ചൈന ലോകസമൂഹത്തിന് എന്നും ഒരു അത്ഭുതവും പ്രഹേളികയും ആയിരുന്നു. പൗരാണികകാലം മുതല്‍ തന്നെ ചൈന അതിസമ്പന്നമായ ഒരു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉടമകളുമായിരുന്നു. ഇന്ത്യയെപ്പോലെതന്നെ സഹസ്രാബ്ദങ്ങളായ ഉജ്ജ്വലമായ ഒരു ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്പര്യം അവകാശപ്പെടാനുണ്ട് ചൈനയ്ക്ക്. പണ്ട് പുരാതനകാലം മുതല്‍ ചൈന വൈദേശിക സ്വാധീനത്തിന് അടിപ്പെട്ടിട്ടുണ്ടെങ്കിലും അവള്‍ ഒരിക്കലും വൈദേശിക ഭരണത്തിന് കീഴ്‌പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. മാന്‍ഡറിന്‍ എന്ന ജനങ്ങളില്‍ 90 ശതമാനവും ഒരൊറ്റ ഭാഷയും ഹാന്‍ വംശം എന്ന ഒരൊറ്റ വംശവും ഭൂമിശാസ്ത്രപരമായ സവിശേഷതകളുമാണ് ചൈനയെ വന്മതില്‍ പോലെ കെട്ടുറപ്പുള്ള ഒരു ദേശീയസമൂഹമാക്കി മാറ്റിയത്. കണ്‍ഫ്യൂഷ്യനിസവും താവോയിസവും ബുദ്ധമതവും സവിശേഷമായി അലിഞ്ഞുചേര്‍ന്ന ലവണാംശമുള്ള ഒരു മണ്ണും മതസംസ്‌കാരവും വിശ്വാസവും ചൈനയ്ക്ക് മാത്രം അവകാശപ്പെട്ട ഈടുവെപ്പുകള്‍ ആണ്. അമേരിക്കയോട് മത്സരിക്കാന്‍ ചൈനയെ പ്രാപ്തമാക്കിയ ചരിത്രപരമായ വസ്തുതകള്‍ എന്തെല്ലാമാണെന്ന് ഇനിയും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ചൈന വര്‍ത്തമാനകാലത്ത് എങ്ങനെ ലോകത്തിന്റെ പണിപ്പുരയായിതീര്‍ന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. യൂറോ കേന്ദ്രീകൃതമായ ചരിത്രപഠനങ്ങള്‍ ഇന്ത്യയേയും ചൈനയും പുറന്തള്ളിയും തമസ്‌കരിച്ചും ഒട്ടേറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞുവെങ്കിലും ഇനി ഇന്ത്യയും ചൈനയേയും പഠിക്കുകയും പരിഗണിക്കുകയും ചെയ്യാതെ ലോകസമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇന്ത്യയെ പോലെതന്നെ, പൗരാണിക ചരിത്രം ചൈനയുടേത് കൂടിയാണ്. ചൈന എക്കാലവും ഒരു അടച്ചിട്ട കോട്ടയിലായിരുന്നെങ്കിലും സില്‍ക്ക് വ്യവസായവും അച്ചടിവിദ്യയും വടക്കുനോക്കിയന്ത്രവും വെടിമരുന്നിന്റെ കണ്ടുപിടിത്തവും അവര്‍ ലോകനാഗരികതയ്ക്ക് നല്‍കിയ വമ്പിച്ച സംഭാവനകളാണ്. അടച്ചിട്ട കോട്ടയായ ചൈനയെപറ്റി പുറത്തുള്ള ജനങ്ങള്‍ എന്തൊക്കെയോ നിഗൂഢമായ സങ്കല്പങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്നു. ആ വിശ്വാസങ്ങളെ ബലപ്പെടുത്തുന്ന ചില വിചിത്രമായ സ്വഭാവസവിശേഷതകള്‍ ചൈനീസ് ജനത ആചരിച്ചുവന്നു എന്നത് അവരുടെ ചരിത്രം അന്വേഷിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടുന്നതാണ്.
ചൈനീസ് വംശത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായ നാല്‍ക്കാലില്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ (വ്യാളി) അവരുടെ ദൈവവിശ്വാസത്തിന്റെയും ശുഭലക്ഷണങ്ങളുടെയും ഒരു സാങ്കല്പിക പ്രതിഭാസമാണ്. ചൈനീസ് ജനതയുടെ സംസ്‌കാരത്തിന്റെ പ്രതീകവും അലങ്കാരവുമായ ചൈനയിലെ ചക്രവര്‍ത്തിമാരുടെ പതാകയില്‍ പതിച്ചിരുന്ന ഈ ഡ്രാഗണ്‍ രൂപത്തെ അവഹേളിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പോലും ഇഷ്ടപ്പെടുന്നില്ല. അത്രയ്ക്ക്, സഹസ്രാബ്ദങ്ങളായി ചൈനീസ് വംശജരുടെ ആത്മാവില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന അവരുടെ ശക്തിസ്വരൂപമായ ഒരു അടയാളമാണ് ഈ ഡ്രാഗണ്‍ രൂപം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞുവരുന്നത്, ഒരു ജനതയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയുടെ കാരണം അന്വേഷിക്കേണ്ടത്, അവരുടെ ചരിത്രത്തിലും ഭാഷയിലും സംസ്‌കാരത്തിലും മതവിശ്വാസങ്ങളിലും തത്വചിന്തയിലും പ്രാക്തനമായ ചിഹ്നങ്ങളിലുമാണെന്ന്.
ജന്തുക്കളില്‍ സര്‍വ്വശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ഈ ഡ്രാഗണ്‍ രൂപത്തിന് അതിവിപുലമായ അര്‍ത്ഥവ്യാഖ്യാനശേഷിയുള്ളതാണ്. ചൈനീസ് സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ വിശ്വാസത്തിന്റെയും ആത്മീയസംസ്‌കാരത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും മൂര്‍ത്തിമദ്ഭാവമാണ് ഈ ഡ്രാഗണ്‍ ചിഹ്നം. ഒരുപക്ഷേ അതിപ്രാചീനമായ ഹാന്‍ വംശത്തിന്റെ ഗോത്ര ചിഹ്നോപാസനയില്‍ നിന്ന് രൂപമെടുത്ത ആത്മാവിന്റെ ചിഹ്നങ്ങള്‍ ആയിരിക്കാം ഈ സാങ്കല്പിക പ്രതിഭാസമായ ഡ്രാഗണ്‍ രൂപം. അതെന്തായാലും ഒരു ജനതയുടെ ചരിത്രവും ഭാഷയും സാംസ്‌കാരിക ചിഹ്നങ്ങളും ആചാരാനുഷ്ഠാനങ്ങളും പഠിച്ചുകൊണ്ടേ ആ ജനതയെ കീഴ്‌പ്പെടുത്താന്‍ കഴിയുകയുള്ളൂ എന്ന കൊള്ളക്കൊടുക്കലിന്റെ പ്രാഥമിക പാഠം മനസ്സിലാക്കി വയ്ക്കുക.
പൗരാണികചൈനയുടെ മഞ്ഞനദീതീരങ്ങളില്‍ 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് കരടിയെ കുലചിഹ്നമായി ആരാധിച്ചിരുന്ന ഒരു ബൃഹത്തായ ഗോത്രത്തിന്റെ നേതാവായിരുന്ന ഷോഡിയന്റെ പുത്രനായിരുന്നു ഹ്യുവാങ്ഡി. ഉദാരമതിയും ധാര്‍മിക സദാചാര ബോധത്തിന്റെയും ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും മൂര്‍ത്തിമദ്ഭാവവുമായിരുന്ന ഹ്യുവാങ്ഡിയുടെ ഭരണത്തിന്‍കീഴില്‍ (ബിസി 2607 മുതല്‍ 2598 വരെ) പുതിയൊരു ഒരു ജീവിതസംസ്‌കാരം ചൈനയില്‍ ഉടലെടുത്തു. ഹെനാന്‍ പ്രദേശത്ത് ജീവിച്ചിരുന്ന അദ്ദേഹത്തിന് മഞ്ഞനിറത്തോടുള്ള ആഭിമുഖ്യം കൊണ്ട് ‘മഞ്ഞചക്രവര്‍ത്തി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹാന്‍ വംശത്തിന്റെ ഭരണകാലത്ത് താവോയിസത്തിന്റെ മുഖ്യ ദേവനായിട്ടാണ് അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. ചൈനക്കാരുടെ ഇതിഹാസ ചക്രവര്‍ത്തിയും ചൈനീസ് സംസ്‌കാരത്തിന്റെ പൂര്‍വികനായിട്ടുമാണ് അദ്ദേഹം കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണാസന്നനിലയില്‍ ‘സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന ഒരു വിചിത്രവ്യാളി അദ്ദേഹത്തെ നേരിട്ട് കൂട്ടിക്കൊണ്ടുപോയതായി’ ചൈനീസ് ജനത വിശ്വസിക്കുന്നു. ചിങ് മിങ് ആഘോഷ കാലത്ത് ഈ ആദ്യശവകുടീരത്തില്‍ ജനങ്ങള്‍ ആദരസൂചകമായി പൂജകള്‍ അര്‍പ്പിക്കാറുണ്ട്. സിയാ, ഷാങ്, സൂ, എന്നീ ആദ്യ രാജവംശങ്ങളിലെ പ്രമുഖരും അവരുടെ കുടുംബങ്ങളും ഈ മഞ്ഞ ചക്രവര്‍ത്തിയുടെ പിന്‍ഗാമികളായി അറിയപ്പെടുന്നു. (‘ചൈന ഇന്ന്’ മാത്യു ജോണ്‍).
‘ലോക സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടില്‍’ ആയാണ് ചൈനയെ വിലയിരുത്തുന്നത്. പരിഷ്‌കൃതമനുഷ്യന്റെ പ്രാക്‌രൂപമായ ഹോമോസാപ്പിയന്‍സ് 10 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തുവിന് 40,00,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ജീവിച്ചിരുന്ന പീക്കിങ് മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന പുരാതനമനുഷ്യന്റെ അവശിഷ്ടങ്ങള്‍ 1923 ല്‍ ബീജിംഗിന് അടുത്തുനിന്ന് കണ്ടെത്തുകയുണ്ടായി. ചൈനയിലെ പ്രാകൃതരായ ഗുഹാമനുഷ്യര്‍ ശിലായുധങ്ങളും എല്ലുകൊണ്ട് നിര്‍മിച്ച ആയുധങ്ങളും ഉപയോഗിച്ചിരുന്നു. പ്രചീനശിലായുഗത്തില്‍ നിന്നും ആധുനിക ശിലായുഗത്തിലേക്കും കാര്‍ഷികജീവിതസംസ്‌കാരത്തിലേക്കുമുള്ള മുന്നേറ്റം അവരെ കൈത്തൊഴില്‍ വൈദഗ്ധ്യമുള്ള സ്ഥിരതാമസക്കാരായ ഒരു ജനവിഭാഗമാക്കി മാറ്റി. മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നതിലും മണ്‍പാത്രനിര്‍മ്മാണത്തിലും ചക്രനിര്‍മ്മാണത്തിലും സില്‍ക്ക് തുണിത്തരങ്ങളുണ്ടാക്കുന്നതിലും ചുട്ടെടുത്ത ഇഷ്ടികകള്‍ കൊണ്ടുള്ള വീട് നിര്‍മ്മാണത്തിലും ജലസേചനത്തിലും വലിയ ജീവിതമുന്നേറ്റങ്ങള്‍ നടത്തിയ ചൈനീസ് സംസ്‌കാരം മഞ്ഞനദിയുടെ വരദാനമായിരുന്നു.
ചൈനീസ് തത്വചിന്ത
നൂറ് ചിന്താപദ്ധതികളുടെ കാലഘട്ടം എന്നപേരിലറിയപ്പെട്ട പൗരാണിക ചൈനയില്‍ നൂറിലധികം തത്വചിന്തകള്‍ ജന്മമെടുത്തിരുന്നു. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഭൂതപ്രേത പിശാചുക്കളാണെന്നും രാജ്യഭരണം പോലും ദൈവികനിയന്ത്രണത്തിലാണെന്നും പരേതാത്മാക്കള്‍ മരണാനന്തരം ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമെന്നും മറ്റും പൗരാണിക ചൈനക്കാര്‍ വിശ്വസിച്ചിരുന്നു. 1000 ബി.സിയില്‍ എഴുതപ്പെട്ടെന്ന് കരുതപ്പെടുന്ന പ്രവചനസ്വഭാവമുള്ള മാറ്റങ്ങളുടെ ഗ്രന്ഥം (Vijing – The book of changes) മുതലാണ് ചൈനീസ് തത്വചിന്തയുടെ ആരംഭം. കണ്‍ഫ്യൂഷ്യന്‍സ്, മെന്‍സിയസ്, ലാവോസി, മോശി, വാങ് യാങ് മിങ്, സുവാങ്‌സി, ലിന്‍ഷി, ഷാങ് യാങ് എന്നിവരാണ് ചൈനീസ് തത്വചിന്തകരില്‍ പ്രമുഖര്‍. ആ കാലത്ത് കണ്‍ഫ്യൂഷനിസവും താവോയിസവും മോഹിസവും ലീഗലിസവും ചൈനീസ് മണ്ണില്‍ മൊട്ടിട്ടു വളര്‍ന്ന് പന്തലിച്ച് സുഗന്ധം പരത്തുകയുണ്ടായി. കണ്‍ഫ്യൂഷ്യസിന്റെ അനലക്റ്റസും ലാവോസിയുടെ അഞ്ഞൂറ് ചൈനീസ് ലിപികളില്‍ എഴുതപ്പെട്ട രേഖയായ ടാവോട് ചിങും, സോക്രട്ടീസിനും ബുദ്ധനും മുമ്പ് ഏകദേശം 600 ബി.സിയില്‍ എഴുതപ്പെട്ടതാണ്. ധാര്‍മ്മിക, രാഷ്ട്രീയ, സാമുദായിക മതചിന്തകള്‍ പ്രതിപാദിക്കുന്ന കണ്‍ഫ്യൂഷ്യസിന്റെ അനലക്റ്റസ് ചൈനയുടെ ചരിത്രത്തേയും ജീവിതസംസ്‌കാരത്തേയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അപഥസഞ്ചാരം ചെയ്യുന്ന ഭരണാധികാരിയെ നിഷ്‌കാസനം ചെയ്യാനുള്ള സ്വാതന്ത്ര്യം, ഉദാരത, രാജഭക്തി, പിതൃഭക്തി, മതപരമായ അനുഷ്ഠാനരീതി എന്നീ തത്വങ്ങളാണ്’മധ്യമാര്‍ഗ്ഗം’ അവലംബിക്കുന്ന കണ്‍ഫ്യൂഷ്യസിന്റെ അനലക്റ്റിസിലെ മുഖ്യചര്‍ച്ചാവിഷയങ്ങള്‍.
ശ്രേഷ്ഠനായ ഭരണാധികാരിയേയും മെച്ചപ്പെട്ട സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനെ സ്വപ്‌നം കണ്ടുകൊണ്ടുള്ള ധാര്‍മ്മികസദാചാര രാഷ്ട്രീയപ്രബോധനങ്ങളുമാണ് കണ്‍ഫ്യൂഷ്യസ് ഈ ഗ്രന്ഥത്തില്‍ നടത്തുന്നത്. ‘ദയ, മനുഷ്യനന്മാധാര്‍മ്മിക വിവേചനം’ എന്നിവ എല്ലാ മനുഷ്യരുടെയും അടിസ്ഥാന സ്വഭാവമാണെന്നും മനുഷ്യന്‍ ജന്മനാ നല്ലവനാണെന്നുമുള്ള മെങ്‌സിയുടെ വാദത്തെ, ‘ഇച്ഛയും അതിമോഹവും മനുഷ്യന്റെ ജന്മസിദ്ധമായ’ സ്വഭാവമാണെന്ന് പറഞ്ഞുകൊണ്ട് സുങ്‌സി ഖണ്ഡിക്കുന്നുണ്ട്. അതിനാല്‍ സമുദായത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തികളുടെ അത്യാഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ സാമൂഹികനിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നാണ് സുങ്‌സിയുടെ വാദം. കണ്‍ഫ്യൂഷ്യനിസവും താവോയിസവുമായുള്ള ആശയ സാധര്‍മ്മ്യം ബുദ്ധമതത്തെ ചൈനീസ് ജനമനസ്സില്‍ വേരോട്ടമുള്ള മതമാക്കി മാറ്റി. അനുസ്യൂതമായ പാരസ്പര്യവും ‘ഓരോ ഭാവത്തിനും അതിന്റെ എതിര്‍ഭാവത്തിന്റെ അംശങ്ങളും നൈരന്തരിക സ്വഭാവങ്ങളും ഉള്ളതായിരിക്കും’ എന്നതാണ് ചൈനീസ് ലോകവീക്ഷണത്തിന്റെ അന്തസത്ത. രാഷ്ട്രീയ ചിന്തകനായ ഹാന്‍ഫീഷിയുടെ ലീഗലിസം പ്രധാനമായും നിയമവും നിയമവാഴ്ചയും ശിക്ഷാനടപടികളും അടിസ്ഥാനമാക്കിയുള്ളതാണ്. ”ചൈനീസ് – പാശ്ചാത്യ ചിന്തകള്‍ മുഖ്യധാരയില്‍ത്തന്നെ വ്യത്യസ്തമാണ്. പാശ്ചാത്യതത്വചിന്ത പ്രത്യാശ, വ്യക്തിത്വം, യുക്തി, അധികാരം, സ്വാതന്ത്ര്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ചൈനീസ് ചിന്തകള്‍ ഔദാര്യം, ഐക്യം, വിവേകം, കുടുംബം, പൂര്‍വ്വസൂരികളോടുള്ള ആദരവ് ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. ചൈനീസ് തത്വചിന്തകള്‍ പ്രാഥമികമായി ആഭ്യന്തരലക്ഷ്യത്തോടുകൂടിയതാണെങ്കില്‍ പാശ്ചാത്യചിന്ത ബാഹ്യവും പ്രകടനപരവുമാണ്. പടിഞ്ഞാറന്‍ പ്ലേറ്റോണിയന്‍ ചിന്തകള്‍ നിയമവാഴ്ചയ്ക്ക്് മുന്‍തൂക്കം കൊടുക്കുമ്പോള്‍ കണ്‍ഫ്യൂഷ്യന്‍ രീതി ധാര്‍മ്മികതയില്‍ അടിയുറച്ച സമൂഹത്തെ വിഭാവനം ചെയ്യുന്നു. പടിഞ്ഞാറന്‍ മുതലാളിത്ത വ്യവസ്ഥിതി കിടമത്സരത്തില്‍ അധിഷ്ഠിതമാണെങ്കില്‍, കിഴക്കിന്റെ തത്വചിന്ത സഹകരണത്തെ ഐക്യത്തിനുള്ള ഉപാധിയായി കണക്കാക്കുന്നു. ഒന്ന് ചിന്തയ്ക്കും യുക്തിയ്ക്കും സ്ഥാനം കൊടുക്കുമ്പോള്‍ അപരം ധ്യാനത്തിനും നന്മയ്ക്കും പ്രാധാന്യം കൊടുക്കുന്നു. ചൈനീസ് ചിന്തകള്‍ ശാസ്ത്രീയചിന്താഗതിയിലൂടെ നിഗമനത്തിലെത്തിയപ്പോള്‍ മാര്‍ക്കസ് ഔറേലിയസിനെപ്പോലെയുള്ള പാശ്ചാത്യചിന്തകര്‍ ധ്യാനത്തെ അറിവ് സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചു.” (‘ചൈന ഇന്ന്’ – മാത്യുജോണ്‍). ‘ഭാരതത്തിലെ ഋഷിവര്യന്മാരെപ്പോലെ പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള രഹസ്യം തേടുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മനുഷ്യന്റെ ശ്രേയസ്സിനുതകുന്ന നന്മയെക്കുറിച്ചായിരുന്നു അവര്‍ പ്രധാനമായും അന്വേഷിച്ചിരുന്നത്. മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയാണ് ചൈനയില്‍ തത്വശാസ്ത്രം ചെയ്തത്. അറിവ് അറിവിന് വേണ്ടിയാണ് എന്ന വാദത്തെ പുരാതന ചൈനീസ് ചിന്തകന്മാര്‍ തള്ളിക്കളഞ്ഞിരുന്നു. അറിവ് മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയുള്ളതായിരിക്കണം എന്നതായിരുന്നു അവരുടെ പ്രമാണം. പ്ലേറ്റോ തത്വചിന്തകനായ ഭരണാധികാരിയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നതെങ്കില്‍ ചൈനീസ് ചിന്തകന്മാര്‍ ജ്ഞാനികളായ ഭരണാധികാരികളെ സൃഷ്ടിക്കാനാണ് ശ്രമിച്ചിരുന്നത്.’ (‘ചൈനീസ് തത്വശാസ്ത്രം’ – ഡോ. എന്‍. ബാബു)
രാഷ്ട്രീയ ചരിത്രം
ബി.സി. 2100 ല്‍ ആരംഭിച്ച ചൈനയിലെ സിയാ രാജവംശത്തിലെ അവസാനത്തെ രാജാവ ് അഴിമതിക്ക് കുപ്രസിദ്ധി കേട്ട ജീ രാജാവായിരുന്നു. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി, ഷാങ് രാജവംശത്തിന്റെ ഉദാരമതിയായ അധിപന്‍ ടാങ് അധികാരം പിടിച്ചെടുത്തു. ഈ കാലയളവില്‍ കൃഷിയിലും മത്സ്യബന്ധനത്തിലും കളിമണ്‍ പാത്രനിര്‍മ്മാണത്തിലും ജ്യോതിശാസ്ത്ത്രതിലും അഭിവൃദ്ധിയുണ്ടായി. കൊത്തുപണിക്കും കലണ്ടര്‍ സമ്പ്രദായത്തിനും ചിത്രലിപിക്കും ഗ്രന്ഥശാലകള്‍ക്കും ആരംഭം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. പിന്നീട് അധികാരത്തിലേറിയ ചിന്‍ രാജവംശത്തിലെ ചിന്‍ ഷി ഹ്യുവാങ് ഡി എന്ന ചക്രവര്‍ത്തി ചൈനയെ ഒരു മഹാരാജ്യമായി ഏകീകരിക്കുകയും കേന്ദ്രീകൃത സാമ്രാജ്യത്വഭരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ”നിര്‍ദാക്ഷണ്യമായ നിയമവാഴ്ചയിലൂടെയും അധികാരകേന്ദ്രീകരണത്തിലൂടെയും ചിന്‍ഷി ഹ്യുവാങ്ഡി സ്വയം ശക്തി ആര്‍ജ്ജിക്കുകയും തനിക്കെതിരെ ശബ്ദമുയര്‍ത്തിയ കണ്‍ഫ്യൂഷ്യസ് വിഭാഗത്തില്‍പ്പെട്ട പണ്ഡിതന്മാരെ നിര്‍ദ്ദയം കൊന്നൊടുക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു.” അദ്ദേഹത്തിന്റെ കാലത്താണ് അപരിഷ്‌കൃതരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിന് വന്‍മതിലിന്റെ പണി ആരംഭിച്ചത്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ നിന്നാണ് (ചിന്‍) ചൈന എന്ന പേര് ഉത്ഭവിച്ചത്. പിന്നീട് അധികാരത്തിലേറിയ ടാങ് രാജവംശത്തിലെ ഒരേയൊരു വനിതാ ഭരണാധികാരിയിയാരുന്നു വൂ ചാവോവിന്റെ ഭരണം സുവര്‍ണ്ണകാലഘട്ടമായി അറിയപ്പെടുന്നു. (എ.ഡി. 710-755) അതിന് ശേഷം ചെങ്കിസ് ഖാന്‍ ചൈനയുടെ പല ഭാഗങ്ങളും പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ പൗത്രനായ കുബഌഖാന്റെ നേതൃത്വത്തില്‍ ‘യാന്‍’ രാജവംശം ചൈനയില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. (എ.ഡി. 1271) ഈ കാലഘട്ടത്തില്‍ ചൈനയുടെ എല്ലാ മേഖലകളും അഭിവൃദ്ധിപ്പെടുയുണ്ടായി. തുടര്‍ന്ന് മിങ് രാജവംശത്തിന്റെ ചക്രവര്‍ത്തിയായി തീര്‍ന്ന ഹോങ് വു തലസ്ഥാനനഗരം പിടിച്ചെടുത്തതോടുകൂടി ‘യാന്‍’ രാജവംശത്തിന്റെ അന്ത്യം കുറിച്ചു. ഈ രാജവംശം ജനക്ഷേമകരമായ പല പദ്ധതികളും നടപ്പാക്കി. ‘വിലക്കപ്പെട്ട നഗരം’ എന്ന ബഹുകൊട്ടാരത്തിന്റെ നിര്‍മ്മാണവും ‘ഗ്രാന്‍ കനാലി’ന്റെയും വന്മതിലിന്റെയും പുനര്‍നിര്‍മ്മാണവും മിങ് രാജവംശത്തിന്റെ ശ്രദ്ധേയമായ ഭരണനേട്ടങ്ങളാണ്. എന്നാല്‍ ആഭ്യന്തര കിടമത്സരങ്ങളും ക്ഷാമവും പകര്‍ച്ചവ്യാധികളും വിപ്ലവങ്ങളും മൂലം സാമ്രാജ്യഭരണം ദുര്‍ബലപ്പെടുകയും അതേത്തുടര്‍ന്ന് വടക്കുനിന്നുള്ള മഞ്ചുവംശര്‍ ചൈനയുടെ തലസ്ഥാനം ആക്രമിച്ച് കീഴടക്കുകയും ചെയ്തു. ചൈനയിലെ മഞ്ചുവംശര്‍ സ്ഥാപിച്ച ചിന്‍ രാജവംശത്തിലെ ആദ്യത്തെ ചക്രവര്‍ത്തി ഷുന്‍ഷി ആയിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ഈ രാജവംശത്തിലെ കാങ്ഷി, യൂങ്, ചെന്‍ലോഗ് തുടങ്ങിയ ചക്രവര്‍ത്തിമാര്‍ ചൈനയില്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചു. കണ്‍ഫ്യൂഷന്‍ പഠനങ്ങളെ അടിസ്ഥാനമാക്കിയ 16 ശാസനങ്ങള്‍, മിങ് രാജവംശത്തിന്റെ ചരിത്രരചന, നിഘണ്ടു നിര്‍മ്മാണം, വിശ്വവിജ്ഞാനകോശം, ഭരണക്രമീകരണത്തിനുള്ള രഹസ്യസംവിധാനം, സാക്ഷരതാ വിദ്യാഭ്യാസം തുടങ്ങിയ ഈ കാലഘട്ടങ്ങളിലെ ഭരണനേട്ടങ്ങള്‍ ചിങ് രാജവംശത്തിന്റെ പ്രതാപം അതിന്റെ ഉച്ചകോടിയിലെത്തിച്ചു. എന്നാല്‍ 1856 – 60 കാലയളവില്‍ ബ്രട്ടീഷുകാരുമായുണ്ടായ ‘കറുപ്പുയുദ്ധം’ ചിങ് വംശത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചു. ഈ കാലഘട്ടത്തില്‍ നിരവിധി കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ചൈന സാക്ഷ്യം വഹിച്ചു. പില്‍ക്കാലത്ത് ആധുനിക ചൈനയുടെ പിതാവ് എന്നറിയപ്പെട്ട വിപ്ലവനേതാവ് സണ്‍യാറ്റ് സണ്‍ കുമിന്താങ് കക്ഷിയുടെ നേതൃത്വത്തില്‍, തകര്‍ന്നുകൊണ്ടിരുന്ന ചിങ് രാജവംശത്തെ സ്ഥാനഭ്രഷ്ടരാക്കി 1911 ല്‍ റിപ്പബ്ലിക് സ്ഥാപിച്ചു. എന്നാല്‍ പിന്നീട് ബീജിംഗ് സൈന്യാധിപനായ യുവാന്‍ ഷിക്കായി പുതിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാവുകയും അദ്ദേഹം സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയുമുണ്ടായി. ഇതിനെതിരെ ചിയാങ് കൈഷക്കിന്റെ സഹായത്തോടെ ഡോ.സണ്‍യാറ്റ് സെന്‍ പ്രക്ഷോഭം നടത്തിയെങ്കിലും അതില്‍ പരാജയപ്പട്ട അദ്ദേഹത്തിന് കുമിന്താങ് പുനഃസംഘടിപ്പിക്കുന്നതിന് വേണ്ടി ജപ്പാനിലേക്ക് പോകേണ്ടി വരികയും പിന്നീട് 1925 ല്‍ മരണപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് പിന്തിരിപ്പന്‍ പാര്‍ട്ടിയായി തീര്‍ന്നു ചിയാങ് കൈഷക്കിന്റെ കുമിന്താങ്ങിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാവോസേതൂങ് 1949 ല്‍ ചൈനയില്‍ അധികാരത്തിലേറിയത് (കടപ്പാട് : ‘ചൈന ഇന്ന്’ – മാത്യു ജോണ്‍).
മാവോയ്ക്ക് 13 വയസുള്ളപ്പോള്‍ സണ്‍യാത് സെന്നിന്റെ ദേശീയ വിപ്ലവസേനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശാസ്ത്രവും തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും നിയമവും പഠിക്കുന്നതില്‍ ചെറുപ്പത്തില്‍ തന്നെ വ്യാപൃതനായി. ന്യൂ പീപ്പിള്‍സ് സ്റ്റഡിസെന്റര്‍ എന്ന വിദ്യാര്‍ത്ഥി സംഘടനയ്ക്ക് രൂപം കൊടുത്തുകൊണ്ട് സൈദ്ധാന്തികവും പ്രായോഗികവുമായ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടി. സ്പിനോസ, കാന്റ്, ഹെഗല്‍ എന്നീ തത്വചിന്തകരെയാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്. മാര്‍ക്‌സിയന്‍ ചിന്തയെ ചൈനയുടെ സമൂര്‍ത്തമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലും പ്രയോഗിക്കുന്നതിലും മാവോ ഏറെ മുന്നോട്ട് പോവുകയുണ്ടായി. 1893ല്‍ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ പിറന്ന മാവോ പീക്കിംഗ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ലൈേബ്രറിയനായിരിക്കുമ്പോഴാണ് മാര്‍ക്‌സിസത്തെ ആഴത്തില്‍ പഠിച്ചുതുടങ്ങിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കാള്‍കൗട്‌സ്‌കിയുടെ ‘ക്ലാസ് സ്ട്രഗിളും’ കിര്‍കവിന്റെ ‘എ ഹിസ്റ്ററി ഓഫ് സോഷ്യലിസവും’ അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. താന്‍ ജനിച്ച ഹുനാന്‍ പ്രദേശത്ത് കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അദ്ദേഹം പിന്നീട് ഹുനാന്‍ മലനിരകളിലെത്തി സായുധകലാപകാരികളെയും കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ചുവപ്പ് സേനയ്ക്ക് രൂപം കൊടുത്തു. ഭീകരപ്രവര്‍ത്തനത്തിലൂടെ പ്രതിയോഗികളെ ഉന്മൂലനാശനം ചെയ്യുന്ന ഒരു രാഷ്ട്രീയ ശൈലിയിലൂടെഅദ്ദേഹം വലിയ മുന്നേറ്റം നടത്തി. അതിനുവേണ്ടി ഗറില്ലാമാതൃകയില്‍ ഒളിപ്പോരുകള്‍ സംഘടിപ്പിച്ചു. ചൗഎന്‍ലായിയും ജിയാന്‍സിയും മാവോയുടെ ലോങ്ങ് മാര്‍ച്ചിനോടൊപ്പം ചേര്‍ന്നു. ചൈന – ജപ്പാന്‍ യുദ്ധത്തി (1937 – 1945) ന്റെ ആദ്യകാലയളവില്‍ ചാഞ്ചാട്ടക്കാരും ദേശീയ ബൂര്‍ഷ്വാസിയുമായ ചിയാങ് കൈഷക്കിന്റെ കുമാന്തിങ്ങിനോടൊപ്പം മാവോ ചേര്‍ന്നെങ്കിലും പിന്നീട് ചിയങ് കൈഷക്കിനെ തുരത്തിയ മാവോ ചൈനയെ ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. (1949).
1921 ലെ ഷാങ്ഗായി സമ്മേളനത്തില്‍ വച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം കൊണ്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്വശാസ്ത്രം രൂപപ്പെടുത്തിയ ചൗഎന്‍ലായി,ചുദെ, ലുഷാവ് ചി എന്നീ നേതാക്കന്മാരാണ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ സ്ഥാപകരില്‍ പ്രമുഖര്‍. ലോങ്ങ് മാര്‍ച്ചിലൂടെ ചൈനീസ് സമൂഹത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്ന മാവോ സേ തുങ് തന്റെ സൈദ്ധാന്തിക രചനകളിലൂടെ ആ സമൂഹത്തിന് വിപ്ലവപരവും പ്രായോഗികവുമായ മാര്‍ഗദര്‍ശനം നല്‍കി. കവിയും സൈനിക പ്രതിഭയും ദേശീയവിപ്ലവനേതാവുമായ അദ്ദേഹം വന്‍കുതിപ്പിലൂടെയും ( ഏൃലമ േഘലമു എീൃംമൃറ) സാംസ്‌കാരികവിപ്ലവത്തിലൂടെയും ചൈനയെ ഒരു വന്‍ശക്തിയാക്കി മാറ്റിയെടുത്തു. സാംസ്‌കാരികവിപ്ലവം ജനങ്ങള്‍ക്ക് ഭരണകൂടത്തേയും രാഷ്ട്രീയനേതൃത്വത്തേയും തുറന്നു വിമര്‍ശിക്കാനുള്ള അവസരമുണ്ടാക്കിയെങ്കിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലൂടെ സാമ്പത്തിക സാമൂഹികരംഗം തകരുകയും ആയിരക്കണക്കിന് പേരുടെ ജീവനൊടുക്കുകയും ചെയ്തു. ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികള്‍ വ്യവസായവല്‍ക്കരണത്തിലും സാക്ഷരതയിലും ഭൂപരിഷ്‌ക്കരണത്തിലും ചലനങ്ങളുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലിയു ഷാവോചിയും ഡെങ്‌സിയാവോപിങും മാവോയ്ക്ക് വെല്ലുവിളിയുയര്‍ത്തി. സാമ്പത്തിക രംഗത്തെ തകര്‍ച്ചയുടെ ഫലമായി മാവോയെ ”യഥാര്‍ത്ഥ അധികാരസ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തി വെറും ആലങ്കാരിക, പ്രതീകാത്മക പദവിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു. അതിനെതിരെയാണ് സോഷ്യലിസ്റ്റ് ചട്ടക്കൂടിന് ഭീഷണിയായ ബൂര്‍ഷ്വാസിക്കും വര്‍ഗശത്രുവിനുമെതിരെ, സാംസ്‌കാരികവിപ്ലവം മാവോ പ്രഖ്യാപിച്ചത്. മാവോയെ ആരാധ്യപുരുഷനായി അംഗീകരിച്ച, വിദ്യാര്‍ത്ഥികളും യുവജനങ്ങളും അടങ്ങുന്ന ചുവപ്പ് സൈന്യത്തിന് അധികാരം നല്‍കി, മാവോയെ ശക്തിപ്പെടുത്തുകയും നഷ്ടപ്പെട്ടുപോയ അധികാരം വീണ്ടെടുക്കുകയുമായിരുന്നു സാംസ്‌കാരികവിപ്ലവത്തിന്റെ ഉദ്ദേശം.” (‘ചൈന ഇന്ന്’ – മാത്യു ജോണ്‍).
എന്നാല്‍ ഇത് സാമൂഹിക സാമ്പത്തിക രംഗങ്ങളുടെ തകര്‍ച്ചയിലേക്കും സാംസ്‌കാരിക പൈതൃകത്തെ നശിപ്പിക്കുന്നതിലേക്കും ജനങ്ങളെ ജയിലലടക്കുന്നതിലേക്കും എത്തിച്ചു. അത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ദുരിതം വിതച്ചു. മാവോയുടെ സോഷ്യലിസ്റ്റ് സമ്പദ് ഘടന നിരന്തരം മുരടിപ്പിനെ അഭിമുഖീകരിച്ച് തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങള്‍ ചൈനീസ് സമ്പദ്ഘടനയുടെ വികാസത്തിന് മേല്‍ ഒരു ഡിമോക്ലസിന്റെ വാള്‍പോല തൂങ്ങിക്കിടന്നു. മാവോയുടെ ‘കുലപതി’ എന്ന സ്വയം പ്രഖ്യാപനവും തന്റെ വ്യക്തിത്വത്തിന്റെ ബിംബവല്‍ക്കണവും അപ്രമാദിത്തവും അതിര് കവിഞ്ഞ കര്‍ത്തവ്യബോധവും അദ്ദേഹത്തെ ഒരു ഏകാധിപതിയാക്കി മാറ്റി.
1976ല്‍ മാവോയുടെ നിര്യാണത്തെതുടര്‍ന്ന് ദങ്‌സിയാവോ പിങ് ചൈനയില്‍ അധികാരത്തിലേറുകയും അദ്ദേഹം ‘ചതുര്‍ഭുജ ആധുനികവല്‍ക്കണം’ എന്ന പേരില്‍ ചൈനീസ് സമ്പദ്ഘടനയെ സമൂലം ഉടച്ചുവാര്‍ക്കുകയും ചെയ്തു. ചൈനീസ് സ്വഭാവത്തിലും മാതൃകയിലുമുള്ള ദെങിന്റെ മാര്‍ക്‌സിയന്‍ സിദ്ധാന്തം ‘വികസനോന്മുഖ മാര്‍ക്‌സിയന്‍ ദര്‍ശനം’ എന്ന് വിശേഷിപ്പിക്കപ്പെട്ടു. മുതലാളിത്തത്തിന്റെ പോസിറ്റീവായ പല വശങ്ങളും സ്വാംശീകരിച്ചുകൊണ്ട് സോഷ്യലിസ്റ്റ് കമ്പോളസമ്പദ്‌വ്യവസ്ഥ ദങ് സിയാവോ പിങ് ഇതില്‍ മുന്നോട്ടുെവച്ചു. മുതലാളിത്ത കമ്പോളവ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭരണകൂടത്തിനും ആധിപത്യവും നിയന്ത്രണവുമുള്ള ഒരു സോഷ്യലിസ്റ്റ് കമ്പോളവ്യവസ്ഥയാണ് ദെങ് സിയാവോ പിങ് നടപ്പിലാക്കിയത്. ആധുനികവല്‍ക്കരണത്തിന്റെ മുന്നുപാധികളായി, സോഷ്യലിസ്റ്റ് പാത, തൊഴിലാളിവര്‍ഗസര്‍വ്വാധിപത്യം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം, മാര്‍ക്‌സിസം – ലെനിനിസം-മാവോ സിദ്ധാന്തം എന്നീ നാല് മൗലികതത്വങ്ങള്‍ ആവിഷ്‌കരിച്ചു. കേന്ദ്രീകൃത ആസൂത്രിത സമ്പദ്‌വ്യവസ്ഥയെ വികസിപ്പിച്ചെടുത്തുകൊണ്ട് തകരുന്ന സമ്പദ്‌വ്യവസ്ഥയെ കരയകറ്റാനാണ് ദങ്‌സിയാവോ പിങ് ശ്രമിച്ചത്. (‘ചൈന മാവോയെ വിചാരണ ചെയ്യുന്നു, മാര്‍ക്‌സിനേയും’ – പ്രദീപ്.സി.രാമന്‍) പരമ്പരാഗത ക്ലാസിക്കല്‍ മാര്‍ക്‌സിയല്‍ തത്വശാസ്ത്രം സമൂലം പരിഷ്‌കരിച്ചുകൊണ്ട് പിന്നീട് അധികാരത്തിലേറിയ ജിയാങ് സെമിന്‍, ദേശീയസമ്പദ്ഘടനയെ വികസിപ്പിക്കുന്നതിനുവേണ്ടി ‘മൂന്ന് പ്രതിനിധാനങ്ങള്‍’ ആവിഷ്‌ക്കരിച്ചു. ആധുനികമായ ഉല്‍പ്പാദനശക്തികള്‍, പുരോഗമനാത്മക സംസ്‌കാരം, ഭൂരിപക്ഷം ജനങ്ങളുടെ അടിസ്ഥാനതാല്പര്യം എന്നിവയായിരുന്നു ‘മൂന്ന് പ്രതിനിധാനങ്ങള്‍’. 1. ദേശീയസമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിന് സ്വകാര്യസംരംഭകരുടെയും സ്വകാര്യവ്യാപാരഉടമകളുടെയും മാനേജര്‍മാരുടെയും പ്രതിനിധാനം അദ്ദേഹം ഉറപ്പാക്കി. 2. ”ധാര്‍മ്മികത, പൊതുപെരുമാറ്റം, പുരോഗമനാത്മകസാമൂഹികസമീപനം, വിശ്വാസവിനിമയം എന്നിവയെ ഇണിക്കച്ചേര്‍ക്കുന്നതായിരിക്കും സംസ്‌കാരത്തിന്റെ സത്ത”. ആത്മീയസംസ്‌കാരവും ഭൗതികസംസ്‌കാരവും സംയോജിപ്പിക്കുകയും ചൈനീസ് സംസ്‌കാരത്തിന്റെ പൈതൃകമൂല്യങ്ങളെ വീണ്ടെടുക്കുകയും ചെയ്ുക. 3. ഭൂരിപക്ഷം ജനങ്ങളുടെ അടിസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുമതലയും സേവനവും ആവര്‍ത്തിച്ചുറപ്പിക്കുന്നു. ജിയാങ് സെമിന്റെ ഈ ‘മൂന്ന് തത്വങ്ങള്‍’ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പരമ്പരാഗത സ്ഥാപിതതത്വശാസ്ത്രത്തിന്റെ മൗലികഘടകങ്ങളെ മറികടക്കുന്നവയായിരുന്നു. ചുരുക്കത്തില്‍, മൂലധനം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം എന്നിവെയപ്പോലെ ”തൊഴിലാളിയെ ഉല്‍പ്പാദനത്തിന്റെ ഘടകങ്ങളില്‍ കേവലം ഒന്നുമാത്രമായി നിബന്ധിച്ചു.” എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യഥാസ്ഥിതികരായ ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് കര്‍ദിനാളന്മാരില്‍ നിന്ന് അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.
ജിയാങ് സെമിനെ തുടര്‍ന്ന് 2002-ല്‍ ചൈനയുടെ പ്രസിഡന്റ് പദവിയിലേക്കുയര്‍ന്ന ഹു ജിന്റാവോ ‘സൗഹാര്‍ദ്ദ സമൂഹം’ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ചൈനയുടെ സാമ്പത്തിക സാമൂഹിക അന്തരീക്ഷത്തെ വികസനോന്മുഖമാക്കാന്‍ ശ്രമിച്ചു. ”നിയമവാഴ്ച, സുതാര്യത, നീതി, ആത്മാര്‍ത്ഥത, വിശ്വാസ്യത, അനുകമ്പ, പരിപൂര്‍ണമായ ഊര്‍ജ്ജസ്വലത, സ്ഥിരത, അടുക്കും ചിട്ടയും, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൗഹൃദം’ എന്നിവയായിരുന്നു ‘സൗഹാര്‍ദ്ദ’ സമൂഹത്തിന്റെ അന്തസത്ത. പിന്നീടങ്ങോട്ടുള്ള ചൈനയുടെ ചരിത്രം ലോകചരിത്രത്തിന്റെ അഭിവാജ്യഭാഗമാവുകയാണുണ്ടായത്. ‘സമീപകാലത്ത് ഉന്നതനിലവാരത്തിലുള്ള സാങ്കേതികവിദ്യയും വിവരവിനിമയ വ്യവസായത്തിലുണ്ടായ ദ്രുതവികസനവും ആശയവിനിമയോപാധികളുടെ ഉപയോഗത്തിലൂടെ ലോകസമൂഹത്തെ മനസിലാക്കാനും ചൈനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.” (‘ചൈന മാവോയെ വിചാരണ ചെയ്യുന്നു, മാര്‍ക്‌സിനെയും’ – പ്രദീപ്.സി.രാമന്‍). ഇന്റര്‍നെറ്റ് ശൃംഖലയും മൊബൈല്‍ ഫോണ്‍ ഉപയോഗവും ആഢംബരകാറുകളും, ഭവനങ്ങളും, വജ്രം പതിപ്പിച്ച വസ്ത്രങ്ങളും, വാച്ചുകളും ആഢംബരബോട്ടുകളും, കുതിരപ്പന്തയ ക്ലബ്ബും, റിയല്‍ എസ്റ്റേറ്റും ഓഹരിക്കമ്പോളവും ഭക്ഷണവും വിനോദവും നിശാനൃത്തശാലയും പെണ്‍സൗഹൃദവും സൗന്ദര്യമത്സരവും കൊണ്ട് ഉയരങ്ങളിലേക്ക് കുതിക്കുന്ന ഒരു ജീവിതശൈലിയാണ് ചൈനയിലെ ഉയര്‍ന്ന മദ്ധ്യവര്‍ഗത്തിന്റേത്.
ചൈനയും കോവിഡും
കൊറോണ എന്ന മഹാമാരിയേക്കാള്‍ ഭീകരവും ഭയാനകവുമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ (അമേരിക്കയും) മുതലാളിത്ത ഗവണ്‍മെന്റുകളുടെ ഈ പകര്‍ച്ചവ്യാധികളോടുള്ള സമീപനം. രണ്ടുലക്ഷം പേര്‍ മരിച്ചുകഴിഞ്ഞാല്‍ കോവിഡിനെ മറികടക്കാമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റേയും ട്രംപിന്റെയും ലോജിക്കും ശാസ്ത്രവും എന്താണെന്ന്, ഞങ്ങള്‍ ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മനസിലാവുന്നില്ല. ഈ രോഗാവസ്ഥ ലോകരാജ്യങ്ങളുടെ മുമ്പില്‍ ഇരുമ്പുമറ (Iron Curtain) ഉപയോഗിച്ച് മറച്ചുവച്ച ചൈനീസ് മുതലാളിത്ത കമ്മ്യൂണിസവും മാപ്പര്‍ഹിക്കുന്ന കുറ്റമല്ല ചെയ്തത്. അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യത്വവും ചൈനീസ് സവിശേഷതകളോടെയുള്ള കമ്മ്യൂണിസത്തിന്റെ ലേബലൊട്ടിച്ച ക്യാപ്പിറ്റലിസ്റ്റ് കമ്മ്യൂണിസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ വര്‍ത്തമാനകാല കോവിഡ് സാഹചര്യത്തില്‍ മനസിലാക്കി വരികയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍, യൂറോപ്യന്‍, ചൈനീസ് രാഷ്ട്രീയ വ്യവസ്ഥയും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് മുതലാളിത്ത ഗവണ്‍മെന്റുകളുമാണ് ഗുരുതരമായ രാഷ്ട്രീയ രോഗാവസ്ഥയ്ക്ക് (political disease) അടിപ്പെട്ടിരിക്കുന്നത്. അതിനുള്ള ഒരു പുതിയ രാഷ്ട്രീയ ചികിത്സയാണ് ലോകജനത കണ്ടെത്തേണ്ടത്. അത് ചൈനീസ് കമ്മ്യൂണിസ്റ്റ് മുതലാളിത്തവും അമേരിക്കന്‍ – യൂറോപ്യന്‍ മുതലാളിത്തവുമല്ല എന്ന് രാജ്യാന്തര ജനവിഭാഗങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഇത്തരമൊരു ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതന്‍ മനുഷ്യോന്മുഖവും നീതിപൂര്‍വ്വകവുമായ ഒരു പരിഷ്‌ക്കൃതജനാധിപത്യരാഷ്ട്രീയവ്യവസ്ഥയ്ക്ക് വേണ്ടി ലോക ജനത പോരാടുമെന്ന് നമുക്ക് പ്രത്യാശിക്കാം. (Chinese Communism can be called as new wine in the old bottle. The old bottle is Chinese militant form of communist party, and the new wine is open door Capitalist mode of production and distribution. In such a political system, economic developement will be unlimited and infinite. But all the material progress will be within the frame work of anti democratic iron curtain of militant administration. No individual freedom or right to freedom of expression will be allowed in such political frame work. It is a strange political system which cannot long live. The end result will be the total collapse and downfall of such form of political system.) ചൈനയിലേത് ഒരു കമ്മ്യൂണിസ്്റ്റ് ഭരണകൂടമായതിനാല്‍ കൊറോണമൂലം അവിടെ മരിച്ച ആയിരക്കണക്കിന് ജനങ്ങളുടെ കണക്കുകളും റിപ്പോര്‍ട്ടുകളും അവര്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിഞ്ഞു. അവിടുത്തെ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറ രാഷ്ട്രീയം മരണപ്പെട്ട ജനങ്ങളുടെ കണക്കുകള്‍ ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണ്. മാത്രവുമല്ല അത് ചൈനയില്‍ നിന്ന് (വുഹാന്‍) മറ്റ് ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നുവ്യാപിച്ച് ഒട്ടേറെ കഴിഞ്ഞതിന് ശേഷമാണ്, ചൈനീസ് ഗവണ്‍മെന്റ് ഈ പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അത് തികച്ചും മനുഷ്യത്വരഹിതവും നിരുത്തരവാദപരവും അപലപനീയവുമാണ്. ചൈനയില്‍, നമ്മുടെ രാജ്യത്തെപ്പോലെ മാധ്യമ സ്വാതന്ത്ര്യമോ ജനാധിപത്യ രാഷ്ട്രീയമോ ഇല്ലല്ലോ. അതുകൊണ്ട് അവിടുത്തെ ഒരുകാര്യവും പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അമേരിക്കയിലെ സാധാരണ ജനങ്ങള്‍ കോവിഡ് എന്ന മഹാമാരിയേക്കാള്‍ ഭയക്കുന്നത്, ഈ മഹാമാരിയോടുള്ള ട്രംപ് സര്‍ക്കാരിന്റെ സമീപനമാണ്. അമേരിക്കയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കൊറോണ ബാധിത മേഖലകളിലെ ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മുതലാളിത്തത്തിന്റെ ഭീകരമായ ‘ട്രീറ്റ്‌മെന്റ്’ ശൈലിയും ലോക്ഡൗണിടാതെയാണെന്നുള്ളതാണ് ലോകാരോഗ്യ സംഘടനയെപ്പോലും അത്ഭുതപ്പെടുത്തുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനും ആഗോള സമ്പദ്ഘടനയുടെ മേലുള്ള അതിന്റെ നിയന്ത്രണത്തിനും വേണ്ടി, എല്ലാ കാര്യത്തിലും ജനങ്ങളെ ട്രീറ്റ്‌മെന്റ് ചെയ്യുന്ന രീതി തികച്ചും കാടത്തപരവും അപരിഷ്‌ക്കൃതവും അതുകൊണ്ടുതന്നെ അപലപനീയവുമാണ്. മുതലാളിത്തവും ചൈനീസ് കമ്മ്യൂണിസ്റ്റ് ക്യാപ്പിറ്റലിസവും മനുഷ്യത്വരഹിതമാണ് എന്നാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും അമേരിക്കന്‍ മുതലാളിത്ത സര്‍ക്കാരിന്റേയും ഒരേ സ്വഭാവമുള്ള ഭീകരമുഖമാണ് ലോകജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ചൈന ഇപ്പോള്‍ ഭരിക്കുന്നത് മുതലാളിത്തപരമായ വിപരിണാമം സംഭവിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. അതായത് അവിടെ പുതിയൊരു വര്‍ഗപരിണാമം സംഭവിച്ചിരിക്കുന്നു. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുതലാളിത്തവര്‍ഗ്ഗമായി പരിണമിച്ചിരിക്കുന്നു. അവര്‍ അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരു മുഖംമൂടി മാത്രമാണ് ഇപ്പോള്‍ ചൈനീസ് കമ്മ്യൂണിസം. ചൈനയിലെ പഴയ ചെങ്കൊടി ജനങ്ങളെ ആവേശം കൊള്ളിക്കുന്ന ഒരു അലങ്കാരം മാത്രമായിട്ടാണ് അവിടത്തെ കമ്മ്യൂണിസ്റ്റ് ക്യാപ്പിറ്റലിസ്റ്റ് ഭരണകൂടം ഉപയോഗിക്കുന്നത്. തങ്ങള്‍ക്ക് സംഭവിച്ച പരിണാമത്തെ മറ്റുള്ളവര്‍ അറിയാതെ മറച്ചുവയ്ക്കാന്‍ സൗകര്യപ്രദമായി അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരു ആകര്‍ഷകമായ മുഖംമൂടി മാത്രമാണ് ചൈനയിലെ ചെങ്കൊടിയും കമ്മ്യൂണിസ്റ്റ് മൂടല്‍മഞ്ഞും. കമ്മ്യൂണിസം അവിടത്തെ കര്‍ഷകരെയും തൊഴിലാളികളേയും സാധാരണ ജനവിഭാഗങ്ങളേയും ക്രൂരമായി വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രച്ഛന്നവേഷം കെട്ടിയ നെറികെട്ട മുതലാളിത്തത്തിന്റെ രാഷ്ട്രീയ സ്റ്റണ്ട് നാടകമാണ്. രാഷ്ട്രീയ സൈദ്ധാന്തികരാരും ഇങ്ങെയൊരു രാഷ്ട്രീയ തത്വശാസ്ത്രത്തിന് ചരിത്രത്തിലിന്നേവരേയും രൂപം കൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ചൈനീസ് കമ്മ്യൂണിസം ചരിത്രത്തിലെ ഒരു അസംബന്ധ നാടകവും പൊളിറ്റിക്കല്‍ ഗിമ്മിക്കുമാണ്. മനുഷ്യസമൂഹത്തിന്റെ രാഷ്ട്രീയതത്വശാസ്ത്ര വളര്‍ച്ചാവികാസത്തിലെ അതിവിചിത്രമായ ഒരു രാഷ്ട്രീയ പ്രതിഭാസത്തെയാണ് ചൈന ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. വേണമെങ്കില്‍, നമ്മുടെ നാട്ടിലെ പരമ്പരാഗത കമ്മ്യൂണിസ്റ്റുകാര്‍ – ലെനിനെ പിന്‍പറ്റിക്കൊണ്ട് – കമ്മ്യൂണിസ്റ്റ് ചരിത്രവികാസത്തിലെ ബാലാരിഷ്്ടിതയെന്നോ അന്തരാളഘട്ടമെന്നോ വിശേഷിപ്പിച്ചാല്‍ നമ്മള്‍ അതില്‍ അത്ഭുതപ്പെടരുത്. ഇതും കമ്മ്യൂണസത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നമ്മുടെ ചില മാര്‍ക്‌സിസ്റ്റ് കര്‍ദ്ദിനാളന്മാര്‍ വ്യാഖ്യാനിച്ചേക്കാം. ചരിത്രം രണ്ട് പ്രാവശ്യം അരങ്ങേറുമെന്നും, ആദ്യം അത് ഒരു ദുരന്തമായും പിന്നീട് അതൊരു പ്രഹസനമായും അരങ്ങേറുമെന്നും മഹാമനീഷിയായ കാള്‍മാര്‍ക്‌സ് പറഞ്ഞത് ചൈനയുടെ കാര്യത്തില്‍ എത്രയോ അര്‍ത്ഥവത്താണ്. അതേ, കമ്മ്യൂണിസ്റ്റ് ചരിത്രം ചൈനയില്‍ ഒരു പ്രഹസനമായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷികളാണ് നമ്മള്‍. ദുരന്തകരമെന്ന് പറയട്ടെ, ചരിത്രത്തില്‍ ഇത്തരം വിരോധാഭാസങ്ങള്‍ അരങ്ങേറുമ്പോള്‍, ഏതൊരു സത്യസന്ധനായ കമ്മ്യൂണിസ്റ്റുകാരന്റെയും ഇടനെഞ്ച് തകര്‍ന്നുപോകും.












