LIMA WORLD LIBRARY

ശ്രീലങ്ക: ചർച്ചയ്ക്കു തയാറെന്ന് സർക്കാർ; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ശ്രീലങ്കയിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് 5 ദിവസമായി ഗോൾ ഫെയ്സിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തുന്നവരുമായി ചർച്ചയ്ക്കു തയാറാണെന്നു പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അറിയിച്ചു.

ജീവിതം വഴിമുട്ടിയ പതിനായിരക്കണക്കിനാളുകളാണു പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സ്ഥാനമൊഴിയാൻ ഒരാഴ്ച നൽകുന്നുവെന്നും അതിനകം രാജിവച്ചില്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ സഖ്യമായ സമഗി ജന ബലവേഗയ (എസ്ജെബി) നാഷനൽ ഓർഗനൈസർ ഇരാൻ വിക്രമരത്‍നെ അറിയിച്ചു.

സർക്കാരിനെ വീഴ്ത്താനുള്ള പിന്തുണ എസ്ജെബിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ 24 എംപിമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 225 അംഗ പാർലമെന്റ് അടുത്തയാഴ്ച ചേരും. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ അറിയിച്ചു. സർക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഭരണസഖ്യത്തിൽ അംഗമായിരുന്ന ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ മൈത്രിപാല സിരിസേന പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇടക്കാല ദേശീയ സർക്കാരുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്ക വിദേശ കടം തിരിച്ചടയ്ക്കുന്നത് രാജ്യാന്തര നാണ്യനിധി വായ്പ ലഭിക്കും വരെ നിർത്തിവച്ചിരിക്കയാണ്. 5200 കോടിയിലേറെ ഡോളർ വിദേശ കടമുള്ള ശ്രീലങ്കയ്ക്ക് ഈ വർഷം 600 കോടി ഡോളർ തിരിച്ചടയ്ക്കേണ്ടതുണ്ട്. രാജ്യാന്തര റേറ്റിങ് ഏജൻസി ഫിച്ച് ശ്രീലങ്കയിലെ 13 നാഷനൽ ബാങ്കുകളുടെ റേറ്റിങ് നെഗറ്റീവ് ആക്കി. ശ്രീലങ്കൻ രൂപയുടെ വില ഡോളറിന് 320 രൂപയായി കുറഞ്ഞു. രാജ്യാന്തര നാണ്യനിധി വായ്പയ്ക്കായുള്ള ഔദ്യോഗിക ചർച്ച തിങ്കളാഴ്ച തുടങ്ങും.

English Summary: Sri Lanka prime minister Mahinda Rajapaksa offers to talk with protestors

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px