LIMA WORLD LIBRARY

സോണിയ ടീച്ചറും ഞാനും ആ കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു ! – രജനി സുരേഷ്

വടകര ജവഹർ നവോദയ വിദ്യാലയത്തിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ‘Observer’ ഡ്യൂട്ടിയിലേർപ്പട്ട അനുഭവം എഴുത്തുകാരിയും അധ്യാപികയുമായ രജനി സുരേഷ് പങ്കു വയ്ക്കുന്നു.
സോണിയ ടീച്ചറും ഞാനും ആ കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു !
………………………………………..
പയ്യോളിയിൽ നിന്ന് വീണ്ടും ആറുകിലോമീറ്റർ ഉള്ളിലേക്ക് . അവിടവിടെയായി കശുമാവുകൾ പടർന്നു നിൽക്കുന്നുണ്ട്. അങ്ങനെ ഞങ്ങൾ അവിടെ എത്തി. ഞാനും സോണിയ ടീച്ചറും.
 വടകര ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു ഫിസിക്സ് പ്രാക്ടിക്കലിന് എക്സ്റ്റേണൽ എക്സാമിനറും ഒബ്സേർവറുമായി പോയതായിരുന്നു ഞങ്ങൾ .
 മാർച്ച് 20 മുതൽ ഏപ്രിൽ പത്തുവരെ വിവിധ വിദ്യാലയങ്ങളിലായി പ്രാക്ടിക്കലിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ട് ചുറ്റിക്കറങ്ങുകയായിരുന്നു ഞാൻ.
എന്റെ സ്കൂൾ ഓഫീസിൽ നിന്ന്
 ‘ ഒബ്സേർവർ’ ആയി പോകേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് തന്ന് ഓഫീസ് സ്റ്റാഫ് മണികണ്ഠനും രവിയും  പറഞ്ഞിരുന്നു.
” വടകര നവോദയയിൽ രജനി ടീച്ചർ പോയി വരുമ്പോൾ ഞങ്ങളൊരു കഥ പ്രതീക്ഷിക്കുന്നു.”
ഞാനന്ന് ചിരിച്ചു.
പറഞ്ഞതു പോലെ എന്തെങ്കിലുമൊന്ന് എഴുതാതെ കഴിയില്ലെന്ന് അവിടെയെത്തിപ്പെട്ടപ്പോൾ മനസ്സിലായി.
ബയോളജി അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിന്റെ ഹാർദമായ സ്വീകരണം ലഭിച്ചാണ് സ്കൂളിൽ പ്രവേശിച്ചത്.  സ്കൂളിൽ ചെന്ന് കയറുമ്പോൾ സ്കൂൾ അങ്കണത്തിലുള്ള ചെടികളേയും മരങ്ങളേയും താലോലിച്ചു കൊണ്ട് നിൽക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ മാഷ്. വെള്ളം നനയ്ക്കുന്ന തോട്ടക്കാരനോട് കുശലാന്വേഷണം നടത്തി പൊട്ടിച്ചിരിക്കാനും മാഷ് മറന്നിരുന്നില്ല.
വലിയ വിസ്താരമില്ലാത്ത വഴികളിലൂടെ നടന്ന് മുകളിലേക്ക് കയറി. കെട്ടിടത്തിന്റെ അറ്റം ചേർന്ന് ഫിസിക്സ് ലാബ്.
” ഇവിടെ ചൂട് അനുഭവപ്പെടുന്നില്ല. അല്ലേ ടീച്ചർ ?” ലാബിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ സോണിയ ടീച്ചർ ചോദിച്ചു.
കുഞ്ഞികൃഷ്ണൻ മാഷ്  നവോദയ വിദ്യാലയത്തിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. എന്റെ ചോദ്യങ്ങൾക്ക് വിശദീകരിച്ച മറുപടികൾ നൽകുന്നുണ്ടെന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
സോണിയ ടീച്ചർക്ക് ഞാൻ മറുപടി കൊടുത്തു. ” ചുറ്റും മരങ്ങളല്ലേ ടീച്ചർ ? അതാവാം ചൂടെടുക്കാത്തത് . “
ഇന്റേണൽ എക്സാമിനർ ആയ സന്ധ്യ ടീച്ചറുടെ മിതവും എന്നാൽ കർശനവുമായ നിയന്ത്രണങ്ങളെ സ്നേഹാദരങ്ങളോടെ അനുസരിച്ച്
ഒരു ബാച്ച് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. സ്വയം പര്യാപ്തത നേടിയ ഒരു പറ്റം പ്ലസ്ടു വിദ്യാർത്ഥികളുടെ ഇടയിലാണ് എത്തിപ്പെട്ടതെന്ന് ഓരോ നിമിഷവും സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. സോണിയ ടീച്ചറും ഞാനും പരസ്പരം ആ സന്തോഷം പങ്കുവച്ചു.
എഴുത്തുകാരിയായ ടീച്ചറെ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും മറ്റ് അധ്യാപകർക്കും പരിചയപ്പെടുത്തുവാൻ ലാബ് അറ്റന്റർ ഓമനചേച്ചി ഉത്സാഹിച്ചു നടന്നു.
സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനുള്ള പ്രാപ്തി കുട്ടികളിൽ കണ്ടത് ഞാനും സോണിയ ടീച്ചറും വാചാലമായി വിവരിച്ചു.
 പ്രിൻസിപ്പൽ   സുരേഷ് സർ പറഞ്ഞു. “ഞങ്ങൾ അവരുടെ കൂടെത്തന്നെയാണല്ലോ. ഞങ്ങൾക്ക് അവരെ കിട്ടുന്നുണ്ട് ടീച്ചർ. “
ഇരുപത്തെട്ട് ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിലെ മാലിന്യങ്ങളിൽ നിന്നകന്ന് പ്രകൃതിയുടെ ഭാഗമായി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ.
ഞാൻ കുഞ്ഞികൃഷ്ണൻ മാഷോട് പറഞ്ഞു. ” ഒരു പുതിയ ലോകത്തിൽ എത്തിപ്പെട്ടതുപോലെ മാഷേ.”
” ഇതാണ് ഞങ്ങളുടെ ലോകം. ഇവിടെ കുറേ നല്ലവരായ മനുഷ്യർ. “മാഷിന്റെ തമാശ ആസ്വദിച്ച് ഞങ്ങൾ ചിരിച്ചു.
രണ്ടാമത്തെ ബാച്ചിന്റെ പ്രാക്ടിക്കൽ പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു.
” ഈ വിദ്യാലയം നിൽക്കുന്ന കുന്നിന്റെ പേര് ‘കളരിക്കുന്ന് ‘ എന്നാണത്രെ. “
“ഇതിനിടയിൽ രജനി ടീച്ചർ ചരിത്രവും ചികഞ്ഞുവോ ?” സോണിയ ടീച്ചർ പകുതി ഫലിതരൂപേണ പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു.
” ഉച്ച ഭക്ഷണത്തിനു ശേഷം രജനി ടീച്ചർ സ്കൂൾ കെട്ടിടങ്ങൾക്കു പിന്നിലുള്ള മരങ്ങളുടെ കണക്കെടുക്കുകയായിരുന്നു. “
ഓമന ചേച്ചി പറഞ്ഞതു ശരിയാണ് . ഞാൻ ചുറ്റുപാടുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ വ്യക്തിത്വം രൂപപ്പെട്ടു കഴിഞ്ഞ പ്രിയ ടീനേജ്  ഇടപഴകിയ അന്തരീക്ഷം നോക്കി കാണുകയായിരുന്നു.
വൈകീട്ട് സ്കൂൾ വിട്ടാലും കുട്ടികളുടെ രക്ഷാകർത്താക്കൾ അധ്യാപകർ തന്നെയാണല്ലോ.
നാല്പത് കുട്ടികൾക്ക് രണ്ട് അധ്യാപകർ. അവരുടെ സുഖങ്ങളിലും ദു:ഖങ്ങളിലും എല്ലാം പങ്കുചേർന്ന് കൊണ്ട് സന്തോഷത്തോടെ അവിടെ കഴിയുന്നു.
ഇടയ്ക്കിടയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി ഓമനചേച്ചി ഞങ്ങളുടെ പ്രീതി സമ്പാദിച്ചു കൊണ്ടിരുന്നു.
കോഴിക്കോട് ചേവായൂരിൽ നിന്ന് വടകര ജവഹർ നവോദയ വിദ്യാലയത്തിലെത്തി ഒരു ദിവസം ചെലവഴിച്ചത് ഒട്ടും വെറുതെയായില്ല തന്നെ. കാരണം സോണിയ ടീച്ചറും ഞാനും ആ കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു.
കീഴൂര് വഴി പയ്യോളിയിൽ കാറിൽ കൊണ്ടിറക്കി കുഞ്ഞികൃഷ്ണൻ മാഷും സന്ധ്യ ടീച്ചറും ഒരു പരിഭവം പറഞ്ഞു.
” എന്നാലും ഞങ്ങളുടെ ലൈബ്രറിയിലേക്ക് ‘മല്ലിപ്പൂക്കൾ വിതാനിച്ച വഴിയോര ‘ങ്ങളും ‘പുലിയൻ കുന്നും ‘
തന്നില്ലല്ലോ. “
അടുത്തിറങ്ങിയ എന്റെ കഥാ സമാഹാരങ്ങളാണ് പരാമർശ വിഷയം.
” ഞാൻ അയയ്ക്കും മാഷേ …എന്റെ കഥാസമാഹാരങ്ങൾ. തിരക്കു കഴിയട്ടെ  . ജവഹർ നവോദയ വിദ്യാലയം ലൈബ്രറിയിൽ എന്റെ രചനകൾ എത്തും. “
” തിരക്കു കഴിയാൻ നിൽക്കേണ്ട . നാളെത്തന്നെ അയയ്ക്കൂ. “
ചിരിച്ചു കൊണ്ട് കുഞ്ഞികൃഷ്ണൻ മാഷ് പറഞ്ഞതു കേട്ട് സന്ധ്യ ടീച്ചർ പറഞ്ഞു. “കുഞ്ഞികൃഷ്ണൻ മാഷ് ഈ മാസം റിട്ടയർ ചെയ്യുകയാണ് ടീച്ചർ. “
ഞാൻ പറഞ്ഞു.
” എന്നാൽ നാളെത്തന്നെ ആവട്ടെ. “
സന്ധ്യ ടീച്ചറും കുഞ്ഞികൃഷ്ണൻ മാഷും ഞങ്ങളെ ഡ്രോപ്പ് ചെയ്ത് തിരിച്ചു പോയപ്പോൾ വിദ്യാലയമുറ്റത്തെ ചെടികളും ബയോളജി ലാബിന്റെ ഉള്ളിലുണ്ടായിരുന്ന ഉയർന്ന ഇരിപ്പിടവും സ്കൂൾ വരാന്തകളും ഒരു മാസം കഴിഞ്ഞാൽ മാഷിന്റെ ഘനഗംഭീര ശബ്ദം കേൾക്കുകയില്ലല്ലോ എന്നോർത്ത് ഞാൻ കുണ്ഠിതപ്പെടുകയായിരുന്നു.
രജനി സുരേഷ്
സൈകതം
  • Comment (1)
  • വിവരണം ഒരു പുഴ പോലെ ഒഴുകുന്നു.
    കൂടെ ഒരു ചെറു തോണിയിൽ ഒഴുക്കിനൊപ്പം
    ഞാനെന്ന വായനക്കാരനും .
    അഭിനന്ദനങ്ങൾ 🌷🌷

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px