ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 10 സ്നേഹഗീതങ്ങള്‍ | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email
കിരൺ മൗനിയായി. മുമ്പൊരിക്കലും പപ്പയെ ഇങ്ങനെ കണ്ടിരുന്നില്ല. അനീതിക്കും അന്യായത്തിനുമെതിരെ പടവാൾ ഓങ്ങുന്ന വ്യക്തി ഇക്കാര്യത്തിൽ എന്തിന് വഴങ്ങണം. ഈ ഗണേശനും കുഞ്ഞാലിയുമൊക്കെ കോളജ് കഴിഞ്ഞ് സമൂഹത്തിലേക്കിറങ്ങുന്നത് സ്ത്രീകൾക്കു മുഴുവൻ ആപത്തുമായിട്ടായിരിക്കും. മമ്മി ഒരദ്ധ്യാപികയായതുകൊണ്ട് ഇതിൽ ഒരിക്കൽ മാപ്പു കൊടുത്തൂടെ എന്ന ചോദ്യം അർത്ഥശൂന്യമല്ല. ഇവന്റെ അച്ഛന്റെ മുന്നിൽ എത്രയോ സ്ത്രീകളുടെ അഭിമാനവും അന്തസ്സും അടിയറവ് വെച്ചതിന്റെ എത്രയോ കഥകളാണ് നാട്ടിൽ പറഞ്ഞുകേട്ടിട്ടുള്ളത്. മാധ്യമങ്ങൾ പലതും അറിയുന്നില്ല, അറിഞ്ഞാലും പലതും പുറത്തുവിടുന്നില്ല. അധികാരമുള്ളവന്റെ മുന്നിൽ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ആവേശപൂർവ്വം അവരെ ഇരകളാക്കുന്നത് അന്തസ്സുള്ളവർ ചെയ്യുന്ന കാര്യമാണോ? ഇവരുടെ മുന്നിൽ നിന്ന് രക്ഷപെടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന എത്രയോ സ്ത്രീകളുണ്ട്. ലജ്ജയോ മാന്യതയോ ഇല്ലാത്ത ഇത്തരം സ്ത്രീകള്‍ക്ക് എന്ത് വ്യക്തിത്വമാണുള്ളത്?

സത്യത്തിൽ ജാള്യതയാണ് തോന്നുന്നത്. ഉന്നതരുടെ മണിമന്ദിരങ്ങൾ ഒരു വനഭൂമിയായിട്ടാണ് കാണുന്നത്. വനത്തിലെ വന്യമൃഗങ്ങൾ ശക്തിയില്ലാത്ത ചെറുമൃഗങ്ങളെ കൊന്നുതിന്ന് സംതൃപ്തിയടയുന്നു. വനത്തിനുള്ളിലെ ദുഃഖവും ആനന്ദവും ഇവിടെ മഹാനഗരങ്ങളിൽ നടക്കുന്നതല്ലാതെ മനുഷ്യരുടെ ആവശ്യങ്ങൾക്ക് സ്വപ്നസാക്ഷാത്ക്കാരങ്ങൾക്ക് എന്ത് വിലയാണുള്ളത്.

ഈ പ്രശ്നത്തെ എങ്ങനെയും പരിഹരിക്കണമെന്ന ഭാവത്തില്‍ ശങ്കരൻ അവളുടെ നേർക്ക് നോക്കി. അവളുടെ പേര് ചോദിച്ചു. അവൾ മറുപടി പറഞ്ഞു.

വിനയപൂര്‍വ്വം ശങ്കരൻ എങ്ങനെയും അവളുടെ മനസ്സിനെ കീഴടക്കാനായി കൈകൂപ്പി പറഞ്ഞു. “കിരണിന്റെ പപ്പ എഴുതിയ ഒരു നോവലിൽ മനുഷ്യനെ മഴവില്ലുകളാക്കുന്നുണ്ട്. ആകാശം ഒളിപ്പിച്ചുവച്ച ആയിരമായിരം നിറമാർന്ന മഴവില്ലുകൾ മനുഷ്യന് വേണ്ടി പ്രകാശിപ്പിച്ചു. വിവിധ നിറങ്ങളാൽ അത് വർണ്ണക്കുടകൾ നിവർത്തിയാടി. ആകാശം തിളങ്ങി നിന്നു. അത് ആകാശം ഭൂമിക്ക് നൽകിയ ഒരുപഹാരമായിരുന്നു. പൊടുന്നനേ ആകാശമിരുണ്ടു. മേഘങ്ങൾ മഴവില്ലിനെ പൊതിഞ്ഞു. കിരൺ, മണ്ണില്‍ മുളച്ച ഈ വാക്കുകൾ ആകാശത്ത് കണ്ട നിറമാർന്ന മഴവില്ലുകളായത് കുട്ടികളാണ്. അവർ കാർമേഘമാകരുത്. മണ്ണിലെ നക്ഷത്രങ്ങളാണവർ. ഇടിമിന്നലാകരുത്. കാര്‍മേഘങ്ങൾ അവയെ വിഴുങ്ങിയത് എത്ര കഠോരമാണ്. നമ്മൾ അറിവുള്ളവർ അത് ചെയ്യണോ?”

തന്തയും മോളും ഒരേ പടവിലാണ് സഞ്ചരിക്കുന്നത്. ഇവൾ മറ്റു പെൺകുട്ടികളെപ്പോലെ നിസ്സഹായതയോടെ നോക്കി നിൽക്കുന്നവളും കണ്ണീരൊഴുക്കുന്നവളും അല്ല. കണ്ണീരിന് പകരം ആ കണ്ണുകൾ അഗ്നി പരത്തുന്നതാണ്. തിളച്ചു മറിയുന്ന അവളുടെ മനസ്സിലേക്ക് തന്തയുടെ വരികൾ ഇട്ടത് ആ മനസ്സൊന്ന് തണുപ്പിക്കാന്‍ വേണ്ടി മാത്രമാണ്. നാടു വാഴുന്നവരുടെ കഴുത്തിൽ പൂമാല അണിയിക്കാനും വളകളണിയിക്കാനുമാണ് എന്നെപ്പോലുള്ളവരുള്ളത്. അത് വിധിയുടെ വഴി. അതിനെ വിചിത്രം വിധി ദൈവം എന്നൊക്കെ വിളിക്കാം. പെണ്ണിന് വേണ്ടി വായിക്കുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പഴമൊഴിയുണ്ട്. വാഴ മുള്ളേൽ വീണാലും മുള്ള് വാഴമേൽ വീണാലും കേട് വാഴയ്ക്ക്. അതിന് മുള്ളിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അവളുടെ മിഴികൾ ശങ്കരനില്‍ തന്നെയായിരുന്നു. പിന്നീടയാൾ അവളെ പുകഴ്ത്തി സംസാരിച്ചു. “ഇന്നത്തെ സമൂഹത്തിൽ കിരണിനെപ്പോലെ നിശ്ചയദാര്‍ഢ്യവും ധൈര്യവുമുള്ള പെൺകുട്ടികൾ വളർന്നുവരുന്നത് സമൂഹത്തിന് അഭിമാനമാണ്. ഒരു പെൺകുട്ടിയെയും കളങ്കപ്പെടുത്തുന്നതും അപമാനിക്കുന്നതും നമ്മുടെ സംസ്കാരത്തിന് ചേർന്ന കാര്യങ്ങളല്ല. അതിനെ ശക്തിയായി എതിർക്ക തന്നെ വേണം.”

ആ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ അതിൽ പങ്കുകൊള്ളാനും അതിൽ നിന്ന് പിൻതിരിപ്പിക്കാനും എന്തിന് വന്നുവെന്ന് അവൾ ചോദിച്ചത് അയാളുടെ മനസ്സിനെ ഉലച്ചു. വീണ്ടും വീണ്ടും അവൾ കയ്യിൽ നിന്ന് വരാലിനെപ്പോലെ വഴുതി മാറിക്കൊണ്ടിരിക്കയാണ്. എങ്ങനെയാണ് അവളെ ഒന്നു തളയ്ക്കുക. എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന ചാരുംമൂടനും ഭാര്യയും പരസ്പരം നോക്കി. അവർ ഒരു തീരുമാനത്തിൽ എത്തട്ടെ എന്നായിരുന്നു അവരുടെ ചിന്ത. ഇതിനിടയിൽ അവർ ചായ കുടിച്ചു തീർത്തു.

ഇന്നുവരെ മുന്നിൽ വന്നിട്ടുള്ള സ്ത്രീകൾ അണഞ്ഞ് കരിംതിരിയായി കത്തുന്നവരായിരുന്നു. ഇവൾ അണയാത്ത ദീപമെന്ന് ശങ്കരൻ കണ്ടു. ഓരോന്നിനും അവൾ ശക്തമായി പ്രതികരിക്കുന്നുണ്ട്. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ തീരുമാനങ്ങള്‍ അതെവിധം അനുസരിക്കാനോ ഉൾക്കൊള്ളാനോ അവൾ തയ്യാറല്ല. ഉള്ളാലെ അവളോട് ആരാധനയാണ് തോന്നുന്നത്. ഈ കാലത്തിനാവശ്യം ഇങ്ങനെയുള്ള പെൺകുട്ടികളെയാണ്. ഈ സ്വഭാവമുള്ളവരുമായി രമ്യതയിലെത്തുക പ്രയാസമാണ്. ഇവർ ഏത് വെല്ലുവിളികളെയും നേരിടാൻ തയ്യാറുള്ളവരാണ്. ഇത്തരത്തിലുള്ള പെൺകുട്ടികളുടെ എണ്ണം സ്ത്രീകൾ പീഡനത്തിൽ നിന്ന് രക്ഷപെടുകതന്നെ ചെയ്യും. വളരെ പ്രതീക്ഷയോടെ വന്നതാണ്. അത് എങ്ങനെ വെളിപ്പെടുത്തുമെന്നറിയില്ല.

ചാരുംമൂടനും മകളെ പ്രശംസിച്ചു. സത്യത്തിന്റെ മുഖം ആര് ശ്രമിച്ചാലും വികൃതമാക്കാനാവില്ല. അവൾ വെളിച്ചത്തിന്റെ പാതയിലാണ്. ഇരുളിലേക്ക് വഴി നടക്കാൻ ഒരുക്കമല്ല. അവള്‍ ആഗ്രഹിക്കുന്ന ഒരു ലോകം കടന്നു വരണമെങ്കില്‍ നീണാൾ കാത്തിരിക്കേണ്ടി വരും. അതല്ലെങ്കിൽ അമേരിക്ക, ബ്രിട്ടനെപ്പോലുള്ള ജനാധിപത്യപ്രക്രിയ ഇവിടെയും ഉണ്ടാകണം. അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ അതിനനുവദിക്കുമോ? ഒരിക്കലുമില്ല. മരണം വരെ അള്ളിപ്പിടിച്ചിരിക്കും. നിലവിലിരിക്കുന്ന ജനാധിപത്യ പാരമ്പര്യത്തിന് മാറ്റം വരുത്താൻ അവർ സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാൽ കള്ളനും അഴിമതിക്കാരനും കൊലപാതകത്തിന് കൂട്ടുനിന്നവനും അധികാരത്തിലെത്താനാവില്ല. അധികാരത്തിന്റെ പരമസുഖം അനുഭവിച്ചിട്ടുള്ള അച്ഛൻ മകനെ അല്ലെങ്കിൽ മകളെ അധികാരത്തിലെത്തിക്കുന്ന പരിരക്ഷ നടത്തില്ല.

നീരസത്തോടെയിരിക്കുന്ന മകളോട് ഒരിക്കൽക്കൂടി ഓമന ഒരു താക്കീതുപോലെ പറഞ്ഞു. “ഈ വിഷയത്തിൽ നീ യാതൊരു പീഡനവും സഹിക്കില്ല. എന്നാൽ അപമര്യാദയായി മാന്യതയില്ലാതെ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നല്ലാതെ എന്ത് കുറ്റമാണ് അവരുടെ മേൽ നിനക്ക് ചാർത്താനുള്ളത്. ഞാൻ പറയുന്നത് പോലീസും കോടതിയുമൊന്നുമല്ല ഇപ്പോള്‍ അവര്‍ ഭയക്കുന്നത് നിയമത്തിന്റെ നൂലാമാലകളെയാണ്. ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർ നിങ്ങളുടെ സഹപാഠികളാണെന്നുള്ള കാര്യം അറിഞ്ഞിട്ടും അറിയാതെയിരിക്കുന്നത് നന്നല്ല. നീ ഈ ലോകത്തെ സ്ത്രീകൾക്കായി വാദിക്കേണ്ട ആവശ്യമൊന്നുമില്ല. അത് അവരുടെ ഉത്തരവാദിത്വമാണ് സ്വയം സൂക്ഷിക്കുക എന്നുള്ളത്. മറ്റുള്ളവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും നീ ശ്രമിക്കണം.”

മമ്മിയുടെ വാക്കുകൾ അവൾ നിശബ്ദയായി കേട്ടിരുന്നു. സ്നേഹമെന്ന വികാരത്തിൽ തന്നെ നിശബ്ദയാക്കാനാണ് മമ്മിയുടെ ശ്രമം. സ്നേഹം ഒരിക്കലും വിദ്വേഷവും വൈരാഗ്യവും ആഗ്രഹിക്കുന്നില്ല. ആ യാഥാർഥ്യത്തിൽ നിന്നും പിന്മാറാൻ മനുഷ്യർക്കാവില്ല. സ്വന്തം വികാരത്തെ സ്നേഹത്തിന് മുന്നിൽ മറ്റുള്ളവരുടെ ഭാവിക്ക് മുന്നിൽ തളച്ചിടുന്നതാണ് നല്ലത്. പ്രിൻസിപ്പലും ഉറപ്പു തന്നിട്ടുള്ളത് അവരില്‍ നിന്ന് ഒരു ശല്യവും ഇനി ഉണ്ടാകില്ലെന്നാണ്. ഗുരുനാഥന്മാർ പറയുന്നത് തള്ളിക്കളയാനാകില്ല. ഇവിടെ വിജയപരാജയങ്ങൾക്ക് പ്രസക്തിയില്ല. സത്യത്തിൽ എന്തിനാണ് അവരെ സ്ത്രീപീഡനത്തിന് വിചാരണചെയ്ത് ജയിലിലേക്ക് അയയ്ക്കുന്നത്. അവരുടെ മുന്നിൽ കീഴടങ്ങുകയെന്ന ധാരണ വേണ്ട. മാത്രവുമല്ല ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഈ വിധമുള്ള ദുർബല ജീവികളോട് ഒരൽപം ദയ കാണിക്കുന്നുവെന്ന് മാത്രം കണ്ടാൽ മതി ഇതിലൂടെ അവർ പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നറിയുക മാത്രമല്ല ഒരു വെളിച്ചമായി ഈ തീരുമാനത്തെ കരുതുകയും ചെയ്യും.

നിമിഷനേരത്തേക്ക് അയാളുടെ മുഖത്തുനോക്കിയിരുന്നിട്ട് കിരൺ പറഞ്ഞു, “പപ്പയും മമ്മിയും ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട്, അതുകൊണ്ടു മാത്രം ഇതിൽ നിന്ന് ഞാൻ പിന്മാറുന്നു. എന്നാൽ, എന്റെ കൂട്ടുകാരിയോടുകൂടി ആലോചിച്ചിട്ടേ ഒരു തീരുമാനമറിയിക്കാന്‍ കഴിയൂ. അവള്‍ സമ്മതിക്കുന്നില്ലെങ്കിൽ കേസ് കേസിന്റെ വഴിക്കു തന്നെ പോകും. ഞാനുമുണ്ടാവും അവളോടൊപ്പം.”

എല്ലാവരുടെയും കണ്ണുകൾ തിളങ്ങി. മകളുടെ തീരുമാനത്തിൽ അഭിമാനം തോന്നി. ശങ്കരന്റെ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദം അലയടിച്ചു. തുടക്കത്തിൽ കല്ലുകടി ധാരാളമുണ്ടായിരുന്നെങ്കിലും, ഒടുവിൽ കാര്യങ്ങൾ കലങ്ങിത്തെളിയുകയാണ്. ഇപ്പോഴും വിശ്വാസം വരുന്നില്ല. ഒരു തരത്തിലും പൊരുത്തപ്പെടാൻ തയ്യാറല്ലാത്തവിധം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവൾ എത്ര വേഗത്തിലാണ് രക്ഷപെടാൻ അവസരം ഒരുക്കിയത്. വല്ലാത്തൊരു ആശ്വാസം തോന്നുന്നു.

ശങ്കരൻ എഴുന്നേറ്റ് നന്ദി അറിയിച്ച് മന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങാനായി പുറത്തേക്കിറങ്ങി കൈ കൂപ്പി കാറിൽ യാത്രയായി.

മേഘങ്ങൾ വെള്ളപ്പുടവ അണിഞ്ഞു കിടന്നു. രാത്രിയിൽ ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിൽ ധാരാളം പള്ളികളും ആ പള്ളികളിൽ ധാരാളം മെഴുകുതിരികളും നക്ഷത്രങ്ങളെപ്പോലെ കത്തുന്നുണ്ടായിരുന്നു. അവിടെ ആനയെഴുന്നള്ളത്തും ചെണ്ടമേളങ്ങളുമുണ്ടായിരുന്നു. അതിന്റെ മദ്ധ്യത്തിൽ ദേവീ കടാക്ഷവുമായി ചന്ദ്രൻ എഴുന്നള്ളി വന്നു. മാതാപിതാക്കൾ കിരണിനെ അഭിനന്ദനമറിയിച്ചു. മകൾ അവരോട് ക്ഷമിച്ചത് നന്നായി. ജീവിതത്തിൽ ക്ഷമ ഇല്ലെങ്കിൽ ഒന്നിനും പരിഹാരം കാണാനാകില്ല.

അവരുടെ സംഭാഷണത്തിന് വിരാമമിട്ടുകൊണ്ട് അരുണയുടെ ഫോൺ വന്നു. കിരൺ നടന്ന കാര്യമറിയിച്ചു.

“നിന്റെ തീരുമാനമറിഞ്ഞിട്ടേ കേസ്സിൽ നിന്ന് പിൻമാറുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. നമുക്ക് അവന്മാരോട് യാതൊരു സഹാനുഭൂതിയുമില്ല. അവന്റെ തന്ത മന്ത്രിയോ തന്ത്രിയോ ഒന്നുമല്ല നമുക്ക് വിഷയം. എന്റെ മാതാപിതാക്കളുടെ തീരുമാനത്തിന് ഞാൻ വഴങ്ങി എന്നു മാത്രമേയുള്ളൂ… അതേയതേ. വൈകാതെ മറ്റേതെങ്കിലും പെൺകുട്ടികളെ അവൻമാർ ഇരകളാക്കും. അവളുമാർ മിണ്ടാതിരിക്കുകയും ചെയ്യും. ഈ പെണ്ണിനും മയക്കുമരുന്നിനും അടിമകളായ ഇവനൊന്നും രക്ഷപെടില്ല. അരുണെ, ഇവനെയൊക്കെ പൊക്കിക്കൊണ്ടുനടക്കാൻ നമ്മുടെ സമൂഹത്തിൽ ധാരാളം വിഡ്ഢികളുമുണ്ട്. എന്തായാലും ഈ കൂട്ടരുമായി ഒരകലം നല്ലതാണ്…”

മൊബൈലിൽ സംസാരിച്ചുകൊണ്ട് കോണിപ്പടികൾ ചവിട്ടി അവൾ മുകളിലെ മുറിയിലേക്ക് പോയതും നോക്കി ഓമന നിന്നിട്ട് ഭർത്താവിനോട് ചോദിച്ചു, “അല്ല സാറെ ഇവൾ വിവാഹം കഴിച്ചാൽ ഭർത്താവിനെയും വരച്ച വരേൽ നിർത്തുമല്ലോ?”

അതുകേട്ട് ചാരുംമൂടന്‍ ചിരിച്ചു. അതിന് സംശയമൊന്നുമില്ല. സ്ത്രീയും പുരുഷനും പരസ്പരം ഐക്യപ്പെടുന്നത് കിടക്കയിൽ മാത്രം പോരാ. അവർ എല്ലാ രംഗത്തും തുല്യരാണെന്നുള്ള ബോധം പുരുഷനുണ്ടാകണം. അവരെ ക്രൂരമായി പീഡിപ്പിക്കുന്ന എത്രയോ സംഭവങ്ങളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. സ്നേഹം തിരിച്ചറിയുന്നവരിൽ ഈ പ്രശ്നങ്ങളില്ല. സ്ത്രീകളോടും പെൺകുഞ്ഞുങ്ങളോടുമുള്ള സമീപനം ഒരു സങ്കീർണ്ണ പാതയിൽകൂടിയാണ് പോകുന്നത്.

മേശപ്പുറത്തുള്ള ഫോൺ ശബ്ദിച്ചു. ഓമന എടുത്തിട്ട് സംസാരിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ഒരു ചാനൽ എന്ന് കേട്ടപ്പോള്‍ റിസീവർ ചാരുംമൂടന് കൈമാറി. ഇന്ന് പത്തുമണിക്കുള്ള സംവാദം സ്ത്രീപീഡനം, അതിൽ പങ്കെടുക്കാനുള്ള ക്ഷണമാണ്.

“ഞാനും ഭാര്യയും ഇതുതന്നെയാണ് ഇപ്പോൾ സംസാരിച്ചുകൊണ്ട് നിന്നത്.”

ചാനലിൽ നിന്നുള്ള ന്യൂസ് റീഡർ ചോദിച്ചു, “ചാരുംമൂടൻ, ഇന്ന് ഉന്നതരായ ധാരാളം പേർ സ്ത്രീ പീഡനക്കേസുകളിൽ പ്രതികളായി അധികാരത്തിലുള്ളവർ വരുന്നതിന്റെ കാരണമെന്താണ്?”

മറുപടിയായി പറഞ്ഞു, “വേലി തന്നെ വിളവു തിന്നുന്നു എന്നതാണ് ഇതിൽക്കൂടി കാണുന്നത്. ഇത് വളരെ ജാഗ്രതയോടെ കാണേണ്ട വിഷയമാണ്. ആനയെ അടിച്ചും പെണ്ണിനെ രക്ഷിച്ചും വളർത്തുക എന്നതാണ് പ്രമാണം. ആനയെ അടിച്ചു തന്നെയാണ് പാപ്പാൻമാർ വളർത്തുന്നത്. അതും ഒരു പീഡനമായി പറയുന്നുണ്ട്. പെണ്ണിനെ രക്ഷിക്കേണ്ടവർ ഇന്ന് അവരെ പീഡിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവരിൽ കൂടുതലും പ്രമുഖരാണ്. ഇവർ സാധാരണ പിടിക്കപ്പെടാറില്ല. അതിന്റെ കാരണക്കാർ സ്ത്രീകൾ തന്നെയാണ്. അവരത് മൂടി വയ്ക്കും. അത് ഭാവിയും ഭയവും ഭീതിയും മൂലമാണ്. ഇതിൽ ചിലത് മാത്രമാണ് ഇന്നത്തെ ചാനലുകൾ വഴി പുറത്തുവരുന്നത്. അതിൽ ചില ചാനലുകാർ പണം വാങ്ങി ഇത് മൂടി വയ്ക്കുന്നുമുണ്ട്. സത്യത്തിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നതുമാത്രമാണ് പുറത്തു വരുന്നത്. ഒടുവിൽ എന്താണ് സംഭവിക്കുന്നത്. വരാൽ എങ്ങനെ കയ്യിൽനിന്ന് തെന്നിമാറി പോകുന്നുവോ അതുപോലെയാണ് നീതിന്യായ വകുപ്പുകളിൽ നിന്നും ഈ കൂട്ടർ രക്ഷപെടുന്നത്. ഈ കൂട്ടരെ കർശനമായി ശിക്ഷിക്കാത്തിടത്തോളം നമ്മുടെ നാരിമാർക്ക് രക്ഷയില്ല. അതിനാൽ പെൺകുട്ടികൾക്ക് ചെറുപ്പം മുതലെ ആയോധനകലകളിൽ സ്വയം പ്രതിരോധിക്കാനുള്ള വിദ്യാഭ്യാസ സംവിധാനം സ്കൂൾ തലം മുതലെ തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. നിയമം ഉണ്ടെന്ന് പറഞ്ഞിട്ട് എന്തുഫലം. അത് ശക്തമായി ഇടപെട്ടിരുന്നുവെങ്കിൽ നമ്മുടെ പല മാന്യന്മാരും ഇന്ന് ഇരുമ്പഴികൾ എണ്ണുമായിരുന്നു. ഇതുമൂലം സാധാരണ ജനത്തിന്റെ മനോവീര്യം കെട്ടടങ്ങിയിരിക്കുന്നു. ഈ കാര്യത്തിൽ പനി ബാധിച്ച് വിറച്ചു തുള്ളുന്ന സമീപനമാണ് നമുക്കുള്ളത്. ഇതിൽ ആരോടും ആദരവ് തോന്നുന്നില്ല. മറിച്ച് ആശങ്കയാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ ഇതുപോലെ പല രംഗങ്ങളിൽ ധാരാളം പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. വളരെ ആരാധനയോടും അഭിമാനത്തോടും കരഘോഷം മുഴക്കി ഇവരെ സ്വീകരിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്.”

വീണ്ടും ചോദ്യമെത്തി, “സാമൂഹ്യ സുരക്ഷ പെണ്ണിനെപ്പോലെ ആണിനും ലഭിക്കേണ്ടതല്ലേ?”

“തീർച്ചയായും വേണം. സത്യത്തിൽ അധികാരവും സമ്പത്തുമില്ലാത്തവന് എന്ത് സാമൂഹ്യസുരക്ഷയാണുള്ളത്. എപ്പോഴും സമൂഹം ശിക്ഷിക്കപ്പെടുകയല്ലേ? ഇവിടെ ജനാധിപത്യദൗർബല്യങ്ങളും ധാരാളമായുണ്ട്. പലപ്പോഴും സത്യം അട്ടിമറിക്കപ്പെടുന്നു. അതിനാൽ മനുഷ്യർക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നു. വലിപ്പചെറുപ്പം നോക്കാതെ കുറ്റവാളികളെ ശിക്ഷിക്കപ്പെടാതെ പോയാൽ ഒരു സമൂഹവും രക്ഷപെടില്ല.”

സ്വന്തം മുറിയിലേക്ക് പോയ ചാരുംമൂടന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. കസേരയിലിരുന്ന് പ്രായാധിക്യം ബാധിച്ച ജനാധിപത്യത്തെ ഉറ്റുനോക്കി. തൊലിപ്പുറത്താണോ ചുളിവുകൾ ഉണ്ടായത്? അതോ കണ്ണുകൾക്കോ? താടിയും മുടിയും പാടെ നരച്ചിട്ടുണ്ട്. താടിയെല്ലുകൾ ഉന്തിയും കവിളുകൾ ശുഷ്കിച്ചും നിൽക്കുന്നു. ശരീരം മുഴുവനായും മെലി‍ഞ്ഞിട്ടുണ്ട്. മനസ് ഗൗരവത്തോടെ നോക്കി നിന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *