ചെടികൾക്ക് വളവും വെള്ളവും നൽകി പരിപാലിച്ചു വളർത്തുന്നത് പോലെ ഇനി നമുക്ക് തലമുടിക്കും ചുവട്ടിൽ വളമിട്ട് തുടങ്ങാം.. അങ്ങനെ നിതംബം മറയ്ക്കുവോളം മുടി തഴച്ചു വളരുമത്രേ. നമ്മുടെ നാട്ടിൽ ഏതു സ്ത്രീയാണ് അത്തരത്തിൽ മുടി വളരുന്നത് ആഗ്രഹിക്കാത്തത് .സ്ത്രീകൾക്ക് മാത്രമല്ല പല പുരുഷന്മാർക്കും ഈ വിദ്യ അനുഗ്രഹമാണ്.
ഇത് എൻറെ കണ്ടെത്തലോ ശാസ്ത്രത്തിൻറെ സംഭാവനയോ അല്ല. പരസ്യങ്ങൾ പറയുന്നതാണ്. അത്തരം അവകാശവാദവുമായി ചില ഉൽപ്പന്നങ്ങൾ നമ്മുടെ കമ്പോളങ്ങളിൽ ലഭ്യമാണ്. പരസ്യം കാണേണ്ട താമസം ജനം കട വളയുകയാണ് .പിന്നെ അത് വാങ്ങി ഉപയോഗിച്ചിട്ടു തന്നെ കാര്യം. ഭക്ഷണം കഴിച്ചില്ലേലും സാരമില്ല .അതാണ് മലയാളി .
എന്തു പൊട്ടത്തരവും വിശ്വസിക്കുന്നവരാണ് ശരാശരി മലയാളികൾ . ബുദ്ധിജീവികളാണ് , സാക്ഷരരാണ് , രാഷ്ട്രീയ പ്രബുദ്ധരാണ് എന്നൊക്കെ വീമ്പിളക്കുകയും ചെയ്യും .
തലയിൽ തേക്കുന്ന എണ്ണയിലോ , ഷാമ്പുവിലോ ചിലതരം മോളിക്കൂളുകൾ ഉണ്ട് . അതിനാൽ അത് പുരട്ടിയാൽ തലമുടി തഴച്ചു വളരും . തലയിൽ പുരട്ടുമ്പോൾ അത് മുടിയുടെ ചുവട്ടിൽ എത്തുകയും തലമുടിയുടെ വേര് വലിച്ചെടുക്കുകയും അങ്ങനെ മുടി തഴച്ചുവളരുകയും ചെയ്യുമെന്നാണു എങ്ങും തൊട്ടാതെ പരസ്യം പറയുന്നത്. കേട്ട പാടെ ശ്രോതാവ്/ കാഴ്ചക്കാരൻ അത് തൊണ്ടതൊടാതെങ്ങ് വിഴുങ്ങുകയും ചെയ്യും.
തലമുടിക്ക് വളരാൻ വേണ്ട പോഷകഘടകങ്ങൾ ലഭ്യമാക്കുന്നത് രക്തമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് അത് ലഭിക്കുന്നത്.മറ്റനവധി ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ തലമുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തടയുകയും ചെയ്യുന്നു.
ഇതറിയാവുന്ന ഡോക്ടർമാർ വരെ ഇത്തരം പരസ്യങ്ങളിൽ മൂക്കു കുത്തി വീഴുമെന്ന് കാണുമ്പോൾ നമ്മുടെ വിദ്യാഭ്യാസം കൊണ്ടെന്തു നേട്ടം ആണുള്ളത് എന്ന് ചിന്തിച്ചു പോകുന്നു .ചിന്താ ശൂന്യരായ മണ്ടശിരോമണിമാരെ വാർത്തെടുക്കാനാണോ പൊതുജനത്തിന്റെ പണംകൊണ്ട് ഇവിടെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തുന്നത്.
കളവു പറഞ്ഞ് പൊതുജനത്തെ കൊള്ള ചെയ്യുന്ന ഇത്തരം കച്ചവടസ്ഥാപനങ്ങൾ ക്കെതിരെ ഭരണകൂടങ്ങൾ നിശബ്ദരാവുന്നതാണ് വർത്തമാന കാഴ്ചകളിൽ ഒന്ന് .
ഇക്കഥകൾ വിശ്വസിപ്പിക്കാൻ കച്ചവട കുത്തകകൾ മോഡലുകളെയും സിനിമ നടീനടന്മാരെയും രംഗത്ത് ഇറക്കുന്നു .ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു എന്ന് ഒരു സിനിമാനടി പറഞ്ഞാൽ അത് വിശ്വസിച്ചു വാങ്ങി തേക്കാൻ തക്ക ബോധമേ നമുക്കുള്ളൂ എന്ന് കേൾക്കുമ്പോൾ ലജ്ജ തോന്നുകയാണ്.
ഇവിടെ നമ്മുടെ സ്ത്രീകളുടെ സൗന്ദര്യബോധത്തെ കുത്തകകൾ ചൂഷണം ചെയ്യുകയാണ്. പുരോഗമനവാദികൾ എന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ സൗന്ദര്യബോധം ഇപ്പോഴും പഴയ ചട്ടികളിൾ തന്നെയാണ്. നമ്മുടെ കവികൾക്കും സാഹിത്യകാരന്മാർക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.
ഒരു രുദ്രാക്ഷമാലയും ഇട്ട് വാർപ്പിലെ തിളയ്ക്കുന്ന എണ്ണയിൽ കുറെ ഫലമൂലാദികളും പച്ചിലയും ചേർത്തിളക്കുന്ന പരസ്യം മതി ജനത്തിന് എന്തും വിശ്വസിക്കാൻ . ആയുർവേദം എന്ന പേരിൽ ഇവിടെ ആർക്കും എന്ത് കച്ചവടവും നടത്താം.
ചില കൃത്രിമ തന്മാത്രകൾ എണ്ണയിൽ ചേർത്ത് ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങളെ ആയുർവേദം എന്ന് പറഞ്ഞു വിൽക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ ഒരു ആയുർവേദ ഡോക്ടറോ ആയുർവേദത്തെ സ്നേഹിക്കുന്നവരോ ഇല്ല എന്നത് വലിയ സങ്കടമാണ് .ആയുർവേദ ബിരുദധാരികളിൽ പലരും മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുകയാണ്. അവർ എന്തിനാണാവോ ആയുർവേദം പഠിച്ചത് ? ആയ്യുവ്വേദത്തിന്റെ വളർച്ചയ്ക്കും സ്വന്തം സിസ്റ്റത്തിന്റെ അന്തസിനും വേണ്ടി ചിന്തിക്കുന്ന ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ ഇതിനെതിരെ മിണ്ടാത്തതെന്ത്?
പാവം ചരക സുശ്രുതാദി മഹഷിവര്യന്മാർക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ. അതുതന്നെ മഹാഭാഗ്യം,










