ഒരു അത്ഭുത മരം – ഡോ.വേണു തോന്നയ്ക്കൽ

Facebook
Twitter
WhatsApp
Email
ബഹ്റിനിലെ ഒരു പ്രധാന കാഴ്ച ഒരു മരമാണ്. ജീവൻറെ മരം. കണ്ണെത്താ ദൂരത്തോളം ചുട്ടുപഴുത്ത് അർമാദിച്ച് കിടക്കുന്ന മണൽ പ്രദേശം. ഒരു ചെറു ചെടി കൂടി കിളർക്കാത്ത ചുട്ടുപഴുത്ത മണൽ പരപ്പിലൂടൊഴുകുന്ന തീക്കാറ്റ്. ഇവിടെയാണ് പച്ചവിരിച്ച ഇലകളുമായി നിറയെ ശിഖരങ്ങളുള്ള ഒരു വൻമരം കാണികളെ അത്ഭുതപ്പെടുത്തി തന്നെ കാണാൻ എത്തുന്നവർക്ക് കുളിരേകി തല ഉയർത്തി നിൽക്കുന്നത്. മരത്തിനു ചുവട്ടിൽ കുളിർ കാറ്റേറ്റ് ആനന്ദിക്കാൻ ആയിരങ്ങളാണ് ദിനവും എത്തുന്നത്.
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ആണ് ഈ രാജ്യത്ത് മഴ എത്തുന്നത്. തുടർച്ചയായി മഴ കിട്ടാത്ത വർഷങ്ങളാണ് കടന്നു പോയത്. എന്നിട്ടും മരം സർവ്വ ഐശ്വര്യങ്ങളും പേറി വർഷം മുഴുവനും നിലനിൽക്കുന്നു. അതെങ്ങനെ ….?
അത്ഭുതകരം തന്നെ. അത്തരം ഒരു കൗതുകത്തിൽ നിന്നും അനേകം കഥകൾ ജനിച്ചു. കഥകൾക്ക് ഒന്നിനും പതിവു പോലെ കാമ്പില്ല.
ഈ മരത്തിൻറെ വേരിന് 50 മീറ്ററോളം ആഴത്തിൽ ഇറങ്ങാനുള്ള ശേഷിയുണ്ട് . 33 സ്വാഭാവിക ദ്വീപുകളും 14 കൃത്രിമദ്വീപുകളും കൊണ്ട് നിർമ്മിതമായ വെറും 765.3 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ രാജ്യത്ത് ഉപരിതലത്തിൽ നിന്നും മണലിടങ്ങളിലൂടെ ഏറെ ആഴങ്ങളിൽ പോകാതെ തന്നെ വേണ്ടത്ര ജലാംശം കണ്ടെത്താനാവും. അതിനാൽ ഇവയുടെ വേരുകൾക്ക് ആവശ്യത്തിന് ഭക്ഷണവും ഈർപ്പവും ആഗിരണം ചെയ്യാൻ കഴിയുന്നു.
32 അടി ഉയരമുള്ള ഈ മരത്തിന് പ്രായം ഏതാണ്ട് 400 വയസ്സ് ഉണ്ടാവും . വർഷങ്ങൾക്ക് മുമ്പ് ഈയിനം മരങ്ങൾ കൊണ്ട് സമ്പന്നമായ ഒരു പ്രദേശമാവാം ഇവിടം. കാലക്രമേണ അനുകൂലമല്ലാത്ത സാഹചര്യത്തിൽ കൂട്ടത്തിൽ ഒന്നു മാത്രം ശേഷിച്ച് മറ്റുള്ളവ നശിച്ചു എന്നും കരുതാം.
ഈയിനം മരങ്ങളെ ആശ്രയിച്ച് ഒരു വിഭാഗം ജനത ഈ പ്രദേശത്ത് അധിവസിച്ചിരുന്നിരിക്കാം. അതിനും തെളിവുണ്ട്. 2010 ൽ നടത്തിയ ഒരു ഉദ്ഖനനത്തിൽ 500 ലേറെ വർഷം പഴക്കമുള്ള മൺപാത്രങ്ങൾ ഇവിടെ സമീപ പ്രദേശത്തു നിന്നും കണ്ടെത്താനായി. ഈ മരത്തിൽ നിന്നും മണമുള്ള ഒരു തരം പശ ലഭിക്കുന്നു. ഇവയുടെ വിത്തുകൾ ഭക്ഷണമായുപയോഗിക്കാം. കൂടാതെ അവയിൽനിന്നും ജാം, മദ്യം എന്നിവ ഉണ്ടാക്കാവുന്നതാണ്. പെട്രോളിയത്തിന്റെ സൗരഭ്യമില്ലാത്ത, വിശപ്പറിഞ്ഞ ഒരു കാലം ഇവർക്കുമുണ്ടായിരുന്നു. അന്ന് തദ്ദേശീയവാസികൾക്ക് ഭക്ഷണവും താങ്ങും തണലും ഇത്തരം മരങ്ങളാവാം.
പ്രൊസോപ്സിസ് സിനിരേരിയ (Prosopsis cineraria ) എന്നാണ് ഈ വൃക്ഷ മുത്തശ്ശിയുടെ ശാസ്ത്രനാമം.

About The Author

Leave a Reply

Your email address will not be published. Required fields are marked *