യുകെയില്‍ കോവിഡ് ലക്ഷണങ്ങളുള്ളവരില്‍ അഞ്ചിലൊന്നില്‍ താഴെ പേര്‍ മാത്രമാണ് ടെസ്റ്റിനായി മുന്നോട്ട് വരുന്നതെന്നു റിപ്പോര്‍ട്ട്. കൂടാതെ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണവും വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റ് ആന്‍ഡ് ട്രേസ് നടത്തിയ ബൃഹത്തായ പഠനത്തിലൂടെയാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പകുതി പേര്‍ക്ക് മാത്രമേ പ്രധാനപ്പെട്ട കോവിഡ് ലക്ഷണങ്ങള്‍ അറിയുകയുള്ളുവെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ചുമ, ഉയര്‍ന്ന താപനില, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി പരിഗണിച്ച് വരുന്നത്. 37 ബില്യണ്‍ പൗണ്ട് മുടക്കി സജ്ജമാക്കിയിരിക്കുന്ന എന്‍എച്ച്എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റത്തിന്റെ ഫലപ്രാപ്തി പരിമിതമാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റത്തിലൂടെ നിരവധി ജീവനുകളെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പറയുന്നത്.
യുകെയില്‍ ജീവിക്കുന്ന 16 വയസും അതിന് മുകളിലു പ്രായമുള്ള 53,880 പേരെ ഓണ്‍ലൈന്‍ സര്‍വേകള്‍ക്ക് വിധേയമാക്കി 74,697 പ്രതികരണങ്ങള്‍ ശേഖരിച്ച് അതിനെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ട് മുതല്‍ ഈ വര്‍ഷം ജനുവരി 27 വരെയുള്ള ദിവസങ്ങള്‍ക്കിടെ ഇത് സംബന്ധിച്ച മൊത്തം 37 സര്‍വേകളാണ് നടത്തിയിരിക്കുന്നത്. ഇതിലോരോന്നിലും ഏതാണ്ട് 2000ത്തോളം പേര്‍ ഭാഗമായിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങളുളളവരില്‍ വെറും 18 ശതമാനം പേര്‍ മാത്രമാണ് ടെസ്റ്റിനായി അപേക്ഷിച്ചിരിക്കുന്നതെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ബിഹേവിറല്‍ സയന്‍സ് ടീമില്‍ നിന്നടക്കമുള്ള വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടവരില്‍ 43 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായി സെല്‍ഫ് ഐസൊലേഷനില്‍ പോയിരിക്കുന്നതെന്നും പഠനത്തിലൂടെ വ്യക്തമായി. ഇതുമൂലം കോവിഡ് വ്യാപനം ഒരു അദൃശ്യ ഭീഷണിയായി സമൂഹത്തില്‍ തുടരുന്നുവെന്ന ആശങ്ക ശക്തമാണ്.













