LIMA WORLD LIBRARY

ഇലക്ട്രിക് കാറുകൾക്ക് നാനോ പവർ സ്യൂട്ട്; മലയാളി പ്രഫസറുടെ നേതൃത്വത്തിൽ ഗവേഷണം

ന്യൂയോർക്ക് ∙ വൈദ്യുത വാഹനങ്ങളുടെ ബോഡി ഊർജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാർബൺ ഫൈബർ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെൽ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലുള്ള ഗവേഷണസംഘം.

നാനോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്‌സ് വിഭാഗങ്ങളിലെ പ്രഫസറായ ഡോ.ജയൻ തോമസാണു ഗവേഷണത്തിനു നേതൃത്വം വഹിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ഗവേഷകൻ ലൂക് റോബർസൻ, ഇന്ത്യൻ വംശജരായ കൗശിക് സമ്പത്ത് കുമാർ ദീപക് പാണ്ഡേ തുടങ്ങിയവരാണ് ഗവേഷണത്തിൽ പങ്കെടുത്ത മറ്റുള്ളവർ. കാർബൺ ഫൈബർ പാളികൾ, ഗ്രാഫീൻ തുടങ്ങിയ അത്യാധുനിക നാനോ പദാർഥങ്ങളും വെള്ളവും ഉപയോഗിച്ചാണു വാഹന ബോഡി നിർമിക്കാനുള്ള പദാർഥം യാഥാർഥ്യമാക്കിയത്.

കാറിന് ബാറ്ററിയിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയെക്കാൾ 25% കുടുതൽ ഈ വസ്തുവിൽ നിർമിച്ച ബോഡി ഷെൽ നൽകും. വാഹനത്തിന്റെ ശേഷി വർധിപ്പിച്ച് വേഗം പൂജ്യത്തിൽ നിന്ന് 96.5 കിലോമീറ്ററിലെത്താൻ വെറും 3 സെക്കൻഡുകൾ മതിയാകും. സ്റ്റീലിനെക്കാൾ കരുത്തുറ്റതും അലൂമിനിയത്തേക്കാൾ ഭാരം കുറഞ്ഞതുമായ ഈ വസ്തു കാറിന്റെ മൊത്തം ഭാരം കുറയ്ക്കും. ഗവേഷണവിവരങ്ങൾ ‘സ്മോൾ’ ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത ശാസ്ത്രമാസികയായ നേച്ചർ മെറ്റീരിയൽസ് പ്രത്യേക റിപ്പോർട്ട് ഇതെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാവിയിൽ ഉപഗ്രഹങ്ങൾ, അന്യഗ്രഹ ഗവേഷണ, പാർപ്പിട കേന്ദ്രങ്ങൾ, ആധുനിക വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ എന്നിവയിലെല്ലാം ഇതുപയോഗിക്കാമെന്നു ലൂക് റോബർസൻ പറയുന്നു. യുഎസ് നാഷനൽ സയൻസ് ഫൗണ്ടേഷനാണ് ഗവേഷണത്തിനു പണം നൽകിയത്. കോട്ടയം വാഴൂർ സ്വദേശിയായ ഡോ.ജയൻ തോമസ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്നാണു പിഎച്ച്ഡി നേടിയത്.

English Summary: Nano power suit for electric cars

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px