ഷെയ്ഖ് ഖലീഫയ്ക്ക് വിട; യുഎഇ പ്രസിഡന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം

Facebook
Twitter
WhatsApp
Email

അബുദാബി ∙ ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചു. രോഗം മൂലം 7 വർഷമായി പൊതുരംഗത്തു സജീവമല്ലായിരുന്നു. അബുദാബി അൽ ബൂത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് (വൺ) പള്ളിയിൽ കബറടക്കം നടത്തി. യുഎഇ പൊതു–സ്വകാര്യ മേഖലകൾക്കു 3 ദിവസം അവധിയും 40 ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഹിസ്സ ബിൻത് മുഹമ്മദിന്റെയും മൂത്ത മകനാണു ഷെയ്ഖ് ഖലീഫ. യുകെ സാൻഡഴ്സ്റ്റിലെ റോയൽ മിലിറ്ററി അക്കാദമിയിൽ പഠിച്ച അദ്ദേഹം, 1971 ൽ യുഎഇ രൂപീകൃതമായപ്പോൾ 26–ാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. 2004 ൽ ഷെയ്ഖ് സായിദിന്റെ നിര്യാണത്തിനു പിന്നാലെ രാജ്യത്തെ രണ്ടാമത്തെ പ്രസിഡന്റായി. സർവസൈന്യാധിപന്റെയും സുപ്രീം പെട്രോളിയം കൗൺസിൽ തലവന്റെയും ചുമതലകളും വഹിച്ചു.

യുഎഇക്കു ശക്തമായ അടിത്തറ പാകിയതു ഷെയ്ഖ് സായിദാണെങ്കിൽ, രാജ്യത്തെ ലോകത്തിന്റെ മുൻനിരയിലേക്കു കൈപിടിച്ചുയർത്തിയത് ഷെയ്ഖ് ഖലീഫയാണ്. യുഎഇ ഫെഡറൽ നാഷനൽ കൗൺസിലിലേക്കു തിരഞ്ഞെടുപ്പ് നടത്തിയും മന്ത്രിസഭയിൽ വനിതകളെ ഉൾപ്പെടുത്തിയും ശാസ്ത്ര–സാങ്കേതിക പുരോഗതിക്ക് ഊന്നൽ കൊടുത്തും ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയും അദ്ദേഹം രാജ്യത്തിന് ആധുനിക മുഖമേകി. സഹിഷ്ണുതയ്ക്കും ആനന്ദത്തിനും പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ചതു ഷെയ്ഖ് ഖലീഫയുടെ കാലത്താണ്. ഇന്ത്യയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഭരണകാലത്ത് കൂടുതൽ ദൃഢമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

തലപ്പത്തേക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

ഷെയ്ഖ് ഖലീഫയുടെ അർധ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (61) ആണ് അബുദാബി കിരീടാവകാശിയെന്ന നിലയിൽ യുഎഇ പ്രസിഡന്റ് സ്ഥാനത്തിന്റെ പിന്തുടർച്ചാവകാശി. യുഎഇ ഉപസർവസൈന്യാധിപൻ കൂടിയായ അദ്ദേഹമാണ് ഷെയ്ഖ് ഖലീഫ രോഗബാധിതനായതോടെ അദ്ദേഹത്തിനുവേണ്ടി ഭരണം നിയന്ത്രിക്കുന്നത്.

English Summary: UAE President Khalifa bin Zayed Al Nahyan Passes away

About The Author

Leave a Reply

Your email address will not be published. Required fields are marked *