ആഗോളവൽക്കരണം ഇന്ന് ഒരു യാഥാർത്ഥ്യമായിരിക്കുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യയും വിവരസാങ്കേതിക വിദ്യയും കൂടി
” ആഗോളവിപ്ലവത്തെ ”
നഗ്നമായ ഒരു യാഥാർത്ഥ്യമാക്കി മാറ്റിയിരിക്കുന്നു.
അതിന്റെ അലയൊലികൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും തള്ളിക്കയറിയിരിക്കുന്നു.
ഇനി ആർക്കും പുറകോട്ട് സഞ്ചരിക്കാൻ കഴിയില്ല എന്ന് വന്നിരിക്കുന്നു.
കാരണം ആഗോളവൽക്കരണം ഒട്ടേറെ പ്രതീകാത്മക ബിംബങ്ങളിലൂടെയാണ് നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് വരെ കടന്നുകയറിയിരിക്കുന്നത്.
അല്ലെങ്കിൽ ഇന്നലെവരെ സ്വസ്ഥവും സമാധാനപരവുമായി ഒരു വടവൃക്ഷത്തണലിൽ ജീവിച്ച എനിക്ക്
ഹൈപ്പീരിയൻ വൃക്ഷങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുമായിരുന്നോ ?!
ആഗോള വിപ്ലവത്തിന്റെ ഭാഗമായി അവളെ പ്രണയിക്കാൻ കാലിഫോർണിയയിൽ വരെ പോകുമായിരുന്നോ ?!
എന്റെ നെഞ്ചിലൂടെ ആത്മാവിൽ വേരിറക്കി, ആകാശത്തിലേക്ക് ശിഖരങ്ങൾ പായിച്ച് നിൽക്കുന്ന ഈ വടവൃക്ഷങ്ങളെ ( ആൽമരം) എനിക്ക് ഡിവോഴ്സ് ചെയ്യേണ്ടി വരുമായിരുന്നോ ?!
ജീവിതകാലം മുഴുവൻ ഞാൻ പ്രണയിച്ച വടവൃക്ഷങ്ങളെ എനിക്ക് നിർദ്ദയം ഉപേക്ഷിക്കേണ്ടി വരുമായിരുന്നോ ?!
ഈ വടവൃക്ഷങ്ങളെപ്പറ്റി എന്തെന്ത് കാവ്യകല്പനകളും
സ്വപ്നസന്നിഭങ്ങളായ കാഴ്ചകളുമാണ്
നിലാവുള്ള വസന്തരാത്രികളിൽ
ഞാൻ നെയ്തെടുത്തിട്ടുള്ളത്.
ഒരുവന് അധികാരത്തോട് നിഗൂഢമായ ഒരുതരം ഉന്മാദ ഭ്രമം പിടിപെടുമ്പോഴാണ്, അയാൾ ഹൈപ്പീരിയൻ വൃക്ഷങ്ങളെയും ഓക്കുമരങ്ങളെയും പ്രണയിച്ചു തുടങ്ങുന്നത്.,
സിഡാർ മരങ്ങളെയും ബാബുവാ മരങ്ങളെയും പ്രേമിച്ച് തുടങ്ങുന്നത്.,
അപ്പോഴാണ് അയാൾ ഒരു ഗ്ലോബ് വാങ്ങി മേശപ്പുറത്ത് വെയ്ക്കുന്നത്.,
കറങ്ങുന്ന കസേരകൾ വാങ്ങിയിടുന്നത്;
അത്തരം വർഗ്ഗപരിണാമങ്ങൾ സംഭവിക്കുമ്പോഴാണ് അയാൾ
അലങ്കാര ചെടികൾ കൊണ്ട് അങ്കണം നിറയ്ക്കുന്നത്.,
വീട്ടിൽ സ്വർണ്ണ മൽസ്യങ്ങളുടെ അക്വേറിയം സ്ഥാപിക്കുന്നത്., അൾസേഷ്യൻ, ഡോബർമാൻ നായകളെ വീട്ടിനുള്ളിൽ വളർത്തുന്നത്;
തങ്ങളുടെ കുഞ്ഞുങ്ങളേക്കാ ളധികം വീട്ടിലെ വിദേശ സങ്കരയിനം പട്ടികളെ സ്നേഹിച്ചു തുടങ്ങുന്നത്.
ഒരുവന്റെ വർഗ്ഗപരിണാമത്തിന്
ഇങ്ങനെ ഒട്ടേറെ വിപുലമായ മാനങ്ങളും അതിവിചിത്രമായ
തലങ്ങളുമുണ്ടായിരിക്കും !!
വടവൃക്ഷങ്ങളുടെ തളിരിലകൾ അരച്ചെടുത്ത്
പ്രകൃതിദത്തമായ വർണ്ണങ്ങൾ ചാലിച്ചെടുത്താണ്
ഞാൻ ഇന്നലെ വരെയും എന്റെ സ്വപ്നങ്ങൾക്ക് നിറം പിടിപ്പിച്ചത്.
എന്നാൽ എല്ലാം ഒരു സുപ്രഭാതം കൊണ്ട് മാറിമറിയുകയായിരുന്നു.
ചിലരൊക്കെ, ഞാൻ അക്കരപ്പച്ച തേടി അമേരിക്കയ്ക്ക് പോയെന്ന് പറഞ്ഞ് പരത്തി.
“അയാൾ നമ്മുടെ വടവൃക്ഷത്തെ (പേരാൽ ) വിട്ട് കാലിഫോർണിയൻ
മരങ്ങളെ പ്രണയിച്ചു തുടങ്ങി ” എന്ന് കൊണ്ടുപിടിച്ച പ്രചരണങ്ങൾ നടത്തി.
അല്ല , അവരെയും കുറ്റം പറയേണ്ട
അവർ പ്രചരിപ്പിച്ചത് ശരിയല്ലേ.
ഇനി കമ്മ്യൂണിസത്തിനും വർഗ്ഗസമരത്തിനും എന്ത് പ്രസക്തി
യാണ് ഉള്ളത് ?!
ഇനിയുള്ള ലോകത്ത് ഹൈപ്പീരിയൻ വൃക്ഷങ്ങൾക്കും സിഡാർ മരങ്ങൾക്കുമല്ലേ പ്രസക്തി.
എങ്കിലും ഒരു ഇടതുപക്ഷക്കാരനായ എന്റെ മനസ്സിൽ ഇപ്പോഴും സംശയം അവശേഷിക്കുകയാണ്.
നമ്മുടെ ആൽമരത്തിന്റെ തണലിൽ ഇരിക്കുമ്പോഴുള്ള
സുഖവും കുളിർമയും
ഹൈപ്പീരിയൽവൃക്ഷത്തിന്റെ
ചുവട്ടിൽ ഇരുന്നാൽ കിട്ടുമോ ?!
ആ ഇലകളുടെ മർമ്മരങ്ങളുടെ മധുരസംഗീതം ഓക്കുമരങ്ങൾക്ക് കാണുമോ ?
നമ്മുടെ പേരാൽ വൃക്ഷത്തിന്റെ
നിഗൂഢ സൗന്ദര്യം ഹൈപ്പീരിയൻ വൃക്ഷങ്ങൾക്കുണ്ടോ ?
ഇപ്പോൾ ഞാൻ അതിനൊന്നും
ഒരു മറുപടി പറയുന്നില്ല.
കാരണം, ഞാൻ ഇപ്പോൾ എന്റെ വർഗ്ഗപരിണാമത്തിന്റെ പരിവർത്തന ദശയിലാണ്.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ഞാൻ ഒരു അന്തരാളഘട്ടത്തിലാണ്.
മനുഷ്യന് ഭ്രാന്ത് പിടിച്ചാൽ ഇങ്ങനെയുമാകാമോ ?!
അടുത്ത പ്രാവശ്യം ഞാൻ അമേരിക്കയിൽ പോകുമ്പോൾ
ഇവിടെ നിന്നും കുറെ ആൽമരത്തിന്റെ തയ്യുകളുമായിട്ടായിരിക്കും പോകുന്നത്.
എന്നിട്ട് അത് ഹൈപ്പീരിയൻ, ഷെർമൻമരങ്ങളുടെ ചുവട്ടിൽ
നട്ടുപിടിപ്പിക്കും.
പിന്നെ അവിടെ നിന്നും
കുറെ ഹൈപ്പീരിയൻ വൃക്ഷതൈയ്യും ഷെർമൻ മരതൈയ്യും കൊണ്ടുവന്ന് നമ്മുടെ ആൽമരത്തിനടുത്ത്
വെച്ച് പിടിപ്പിക്കും.
പക്ഷെ നമ്മുടെ മണ്ണിൽ അത്
വളരുമൊ എന്ന് എനിക്കറിഞ്ഞൂടാ.
എന്തായാലും ജീവിതമെല്ലാം ഒരു പരീക്ഷണമല്ലേ !
അവിടുത്തെ കുറെ മണ്ണുകൂടി വാരിക്കൊണ്ടുവന്നിട്ടാൽ
ചിലപ്പോൾ അവ വളർന്നേക്കും !
ഒരു ഭാരതീയനും കമ്മ്യൂണിസ്റ്റുമായ ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നതിൽ ആർക്കെങ്കിലും തെറ്റ് പറയാൻ പറ്റുമോ !!
ഇതിനിടയിൽ കമ്മ്യൂണിസവും വർഗ്ഗസമരവുമെല്ലാം ഒരു സൈഡിൽക്കൂടി നടന്നുകൊള്ളും.
അതിനെപ്പറ്റി നമ്മളൊന്നും ബേജാറാകേണ്ട കാര്യമില്ല.
നമ്മുടെ നാട്ടിൽ ഒരു സിഡാർമരതൈ വളർന്നെന്ന് വിചാരിച്ച് കമ്മ്യൂണിസത്തിന് എന്തെങ്കിലും സംഭവിക്കുമോ !
നമ്മുടെ മണ്ണിൽ കുറെ പൈൻ മരങ്ങൾ വളർന്ന് വന്നാൽ
കമ്മ്യൂണിസ്റ്റ് ലോകത്ത് എന്തെങ്കിലും ദുരന്തങ്ങളുണ്ടാവുമോ ?!
കമ്മ്യൂണിസവും ഷെർമൻ മരങ്ങളും ഒരുമിച്ച് വളരട്ടെ !
ഹൈപ്പീരിയൻ വൃക്ഷങ്ങളും
നമ്മുടെ ആൽമരങ്ങളും ഒരുമിച്ച് ഒത്തൊരുമയോടെ സ്നേഹത്തോടെ വളരട്ടെ.
ഇതൊന്നും നമ്മുടെ സാധാരണ മാർക്സിസ്റ്റുകാർ കുറ്റപ്പെടുത്തുന്നതു പോലെ
വർഗ്ഗ സഹകരണത്തിന്റെ പാതയൊന്നുമല്ല.,
കേവലം പ്രകൃതി നിയമം മാത്രം.
അവരും മുതലാളിത്തവുമായി
അത്തരം രഹസ്യ
ബന്ധത്തിലേർപ്പെടുന്നുണ്ടല്ലോ.
വടവൃക്ഷങ്ങൾ എന്നെന്നും ഇടതുപ
ക്ഷത്തിന്റെ പ്രതീകാത്മക
ബിംബങ്ങളായി നിലകൊള്ളുമെന്ന്
നാം വിചാരിക്കരുത്.
ഹൈപ്പീരിയൻ വൃക്ഷങ്ങളും തീവ്രവലതുപക്ഷ നിലപാടിൽ
മാത്രം എന്നും ധൃഢനിശ്ചയം
ചെയ്യുമെന്നും നാം കരുതരത് .
( പ്രകൃതിയിലുള്ളതെല്ലാം മാറ്റത്തിന് വിധേയമാണ്.
മാറ്റം മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത് എന്ന് മാർക്സ് തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ).
അവർ തമ്മിൽ (ഹൈപ്പീരിയനും ആൽമരവും തമ്മിൽ ) ഇപ്പോൾ രഹസ്യമായ പ്രണയഗീതങ്ങളിലാണ്.
സാമ്രാജ്യത്വം ഓരോരോ കാലഘട്ടങ്ങളിലും ഓരോരോ അടവുകളും തത്രങ്ങളുമാണ് മെനെഞ്ഞെടുക്കുന്നത്.
വിപ്ലവത്തെ തകർക്കുന്നതിന് വേണ്ടി സമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണ്
ഈ ഹൈപ്പീരിയൻ വൃക്ഷങ്ങൾ !
അവർ ചൊല്ലും ചോറും കൊടുത്താണ് ഈ ഹൈപ്പീരിയൻ, ഓക്ക് മരങ്ങളെ വളർത്തിയെടുക്കുന്നത്.
എന്നിട്ട് അവർ മൂന്നാം ലോകത്തെ
ചെറുപ്പക്കാരുടെ മനസ്സിലേക്ക്
ഈ ബാബുവാ,സിഡാർ മരങ്ങളെ
കയറ്റി വിടുന്നു !
ഭരതത്തിലെ ധ്യാനാത്മകമായ
വടവൃക്ഷങ്ങളുടെ തണലിൽ
വിശ്രമിക്കുന്ന ചെറുപ്പക്കാരെ,
ഹൈപ്പീരിയൻ, സിഡാർ മരങ്ങളുടെ സൗന്ദര്യലഹരിക്ക് അവർ അടിപ്പെടുത്തുന്നു !!
ഇപ്പോൾ വടവൃക്ഷങ്ങളും ഹൈപ്പീരിയൻ വൃക്ഷങ്ങളും
തമ്മിലുള്ള സ്വവർഗ്ഗ വിവാഹം നിയമപരമാക്കാനുള്ള ചുവപ്പൻ വർഗ്ഗസമരത്തിലാണ് അവർ (ഈ വൃക്ഷങ്ങൾ ).
അപ്പോൾ, പിന്നെ എങ്ങനെ വർഗ്ഗവിപ്ലവം നടക്കും.
വർഗ്ഗ വിപ്ലവം നടന്നാലും ഇല്ലെങ്കിലും, ഒരു കാര്യം ഞാൻ പറയാം.
അതായത്, ഭൂമിയിൽ കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും വർഗ്ഗ സഹകരണത്തോടെ വളരുന്നതുപോലെ,
ഹൈപ്പീരിയൻ വൃക്ഷവും പേരാൽമരവും ഐകമത്യത്തോടെ,
പരസ്പരം സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും കരുത്തോടെ തന്നെ വളരും !!
10.12. 2021.
Written by Adv. Pavumpa Sahadevan.











