എന്തു ചെയ്താലും പഴി പറച്ചിലും ശകാരമൊഴികളും കിട്ടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ഒറ്റപ്പെടുത്തലുകളും ശരമൊഴികളും പതിവായിരിക്കും. അങ്ങനെ മരണത്തെ മുഖാമുഖം കണ്ടെന്നുമിരിക്കും. നമ്മെ നശിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ചക്രവ്യൂഹത്തിൽ ഒറ്റപ്പെടുമ്പോഴും നമ്മുടെ ആവനാഴിയിൽ അവസാന അമ്പു മാത്രം ശേഷിക്കുമ്പോഴും തലയുയുർത്തി സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്താൻ നമുക്കു കഴിയണം. അനീതിയെ കണ്ടില്ലെന്നു നടിക്കരുത്. നീതിയുടെ ഉത്തരം കിട്ടുവോളം വീഴാതെ പൊരുതണം. അങ്ങനെ നീതി ജലം പോലെ ഒഴുക്കാനാകണം. സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലായി ജീവിതത്തെ നീരും നീരുറവയുമുള്ളതായി നിലനിർത്തണം. എങ്കിലേ നമുക്കു ചുറ്റുമുള്ളവരും നമ്മോടൊപ്പമുള്ളവരും നീരണിഞ്ഞ് സമൃദ്ധിയുള്ളവരാകുകയുള്ളൂ. ജോസ് ക്ലെമന്റ്









