മിത്തുകള്‍ ഒപ്പം കൊണ്ടുനടന്ന ഒരു സാഹിത്യകാരന്‍ നമുക്കുണ്ടായിരുന്നു. നാടന്‍ കഥകളുടെ, ഗൂഢാര്‍ത്ഥ കഥകളുടെ, ഒരു ശേഖരണം തന്നെ വേണമെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അതായിരുന്നു അടുത്തയിടെ അന്തരിച്ച ജോയന്‍ കുമരകം.
“നമ്മുടെ സാഹിത്യത്തില്‍ നാട്ടുനടപ്പു കഥകള്‍ അത്രയൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല, പണ്ടെന്നോ ഐതീഹ്യ കഥാകാരനായ കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയതില്‍ ആ കാലഘട്ടത്തിന്‍റെ നിരീക്ഷണങ്ങളുണ്ട്…” പറഞ്ഞുകൊണ്ടിരുന്ന വിഷയം ജോയന്‍ കുറേക്കൂടി വ്യക്തമാക്കി. “നാടന്‍ മിത്തുകള്‍, സാധാരണക്കാര്‍ പറയുന്നവ…” എന്തെങ്കിലും മറുചോദ്യത്തിന് അവസരം തരാതെ അദ്ദേഹം തുടര്‍ന്നു. “മിത്ത് എന്നതിന് നല്ലൊരു മലയാളം വാക്കുപോലുമില്ല…. പിന്നെ മിത്ത് എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാമല്ലോ…”
ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു എണ്‍പത്തിനാലാം ജന്മദിനം ആശംസിക്കാന്‍ ഞാന്‍ ജോയന്‍ ചേട്ടനെ വിളിച്ചത്. മറ്റ് അനേകം ആശംസകള്‍ സ്വീകരിക്കുന്ന തിരക്കില്‍ അദ്ദേഹം വേഗം പറഞ്ഞു: “നമുക്ക് കുറെയധികം സംസാരിക്കാനുണ്ട്, ഞാന്‍ വിളിക്കാം…” അങ്ങനെയാണ് ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി അദ്ദേഹം എന്നെ കൃത്യമായി മടക്കി വിളിച്ചത്.
സംഭാഷണം തുടര്‍ന്നു :
‘നമ്മളൊക്കെ നാട്ടില്‍ പറയുന്ന കഥകളുടെ ഒരു ആന്തോളജി വേണം… പിന്നേയ് ആ ‘യക്ഷിയില്‍’ കൊറേ വെള്ളം ചേര്‍ക്കണം.”
ജോയന്‍ ചേട്ടന്‍ പണ്ടും പലവട്ടം പറഞ്ഞിട്ടുള്ളതാണ് നമ്മുടെ പോസിറ്റീവ് ദേവതാ സങ്കല്പം വികലമായ യക്ഷി എന്ന രൂപത്തെ ചുറ്റിപ്പറ്റി നില്ക്കുന്നുവെന്ന്. ‘വനദേവത’ എന്തു മനോഹരമായ പേരാണ്. ഒന്നു സങ്കല്പിക്കൂ, ഇതിനു പകരം ഒരു യക്ഷിയോ? ഏതു രൂപത്തിലായാലും അത് ഭയം ഉണ്ടാക്കുന്നു. സാരമില്ല, നമുക്ക് അതും അല്പം വേണം. അതിമാനുഷ്യര്‍ ഇല്ലാതെ എങ്ങനെയാണ് ഒരു കഥ ഉണ്ടാകുക. രാക്ഷസന്മാരും ഭൂതത്താന്മാരും ഏതു ജീവിത സാഹചര്യത്തിന്‍റെയും ഭാഗമാണ്. മനുഷ്യര്‍ ഒറ്റപ്പെട്ടിരുന്നപ്പോള്‍, ഇരുള്‍ മൂടിക്കിടന്നപ്പോള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നിന്ന പേടി സ്വപ്നങ്ങള്‍. പക്ഷേ, നമ്മുടെ അമ്മൂമ്മക്കഥകളുടെ വ്യാപ്തി അതിനപ്പുറം തുടര്‍ന്നില്ല.”
അദ്ദേഹത്തിന്‍റെ വാചാലമായ പ്രഭാഷണത്തിന്‍റെ ഏകദേശരൂപം.
ശരിയാണ്, ചരിത്രപരമായി, പൗരാണികമായി മിത്തുകള്‍ എത്രയോ വിപുലമാണ്. ഉദാഹരണത്തിന് മറ്റെങ്ങും പോകേണ്ട, പഞ്ചതന്ത്ര കഥകള്‍ത്തന്നെ എടുക്കൂ. രാജാവിനെയും മന്ത്രിയെയും സാധാരണക്കാരായ ജനത്തെയും കണക്കിന് കളിയാക്കാനും വിമര്‍ശിക്കാനും മൃഗങ്ങളെയും അതിമാനുഷ്യരെയും കഥാപാത്രങ്ങളാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഗൂഢാര്‍ത്ഥ കഥകള്‍ എന്നൊരു പേരും മിത്തുകള്‍ക്ക് വന്നു ചേര്‍ന്നത്.
എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതായി: ‘നിങ്ങളുടെ കുഞ്ഞുങ്ങളുടെ ബുദ്ധി വികസിക്കണമെങ്കില്‍ അമ്മൂമ്മക്കഥകള്‍ വായിച്ചു കേള്‍പ്പിക്കൂ, ഇനീം ഏറെ വികസിക്കണമെങ്കില്‍ ഏറെ അമ്മൂമ്മക്കഥകള്‍ വായിച്ചു കേള്‍പ്പിക്കുക.’
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോയന്‍ ചേട്ടനുമായി പരിചയപ്പെട്ടപ്പോള്‍ എങ്ങനെയോ, ആകസ്മികമായി ഞങ്ങളുടെ സാഹിത്യവര്‍ത്തമാനങ്ങള്‍ ‘ബാലമിത്രം’ മാസികയിലേക്ക് വന്നു. അമ്പതുകളുടെ ആദ്യനാളുകളിലൊക്കെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നത് ആലുവ യു.സി. കോളേജില്‍ നിന്നും. പത്രാധിപ ശ്രീമതി. അന്നമ്മ ഇട്ടിയവിരാ, പിന്നീട് തിരുവല്ല മാര്‍ത്തോമ്മാ കോളേജ് പ്രിന്‍സിപ്പാളായിരുന്ന പ്രഫ. വി.എം. ഇട്ടിയവിര സാറിന്‍റെ സഹധര്‍മ്മിണി.
ബാലമിത്രം വായനയുടെ മധുരസ്മരണകളിലേക്ക് ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ നീണ്ടു.
മഞ്ഞുമൂടിക്കിടക്കുന്ന യൂറോപ്പിലെ ആല്‍പ്സ് മലനിരകളിലെ ചെന്നായ്ക്കളും, തെക്കേ അമേരിക്കയിലെ ഗയാന രാജ്യകഥകളും ചിരിക്കാന്‍ മാത്രം എന്ന പംക്തിയും ഞങ്ങളുടെ സംസാരത്തില്‍ തുടര്‍ന്നു വന്നു. ബാലമിത്രം മാസികയുടെ പഴയ ലക്കങ്ങള്‍ ബയണ്ട് ചെയ്ത് ജോയന്‍ കുമരകം സൂക്ഷിച്ചിരിക്കുന്നുവെന്ന് അറിഞ്ഞത് എനിക്ക് തികച്ചും അവിശ്വസനീയമായിരുന്നു.
ജോയന്‍ ചേട്ടന്‍ ഫെബ്രുവരി ഇരുപത്തിയൊന്നിന് എന്നെ വിളിച്ചത് അദ്ദേഹത്തിന്‍റെ മനസ്സിലുള്ള ഒരു പദ്ധതിയുമായിട്ടായിരുന്നു. മലയാളത്തിന്‍റെ തനത് മിത്തുകളുടെ ശേഖരണവും തുടര്‍ന്ന് അത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും. അതിന് എന്‍റെയും ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും സഹകരണം വേണം. എന്‍റെ എഴുത്തുകളില്‍ പലപ്പോഴും നാടിന്‍റെ കഥകള്‍ ഉദ്ധരിച്ചിരുന്നതുകൊണ്ടായിരുന്നിരിക്കാം എന്നെ പ്രത്യേകമായി വിളിച്ചതും അദ്ദേഹത്തിന്‍റെ ആഗ്രഹം അറിയിച്ചതും.
ജോയന്‍ കുമരകം മങ്ങാനം ആശ്രമത്തില്‍ താമസിക്കുന്ന അവസരത്തിലായിരുന്നു മല്ലപ്പള്ളിയിലെ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വന്നത്. മീറ്റിംഗ് കഴിഞ്ഞ് ഏതാനും വാര അകലെയുള്ള മണിമലയാറ് കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പാലത്തിലൂടെ ഒരു പാതിവഴി വരെ ഞങ്ങള്‍ നടന്നു.
ഇടതുവശത്ത് നേര്‍വരയായി മണിമലയാറ് ഒഴുകിയെത്തുന്നു. ആരും അത് കണ്ട് നോക്കി നിന്നുപോകും. കാലവര്‍ഷം കഴിഞ്ഞിരുന്നതുകൊണ്ട് കരകവിഞ്ഞിട്ടില്ല, എങ്കിലും മട്ടകള്‍ മുട്ടി ശാന്തമായ ഒഴുക്കുണ്ടായിരുന്നു.
ഇതിനിടെ ജോയന്‍ ചേട്ടന്‍ വലത്തോട്ട് തിരിഞ്ഞ്, താഴെ പൊടുന്നനെ അപ്രത്യക്ഷമാകുന്ന ജലനിരപ്പ് നോക്കി ഒരു ചോദ്യം: “ആറ് എവിടെപ്പോയി…?” ജോയന്‍ ചേട്ടന്‍റെ ശൈശവികമായ കൗതുകം!
“തീര്‍ന്നു, അതവിടെ അവസാനിക്കുന്നു…..” കുസൃതി നിറഞ്ഞ എന്‍റെ മറുപടി.
ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല, എങ്കിലും അതിന്‍റെ ഉത്തരം എത്രയോ കാലം മുമ്പു തന്നെ ഞാന്‍ മനസ്സില്‍ സ്വരൂപിച്ചിരുന്നു.
ഏതാനും നിമിഷങ്ങളിലെ മൗനത്തിനു ശേഷം ആ കഥ ഞാന്‍ പറഞ്ഞു.
ഞാന്‍ പഠിച്ചത് ഈ പൂവനക്കടവിനു സമീപമുള്ള പ്രൈമറി സ്കൂളിലായിരുന്നു. അന്ന് ഇവിടെ പാലം ഇല്ല. പൂവന തമ്പുരാനും ‘കൊട്ടാരവും’ കാവും വിളക്കുമാടവും എല്ലാം അത്ഭുതങ്ങള്‍. തൊട്ടടുത്തുള്ള നദിയിലെ വെള്ളപ്പൊക്കം ദൂരെ മാറി നിന്ന് ഞങ്ങള്‍ കുട്ടികള്‍ നോക്കിക്കാണും. അടുത്തെങ്ങും പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്നത്തെ കഥയായിരുന്നു ചന്തക്കടവില്‍ ആറിനടിയിലെ പാതാളലോകം. മണിമലയാറ് അവിടേക്കാണ് പതിക്കുന്നത്. അവിടെ ജീവിക്കുന്നത് രാക്ഷസന്മാരും ഭൂതത്താന്മാരും! ഒഴുകി വരുന്ന വെള്ളം മൊത്തം അവര്‍ക്ക് കഞ്ഞിവെക്കാനും.
കഥകേട്ട് ജോയന്‍ ചേട്ടന്‍ പൊട്ടിച്ചിരിച്ചു. “അങ്ങനെയോ? ഒന്നാം തരം കഥ..”
ഈ സംഭവം ഓര്‍മ്മിച്ചു വെച്ചിരുന്നതുകൊണ്ടാവാം നാളുകള്‍ക്കുശേഷം അദ്ദേഹം എന്നെ വിളിച്ചത്.
“മല്ലപ്പള്ളിയുടെ ആ പഴയ കഥ ഒന്നുകൂടി പറയാമോ…..?”
സെന്‍റ് മേരീസ് പ്രൈമറി സ്കൂളിനെപ്പറ്റി, കാര്‍ക്കശക്കാനായിരുന്ന അവറാന്‍ സാറിനെപ്പറ്റി പറഞ്ഞിട്ട് പാതാളത്തിലെ കൊട്ടാരങ്ങളുടെ അമ്മൂമ്മക്കഥയും ആവര്‍ത്തിച്ചു.
അദ്ദേഹം പ്രതികരിച്ചു “ഇതുപോലുള്ള കഥകളുടെ സമാഹാരമാണ് നമുക്ക് വേണ്ടത്. കുട്ടികളുടെ ഭാവന ഉണര്‍ത്തുന്നത് മിത്ത് കഥകളാണ്. ഒരു നാട് ജീവിക്കുന്നത് അതിന്‍റെ അമ്മൂമ്മക്കഥകളിലൂടെയാണ്.”
പ്രിയപ്പെട്ട ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇന്ന് അദ്ദേഹം നമ്മുടെ ഒപ്പമില്ല. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഞെട്ടലോടെയാണ് ആ വിയോഗവാര്‍ത്ത ഞാന്‍ കേട്ടത്.
അവസാനമായി ഒരു ചോദ്യം ശേഷിക്കുന്നു. ജോയന്‍ കുമരകത്തിന്‍റെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോ?. നമ്മുടെ നാടന്‍ മിത്തുകളുടെ ഒരു സമാഹാരം എന്നെങ്കിലും പ്രസിദ്ധീകരിക്കാന്‍ കഴിയുമോ?
About The Author
No related posts.