LIMA WORLD LIBRARY

വിഷുക്കുടുക്ക . വിഷു ഓർമകൾ – രജനി സുരേഷ്

വിഷു സ്മൃതികളിൽ പൂത്തിരി കത്തിച്ചപ്പോലെ രസകരമായ ഒരോർമ കണി വെള്ളരിയും ഒരു പിടി കൊന്നപ്പൂവുമായി ബന്ധപ്പെട്ടതാണ്. പുളിയിട്ട് തേച്ചു കഴുകി മിന്നിത്തിളങ്ങുന്ന ഓട്ടുരുളിയിൽ വിഷുക്കണി ഒരുക്കുവാനുള്ള തിരക്കിലാണ് അച്ഛമ്മയും ദേവോപ്പയും. ചെല്ലൻ കണിക്കൊന്നയിലെ സുവർണ്ണ ഞാത്തുകൾ പൊട്ടിച്ചെടുത്ത് ഉരൽ പുരയുടെ മുക്കിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടിവെച്ചിട്ടുണ്ട്. വരിക്ക പ്ലാവിൽ നിന്ന് ചുക്കൻ നിലം തൊടാതെ കയറിട്ടിറക്കിയ മൂത്ത ചക്ക ജയേട്ടൻ മച്ചിന്റെ പടിയിൽ കൊണ്ടുവന്നു വെച്ചിട്ടുണ്ട്. ഓട്ടുരുളിയും നിലവിളക്കും തെളിച്ചം വന്നില്ലേ എന്ന് അച്ഛമ്മ കണ്ണട വെച്ച് പരിശോധിക്കുന്നുണ്ട്. ചക്കര മാവ് വിഷുവിന് സ്നേഹത്തോടെ പൊഴിച്ചു തന്ന തേനൂറും കനികൾ ദേവയാനി ഓപ്പ ചന്തം നോക്കി തെരഞ്ഞെടുത്തു മാറ്റി വെച്ചു. അക്കമ്മ  വിളകൾ നിറഞ്ഞ പറമ്പിൽ നിന്ന് സ്വർണനിറം നോക്കി പറിച്ചെടുത്ത കണിവെള്ളരിയും ഉരൽ പുരയിൽ വല്ലോട്ടിയിൽ നിക്ഷേപിച്ചിട്ടുണ്ട്. പൂജാമുറിയിലെ കൃഷ്ണ വിഗ്രഹം എടുത്തു കൊണ്ടുവന്നു വെളുത്ത തുണി കൊണ്ട് തുടച്ച് ദേവോപ്പയെ ഏൽപ്പിച്ചു. വിഷുത്തലേന്ന് രാത്രി ആകെ ഒരു ആകാംക്ഷയും സന്തോഷ തിമർപ്പുമൊക്കെയാണ്.ഇനി കണിയൊരുക്കുകയേ വേണ്ടൂ.
ഉരൽ പുരയിൽ നിന്ന് ഒരു പിടി കണിക്കൊന്നയും ചന്തം തികഞ്ഞ കണിവെള്ളരിയും എടുത്തു കൊണ്ടുവരാൻ അച്ഛമ്മ പറഞ്ഞപ്പോൾ ജയേട്ടനെ തട്ടി മാറ്റി ഉരൽ പുരയിലേക്ക് ആഞ്ഞു നടന്നു. ഉരൽ പുര തറവാടിനോട് ചേർന്നു തന്നെയെങ്കിലും ആ വശത്ത് രാത്രി ഇരുട്ടാണ്. അവിടെ വൈദ്യുത ബൾബുകൾ ഒന്നുമില്ല. റാന്തൽ വിളക്കെടുത്താണ് ഉരൽ പുരയിൽ കയറിയത്. ഒരു
 പിടി കണിക്കൊന്ന കൈപ്പിടിയിലൊതുക്കി തിരിഞ്ഞപ്പോൾ തറയിൽ കുഴിച്ചിട്ട ഉരലിന്റെ കുഴിയിൽ കാൽ കുടുങ്ങി. സർവ്വ ശക്തിയെടുത്തു വലിച്ചിട്ടും കുടുങ്ങിയ കാൽ തിരിച്ചെടുക്കാൻ കഴിയുന്നില്ല. ഉറക്കെ വിളിച്ചിട്ടും ആരും കേൾക്കുന്നില്ല. ഇനി കൂവി വിളിച്ച് കരഞ്ഞിട്ട് കാര്യമില്ല. കുഴിയിൽ പെട്ട കാൽ വലിച്ചെടുക്കാൻ ആവതും ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. കാൽ നീരുവെച്ച് വീർക്കാൻ തുടങ്ങി. വേദന കൊണ്ട് കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. കണി വെള്ളരിയും കണിക്കൊന്നയുമില്ലാതെ എങ്ങനെ കണിയൊരുക്കാനാണ് എന്ന് സമാധാനിച്ച് തളർന്ന് പീഠത്തിലിരുന്നു.ഉരൽ കുഴിയിലെ കാൽ അനക്കാൻ പോലും കഴിയാതെ അവിടെത്തന്നെ. ജയേട്ടനെങ്കിലും എത്തിയിരുന്നെങ്കിൽ !
 കൃഷിയായുധങ്ങൾ വിഷുവിന്റന്ന് പൂജയ്ക്കു വെയ്ക്കേണ്ടതാണ്. നാളെ അതിലൊന്നിലും പങ്കെടുക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. കാൽ മന്തുപിടിച്ച പോലെ വ്യത്യസ്ത നിലകൾ തരണം ചെയ്യുകയാണ്. ഏകദേശം പെരുക്കാൽ പരുവത്തിലായി എന്നു പറയാം.ചെല്ലൻ വിഷു ദിവസം കന്നുകാലികളെ കുളിപ്പിക്കുവാൻ താമരക്കുളത്തിൽ കൊണ്ടുപോകും. അവിടെ ഒപ്പം പോവാനും തരമില്ല. ജയേട്ടനെ തട്ടി മാറ്റി ഓടിയതിന് ദൈവം തന്ന ശിക്ഷ ഇത്തിരി കടുപ്പം കൂടിപ്പോയി . കഷ്ടം ! വരാൻ പോകുന്ന വർഷത്തെ ഐശ്വര്യ പൂർണമാക്കുന്ന ദിവസം അനങ്ങാൻ കഴിയാതെ കിടക്കേണ്ടി വരിക…
മുത്തച്ഛനും വല്യച്ഛനും
 തരുന്ന കൈനീട്ടം ചിലപ്പോ കുറഞ്ഞു പോകും. നടക്കാൻ പറ്റാത്ത ആൾക്ക് കൈ നീട്ടം കിട്ടിയിട്ടെന്തിനാ എന്നു ചോദിച്ചാൽ കുറ്റം പറയുവാൻ കഴിയില്ല. ആരെങ്കിലും വന്നിരുന്നെങ്കിൽ … ജ്യോച്ചിയെങ്കിലും .
 ഉരൽ പുരയുടെ സമീപത്തേക്ക് ഒരു വെട്ടം നടന്നു വരുന്നതു കാണുന്നുണ്ട്. നീളൻ ടോർച്ച് മിന്നിച്ച് ജയേട്ടൻ . ദൈവേ…. കാത്തോളണേ. ജയേട്ടനെ കൂവി വിളിച്ചപ്പോൾ അടുത്തു വന്നു. പരിതസ്ഥിതി ഒന്നവലോകനം ചെയ്തു. ജയേട്ടനോട് കാൽ കുടുങ്ങിയ അവസ്ഥ കരഞ്ഞു വിവരിച്ചെങ്കിലും ഒരു ദയാദാക്ഷിണ്യവും കാണിച്ചില്ല. ശ്രീകൃഷ്ണ വിഗ്രഹത്തിൽ ചൂടാനുള്ള മയിൽപ്പീലി തൂക്കിയിട്ട വട്ടക്കയറിൽ നിന്നെടുത്ത് കക്ഷി തിരിച്ചു പോയി. പറഞ്ഞതൊന്നും ജയേട്ടന് വിശ്വാസമായിട്ടില്ല. കാലൊന്ന് ടോർച്ച് മിന്നിച്ച് നോക്കാൻ പോലും മെനക്കെട്ടില്ല. ഇനിയെന്തു ചെയ്യും ? നാളെ കിട്ടാൻ പോകുന്ന വിഷു കൈനീട്ടത്തിലെ പകുതി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യാമായിരുന്നു. സത്യം പറയുന്ന തിരക്കിൽ അതിനും തോന്നിയില്ല. ജ്യോച്ചി വന്നിരുന്നെങ്കിൽ …
കരച്ചിൽ മുറയ്ക്ക് നടത്തിക്കൊണ്ട് നിമിഷങ്ങൾ തള്ളിനീക്കി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വെളിച്ചം ഉരൽപുരയെ ലക്ഷ്യമാക്കി വരുന്നു. ജയേട്ടനാണ്.
 “എവിടെ ? നിന്റെ കാലുകുടുങ്ങിയത് നോക്കട്ടെ ?” ജയേട്ടന്റെ ചോദ്യം കേട്ടതും അത്രയും നേരം ഉണ്ടാക്കിക്കൊണ്ടുവന്ന ധൈര്യം ചോർന്നൊലിച്ചു.
 കാൽ വലിച്ചെടുത്ത് പുറത്തെത്തിക്കുന്ന ഉദ്യമത്തിനിടയിൽ ജയേട്ടൻ പറഞ്ഞു.
“പ്രത്യുപകാരം ചെയ്യണം. വിഷുവിന്റന്ന് കിട്ടുന്ന കൈനീട്ടം പടക്കം വാങ്ങാൻ എനിക്ക് തരണം . ” ജയേട്ടനോട് അത്രയും നേരം തോന്നിയ സ്നേഹം ആവിയായിപ്പോയി.
ഗദ്ഗദകണ്ഠയായി തരാംന്ന് സമ്മതിക്കുമ്പോൾ കാല് കുഴിയിൽ നിന്ന് ഒരു ഘട്ടം മുകളിലെത്തി. “നിന്റെ വിഷുക്കുടുക്ക മുഴുവൻ തരണം” എന്ന അടുത്ത ആവശ്യം ഹൃദയം തകർക്കുന്നതായിരുന്നു.
 കൈക്കൂലി, പിടിച്ചു പറി , അഴിമതി .. ജയേട്ടനെ ഏതു വകുപ്പിൽ പെടുത്താം എന്ന് ഒരെത്തുംപിടിയും കിട്ടിയില്ല. മനസ്സില്ലാമനസ്സോടെ അതിനും സമ്മതം മൂളി. കാൽ നൊണ്ടിക്കൊണ്ട് കൊന്നപ്പൂവും കണിവെള്ളരിയും അച്ഛമ്മയുടെ പക്കൽ എത്തിച്ചു. നീരുപോവാനായി കാലിൽ  എണ്ണ തേച്ച് രാത്രി ഉറങ്ങാൻ കിടന്നു. ദൈവേ….നാളെ എന്റെ വിഷു കൈനീട്ടം. പതിനേഴ് വയസ്സിൽ ഇത്രയും വലിയ കൈക്കൂലി ചോദിച്ചവൻ … നാളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം.
വിഷു ദിവസം കണി കണ്ട ശേഷം മുത്തച്ഛൻ, വല്യച്ഛൻ , അച്ഛൻ തുടങ്ങി എല്ലാവരും തന്ന കൈനീട്ടം വാങ്ങി കുടുക്ക നിറച്ചു. കഴിഞ്ഞ വിഷുവിന് കിട്ടിയ കൈ നീട്ടവും കുടുക്കയിൽ ഈട്ടം കൂട്ടി വെച്ചിട്ടുണ്ടായിരുന്നു. പ്രാണൻപറിച്ചു കൊടുക്കുന്ന പോലെ ജയേട്ടന് സമ്മാനിക്കേണ്ട കുടുക്ക ! ഉച്ചയ്ക്ക് വിഷു സദ്യയ്ക്കു ശേഷം ജയേട്ടൻ അടുത്തു വന്നു. ഞാൻ കണ്ട ഭാവം നടിച്ചില്ല.
“നിന്റെ  കുടുക്കയെടുക്ക്” ഭീഷണി മുഴക്കി. ജ്യോച്ചി വന്നതുകൊണ്ട് തടിതപ്പി.
സാധാരണ രാവിലെവന്ന് മുത്തച്ഛനിൽനിന്ന് കൈനീട്ടം വാങ്ങാറുള്ള കീഴാളൻ ചെല്ലന്റെ മകൾ കുഞ്ചി വൈകീട്ട് നാലുമണിക്കാണ് തറവാട്ടിലെത്തിയത്. അവൾ സുഖമില്ലാതെ കിടപ്പായിരുന്നത്രെ. മുത്തച്ഛനിൽ നിന്ന് കൈനീട്ടം വാങ്ങി കുഞ്ചി പോകാനൊരുങ്ങുമ്പോൾ,കുഞ്ചിയെ സ്വകാര്യമായി ഉരൽ പുരയിലേക്ക് വിളിച്ച് കുടുക്കയിലെ രണ്ടു നാണയം എടുത്തു കൊടുത്തു. കുറച്ചു ദിവസം കുടിലിൽ കൊണ്ടുപോയി കുടുക്ക സൂക്ഷിക്കുവാൻ കുഞ്ചിയെ ഏൽപ്പിച്ചു. കുഞ്ചി പേടിച്ചു പേടിച്ചാണ് കുടുക്ക വാങ്ങിക്കൊണ്ടുപോയത്. തമ്പ്രാട്ടിക്കുട്ടി തറവാട്ടിൽ അറിയിക്കല്ലേ എന്നും പറഞ്ഞ് കുഞ്ചി കുടുക്കയുമായി പോയി. കുഞ്ചിയോട് യാതൊരു പേടിയും ആവശ്യമില്ലെന്ന് ഉറപ്പു കൊടുത്തു.
സന്ധ്യയ്ക്ക് ജയേട്ടൻ വന്നു. വിഷുക്കുടുക്ക ചോദിച്ചു. വിഷു കുടുക്ക മുത്തച്ഛന്റെ കയ്യിൽ  സൂക്ഷിക്കാൻ നൽകി എന്ന് കള്ളം പറഞ്ഞു. ഇനി യാതൊരു സഹായവും ചെയ്യില്ലെന്ന് ജയേട്ടൻ ആണയിട്ടു പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ജയേട്ടൻ മുത്തച്ഛനോട്
” ഇവൾ വിഷു കുടുക്ക മുത്തച്ഛനെ ഏൽപിച്ചിട്ടുണ്ടോ  ?” എന്ന് ചോദിക്കുന്നതു കേട്ടു. നെഞ്ചിടിപ്പ് ഉയർന്നു. ഇപ്പോൾ സത്യം വെളിച്ചത്താവും . വിഷു ഫലം മാനഹാനി … മുത്തച്ഛന്റെ മുന്നിൽ കള്ളത്തരം പറഞ്ഞ കുറ്റബോധം.
” സുന്ദരിക്കുട്ടിയുടെ കുടുക്ക എന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഞാനത് ഭദ്രമായി എടുത്തു വെച്ചിട്ടുണ്ട്. ” എന്ന മുത്തച്ഛന്റെ മറുപടി ഇന്നും അത്ഭുതമായി തുടരുന്നു.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ജയേട്ടന്റെ ദേഷ്യം തണുത്തതായി തോന്നി. ചെല്ലന്റെ കുഞ്ചിയെ കുടുക്ക ഏൽപ്പിച്ച കാര്യം ഞാൻ പറഞ്ഞു. ജയേട്ടൻ പറഞ്ഞു…
“കുഞ്ചിയോട് കുടുക്ക തിരിച്ചു വാങ്ങണ്ട. അടുത്ത വിഷുവിന് കൈനീട്ടം കിട്ടുമ്പോൾ എന്റെ കടം തീർത്താൽ മതി. “
ആ മഹാമനസ്കതയ്ക്കു മുൻപിൽ കൈ കൂപ്പണോ, അതോ അടുത്ത വർഷം കൊടുത്തു തീർക്കാനുള്ള കടം ആലോചിച്ച് കരയണോ… എന്തു ചെയ്യണമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു…
രജനി സുരേഷ്
സൈകതം
  • Comment (1)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px