ബ്രസൽസ് ∙ കിഴക്കൻ യുക്രെയ്നിലെ സീവിയറോഡോണെറ്റ്സ്ക് നഗരാതിർത്തിയെ റഷ്യൻ സേന വലയം ചെയ്തിരിക്കേ, യൂറോപ്യൻ യൂണിയൻ (ഇയു) നേതാക്കളുടെ ദ്വിദിന ഉച്ചകോടി ബ്രസൽസിൽ തുടങ്ങി. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യയിൽ നിന്ന് ഇന്ധന ഇറക്കുമതിക്കു നിരോധനം അടക്കം അധിക ഉപരോധങ്ങളിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് 27 അംഗ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മേളനം. റഷ്യൻ ഇന്ധന വിലക്കിനുളള ശുപാർശ ഹംഗറിയാണ് എതിർക്കുന്നത്.
ടാങ്കറുകളിലൂടെയുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി നിർത്താനും പൈപ്പ് ലൈൻ വഴി അനുവദിക്കാനുമാണ് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ധാരണ. റഷ്യൻ ഇറക്കുമതിയുടെ മൂന്നിൽരണ്ട് ഇതുമൂലം തടയും. യൂറോപ്യൻ യൂണിയന്റെ ക്രൂഡ് ഇറക്കുമതിയിൽ 27% റഷ്യയിൽനിന്നാണ്.
ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാനായി യുക്രെയ്നിൽ നിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള വഴികളും ഉച്ചകോടി ചർച്ച ചെയ്യുന്നുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് ഉച്ചകോടിയിൽ വിഡിയോ വഴി പ്രസംഗിക്കും.
ലുഹാൻസ്ക് പ്രവിശ്യയിലെ സീവിയറോഡോണെറ്റ്സ്ക് നഗരം റഷ്യൻ പീരങ്കിയാക്രമണങ്ങളിൽ തകർന്നടിഞ്ഞതായി സെലെൻസ്കി പറഞ്ഞു. ഷെല്ലാക്രമണം ശമനമില്ലാതെ തുടരുമ്പോൾ, നഗരം വിട്ടുകൊടുക്കാതിരിക്കാനുള്ള പോരാട്ടം യുക്രെയ്ൻ സേന തുടരുന്നതായി അദ്ദേഹം പറഞ്ഞു.
അതിനിടെ, റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരു ഫ്രഞ്ച് ജേണലിസ്റ്റ് കൊല്ലപ്പെട്ടു. സീവിയറോഡോണെറ്റ്സ്കിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന വാഹനത്തിൽ പതിച്ച ഷെല്ലാണ് മാധ്യമപ്രവർത്തകന്റെ ജീവനെടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു. ഇതോടെ ഒഴിപ്പിക്കൽ നിർത്തിവച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്നിലെ സംഘർഷം മൂലം കരിങ്കടലിലൂടെയുള്ള കയറ്റുമതി നിലച്ചതു സൊമാലിയ, ഇത്യോപ്യ എന്നിവ അടക്കം കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഗോതമ്പ് ക്ഷാമം രൂക്ഷമാക്കി. 1.3 കോടി ജനങ്ങൾ ആഫ്രിക്കയിൽ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇവിടേക്കുള്ള 44% ഗോതമ്പും ഇറക്കുമതി ചെയ്യുന്നത് യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നുമാണ്. ഈ രാജ്യങ്ങളിൽ ഗോതമ്പു വില ഇരട്ടിയായി ഉയർന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













