ന്യൂഡൽഹി ∙ ഐ ലവ് ട്വിറ്റർ – 2017 ഡിസംബർ 21ന് ഇലോൺ മസ്ക്കിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എങ്കിൽ താങ്കളത് ഉറപ്പായും വാങ്ങണമെന്ന് അതിനു ചുവടെ ഒരാൾ എഴുതി. ഉടനടി എത്രയാണ് വില? എന്ന് മസ്ക് ചോദിച്ചെങ്കിലും തമാശയാണെന്നാണു പലരും കരുതിയത്. നാലരവർഷത്തിനു ശേഷം 4400 കോടി ഡോളറിന് മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയാണ്.
എന്തൊക്കെ മാറും?
ജീവനക്കാർ: നിലവിൽ പിരിച്ചുവിടലില്ല. നിലവിലെ ബോർഡ് പിരിച്ചുവിട്ട് മസ്ക് സ്വന്തം ആളുകളെ നിയോഗിച്ചേക്കും. ബോർഡിന് ശമ്പളം നൽകില്ലെന്ന് മസ്ക് മുൻപു പറഞ്ഞിരുന്നു. ഒരു വർഷത്തിനുള്ളിൽ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കിൽ 4.2 കോടി ഡോളർ (321 കോടി രൂപ) നഷ്ടപരിഹാരമായി നൽകേണ്ടി വരും.
അൽഗോരിതം: ഏതൊക്കെ ഉള്ളടക്കം എങ്ങനെയൊക്കെ ദൃശ്യമാകുമെന്നു തീരുമാനിക്കുന്ന അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം) ഓപ്പൺസോഴ്സ് ആക്കി പ്രസിദ്ധീകരിച്ചേക്കും.
അഭിപ്രായസ്വാതന്ത്ര്യം: ഉള്ളടക്ക നിയന്ത്രണത്തിൽ പുതിയ നയം വന്നേക്കും. എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകണമെന്നാണ് മസ്ക്കിന്റെ വാദം.
എഡിറ്റ് ബട്ടൺ: ട്വീറ്റ് ചെയ്താൽ നിലവിൽ എഡിറ്റ് ചെയ്യാൻ ഓപ്ഷനില്ല. എഡിറ്റ് ബട്ടൺ വേണമെന്നാണ് മസ്ക്കിന്റെ നിലപാട്.
ബോട്ടുകൾക്ക് വിട: സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾ (ബോട്ടുകൾ) തടയുകയും പുതിയ വെരിഫിക്കേഷൻ പ്രക്രിയ കൊണ്ടുവരികയും ചെയ്തേക്കാം.
വളർച്ച റോക്കറ്റ് വേഗത്തിൽ
ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക് 17–ാം വയസ്സിലാണ് കാനഡയിലേക്കും അവിടെ നിന്ന് യുഎസിലേക്കും ചേക്കേറുന്നത്. ബന്ധുവിന്റെ ഫാമിലായിരുന്നു ആദ്യ ജോലി. പിന്നീട് തടിമില്ലിലെ ബോയിലർ റൂമിൽ.
1994 ലാണ് സഹോദരൻ കിംബലിനൊപ്പം ആദ്യ സ്റ്റാർട്ടപ് തുടങ്ങുന്നത്. സ്റ്റാൻഫഡ് സർവകലാശാലയിൽ പഠനത്തിനായി ചേർന്നെങ്കിലും 2 ദിവസത്തിനുള്ളിൽ അതു നിർത്തി. ഇന്റർനെറ്റിന്റെ തുടക്കകാലത്തു ബിസിനസുകൾക്ക് ലൊക്കേഷൻ സഹിതം പരസ്യം നൽകാനുള്ള സിപ്2 എന്ന കമ്പനിയാണ് തുടങ്ങിയത്. ഒരു അപാർട്മെന്റിലായിരുന്നു ഓഫിസും താമസവും.
കമ്പനി വളർന്ന് 1999 ൽ കോംപാക് കംപ്യൂട്ടർ എന്ന കമ്പനിക്ക് സിപ്2 എന്ന ആദ്യ കമ്പനി വിൽക്കുമ്പോൾ മസ്ക്കിന് ലഭിച്ചത് 2.2 കോടി ഡോളർ, സഹോദരൻ കിംബലിന് 1.5 കോടിയും. എക്സ് ഡോട്ട് കോം എന്ന രണ്ടാം സ്റ്റാർട്ടപ്പാണ് രാജ്യാന്തര ഓൺലൈൻ പേയ്മെന്റ് കമ്പനിയായ പേയ്പാൽ ആയി മാറിയത്. 2002 ൽ ഇ ബേ ഇതു വാങ്ങി. പിന്നീടുള്ള 20 വർഷത്തെ വളർച്ച ആരെയും അമ്പരപ്പിക്കും.
ഇലോൺ മസ്ക്കിന്റെ ലോകം
ആകെ മൂല്യം: 25,700 കോടി ഡോളർ (ഏകദേശം 19.69 ലക്ഷം കോടി രൂപ)
ഇലോൺ മസ്ക് കമ്പനികൾ
∙ ട്വിറ്റർ– 3736 കോടി ഡോളർ മൂല്യമുള്ള കമ്പനിയെ ഏറ്റെടുക്കുന്നത് 4400 കോടി ഡോളറിന്
∙ ടെസ്‍ല– ഇലക്ട്രിക് കാറുകൾ നിർമിക്കുന്നു. മൂല്യം 1.03 ലക്ഷം കോടി ഡോളർ
∙ സ്പേസ്എക്സ്–സ്വകാര്യ ബഹിരാ കാശ കമ്പനി. മൂല്യം 10,000 കോടി ഡോളർ
∙ ദ് ബോറിങ് കമ്പനി– നിരത്തുകളിലെ തിരക്ക് കുറയ്ക്കാനായി പ്രത്യേകതരം തുരങ്കങ്ങൾ നിർമിക്കുന്ന കമ്പനിയുടെ മൂല്യം 570 കോടി ഡോളർ
∙ ന്യൂറാലിങ്ക്– മനുഷ്യനെ സെൻസറുകൾ ഉപയോഗിച്ചു യന്ത്രങ്ങളുമായി
സംവദിക്കാൻ പ്രാപ്തമാക്കുക. മൂല്യം 50 കോടി ഡോളർ
∙ ഓപ്പൺ എഐ– മനുഷ്യ നന്മയ്ക്കാ യി നിർമിതബുദ്ധി ഉപയോഗിക്കുക. 2018 ൽ മസ്ക് ബോർഡ് വിട്ടു.
∙ സോളർസിറ്റി–സൗരോർജ പദ്ധതികൾക്കു വേണ്ടി 2006 ൽ ആരംഭിച്ചത്.
∙ സിപ്2– മസ്കിന്റെ ആദ്യ കമ്പനി. 2002 ൽ വിറ്റു
∙ പേയ്പാൽ– 2002 ൽ ഇബേയ്ക്ക് വിറ്റ പേയ്മെന്റ് കമ്പനി.
∙ സ്റ്റാർലിങ്ക്–ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്ന സ്പേസ്എക്സ് ഉപകമ്പനി
വലിയ സമൂഹമാധ്യമ ഏറ്റെടുക്കലുകൾ
(കമ്പനി, ഏറ്റെടുത്തവർ, വില കോടിഡോളറിൽ)
ട്വിറ്റർ (ഇലോൺ മസ്ക്) 4,400
സ്ലാക് (സെയിൽസ്ഫോഴ്സ്) 2,800
ലിങ്ക്ഡ്ഇൻ (മൈക്രോസോഫ്റ്റ്) 2,600
വാട്സാപ് (ഫെയ്സ്ബുക്) 1,900
സ്കൈപ് (മൈക്രോസോഫ്റ്റ്) 850
യൂട്യൂബ് (ഗൂഗിൾ) 165
ടംബ്ലർ (യാഹൂ) 110
ഇൻസ്റ്റഗ്രാം (ഫെയ്സ്ബുക്) 100
English Summary: Elon Musk buys Twitter













