LIMA WORLD LIBRARY

യുകെയിൽ മെയ് 17 മുതൽ വിദേശ അവധി ആഘോഷങ്ങൾക്ക് അനുമതി; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ് സംവിധാനം

യുകെയിൽ നിന്നുള്ള വിദേശ അവധി ആഘോഷങ്ങൾക്കായുള്ള യാത്രകൾക്ക് അനുമതി. മെയ് 17 മുതൽ വിദേശ അവധി യാത്രകൾക്കായി രാജ്യം വിടാം. ആറ് ആഴ്ചയ്ക്കുള്ളിൽ വിദേശ അവധി ദിവസങ്ങൾക്ക് വഴിയൊരുക്കി ട്രാഫിക്-ലൈറ്റ് സംവിധാനത്തിലൂടെ വിദേശ യാത്രയ്ക്കുള്ള നിരോധനം നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വാക്സിനേഷൻ പ്രോഗ്രാമുകൾ, അണുബാധ നിരക്ക്, അറിയപ്പെടുന്ന വേരിയന്റുകളുടെ വ്യാപനം, അവയെ തിരിച്ചറിയാനുള്ള കഴിവ് എന്നിവ അനുസരിച്ച് അവധിയാഘോഷങ്ങൾക്കായുള്ള രാജ്യങ്ങളെ സർക്കാർ വിലയിരുത്തും. ജനപ്രിയ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ ചുരുക്കം പേർക്ക് മാത്രമേ ‘ഹരിത’ പദവി ലഭിക്കുമെന്നാണ് കരുതുന്നത്. മാലദ്വീപ്, ജിബ്രാൾട്ടർ, മാൾട്ട, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് തടസ്സമുണ്ടാകാനിടയില്ല.

കോവിഡ് സാഹചര്യങ്ങൾ മാറാനുള്ള സാധ്യതയുള്ളതിനാൽ, ‘ഹരിത’ രാജ്യങ്ങളുടെ ആദ്യ പട്ടിക അടുത്ത മാസം ആദ്യം വരെ പ്രഖ്യാപിക്കില്ല. എന്നിരുന്നാലും, അംഗീകൃത രാജ്യങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് പോലും ഓരോ ഹോളിഡേ മേക്കറിനും കുറഞ്ഞത് മൂന്ന് കോവിഡ് ടെസ്റ്റുകൾ ആവശ്യമാണ്. ഒന്ന് ബ്രിട്ടനിലേക്ക് പുറപ്പെടുന്നതിന് മുമ്പും രണ്ടെണ്ണം തിരിച്ചെത്തിയതിന് ശേഷവും. കോവിഡ് മഹാമാരിമൂലം അധിക ബില്ലുകൾ നേരിടുന്ന കുടുംബങ്ങൾക്ക് ഇത് അധിക ബാദ്ധ്യതയായി മാറും.

‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നടത്തേണ്ടിവരില്ല, പക്ഷേ അവർക്ക് കുറഞ്ഞത് മൂന്ന് കോവിഡ് ടെസ്റ്റുകൾ എടുക്കേണ്ടിവരും. ഉയർന്ന സംവേദനക്ഷമതയുള്ള പിസിആർ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് നടത്തേണ്ടത്. യുകെയിൽ നിന്ന് പോകുന്നതിനുമുമ്പ് യാത്രക്കാർക്ക് ഒരെണ്ണം എടുക്കേണ്ടിവരും (ടേക്ക് ഓഫ് ചെയ്യുന്നതിന് 72 മണിക്കൂറിനകം), തിരിച്ചെത്തുമ്പോൾ രണ്ട് ടെസ്റ്റുകൾ വേണ്ടിവരും. വീട്ടിലെത്തിയതിന് ശേഷം ആദ്യ ദിവസവും രണ്ടാമത്തേത് എട്ടാം ദിവസം. എന്നാൽ യാത്രക്കാർ പോകുന്ന രാജ്യത്തിന് ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം.

‘റെഡ് ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ നിലവിൽ ചെയ്യുന്നതുപോലെ ഹോട്ടൽ ക്വാറന്റൈൻ നടത്തണം. യാത്രയ്‌ക്ക് മുമ്പും ശേഷവും പരിശോധനകൾ നടത്തുമ്പോൾ ‘അംബർ ലിസ്റ്റ്’ സന്ദർശകർക്ക് വീട്ടിൽ പത്തുദിവസം ഒറ്റപ്പെടേണ്ടിവരും. ‘ചുവപ്പ്’, ‘അംബർ’ യാത്രക്കാർക്കും മൂന്ന് പരിശോധനകൾ നടത്തേണ്ടതുണ്ട്. കുട്ടികളെ ബാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ബ്രിട്ടന്റെ വാക്സിനേഷൻ പ്രോഗ്രാം വലിയ മുന്നേറ്റം തുടരുന്നതിനാൽ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് വിദേശത്ത് ഒരു വേനൽക്കാല അവധി എടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സർക്കാരും പുലർത്തുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വാക്സിൻ നിർമ്മാണത്തിലും കൂടുതൽ കാര്യക്ഷമത ഉണ്ടായിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px