LIMA WORLD LIBRARY

റഷ്യ: ഉപരോധം കടുപ്പിക്കണമെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിൽ അധിനിവേശം നടത്തി ദുരിതം വിതയ്ക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എല്ലാ ഊർജ ഉൽപന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നും യുക്രെയ്നിന് പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങളും സാമ്പത്തികസഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി നിർത്തിയെങ്കിലും എണ്ണ, പ്രകൃതിവാതക ഇറക്കുമതി തുടരുന്നുണ്ട്. യുക്രെയ്ൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിരോധിച്ചു. റഷ്യൻ സേന പിൻവാങ്ങുന്ന മേഖലകളിൽ സാധാരണ പൗരന്മാരെ നിർദയം കൊല്ലുന്നതായും യുക്രെയ്ൻ ആരോപിച്ചു. കീവിനു സമീപമുള്ള ബുസോവ ഗ്രാമത്തിൽ കൊല്ലപ്പെട്ട രണ്ടു സ്ഥലവാസികളുടെ കുഴിമാടം കണ്ടെത്തിയതായും അറിയിച്ചു. റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് സെലെൻസ്കി ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ ഫോണിൽ വിളിച്ച് അഭ്യർഥിച്ചു.

തെക്കൻ യുക്രെയ്നിലെ ഡോൺബസിലേക്ക് റഷ്യൻ സൈനിക വാഹനവ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രം യുഎസ് സ്ഥാപനമായ മക്സർ പുറത്തുവിട്ടു. ഡൊണെറ്റ്സ്ക് മേഖലയിലെ ക്രമതോർസ്ക് നഗരത്തിൽ നിന്ന് അഭയാർഥികളുടെ പ്രവാഹം തുടരുന്നു. റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24നു ശേഷം 45 ലക്ഷം പേർ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തതായാണ് യുഎൻ കണക്ക്. അഭയാർഥികളെ സഹായിക്കുന്നതിനായി കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ യുക്രെയ്നിന് 910 കോടി യൂറോ വാഗ്ദാനം ചെയ്തു.

ബ്രിട്ടിഷ് നിർമിത മൻപഡ് മിസൈൽ ഉപയോഗിച്ച് റഷ്യയുടെ ഒരു പൈലറ്റില്ലാ വിമാനം തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നിന്റെ ഷുഹ്യു, സ്റ്റെറോബൊഗ്ദനോവോക വ്യോമത്താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി കനത്ത നാശമുണ്ടാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലുഹാൻസ്ക്, ഡിനിപ്രോ മേഖലകളിൽ കനത്ത ആക്രമണം തുടരുന്നു. ഹാർകീവ് മേഖലയിലെ ഡെർഹാച്ചിയിൽ 2 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു.

യുക്രെയ്നിൽ ഈസ്റ്ററിനു മുൻപ് ചർച്ചയിലൂടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ നേതാക്കളും ത്യാഗത്തിനു തയാറാകണമെന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധവാര ശുശ്രൂഷകൾക്കു തുടക്കം കുറിച്ച് ഓശാന ഞായർ കുർബാന മധ്യേ ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. നാശക്കൂമ്പാരത്തിനു മുകളിൽ വിജയക്കൊടി സ്ഥാപിക്കുന്നത് അർഥശൂന്യമാണ്. യുദ്ധക്രൂരതയിലൂടെ നാം യേശുവിനെ വീണ്ടും ക്രൂശിലേറ്റുകയാണ്. ആയുധങ്ങൾ താഴെവച്ച് സമാധാനത്തിനായി യത്നിക്കേണ്ട സമയമാണിതെന്നും മാർപാപ്പ പറഞ്ഞു.

English Summary:  Zelensky Pushes For More Sanctions Against Russia

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px