LIMA WORLD LIBRARY

കീഴടങ്ങില്ലെന്ന് യുക്രെയ്ൻ, ‘പരിച’യായി മരിയുപോൾ; ആക്രമണം കടുപ്പിച്ച് റഷ്യ

കീവ് ∙ ഡോൺബാസ് ഉൾപ്പെടെ കിഴക്കൻ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾ യുക്രെയ്ൻ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളിൽ ബോംബാക്രമണം രൂക്ഷമാക്കി. ഇത്തരം 16 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹർകീവ്, സപോറീഷ, ഡോനെട്സ്ക്, നിപ്രോപെട്രോവ്സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്.

റഷ്യൻ അധിനിവേശം തുടങ്ങി 54–ാം ദിവസമായ ഇന്നലെ ലിവിവ് നഗരത്തിലെ ബോംബാക്രമണത്തിൽ 7 പേർ മരിച്ചു. കീവിലും ഹർകീവിലുമായി 3 പേർ കൊല്ലപ്പെട്ടു. കീഴടങ്ങാനുള്ള റഷ്യൻ അന്ത്യശാസനം അവഗണിച്ച് മരിയുപോളിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനി‍ൽപു തുടരുന്നു. യുക്രെയ്ന്റെ പരിചയായി നിന്നു പയറ്റുന്ന ഈ നഗരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോട് റഷ്യ അടുക്കുകയാണ്. ലുഹാൻസ്കിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 4 നാട്ടുകാരെ വെടിവച്ചു കൊന്നതായി റിപ്പോർട്ടുണ്ട്. ഇവിടെയുള്ള ക്രെമിന പട്ടണം റഷ്യൻ സേന പിടിച്ചെടുത്തു.

റഷ്യൻ സേനയുടെ പിടിയിലായ 2 ബ്രിട്ടിഷ് പൗരന്മാർ കൈമാറ്റവ്യവസ്ഥയിൽ മോചനം അഭ്യർഥിച്ച് റഷ്യൻ ടിവിയിൽ പ്രത്യക്ഷപ്പെട്ടു. യുക്രെയ്ന്റെ പിടിയിലുള്ള റഷ്യൻ അനുകൂല രാഷ്ട്രീയ നേതാവ് വിക്തോർ മെദ്‌വെദ്‌ചുക്കിനെ വിട്ടയച്ചാൽ ഇവരെ മോചിപ്പിക്കാമെന്നുള്ള റഷ്യൻ നിലപാടിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചർച്ച നടത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ബ്രിട്ടനിൽനിന്നുള്ള ഷോൺ പിനർ, എയ്ഡൻ ആസ്‍ലിൻ എന്നിവർ യുക്രെയ്ൻ സേനയ്ക്കൊപ്പം മരിയുപോളിൽ റഷ്യയ്ക്കെതിരെ പോരാടുകയായിരുന്നു. മരിയുപോളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയാൽ മെദ്‌വെദ്‌ചുക്കിനെ വിട്ടയയ്ക്കാമെന്നാണ് യുക്രെയ്ൻ നിലപാട്.

യുക്രെയ്ൻ മിസൈലാക്രമണത്തിൽ മുങ്ങുന്നതിനു മുൻപ് തീപിടിച്ച നിലയിലുള്ള റഷ്യൻ യുദ്ധക്കപ്പൽ മോസ്ക‌യുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 24നു റഷ്യൻ ആക്രമണം തുടങ്ങി ഇതുവരെ 48.36 ലക്ഷം യുക്രെയ്ൻകാർ രാജ്യം വിട്ടതായി യുഎൻ കണക്കാക്കുന്നു.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px