LIMA WORLD LIBRARY

കൊട്ടിക്കലാശം ; ഓർമ്മകളിൽ മാത്രം : ആൻസി സാജൻ

നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് 7 മണിയോടെ സമാപനമാവുന്നു. കോവിഡ് തുള്ളിതുള്ളി നടക്കുന്നുണ്ടെങ്കിലും വീറുറ്റ , വാശി നിറഞ്ഞ വോട്ടഭ്യർത്ഥനയുടെ ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ കലാശക്കൊട്ട് എന്ന പതിവ് കുംഭകുട, പൊന്നിൻകുട ആട്ടങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ കണക്കിലെടുത്താണ് ഈ നടപടി.
ആശ്വാസമായി . പ്രധാന ജംഗ്ഷൻ കേന്ദ്രീകരിച്ച് അങ്ങോട്ടൊരോട്ടം , അവിടുന്നിങ്ങോട്ടൊരോട്ടം എന്ന മട്ടിൽ മൂന്ന് മുന്നണികളും തുള്ളിക്കയറുന്ന അസുലഭ പ്രകടനമാണ് നിരോധിക്കപ്പെട്ടത്.ഉന്താനും തള്ളാനും പിന്നെയത് സംഘർഷമായി വളർത്താനും കരഞ്ഞു വിളിക്കാനുമുള്ള അവസരം രാഷ്ട്രീയപ്പാർട്ടികൾക്ക് നഷ്ടമായി. പാലാ നഗരസഭയിൽ ഒരാൾ ഒരാൾക്കിട്ട് ചാടിയടിച്ചിട്ട് അയാൾ തന്നെയിരുന്ന് വലിയവായിൽ നിലവിളിക്കുന്ന വീഡിയോ നമ്മളെല്ലാം കണ്ടതല്ലേ. (നിലവിളിക്കാനും മാത്രം എന്തു കിട്ടി എന്ന വീഡിയോ ലഭ്യമല്ല) അത് ഒരേ മുന്നണിയിൽ പെട്ടവർ. അതിലും എത്ര വലിയ അടിപൂരമായിരുന്നേനെ ചിലപ്പോൾ നാളെ അരങ്ങേറേണ്ടിയിരുന്നത് ! ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമൊക്കെ കവല ചുറ്റി ജൈത്രയാത്ര നടത്താനിരുന്നവരും ഇടയിലൂടെ തീർത്ഥം തളിച്ച് നടക്കാൻ പതുങ്ങി നിന്ന കൊറോണ യുമൊക്കെ നിരാശിതരായിക്കാണും. സംഘർഷ സാധ്യതയും കോവിഡ് വ്യാപന ഭീഷണിയുമാണ് കലാശക്കൊട്ട് നിരോധനത്തിന് പ്രേരിപ്പിച്ച ഘടകങ്ങൾ. ശരിയാണ് ; ഭരണത്തുടർച്ച ഉണ്ടായേ തീരൂ എന്ന് വാശിപിടിച്ച് പ്രചരണ രംഗത്തുള്ള ഇടതുമുന്നണിയും എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ ബദ്ധപ്പെടുന്ന ഐക്യജനാധിപത്യ മുന്നണിയും ഒന്നോ രണ്ടോ സീറ്റ് സാധ്യത കണ്ട് സംസ്ഥാനമാകെ ഇളക്കി പ്രചരണം നടത്തുന്ന ബി.ജെ.പി മുന്നണിയും പ്രചരണ കലാശക്കൊട്ട് ഗംഭീരമാക്കാൻ തകൃതിയായ അണിയറ പ്രവർത്തനങ്ങളാവും ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ കക്ഷികളും ചേർന്ന് നടത്തുന്ന തേരോട്ടങ്ങൾക്കിടയിൽ കൂട്ടിമുട്ടലുകളും പ്രതീക്ഷിക്കാമായിരുന്നു. എന്തായാലും ആശ്വാസമായി.
കിറ്റ് തന്നില്ലേ , പെൻഷൻ തന്നില്ലേ, ഞങ്ങളും തരും , ഇനിയും തരും മാസം തോറും തുകകൾ തുടങ്ങിയ വാഗ്ദാനങ്ങളനുസരിച്ച് എന്തു കിട്ടും എന്ന് നോക്കിയിരിക്കുന്ന ജനതയായി മാറുമോ നാട്ടിലെ വോട്ടർമാർ. നടപ്പാക്കിയ പദ്ധതികളും വികസന മുന്നേറ്റങ്ങളും ചൂണ്ടിക്കാട്ടി ജനവിധി തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കുന്നതിനു പകരം സൗജന്യങ്ങൾ നൽകാം എന്നു പറഞ്ഞ് മനുഷ്യരെ യാചകസ്വഭാവമുള്ളവരാക്കുകയാണോ രാഷ്ട്രീയ കക്ഷികൾ ചെയ്യേണ്ടത്. വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനുമുള്ള അവകാശം നിലനിർത്തി സ്വന്തം അധ്വാനത്താൽ ജീവിക്കുവാനും നാടിന് മുതൽക്കൂട്ടാവാനും അഭിമാനമുള്ള ജനസമൂഹമല്ലേ ഉയർന്നു വരേണ്ടത്. ആരോഗ്യവും സംസ്കാരവും അന്തസ്സുമുള്ള ജീവിതം നയിക്കാൻ ഇവിടുത്തെ മനുഷ്യരെ പ്രാപ്തരാക്കുകയെന്നതാവണം ഭരണതലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വം . അതുപോലെ വില കുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളിൽ ഇളക്കിമറിച്ചിൽ നടത്താതെ തങ്ങളുടെ നയപരിപാടികൾ പൊതുജനത്തിനു മുൻപിലവതരിപ്പിച്ച് വോട്ടുകൾ നേടുന്ന രീതി പ്രചരണ രംഗത്തുണ്ടാവുന്ന വലിയ സംസ്കാരത്തിലേക്ക് നമ്മൾ എന്നാവും ഉയർന്നെത്തുക.
എന്തായാലും കൊട്ടിക്കലാശമെന്ന തുള്ളക്കളി നിരോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങൾ…!
ancy sajan
ancysajans@gmail.com

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px