എംജി സർവകലാശാലയിലെ ഗവേഷകരുടെ ഫെല്ലോഷിപ്പുകൾ തടഞ്ഞു വെക്കുന്നതായി പരാതി. രണ്ടര വർഷമായി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗവേഷകർ സമരം തുടങ്ങി. വിതരണത്തിലെ മാനദണ്ഡം പുതുക്കി ഫെല്ലോഷിപ്പ് തുക ഉയർത്തണമെന്നും ആവശ്യപ്പെടുന്നു.
ഇടത് അനുകൂല സംഘടനയായ ഓൾ കേരള റിസർച്ച് സ്കോളേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സർവകലാശാലയ്ക്കെതിരായ സമരം. കഴിഞ്ഞ രണ്ടര വർഷമായി സർവകലാശാല ഫെല്ലോഷിപ്പ് അനുവദിക്കുനില്ലെന്നാണ് ഗവേഷകരുടെ പരാതി. ഇത്തവണ മുന്നൂറിലേറെ പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഫെല്ലോഷിപ്പുകൾ സർവകലാശാല തടയുന്നതെന്ന് ഗവേഷകർ ആരോപിക്കുന്നു. ഫെല്ലോഷിപ്പുകളുടെ വിതരണം സംബന്ധിച്ചും വിവേചനുമുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ യുജിസി അടക്കം നിരവധി ഇളവുകൾ നൽകിയിട്ടും. ഫീസ് കുറയ്ക്കാനോ നഷ്ടമായ ഗവേഷണ കാലാവധി അനുവദിക്കനോ സർവകലാശാല തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഗവേഷകരുടെ ആരോപണങ്ങൾ സർവകലാശാല തള്ളുന്നു. യുജിസി മാനദണ്ഡപ്രകാരമാണ് നടപടികളെന്നും ഫെല്ലോഷിപ്പുകൾ തടഞ്ഞുവെച്ചിട്ടില്ലെന്നുമാണ് വിശദീകരണം. അനുകൂല ഇടപെടലില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.













