LIMA WORLD LIBRARY

ബാജിറാവു മസ്താനി: ഒരു ഹിന്ദു മുസ്ലീം പ്രണയ കഥ – എം രാജീവ് കുമാർ

ഭാര്യ ഇരിക്കെ കാമുകിയും അന്തപ്പുരത്തിൽ വന്നാലെങ്ങനിരിക്കും? ചരിത്രം അത് അംഗീകരിക്കുകയാണ്. സ്വപത്നി കാശി ബായിയുടെ നിർദ്ദേ പ്രകാരം മഹാരാഷ്ട്ര സഖ്യം നേടാൻ വേണ്ടി നൈസാം, മകൾ മസ്താനിക്ക് കെട്ടിച്ചു കൊടുത്തെന്നൊരു കഥയുമുണ്ട്. അതിൽ ജനിച്ച ഷംഷേർ ബഹദൂർ എന്ന പുത്രൻ 1761 ൽ പാനിപ്പട്ട് യുദ്ധത്തിൽ മരിച്ചതായി ചരിത്ര രേഖകൾ പറയുന്നു

കലണ്ടർ | 10-04-2022 | എം രാജീവ് കുമാർ

നാലഞ്ച് കൊല്ലത്തിനു മുമ്പ് മുംബൈയിൽ വച്ച് കണ്ട ഒരു സിനിമയാണ് “ബാജി റാവു മസ്താനി.” സഞ്ജയ് ലീലാ ബൻസാരി സംവിധാനം ചെയ്ത സിനിമ. 2015 ൽ നിർമ്മിച്ച ചിത്രം. നൂറിലധികം ദിവസം ഓടിയ പടം. 145കോടികൾ വാരിയെറിഞ്ഞുള്ള സിനിമയാണിത്. രൺവീർ സീങ്ങാണ് നായകൻ. ദീപിക പടുകോണും പ്രിയങ്കാ ചോപ്രയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ഇപ്പോൾ ഓടുന്ന ആർ ആർ ആർ പോലെയുള്ള തെലുങ്കൻ പടത്തിന്റെ തന്തപ്പടം!

ആ പടം പോലെ ഒരു തട്ടുപൊളിപ്പൻ ഇന്ത്യൻ പ്രണയപടം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. എന്താണ് ആ സിനിമ ഇഷ്ടപ്പെടാൻ കാരണം.?

അതെന്റെയും ഒരു പ്രണയ കാലമായിരുന്നു. അന്ന് ഒരു മാസത്തോളം ഞാൻ മുംബയിലുണ്ടായിരുന്നു. പേഷ്വാ ബാജി റാവുവിന്റെ മുസ്ലീം പത്നിയാണ് മസ്താനി. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ അലിഞ്ഞുചേർന്നൊരു പ്രണയ കഥയാണ് ബാജിറാവു മസ്താനിയുടേത്.

പതിനെട്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന രാഷ്ട്രതന്ത്രജ്ഞനും യുദ്ധതന്ത്രജ്ഞനുമാണ് ബാജി റാവു! ശിവജി മഹാരാഷ്ട്ര സംസ്ഥാന സ്ഥാപകനായിരുന്നെങ്കിൽ ബാജി റാവു അതിനെ ഒരു സാമ്രാജ്യ പദവിയിലേക്കുയർത്തി. ഇരുപതാമത്തെ വയസ്സിൽ ഭരണാധികാരം പ്രാപിച്ച് നാല്പതാമത്തെ വയസ്സിൽ അന്തരിച്ച ബാജിറാവു  ആളൊരു പഞ്ചപാവമായിരുന്നു. പ്രണയകാലത്ത് ആണിനെ വട്ടംചുറ്റിക്കുന്നത് പെണ്ണാണ്. കല്യാണം കഴിഞ്ഞ് തിരിച്ചും. അക്കാലത്ത് ബാജിറാവു രാജ്യം വെട്ടിപ്പിടിച്ച് ഡെൽഹി വരെ വ്യാപിച്ചിരുന്നു. ഇവിടെ മാർത്താണ്ഡ വർമ്മയുടെ കാലമാണ്.

ബാജിറാവുധീരന്റെ ഓരോ ചലനങ്ങളും നിയന്ത്രിച്ച പ്രണയിനിയായിരുന്നു മസ്താനി എന്നറിവിൽ തന്നെ പ്രണയം അസ്ഥിക്ക് പിടിച്ചതാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഇന്ത്യാ ചരിത്രത്തിലൊരിടത്തും ബാജിറാവു മസ്താനി പോലൊരു പ്രണയകഥയില്ല. താജ്മഹലൊക്കെ വേറെ മുസ്ലീം പ്രണയ കഥ.! ഇത് അതുപോലെയാണോ കറകളഞ്ഞൊരു ഹിന്ദു ചെറുക്കൻ അതും പെണ്ണുകെട്ടിയ രാജകുമാരൻ ഒരു മുസ്ലീം പെൺകുട്ടിക്ക് വേണ്ടി ജീവത്യാഗം വരെ ചെയ്യാനൊരുമ്പെട്ടാൽ…! ഭാര്യയെ വച്ചു കൊണ്ട് വേറൊരുത്തിയെ പ്രണയിച്ചാൽ അവന് പിന്നെ ഇന്ത്യയിലെവിടെങ്കിലും സ്വൈര്യം കിട്ടുമോ? എന്നാൽ ബാജിറാവുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല.

പ്രണയത്തുടക്കം ഒരക്കിടിയിൽയിൽ പറ്റിപ്പോയതാണ്. ആ മുസ്ലീം രാജ്യത്തെ സഹായിക്കാൻ പോയതാണ്. ജയിച്ചു വന്നപ്പോൾ സന്തോഷവും നന്ദിയും മകൾ രേഖപ്പെടുത്തി. ബാജിറാവു അരയിൽ കിടന്ന കത്തിയെടുത്ത് നീട്ടി സമ്മാനമായിക്കൊടുത്തു. മസ്താനിപ്പെണ്ണു വിചാരിച്ചു പ്രണയമാണെന്ന്. അവരുടെ ആചാരം അതായിരുന്നു. കത്തി കൊടുത്താൽ കെട്ടുമെന്ന്!

എന്നാൽ ഒരുനാൾ മസ്താനി കത്തിയും കൊണ്ട് ബാജിറാവുവിനെ അന്വേഷിച്ചു വന്നു. അമ്മ ഇറക്കി വിട്ടു. മകൻ കല്യാണം കഴിഞ്ഞതല്ലേ ഇവളെ എങ്ങനെ വീട്ടിൽ കയറ്റും!

കടുത്ത അനുരാഗമാണെന്നറിഞ്ഞപ്പോൾ ഭാര്യ കാശി ബായ് പറഞ്ഞു കൂട്ടിക്കൊണ്ടുവരാൻ. പാഞ്ചാലി അർജുനനോട് പറഞ്ഞില്ലേ സുഭദ്രയെ കൂട്ടിക്കൊണ്ടുവരാൻ! അങ്ങനെയുള്ള ഭാര്യമാമൊരൊരു ദേവത തന്നെ! ആണുങ്ങൾക്ക്.

1720 മുതൽ 30 വരെയുള്ള കാലത്തെങ്ങോ ആണ് മസ്താനി ബാജി റാവുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ദീപിക പടുകോൺ മസ്താനിയായിട്ടും  പ്രിയങ്ക ചോപ്ര ഭാര്യയായിട്ടുമാണ് സിനിമയിൽ.

ഭാര്യ ഇരിക്കെ കാമുകിയും അന്തപ്പുരത്തിൽ വന്നാലെങ്ങനിരിക്കും? ചരിത്രം അത് അംഗീകരിക്കുകയാണ്. സ്വപത്നി കാശി ബായിയുടെ നിർദ്ദേ പ്രകാരം മഹാരാഷ്ട്ര സഖ്യം നേടാൻ വേണ്ടി നൈസാം, മകൾ മസ്താനിക്ക് കെട്ടിച്ചു കൊടുത്തെന്നൊരു കഥയുമുണ്ട്. അതിൽ ജനിച്ച ഷംഷേർ ബഹദൂർ എന്ന പുത്രൻ 1761 ൽ പാനിപ്പട്ട് യുദ്ധത്തിൽ മരിച്ചതായി ചരിത്ര രേഖകൾ പറയുന്നു.

എന്നാൽ സിനിമ അങ്ങനെയല്ല. എന്തായാലും മസ്താനിക്കു താമസിക്കുവാൻ പേഷ്വയുടെ കൊട്ടാരത്തിൽ പ്രത്യേക തരം അന്തപ്പുരം തന്നെ പണി കഴിപ്പിച്ചു. ഏതാണ്ട് ഒമ്പത് വർഷം ആ മുസ്ലീം മഹിളയുടെ സാന്നിദ്ധ്യം പേഷ്വാ വംശത്തിന് തലവേദനയുണ്ടാക്കിയില്ല. ജനങ്ങളും അംഗീകരിച്ചു.

എന്നാൽ 1739 ജൂൺ മാസത്തോടെ പ്രശ്നം തലപൊക്കി. ആ കുടുംബത്തിൽ ഒരു ഉപനയനവും വിവാഹവും വന്നു ചേർന്നു. പൂനയിലെ പുരോഹിത വർഗ്ഗം ആ ചടങ്ങിൽ നിന്നു മാറിനിന്നു. ബാജി റാവുവിന്റെ നടപടി തന്നെ കാരണം. ഒരു മുസ്ലീം പെണ്ണിനെ വച്ചു കൊണ്ടിരിക്കുന്നത് മാമൂൽ വിരുദ്ധമായതിനാൽ അവരൊന്നും ചടങ്ങിൽ സംബന്ധിക്കാൻ തയ്യാറായില്ല. ബാജിറാവുവിന്റെ സഹോദരൻ ചിന്താജിഅപ്പയും മകൻ നാനാ സാഹേബും ചേർന്ന് മസ്താനിയേയും ബാജി റാവുവിനേയും തമ്മിലകറ്റാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.

മസ്താനിയ്ക്ക് പ്രത്യേക കാവലേർപ്പെടുത്തി. ബാജി റാവു പൂനയിൽ നിന്ന് താമസം മാറ്റി. മസ്താനിയും പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തി.

വിരഹിയായ ബാജി റാവു മദ്യപാനത്തിലേക്കു കടന്നു. മസ്താനി ആദ്യം ആത്മഹത്യക്കൊരുങ്ങി. പിന്നെ എങ്ങനെയെങ്കിലും തടവിൽ നിന്ന് ചാടാൻ ബുദ്ധി പ്രയാഗിച്ചു. നടന്നില്ല. ഇതിനിടയിൽ ബാജിറാവുവിന്റെ സ്നേഹ നിധിയായ മാതാവ് ഒരു ദൂതനെ അയച്ച് മകനെ കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടുവരാനുള്ള അനുനയ ശ്രമങ്ങൾ നടത്തി. മസ്താനിയില്ലാതെ വെള്ളമടി പോലും നിർത്തുകയില്ലെന്നായി ബാജിറാവു. ഭാര്യയും മോനും പോലും വേണ്ടന്നായി.

പൂനയിൽ നിന്ന് മാറിത്താമസിക്കുന്ന ബാജിറാവുവിന് വേണമെങ്കിൽ സൈന്യത്തെക്കൊണ്ട് മസ്താനിയെ മോചിപ്പിക്കാമായിരുന്നു. കൊട്ടാരത്തിനുള്ളിൽ രക്തച്ചൊരിച്ചിൽ വേണ്ട എന്നുകരുതി അതിന് മുതിർന്നില്ല. ബാജി റാവുവിനെ കൂടാതെ ഉപനയനവും വിവാഹവും നടന്നു. നിരാശനായ പേഷ്വ ബർഹാൽപുരത്തേക്ക് പോയി.

ബന്ധനസ്ഥയാക്കിയതിൽ മനം നൊന്ത് സഹോദരനും പുത്രനും മസ്താനിയെ തുറന്നു വിടുന്നു. എന്നിട്ടും ബാജിറാവുവിനരികിലേക്ക് വിട്ടത് ഭാര്യ കാശിബായിയേണ്. വിരഹാതുരനായ ബാജിറാവു മസ്താനിയെ കാണാതെ ജ്വരബാധിതനായി മരിക്കുകയാണ് ചെയ്യുന്നത്.

മസ്താനിയാകട്ടെ പൂനയിൽ നിന്ന് മുപ്പത് മൈൽ യാത്ര ചെയ്യുന്നതിനിടയിൽ പ്രാണനാഥന്റെ വിയോഗം അറിയാനിടയായി. വിരലിൽ ധരിച്ചിരുന്ന വജ്രമോതിരം ഊരി വിഴുങ്ങി ആത്മഹത്യ ചെയ്യുന്നു.

ഇതെന്ത് വെള്ളരിക്കാപ്പട്ടണത്തിലെ കഥയോ എന്ന് ചോദിച്ച് പുതിയ തലമുറ ചിരിച്ചു തള്ളിയേക്കാം. പ്രണയം തലക്ക് പിടിച്ചാൽ അങ്ങനെയാണ്. കണ്ണും മൂക്കും കാണില്ല. ഭ്രാന്തനാവും! ചെയ്തികളൊന്നും തിരിച്ചറിയില്ല. ബാജിറാവു മസ്താനിയുടെ കഥ കെട്ടുകഥയല്ല. മസ്താനിയുടെ ശവകുടീരം പാബാൾ എന്ന സ്ഥലത്ത് ഇപ്പോഴുമുണ്ട്. ആർക്കും പോയി നോക്കാം.

ഇത് മസ്താനിയുടെ ചരിത്രമാണ്. സിനിമയിൽ പലതും കൂട്ടിച്ചേർത്തിട്ടുണ്ട്. വെട്ടിക്കളഞ്ഞിട്ടുമുണ്ട്. എന്തായാലും പേഷ്വാ ബാജി റാവുവിന്റെ മുസ്ലീം പത്നിയായ മസ്താനി ഒരു ഐതിഹ്യമോ കെട്ടുകഥയോ അല്ലെന്ന് ബോധ്യപ്പെട്ടല്ലോ! ചരിത്ര വസ്തുതയാണ്. ഹിന്ദു മുസ്ലീം ഐക്യം വാണിരുന്ന കാലത്തിന്റെ പ്രണയസാഫല്യം.

എപ്പോഴും യഥാർഥ പ്രണയം ഒന്നിക്കാത്തതാണ്. അതിനെ താലി കെട്ടി കൂടെക്കൂട്ടാൻ കഴിയില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px