LIMA WORLD LIBRARY

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലേക്ക് തിരികെ എത്തിയ ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്ന് പഠനം. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായില്ല.

എന്നാല്‍ ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് ഇപ്പോഴും കേരളത്തില്‍ തിരികെ പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലുള്ളതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ പറയുന്നു. മുന്‍ ധനകാര്യകമ്മീഷന്‍ അധ്യക്ഷന്‍ ബി.എ പ്രകാശാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2021 ജൂലൈ മുതല്‍ നവംബര്‍ വരെയാണ് പഠനം നടന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി 404 പേരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. ഇവരില്‍ 54 ശതമാനത്തോളം ഗള്‍ഫ് പ്രവാസികളാണ് ഇപ്പോഴും തങ്ങളുടെ പഴയ ജോലിയില്‍ പ്രവേശിക്കാനാകാത്ത സാഹചര്യത്തിലുള്ളത്.

പത്തോ അതിലധികമോ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ അധ്വാനിച്ച് സംസ്ഥാനത്തിന് വലിയതോതില്‍ വിദേശനാണ്യം നേടിത്തന്ന പ്രവാസികളാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാനിയന്ത്രണങ്ങള്‍, വാക്സിനേഷന്‍ നയങ്ങള്‍, മുമ്പ് ജോലിചെയ്തിരുന്ന സ്ഥാനത്ത് കോവിഡ് സമയത്ത് മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കല്‍ എന്നിവയാണ് പ്രവാസികളുടെ തിരികെ പോക്കിന് തടസമുണ്ടാക്കിയത്. ഇതിന് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതും പ്രതിസന്ധിയുണ്ടാക്കിയെന്ന് പഠനം പറയുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px