തര്‍ക്കത്തിലുള്ള ഉക്രേനിയന്‍ അതിര്‍ത്തി പ്രദേശത്തേക്ക് 4000 ഓളം വരുന്ന സൈനികരെ റഷ്യ അയച്ചത് ഒരു പക്ഷെ ഒരു യൂറോപ്യന്‍ യുദ്ധത്തിനോ, ഒരു ലോക മഹായുദ്ധത്തിനോ വരെ വഴിതെളിച്ചേക്കാം എന്നാണ് സ്വതന്ത്ര റഷ്യന്‍ സൈനിക നിരീക്ഷകരുടെ വിലയിരുത്തല്‍. കിഴക്കന്‍ ഉക്രെയിനില്‍ വിമതരുടെ നിയന്ത്രണത്തിനടുത്തുള്ളതും അടുത്തിടെ റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രിമിയയുടെ സമീപത്തുള്ളതുമായ അതിര്‍ത്തികളിലേക്ക് റഷ്യ കഴിഞ്ഞദിവസം സൈനിക നീക്കം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ ഉക്രെയിനിലെ റഷ്യയുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കുവാന്‍ ഒരു സൈക്കോ അനാലിസ്റ്റ് ആവശ്യമാണെന്ന് നിരീക്ഷകനായ പാവെല്‍ ഫെല്‍ഗെന്‍ഹൗര്‍ പറയുന്നു. എന്നാല്‍, ഇത് ഒരു മാസത്തിനകം ഒരു യുദ്ധമായി പരിണമിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാശ്ചാത്യ ലോകം റഷ്യയുടെ ഈ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വൊറോനെഷ്, റോസ്റ്റോഗ്, ക്രാസ്നോഡാര്‍ മേഖലകളിലെ സൈനിക നീക്കം പരിശോധിക്കുമ്പോള്‍ ആ ആശങ്ക അസ്ഥാനത്തല്ലെന്നും ഫെല്‍ഗെന്‍ഹൗര്‍ പറയുന്നു.
ഒരു ലോക മഹായുദ്ധം അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഒരു യൂറോപ്യന്‍ യുദ്ധമായി പരിണമിക്കാനുള്ള എല്ലാ സാധ്യതയും ഈ സംഘര്‍ഷാവസ്ഥയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം നാറ്റോ സഖ്യം ഉക്രെയിനിലേക്ക് സൈനിക സഹായം എത്തിക്കുകയാണെങ്കില്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും റഷ്യ നടത്തുന്നുണ്ട്. നാറ്റൊ സഖ്യം ഇടപെടുകയാണെങ്കില്‍ റഷ്യയ്ക്ക് അതിന്റെ അതിര്‍ത്തി സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞു.
റഷ്യ ഉക്രെയിനു നേരെ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഒരു യുദ്ധത്തിന് കളമൊരുക്കുകയാണെങ്കില്‍ അത് ഉക്രെയിനിന്റെ നാശത്തിലായിരിക്കും കലാശിക്കുക എന്ന് റഷ്യ മുന്നറിയ്പ്പ് നല്‍കിയിരുന്നു. നിരവധി ഹെലികോപറ്ററുകള്‍ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നതിന്റെയും ടാങ്കുകളും മറ്റു സൈനിക വാഹനങ്ങളും ട്രെയിനില്‍ കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
അതേസമയം, അമേരിക്ക ഉക്രെയിനിന് എല്ലാ വിധ പിന്തുണയുമായി രംഗത്തെത്തി. വിമതരുടെ കീഴിലുള്ള ഡോണ്‍ബാസ്സ് മേഖലയില്‍ അസാമാന്യമാം വിധം റഷ്യ സൈനിക വിന്യാസം നടത്തുന്നതായി അമേരിക്ക സ്ഥിരീകരിച്ചു. വിമതരെ നിയന്ത്രിക്കുന്നത് റഷ്യന്‍ അനുകൂലികളാണ്. മേയ് മാസത്തില്‍ രണ്ടം ലോകമഹായുദ്ധത്തിലെ വിജയത്തിനെ അനുസ്മരിപ്പിക്കുന്ന റെഡ് സ്‌ക്വയര്‍ പരേഡ് നടക്കുന്നതിനു മുന്‍പായി റഷ്യ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. റഷ്യന്‍ അനുകൂല ടിവി ചാനലുകള്‍ പൂട്ടിയതും ഉക്രെയിന്‍ രാഷ്ട്രീയ നേതാവായ വിക്ടര്‍ മെഡ്വേദ്ച്യൂക്കിന്റെ അറസ്റ്റുമാണ് ഇപ്പോള്‍ റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് ഫെല്‍ഗെന്‍ഹൗര്‍ പറയുന്നത്.
ഭീഷണിക്ക് കനം വര്‍ദ്ധിക്കുകയാണ്. പല കാര്യങ്ങളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. എന്നാല്‍, നമ്മള്‍ കാണുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് അവസാന വാരം റഷ്യയുടെ മൂന്ന് വലിയ നാവിക വ്യുഹങ്ങള്‍ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോയതായി പറഞ്ഞ ഫെല്‍ഗെഹൗര്‍, അതില്‍ വ്യോമസേനയുടെ ഭാഗവും ഉണ്ടായിരുന്നു എന്നു പറയുന്നു. ഒഡേസക്കും മൈകോലായ്വിനും ഇടയില്‍ ഒരു നോര്‍മാണ്ഡി രീതിയിലുള്ള ലാന്‍ഡിംഗാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു.













