സപ്താല്‍ഭുതങ്ങളില്‍ ഒന്നായ ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റഡീമർ’ ന് ശക്തനായ എതിരാളി. റിയോ ഡി ജനീറോയിലെ വിമോചകനായ ക്രിസ്തു പ്രതിമയേക്കാള്‍ ഉയരമുള്ള പ്രതിമയാണ് തെക്കന്‍ ബ്രസീലിലെ എന്‍കാന്റഡോയില്‍ പണി കഴിച്ചിരിക്കുന്ന ‘ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റർ’
ബ്രസീലിന്റെ സ്വകാര്യ അഹങ്കാരം വിമോചകനായ ക്രിസ്തു പ്രതിമയ്ക്ക് ഒരെതിരാളി. വേറെങ്ങുമല്ല, ബ്രസീലില്‍ത്തന്നെ. പേരിലും നേരിയ വ്യത്യാസം മാത്രം. സംരക്ഷകനായ ക്രിസ്തു അഥവാ ‘ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റർ. പുതിയ പ്രതിമയ്ക്ക് 43 മീറ്ററാണ് ഉയരം. ലോഹാംഗവിധാനത്തില്‍ കോണ്‍ക്രീറ്റ് ചേര്‍ത്ത് നിര്‍മിച്ച പ്രതിമ എന്‍കാന്റഡോ നഗരത്തിന് സമീപമുള്ള കുന്നിന്‍മുകളിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം മുതല്‍ മാത്രമെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങൂ. ലോകത്തിലെത്തന്നെ ഏറ്റവും വലിയ യേശുദേവന്റെ പ്രതിമ കാഴ്ചയുടെ വശ്യ സ്തൂപമായി മാറാന്‍ കടമ്പകള്‍ പലത് കടക്കാനുണ്ട്. ‘ക്രൈസ്റ്റ് ദി റഡീമർ’ പ്രതിമയില്‍ നിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് തലപ്പൊക്കം കൊണ്ട് തെളിയിക്കണം.













