കോവിഡ് എന്ന ഒറ്റ വൈറസ് ലോകത്തിന്റെ തന്നെ ഗതി മാറ്റിയപ്പോൾ, അയ്യായിരത്തിലേറെ വൈറസുകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വിവിധ തരത്തിലുള്ള അപകടകാരികളായ വൈറസുകള്‍ ലോകത്തുണ്ടെങ്കിലും ഈ കണ്ടെത്തിയിരിക്കുന്ന വൈറസുകളെല്ലാം തന്നെ ആര്‍എന്‍എ വിഭാഗത്തില്‍ പെടുന്നവയാണെതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം.
മനുഷ്യരെ വ്യാപകമായി ബാധിയ്ക്കുന്ന അസുഖങ്ങള്‍ക്ക് കാരണമാകുന്നവയാണ് ആര്‍എന്‍എ വൈറസുകള്‍. ജലദോഷം മുതല്‍ കോവിഡ്- 19 വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നത് ആര്‍എന്‍എ വൈറസുകളാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചെടികളെയും വരെ ഈ വൈറസുകള്‍ ബാധിക്കാറുണ്ട്. മനുഷ്യരുള്‍പ്പടെയുള്ള ജീവികളുടേത് ഡിഎന്‍എ യില്‍ അധിഷ്ഠിതമായ ജനിതകഘടനയാണെങ്കില്‍ ഈ വൈറസുകളുടേത് ആര്‍എന്‍എയിലാണ്. ഡിഎന്‍എ ജനിതക ഘടനയേക്കാള്‍ വേഗത്തില്‍ അതിജീവന ശേഷിയുള്ളവയും പ്രതിരോധ ശേഷിയുള്ളവയുമാണ് ആര്‍എന്‍എ ജനിതക ഘടനയുള്ള ജീവികള്‍.













