ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്. പാക് ദേശീയ അസംബ്ലിയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും.
ദേശീയ അസംബ്ലിയിൽനടന്ന വിശ്വാസ വോട്ടെടുപ്പിൽനിന്ന് ഇമ്രാൻ ഖാനും ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു. ഇതോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ.
ഏപ്രില്‍ 11-ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കർ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും രാജിവച്ചിരുന്നു.
ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപാണ് ഇരുവരും രാജിവച്ചത്. പിന്നീട് പ്രതിപക്ഷ കക്ഷിയംഗം അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നൽകിയാണ് അവിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
നേരത്തേ വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്കിസ്ഥാൻ സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെത്തുടര്‍ന്ന് അര്‍ധരാത്രി സുപ്രീംകോടതി പ്രത്യേക സിറ്റിംഗിനായി തുറന്നിരുന്നു. ഇതിനുശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
ഇതിനിടെ ഇമ്രാൻ ഖാൻ വീട്ടുതടങ്കലിൽ ആക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.













