഞ്ഞക്കണ്ണടയാണ്. ഭൂതകാലത്തിന്റെ ആശയ പ്രേതങ്ങൾ സമൂഹത്തെ ആവേശിക്കുമ്പോഴാണ് പിന്തിരിപ്പൻ പ്രത്യയശാസ്ത്രം പ്രവർത്തനസജ്ജമാകുന്നത്. പ്രത്യയശാസ്ത്രം, ഒരു സമൂഹത്തിന്റെ മനോഘടനയിൽ പ്രവർത്തിക്കുന്ന ആശയസംഹിതയും ആചരവും വിശ്വാസവും ഭാവനാത്മക സങ്കല്പങ്ങളുമാണ്. മനുഷ്യരെല്ലാം ഒരു നിശ്ചിത പ്രത്യയശാസ്ത്രമണ്ഡലത്തിലാണ് എപ്പോഴും പ്രവർത്തിക്കുന്നത്. പ്രത്യയശാസ്ത്രം എന്ന് പറയുമ്പോൾ, ആദ്യം എല്ലാവർക്കും ഓർമ്മ വരുന്നത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ് . എന്നാൽ പ്രത്യയശാസ്ത്രത്തിന് മതങ്ങളും മറ്റ് രാഷ്ട്രീയ സിദ്ധാന്തങ്ങളുമായുള്ള (ഉദാ: ഗാന്ധിസം ) ബന്ധമേ , മാർക്സിസത്തിനും പ്രത്യയശാസ്ത്രവുമായിട്ടുള്ളൂ. (മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഒരു ബദൽ പ്രത്യയശാസ്ത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. മാർക്സിസം, പ്രത്യയശാസ്ത്രമെന്താണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു പ്രത്യയശാസ്ത്രം കൂടിയാണ്. പ്രത്യയശാസ്ത്രത്തിന്റെ ചരിത്രവും പ്രവർത്തനരീതിയും സാമൂഹ്യ ജീവിതത്തിലെ അതിന്റെ ചലന രീതിയും പ്രകടന സ്വഭാവവും എന്താണെന്ന് സമഗ്രമായി വിശകലനം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം കൂടിയാണ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം. അതുകൊണ്ടാണ്, ചരിത്രത്തിന്റെ തത്ത്വശാസ്ത്രം എന്ന് ഫ്രഞ്ച് ചിന്തകനായ ലൂയി അൽത്തൂസർ മാർക്സിസത്തെ വിശേഷിപ്പിച്ചത്). അതിനുപരി എന്തെങ്കിലും ബന്ധം മാർക്സിസത്തിന് പ്രത്യയശാസ്ത്രത്തോടില്ല. എന്നാൽ പ്രത്യയശാസ്ത്രം പ്രത്യയശാസ്ത്രം എന്ന് പറയുമ്പോൾ എല്ലാവർക്കും മാർക്‌സിസമല്ലാതെ മറ്റ് മതപരവും രാഷ്ട്രീയവുമായ സിദ്ധാന്തങ്ങളെയും പ്രത്യയശാസ്ത്രങ്ങളേയും ഓർമ്മിക്കാൻ കഴിയുന്നില്ല. പ്രത്യയശാസ്ത്രം എന്ന മഞ്ഞക്കണ്ണടയേക്കാൾ ഭീകരമാണ്, പ്രത്യയശാസ്ത്രം എന്ന് പറയുമ്പോൾ മാർക്സിസത്തെ മാത്രം ആദ്യം ഓർക്കുന്നത്. (ഒരു പക്ഷെ പ്രത്യയശാസ്ത്രം എന്താണെന്ന് മാർക്സ് കൃത്യമായി നിർവ്വചിച്ചതുകൊണ്ടായിരിക്കാം അതിന്റെ നെഗറ്റീവും പോസിറ്റീവുമായ എല്ലാ ഭാരവും കൂടി മാർക്സിസത്തിന്റെ ചുമലിലേക്ക് എടുത്തു വെച്ചത് ! ). ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമല്ലോ, പ്രത്യയശാസ്ത്രം എത്ര ഭീകരമായ മഞ്ഞക്കണ്ണടയാണെന്ന്.
പ്രത്യയശാസ്ത്രം എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ചിലർ മാർക്സിസത്തെ മാത്രം ഏറ്റ് പിടിക്കുന്നതിന്റെ രഹസ്യം എനിക്ക് മനസ്സിലാവുന്നില്ല. കാൾ മാർക്സ്, പ്രത്യയശാസ്ത്രത്തോട് എന്തൊക്കെയോ അപരാധം ചെയ്തതുപോലെയാണ് ചിലർ അദ്ദേഹത്തെ അടച്ചാക്ഷേപിച്ച് സംസാരിക്കുന്നത്. മുതലാളിത്ത പ്രത്യയശാസ്ത്രം സമൂഹത്തിൽ എങ്ങനെയാണ് പ്രവർത്തനസജ്ജമാകുന്നതെന്നും, അത് എങ്ങനെയാണ് മർദ്ദിത ജനവിഭാഗങ്ങളെ ചങ്ങലക്കിട്ട് വരിഞ്ഞുമുറാക്കുന്നതെന്നും സമർത്ഥിക്കുക മാത്രമാണ് മാർക്സ് ചെയ്തത്. മതപരവും മുതലാളിത്തപരവുമായ ആശയസംഹിതകളും സദ്ധാന്തങ്ങളുമൊക്കെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കാൾ എത്രയോ അപകടകരമാണ്. എന്നാൽ അത് അത്ര ഡെയ്ഞ്ചറസായി ജനങ്ങൾ കരുതാത്തത്, മതപരവും മുതലാളിത്തപരവുമായ പ്രത്യയശാസ്ത്രങ്ങൾ , ലളിതവും നിരുപദ്രവവും സ്വാഭാവികവുമായി അബോധമനസ്സിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്. മതപരവും മതലാളിത്ത പരവുമായ പ്രത്യയശാസ്ത്രങ്ങൾ, സമൂഹജീവിതത്തിൽ സ്വാഭാവികവും സ്വതസിദ്ധവും വളരെ നൈസർഗ്ഗികവുമായി നിശ്ശബ്ദമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് , അത്തരം പ്രത്യയശാസ്ത്രങ്ങളുടെ പ്രതിലോമകരമായ സാന്നിദ്ധ്യം നമ്മൾ തിരിച്ചറിയാതെ പോകുന്നത്. നിത്യജീവിതത്തിൽ അവയൊക്കെ , അതായത്, നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും പ്രത്യയശാസ്ത്രം ആധിപത്യം ചെലുത്തി നിൽക്കുന്നത് നമുക്ക് കാണാൻ കഴിയുന്നില്ല. (പ്രത്യയശാസ്ത്രം സാമൂഹ്യ യഥാർത്ഥ്യത്തെ മറയ്ക്കുന്നു). മതപരവും വലതുപക്ഷ രാഷ്ട്രീയപരവുമായ ബൗദ്ധിക നേതൃത്വങ്ങളുടെ വിദഗ്ദ്ധമായ ആസൂത്രണം കൂടിയാകുമ്പോൾ, പ്രത്യയശാസ്ത്രത്തിന്റെ അദൃശ്യകരങ്ങൾ നമ്മളെ അറിയാതെ കീഴ്പ്പെടുത്തിക്കളയുന്നു., വരിഞ്ഞുമുറുക്കുന്നു.
ഭർത്താവ് മരിച്ചാൽ ഭാര്യ ആ ചിതയിൽ ചാടി ആത്മഹത്യ ചെയ്യണമെന്ന ആചാരം, സമൂഹത്തിന്റെ മേൽ മതപരമായ സിദ്ധാന്തത്തിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യം എങ്ങനെയാണ് സാമൂഹ്യ മന:ശാസ്ത്രത്തെ കയ്യിലെടുത്ത് അടക്കി ഭരിച്ച് നിൽക്കുന്നതെന്ന് മനസ്സിലാക്കാം. ഒരു സമൂഹം മുഴുവൻ, പ്രത്യയശാസ്ത്രത്തിന്റെ auto suggestion വഴി , അത്തരം ഒരു അന്ധവിശ്വാസത്തിന്റെ ചെളിക്കുണ്ടിൽ അമർന്നിരിക്കുമ്പോൾ, ഒരു വിധവയ്ക്ക് എന്നല്ല, ആ സമൂഹത്തിലെ യാതൊരു വ്യക്തിക്കും അതിന്റെ ആധിപത്യത്തിൽ നിന്നും രക്ഷപെടാൻ കഴിയില്ല., അതിനെ വ്യക്തികൾക്ക് എതിർക്കാൻ കഴിയില്ല; അയാൾ (അവൾ ) നിസ്സഹായനാണ് . ചരിത്രത്തിന്റെ അബോധപരികല്പനയിലും ആധിപത്യപ്രത്യയശാസ്ത്രത്തിന്റെ കൂരമ്പുകളാണ് നിറഞ്ഞിരിക്കുന്നത്. ഒരിക്കലും ഒരു വിധവയും ആ അഗ്നികുണ്ഡത്തിൽ ചാടാൻ ആഗ്രഹിക്കുന്നില്ല. എങ്ങനെയെങ്കിലും ജീവിക്കാനാണ് അവർ മോഹിക്കുന്നത്. എന്നാൽ മതപരമായ ആശയസംഹിതയുടെയും ആചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ആധിപത്യ പ്രത്യയശാസ്ത്രം സമൂഹത്തിന്റെ collective conscious ൽ അളിഞ്ഞ് പൊറ്റ പിടിച്ചിരിക്കുന്നതിനാൽ ആ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ആ വിധി വിലക്കുകളുടെ ചങ്ങലകൾ വിച്ഛേദിച്ച്, പുറത്ത് വരാൻ കഴിയാത്തവിധം അവർ ബന്ധിതരായിരിക്കുന്നു. ഫ്യൂഡൽ പ്രത്യയശാസ്ത്രത്തിന്റെ അദൃശ്യമായ കരാളഹസ്തങ്ങളിൽ ഭീകരമായി ഞെരിഞ്ഞമർന്നത് സ്ത്രീകളും ദളിതരും അന്തർജ്ജനങ്ങളുമായിരുന്നു. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം, വർത്തമാന കാലഘട്ടത്തിൽ, അതിന്റെ ഉത്തരാധുനിക അടിച്ചമർത്തൽ, പുതിയ എഡിഷനിലും രൂപഭാവങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
പ്രത്യയശാസ്ത്രം, സമൂഹത്തെ, അവർ അറിയാതെ, അവരെ വരിഞ്ഞുമുറുക്കി ബന്ധിതരാക്കിയിരിക്കുന്ന ഒരു ചങ്ങലക്കെട്ടാണ്. മനുഷ്യർ എന്നും ചരിത്രത്തിലെ പ്രത്യയശാസ്ത്രത്താൽ ബന്ധികളായിരുന്നു. മനുഷ്യരിൽ ബഹുഭൂരിപക്ഷവും, ചരിത്രത്തിൽ എന്നും പ്രത്യയശാസ്ത്രത്തിന്റെ ചങ്ങലകളാൽ അടിമകളാക്കപ്പെട്ടിരുന്നു. നമ്മൾ സാധാരണ കരുതുന്നത്, അടിമത്ത കാലഘട്ടത്തിൽ മാത്രമാണ് അടിമത്തം നിലനിന്നിരുന്നത് എന്നാണ്. എന്നാൽ അടിമത്വത്തെ കേവലം ശാരീരികം മാത്രമായി കാണുന്നതിനാലാണ്, അടിമത്വം അടിമത്ത കാലഘട്ടത്തിൽ മാത്രമേ നിലനിന്നിരുന്നുള്ളൂ എന്ന് മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അടിമത്വം ഒരു മാനസികാവസ്ഥയാണല്ലോ. അങ്ങനെയാണെങ്കിൽ അടിമത്വ കാലഘട്ടത്തിലേക്കാൾ എത്രയോ ഭയാനകമാണ് മുതലാളിത്ത കാലഘട്ടത്തിലെ മാനസികമായ അടിമത്വം. അടിമത്വം മാനസികവും പ്രത്യയശാസ്ത്രപരവുമായ ഒരു അവസ്ഥയായതുകൊണ്ടാണ്, അടിമത്വകാലഘട്ടത്തിലേക്കാൾ വലിയ അടിമത്വമാണ് , കോർപ്പറേറ്റ് മുതലാളിത്ത കാലഘട്ടത്തിൽ നിലനിൽക്കുന്ന അടിമത്വം എന്ന് സമർത്ഥിക്കേണ്ടി വരുന്നത്.
അതാത് കാലഘട്ടത്തിലെ കലയും കഥകളിയും , സാഹിത്യവും സിനിമയും, സംഗീതവും നടകവും, ചിത്രകലയും തത്ത്വശാസ്ത്രവുമെല്ലാം അറിഞ്ഞും അറിയാതെയും അതിന്റെ പ്രത്യയശാസ്ത്ര ദൗത്യം സമൂഹത്തിൽ നിർവ്വഹിക്കുന്നുണ്ട്. പ്രേക്ഷകലക്ഷങ്ങൾ ബോധപൂർവ്വവും അബോധപൂർവ്വവുമായി അതിന്റെ പ്രത്യയശാസ്ത്രം തങ്ങളുടെ മനോഘടനയിലേക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട്. ബഹുഭൂരിപക്ഷം കലയും സാഹിത്യവുമെല്ലാം അതത് കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയെ താങ്ങി നിർത്തുന്ന മൂല്യബോധവും സംസ്കാരവുമാണ് അതിൽ കൂടി പകർന്ന് നൽകുന്നത്. നന്നേ ചെറിയ ഒരു നൂനപക്ഷം കലയും സാഹിത്യവും മാത്രമാണ് സമൂഹമനസ്സിലേക്ക് പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ ആശയവും മൂല്യബോധവും അതിൽകൂടി വിക്ഷേപിക്കുന്നത്. തങ്ങൾ ഏതൊരു പ്രത്യയശാസ്ത്ര മണ്ഡലത്തിലാണ് ജീവിക്കുന്നത് എന്ന് ചരിത്രത്തിലെ യാതൊരു ജനപഥങ്ങളും ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുരന്തകരമായ സാമൂഹ്യ യാഥാർത്ഥ്യം. മനുഷ്യൻ ഒരു പ്രത്യയശാസ്ത്ര ജീവിയാണ്, അവൻ (അവൾ ) അത് തിരിച്ചറിയുന്നില്ലെങ്കിലും. ഓരോരോ സമൂഹവും അബോധപരമായാണ് അതാത് കാലഘട്ടത്തിലെ ആശയസംഹിതകളെയും പ്രത്യയശാസ്ത്രത്തെയും തങ്ങളുടെ മനോഘടനയിലേക്ക് സ്വാംശീകരിക്കുന്നത്. മനഷ്യർ ഓരോരോ കർമ്മങ്ങളിലേപ്പെടുമ്പോഴും, തങ്ങളെ വരിഞ്ഞ് കെട്ടിയിരിക്കുന്ന പ്രത്യയശാസ്ത്രവും ഉൾപ്രേരണകളും എന്തൊക്കെയാണെന്ന് ബഹുഭൂരിപക്ഷത്തിനും മനസ്സിലാക്കാൻ കഴിയില്ല. പലവിധ പ്രത്യയശാസ്ത്രങ്ങളും പ്രച്ഛന്നവേഷങ്ങളണിഞ്ഞാണ് സമൂഹമനസ്സിലേക്ക് ഇഴഞ്ഞ് കയറുന്നത് അഥവാ കയറ്റി വിടുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം , വർഗ്ഗീയതയുടെ പ്രക്ഷുബ്ദമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ജനമനസ്സിലേക്ക് നിശ്ശബ്ദമായി ഇരച്ചുകയറുന്നത്.
ചരിത്രവും ഇന്നലത്തെ പ്രത്യയശാസ്ത്രമാണ്. ചരിത്ര രചനയും പ്രത്യയശാസ്ത്ര നിർമ്മാണമാണ്. ചരിത്രം യഥാർത്ഥത്തിൽ ഒരു dead element ആണ്. ചരിത്രത്തിന്റെ വ്യഖ്യാനത്തിലൂടെ വേണം ചരിത്രത്തിന്റെ പ്രത്യയശാസ്ത്രം പുറത്തു കൊണ്ടുവരുവാൻ. ചരിത്രത്തിന്റെ അബോധപ്രത്യയശാസ്ത്രം കൂടി പുറത്തു കൊണ്ടുവരുമ്പോഴേ ചരിത്രരചന പൂർണ്ണമാവൂ. അതുപോലെതന്നെ , ചരിത്ര വ്യാഖ്യാനത്തിലൂടെ വേണം പുതിയ പ്രത്യയശാസ്ത്രത്തിന്റെ ചരിത്ര നിർമ്മിതിയെ സുഗമമാക്കാൻ .
ഈ പ്രപഞ്ച ജീവിതത്തിൽ മുഴുവൻ മുങ്ങിയിരിക്കുന്ന ഒരു അബോധമനസ്സാണ് പ്രത്യയശാസ്ത്രം എന്ന് വേണമെങ്കിൽ പറയാം. പ്രത്യയശാസ്ത്രം എന്ന ഒരു ഒറ്റ പദാവലികൊണ്ട് പ്രപഞ്ച ജീവിതത്തെ മുഴുവൻ വ്യാഖ്യാനിച്ചെടുക്കാൻ കഴിയും. കാരണം പ്രത്യയശാസ്ത്രം സമസ്ത സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ സൗന്ദര്യാത്മക ജീവിതത്തിലും അദൃശ്യമായി സ്വാധീനം ചെലുത്തുന്ന ഒരു ഭീകര ശക്തിയാണ്. അതിന്റെ പ്രഹര ശേഷി നമ്മൾ പലപ്പോഴും, അതിന്റെ പ്രവർത്തന സമയം കഴിഞ്ഞ് മാത്രമേ മനസ്സിലാക്കാറുള്ളൂ., അഥവാ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അതിനെയാണ് Topsy Turvy conscious (തലകീഴായ ബോധം) എന്ന് മാർക്സ് വിശേഷിപ്പിച്ചത്.
പ്രത്യയശാസ്ത്രം എവിടെയും അപകടകരമായി പതിയിരിക്കുന്നുണ്ട്. അതിനെ ആർക്കും നേരിൽ കാണാൻ കഴിയില്ല. അതിനെ അനുഭവിക്കുക മാത്രമേ വഴിയുളളൂ. അതീവ ജാഗ്രതയുണ്ടെങ്കിൽ മാത്രമേ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ കഴിയൂ .എന്നാൽ കേവല ജാഗ്രതയിലൂടെ മാത്രം പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ കഴിയുകയുമില്ല. ആശയപരമായ തയ്യാറെടുപ്പിലൂടെയും ഭൗതികമായ മുന്നൊരുക്കത്തിലൂടെയുമേ ആധിപത്യ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ കഴിയൂ . ആശയതലത്തിലാണ് പ്രത്യയശാസ്ത്രം മിക്കപ്പോഴും ആധിപത്യം ചെലുത്തുന്നത്. എന്നാൽ പ്രത്യയശാസ്ത്രത്തിന് കേവലം ആശയതലത്തിൽ മാത്രം ആധിപത്യ പ്രകടനം നടത്താൻ കഴിയില്ല. അത് ആശയതലത്തിലാണ് പ്രകടനം കൈക്കൊള്ളുന്നതെങ്കിലും , പ്രത്യയശാസ്ത്രത്തിന്റെ നിലനില്പിന് ഭൗതികമായ (സമ്പത്ത് ) മുന്നുപാധി അനിവാര്യമാണ്. എന്നാൽ ഒരിക്കൽ ഈ ഭൗതികമായ മുന്നുപാധി ലഭിച്ചു കഴിഞ്ഞാൽ, പിന്നെ പ്രത്യയശാസ്ത്രത്തിന് യാതൊന്നിന്റെയും സപ്പോർട്ടില്ലാതെ തന്നെ സ്വതന്ത്രമായി നിന്നുകൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും മേൽ ആധിപത്യം ചെലുത്താൻ കഴിയും – (ഉദാഹരണത്തിന്, ജാതി വ്യവസ്ഥയുടെയും ചാതുർവർണ്ണ്യത്തിന്റെയും പ്രത്യയശാസ്ത്രം) . അപ്പോൾ പ്രത്യയശാസ്ത്രത്തെ പൊയ്കാലിൽ സഞ്ചരിക്കുന്ന അദൃശ്യശക്തി എന്നും വിശേഷിപ്പിക്കാവുന്നതാണ്.
ചില മാർക്സിസ്റ്റുകളൊക്കെ പ്രസംഗിക്കാറുണ്ട് , പ്രത്യയശാസ്ത്രം ഫ്യൂഡൽ കാലഘട്ടത്തിലാണ് അതിന്റെ പ്രതിലോമകരമായ ആധിപത്യം പുലർത്തിയതെന്ന് . ശരിയാണ്, ഫ്യൂഡൽ പ്രത്യയശാസ്ത്രത്തിന്റെ അദൃശ്യകരങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റ് ദരിദ്ര ജനവിഭാഗങ്ങളുടെയും മേൽ പീഢനശക്തിയായി നിലകൊണ്ടിരുന്നു. അന്ന് പ്രത്യയശാസ്ത്രത്തിന് ജാതിമതശക്തികളുടെ രൂപവും ഭാവവും നിറവുമായിരുന്നു സവിശേഷ സ്വഭാവങ്ങൾ. എന്നാൽ ഇന്നത്തെ മുതലാളിത്ത കാലഘട്ടത്തിലും സമ്പത്തിന്റെയും അത് സൃഷ്ടിച്ച മനശാസ്ത്രത്തിന്റെയും രൂപത്തിൽ , പ്രത്യയശാസ്ത്ര പരമായ ആധിപത്യം ദുർബല ജനവിഭാഗങ്ങളുടെയും മധ്യ വർഗ്ഗജനവിഭാഗങ്ങളുടെയും മേൽ ഡെമോക്ലിസിന്റെ വാൾപോലെ തൂങ്ങി നിൽക്കുന്നുണ്ട്. വർത്തമാന കോർപ്പറേറ്റ് മുതലാളിത്തത്തിൽ , സമ്പത്ത് സൃഷ്ടിച്ച ആധിപത്യപ്രത്യയ ശസ്ത്രബോധം, ഒരു പക്ഷെ , ഫ്യൂഡലിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കാൾ ഭീകരമാണ് എന്നത് നഗ്നമായ ഒരു സത്യം മാത്രമാണ്. ഓരോരുത്തരും തങ്ങളോട് തന്നെയും, ഒപ്പം മുതലാളിത്ത പ്രത്യയശാസ്ത്രത്തോടും നിരന്തരം ആശയസമരം ചെയ്യുന്നതിലൂടെയേ , ഇന്നത്തെ ആധിപത്യപ്രത്യയശാസ്ത്രത്തെ നിർവ്വീര്യമാക്കാൻ കഴിയൂ.
20.03.2022.
Written by Adv. Pavumpa Sahadevan.












