LIMA WORLD LIBRARY

ഇഗാലിറ്റേറിയൻ സമൂഹവും ഭൂതപ്രേത പിശാചുക്കളും (ഫാന്റസി കുറിപ്പുകൾ ). – അഡ്വ. പാവുമ്പ സഹദേവൻ.

മനുഷ്യരാശിയുടെ മാർഗ്ഗങ്ങളിലെ വിളക്കുമാടങ്ങളിൽ ഒന്നായിരുന്നു മാർക്സിസം. സമത്വത്തെ സംബന്ധിച്ച ചരിത്രത്തിൽ ഏറ്റവും ഭൗതികവും സമുർത്തവുമായ വിശകലന പദ്ധതി മുമ്പോട്ട് വെച്ചത് മാർക്സിസം തന്നെയാണ്.( Concrete analysis of the concrete situation ) . വ്യക്തി–സമൂഹവൈരുദ്ധ്യത്തിന്റെ അന്ധകാരത്തിൽപ്പെട്ട് ഉഴലുന്ന മനുഷ്യവർഗ്ഗത്തിന് മാർക്സ് കാണിച്ചു കൊടുത്ത വഴികളിൽ ക്ഷുദ്രജീവികളും പിശാചുക്കളും ഒട്ടേറെയുണ്ടായിരുന്നു. അത്തരം പ്രതിസന്ധികളെ മറികടക്കുക മനുഷ്യവർഗ്ഗത്തിന് എളുപ്പമല്ലായിരുന്നു. മനുഷ്യസമൂഹം ചരിത്രത്തിലിന്നേവരെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി – സമൂഹ വൈരുദ്ധ്യത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ , ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ആശയങ്ങളെ പാർട്ടി ചട്ടക്കൂടിൽ അതിവിദഗ്ദ്ധമായി വ്യാഖ്യാനിച്ചെടുത്താൽ കഴിയുമെന്ന് ലെനിൻ വ്യാമോഹിച്ചു. ഉൾപ്പാർട്ടി ജനാധിപത്യവും സ്വയം വിമർശനവും വഴി പാർട്ടിക്കകത്തെ വ്യക്തി – സമൂഹ വൈരുദ്ധ്യത്തിന് പരിഹാരമാവുമെന്ന് ലെനിൻ വിഭാവനം ചെയതു. (എന്നാൽ അതിനെ – ഉൾപ്പാർട്ടി ജനാധിപത്യത്തെ – അതിന്റെ ജൈവികമായ തലത്തിൽ നിന്ന് വിടർത്തി കേവലമൊരു safety valve mechanism operate ചെയ്യുന്ന തരത്തിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ഉപയോഗിച്ചത് ). വ്യക്തി സമൂഹ വൈരുദ്ധമെന്ന ഭൂതത്തെ മാർക്സ് തന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പഞ്ചലോഹകുടത്തിൽ വിദഗ്ദ്ധമായി അടച്ചെങ്കിലും, പിന്നീട് ആ കുടംതന്നെ തല്ലിത്തകർത്തുകൊണ്ട് ആ ഭൂതം പുറംലോകത്തിറങ്ങി സമൂഹത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് നമ്മൾ ചരിത്രത്തിൽ കാണുന്നത്. അതിന് ശേഷം, “യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസമെന്ന ഭൂതം ” എന്ന മാർക്സിന്റെ തന്നെ വാചകം ലോകത്തെങ്ങും അർത്ഥശേഷണം സംഭവിക്കുന്നതാണ് നമ്മൾ കാണുന്നത്. ബൈബിളും ഖുറാനും ഗീതയും എല്ലാം കൈകാര്യം ചെയ്തത് മനുഷ്യവർഗ്ഗം അഭിമുഖീകരിച്ച വ്യക്തി – സമൂഹ വൈരുദ്ധ്യത്തിന്റെ പ്രശ്നങ്ങൾ തന്നെയായിരുന്നെങ്കിലും വർഗ്ഗ പരവും സാമ്പത്തികവുമായ തലങ്ങൾ പരിശോധിക്കാൻ ഗുരു പ്രവാചകന്മാരും അവരുടെ മതഗ്രന്ഥങ്ങളും തയ്യാറായില്ല . (ഖുറാൻ , സമ്പത്തിന്റെ ദാനം വഴി ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് ). അവയെല്ലാം തികച്ചും അപ്രായോഗികവും അമൂർത്തവുമായ ഒരു തലത്തിൽ നിന്ന് മനുഷ്യവംശത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ശ്രമിക്കുകയായിരുന്നു. കുളിയും പ്രാർത്ഥനയും മന്ത്രതന്ത്രാദികളും ബലികർമ്മങ്ങളും യോഗവിദ്യാ ശീർഷാസനങ്ങളും വഴി സങ്കീർണ്ണമായ വ്യക്തി – സമൂഹ വൈരുദ്ധത്തെ മറികടക്കാൻ കഴിയുമെന്ന് ഗുരു പ്രവാചകന്മാരും വ്യാമോഹിച്ചു. അത്തരം ഇന്ദ്രജാല മഹേന്ദ്രജാലവിദ്യകളൊന്നും വ്യക്തി സമൂഹ-വൈരുദ്ധത്തിന്റെ പ്രശ്ന പരിഹാരത്തിന് ഫലിക്കുകയുണ്ടായില്ല. ചിലർ സപ്താഹ യജ്ഞങ്ങളും ധ്വജപ്രതിഷ്ഠകളും നടത്തി ഈ വൈരുദ്ധ്യത്തെ മറികടക്കാൻ നോക്കിയെങ്കിലും അവയെല്ലാം പുതിയ പുതിയ തൃശങ്കു സ്വർഗ്ഗങ്ങൾ സൃഷ്ടിക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ എന്നതാണ് ഏറെ പരിതാപകരമായ അവസ്ഥ . ഇത്തരം അന്ധവിശ്വാസ ജഢിലവും ഗൂഢവിദ്യാപരവുമായ നെഗറ്റീവ് മെക്കാനിസങ്ങൾ ഓപ്പറേറ്റ് ചെയ്താൽ, മറികടക്കാൻ പറ്റുന്നതല്ല, സമ്പത്തും സമൂഹ മനശാസ്ത്രവും ജനിതക സ്വഭാവങ്ങളും മറ്റൊട്ടേറെ പ്രതിഭാസങ്ങളും കൂടി സങ്കീർണ്ണമായി സൃഷ്ടിച്ചെടുത്ത വ്യക്തി – സമൂഹ വൈരുദ്ധ്യമെന്ന സമൂഹത്തിന്റെ അദൃശ്യ പ്രതിഭാസം.

അത്മീയതലം തീർച്ചയായും ഭൗതികതലത്തെപ്പോലെ തന്നെ സുപ്രധാനമായ ഒരു വശം തന്നെയാണ്. രണ്ടും ജീവിതമാകുന്ന ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണ്. എന്നാൽ ജീവിതത്തിന്റെ സരളമായ വഴികൾ ഇതിന് രണ്ടിനും മധ്യത്തിലൂടെയുള്ള ഏതൊ ഒരു ഊടുവഴിയും ഇടവഴിയുമല്ലേ എന്ന് ഞാൻ സംശയിച്ചു പോകുകയാണ്. പൊതുജീവിതം മാത്രമല്ല, സ്വകാര്യ ജീവിതത്തിലെ ഏകാന്തതയുടെ വിജനമായ വീഥികളിൽ സഞ്ചരിക്കുന്നവരുടെ അന്തർ ദർശനങ്ങളും വെളിപാടുകളും ചരിത്രത്തിന് മുതൽക്കൂട്ടാകാറുണ്ട്. നമ്മുടെ സ്വകാര്യ ജീവിതം എപ്പോഴും ഊടുവഴിയിലൂടെയും ഇടവഴികളിലൂടെയുമാണല്ലോ സഞ്ചരിക്കുന്നത്. അവിടുത്തെ സാമ്പത്തികവും മറ്റ് സാമൂഹ്യവുമായ വിഷയങ്ങൾ നമുക്ക് സമൂഹത്തോട് വിളിച്ചു പറയാൻ പറ്റില്ലല്ലോ. നമ്മുടെ പെറ്റി ബൂർഷ്വാ ജീവിതത്തിന്റെ അന്തസ്സും അഭിമാനവും രക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയും ഉത്തരവാദിത്വവുമാണല്ലോ. അത്തരം പ്രശ്നങ്ങൾ പൊതു സമൂഹത്തോട് വിളിച്ചു പറയാൻ തുടങ്ങിയാൽ പിന്നെ നമ്മുടെ അസ്തിത്വത്തിനും ആഭിജാത്യത്തിനും എന്ത് വിലയാണുള്ളത്. ഇതാണ് ഒരു ലിബറൽ ബൂർഷ്വാ ജനാധിപത്യ ജീവിതത്തിൽ മധ്യവർഗ്ഗം നേരിടുന്ന വിഷമകരമായ പ്രതിസന്ധികളും സമസ്യകളും. ഇത് പറയുമ്പോൾ ഞാൻ, ചരിത്രത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ നല്ലപാടുകളെ അവഗണിക്കുകയല്ല. ഇന്നലെത്തെ അടിസ്ഥാന വർഗ്ഗമാണല്ലോ ഇന്നത്തെ മധ്യവർഗ്ഗം. ഇന്നത്തെ അടിസ്ഥാന വർഗ്ഗമാണല്ലോ നാളത്തെ മധ്യ വർഗ്ഗമാകാൻ പോകുന്നത്. ഇതൊക്കെ ചില ആപേക്ഷികമായ യാഥാർത്ഥ്യം മാത്രമാണ്. സ്ഥലകാല ബന്ധങ്ങളെ മറികടക്കുന്ന കേവലമായ ദാർശനിക യുക്തിയിൽ പരിശോധിക്കുമ്പോൾ ഇത്തരം അടിസ്ഥാന – മധ്യവർഗ്ഗ യുക്തികൾക്ക് വല്യ പ്രസക്തി ഇല്ലെന്ന് വരുന്നു. ഒരു വിഷയം അതിന്റെ ദാർശനിക തലത്തിൽ ചർച്ച ചെയ്യുമ്പോൾ എല്ലാ വർഗ്ഗങ്ങളുടെയും യാതനകളെയും വേദനകളെയും അഭിസംബോധന ചെയ്യാതെ പോകാൻ തത്ത്വചിന്തകന് കഴിയില്ല. എന്നാൽ വിവിധ വർണ്ണങ്ങളിൽ ചാലിച്ചെടുത്ത ജനറലൈസേഷന്റെ ദാർശനിക സമുച്ഛയം കെട്ടിഒരുക്കുമ്പോൾ ആർക്കുംതന്നെ അനീതിയുടെ മുറിവേല്ക്കാതെ നോക്കേണ്ടത് തത്ത്വചിന്തകന്റെ ഗൗരവമായ ഉത്തരവാദിത്തവുമാണ്.

സാമ്പത്തിക വൈരുദ്ധ്യത്തിൽ നിന്നും ഉടലെടുത്ത വ്യക്തി സമൂഹ വൈരുദ്ധ്യത്തിന്റെ സങ്കീർണ്ണമായ സമസ്യകളെ പ്രപഞ്ചവിശാലമായ ഒരു വൈരുദ്ധ്യാത്മക പ്ലാറ്റ്ഫോമിൽ വെച്ച് പരിഹരിക്കാനാണ് മാർക്സും ലെനിനും ശ്രമിച്ചത്. അവർ മുതലാളി വർഗ്ഗമെന്നും തൊഴിലാളി വർഗ്ഗമെന്നും വ്യവച്ഛേദിച്ച് ചരിത്രത്തെ രണ്ട് വാട്ടർ ടൈറ്റ് കമ്പാർട്ട്മെന്റുകളാക്കാൻ ഉദ്യമിച്ചു. തൊഴിലാളി വർഗ്ഗവും മുതലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും സാർവ്വദേശീയമായ ക്ലാസ്സിക്കൽ വർഗ്ഗ വിപ്ലവങ്ങൾക്ക് വഴിയൊരുക്കുമെന്ന് മാർക്സും ഏംഗൽസും ലെനിനും സ്വപ്നം കണ്ടു.

മാർക്സ് സൂചിപ്പിച്ച സാമ്പത്തിക വൈരുദ്ധ്യങ്ങൾ തീ പോലെ പൊള്ളുന്ന ഒരു യഥാർത്ഥ്യമല്ല എന്ന് പറയാൻ സാമാന്യ ബോധമുള്ള ആർക്കും കഴിയില്ല. സത്യത്തെ മറച്ച് വെച്ച് ചില അലങ്കാര ബുദ്ധിജീവികൾ സംസാരിക്കുന്നതു പോലെ, എല്ലാവർക്കും അതിന് കഴിഞ്ഞെന്ന് വരില്ലല്ലോ . എന്നാൽ സമ്പത്ത് പിടിച്ചെടുത്തിട്ട് വിഭവങ്ങൾ സമതുലിതമായി വിതരണം ചെയ്താൽ എത്തിച്ചേരാവുന്ന ഒരു ഡെസ്റ്റിനേഷൻ അല്ല കമ്മ്യൂണിസം. കമ്മ്യൂണിസം സമ്പത്തിന്റെ മാത്രം വിഷയമല്ല., മനുഷ്യസമൂഹത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ് അത് . സാമൂഹ്യ ശാസ്ത്രപരവും മന:ശാസ്ത്രപരവും ജനിതകപരവും മറ്റെട്ടേറെ തലങ്ങളുമായികൂടി സങ്കീർണ്ണമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസത്തിന്റെ പ്രശ്നം. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നമ്മൾ മുഖ്യമായും ഓർക്കേണ്ടത്, സാമ്പത്തിക വൈരുദ്ധ്യം ഉടലെടുക്കുന്നതിന് മുമ്പുതന്നെ വ്യക്തി – സമൂഹ വൈരുദ്ധ്യം സമൂഹത്തിൽ രൂപമെടുത്തു എന്ന കാര്യമാണ്. അതിനാൽ സാമ്പത്തിക വൈരുദ്ധ്യം അവസാനിച്ചാൽ അപ്രത്യക്ഷമാകുന്നതല്ല വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും. എന്നാൽ വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യത്തെ മൂർച്ഛിപ്പിച്ചതും പരിപോഷിപ്പിച്ചതും സാമ്പത്തിക വൈരുദ്ധ്യമായിരുന്നു എന്ന കാര്യം അനിഷേധ്യവുമാണ്. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെയും സംഘർഷങ്ങളുടെയും വേരുകൾ അന്വേഷിച്ച് പോകുന്നവർ ചെന്നെത്തുന്നത്, പ്രകൃതിയുടെ ദ്വന്ദ്വാത്മക വൈരുദ്ധ്യത്തിലായിരിക്കും എന്നതാണ് അടിസ്ഥാനപരമായ വസ്തുത. അതിനാൽ വ്യക്തി സമൂഹ വൈരുദ്ധ്യം പ്രകൃതിയുടെ ദ്വന്ദ്വാത്മക വൈരുദ്ധ്യത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് അതൊരു പ്രതിഭാസമാണെന്ന് പറയുന്നത്., അത് മനുഷ്യന് കേവലമായി പരിഹരിക്കാൻ കഴിയുന്ന ഒരു പ്രതിഭാസവുമല്ല.

സമ്പത്തിന്റെ കാര്യം പോയിട്ട് നികുതിപോലും പിരിച്ചെടുക്കാൻ കഴിയാത്ത ദുർബലമായ ഭരണകൂടങ്ങളാണ് ആധുനിക ജനാധിപത്യഭരണകൂടങ്ങൾ . ജനാധിപത്യ ഭരണകൂടങ്ങൾക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കും അവിടുത്തെ കൊള്ളയും കൊലപാതകങ്ങളും നിയന്ത്രിക്കാൻ കഴിയുന്നില്ല. അത് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ സമൂഹങ്ങൾക്കും പ്രതീക്ഷിക്കുന്നതുപോലെ വളരാൻ കഴിഞ്ഞിട്ടില്ല എന്ന ദു:ഖകരമായ അവസ്ഥ നിലനിൽക്കുന്നു. കമ്മ്യൂണിസത്തിൽ ( സോവിയറ്റ് യൂണിയനിൽ ) തത്ത്വത്തിലെങ്കിലും ഭൗതിക വിഭവങ്ങൾ എല്ലാവർക്കും തത്തുല്യവും നീതിപൂർവ്വകവുമായി വിതരണം ചെയ്യപ്പെട്ടിരുന്നെങ്കിലും അവിടെ ജനാധിപത്യവും സ്വാതന്ത്ര്യവും വെട്ടിമുറിക്കപ്പെട്ടു എന്നത് ദുരന്തകരമായ യാഥാർത്ഥ്യമാണ്. മറിച്ച് ജനാധിപത്യഭരണത്തിൽ മനുഷ്യന് സ്വാതന്ത്ര്യമനുവദിക്കുന്നുണ്ടെങ്കിലും ഭൗതിക വിഭവങ്ങളുടെ വിതരണം അസംതുലിതവും നീതിരഹിതവുമാണ് എന്ന ദുരന്ത കരമായ യാഥാർത്ഥ്യം അവശേഷിക്കുന്നു. സ്വാതന്ത്ര്യവും ( ജനാധിപത്യം ) നീതിപൂർവ്വകമായ ക്രമവും ( കമ്മ്യൂണിസം ) തമ്മിലുള്ള വൈരുദ്ധ്യാത്മക സംഘർഷം ചരിത്രത്തിലിന്നേവരെയും വിചിത്രവും അപരിഹാര്യവുമായ ഒരു ഐറണിയായി തുടരുകയാണ്. ചരിത്രത്തിലെ ഈ ബ്രഹ്മരക്ഷസ്സ് (വ്യക്തി – സമൂഹ വൈരുദ്ധ്യം ) എന്ന ഭൂതബാധയെ ഒഴിപ്പിക്കാൻ ക്രിസ്തുവും കൃഷ്ണനും നബിയും മാർക്സും മറ്റ് ഗുരു പ്രവാചകന്മാരും നടത്തിയ ഭഗീരഥപ്രയത്നങ്ങൾ മനുഷ്യരാശിയുടെ മുമ്പിൽ അപരിഹാര്യമായ ദുരന്തങ്ങളായി നിലകൊള്ളുകയാണ്.

മനുഷ്യന്റെ അതിനിഗൂഢമായ മനോവ്യാപാരങ്ങൾ വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് അവന്റെ ഉത്ഭവത്തോളം തന്നെ പഴക്കമുണ്ട്. ആത്മീയ ഭൗതിക സമന്വയം എന്നൊക്കെ ചില അഭിനവ ബുദ്ധിജീവികളും ഇടത് വലത് സൈദ്ധാന്തിക നിർമ്മാതാക്കളും നമ്മെ കോൾമയിർ കൊള്ളിക്കാൻ വേണ്ടി ഓരോന്ന് തട്ടി വിടുന്നതാണ്. പിന്നെ അതൊക്കെ ചില പ്രത്യാശകളായി മനുഷ്യമനസ്സിൽ അവശേഷിക്കും എന്നത് ആശ്വാസകരം തന്നെയാണ് ! അപ്പോഴും യാഥാർത്ഥ്യ മലമുകളിലെവിടെയോ കത്തിയെരിയുകയാണ് ! ദർശനങ്ങളൊക്കെ തീൻമേശയിലിരിക്കുന്ന വിഭവങ്ങളുടെ ഗന്ധവും രുചിയും പോലെ നമ്മെയെല്ലാം ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. അത്തരം ആശയാദർശങ്ങളും സിദ്ധാന്തങ്ങളും ഇരുനില മാളികകളുടെ ഔട്ട് ഹൗസിലിരുന്ന് മദ്യപിക്കുമ്പോൾ മല്പിടുത്തം നടത്താൻ പറ്റിയ verbal gymnastics ആയ താത്വിക സംവർഗ്ഗങ്ങളും വരട്ടു വാദപരമായ പദാവലികളും മാത്രമാണ്. അങ്ങനെയുള്ള വിതണ്ഡവാദങ്ങൾക്ക് പ്രായോഗിക ജീവിതത്തിൽ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നുണ്ടോ ?

( “എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം” എന്ന ഗ്രന്ഥം രചിച്ച ലൂ ഷാവ് ചി ഒരിക്കൽ (1958 ) ചൈനീസ് റിപ്പബ്ലിക്കിന്റെ ചെയർമാനായിരുന്നു. ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഇ.എം.എസ്സ്.നമ്പൂതിരിപ്പാടാണ്. അദ്ദേഹം തന്റെ ടി അവതാരികയിൽ ” ആ ഉൾപ്പാർട്ടി സമരത്തിന്റെ ( സാംസ്കാരിക വിപ്ലവം ) മുഖ്യലക്ഷ്യം ” ചൈനയിലെ ക്രൂഷ്ചേവ് ” എന്നും ” മുതലാളിത്ത പാതക്കാരിൽ മുഖ്യൻ ” എന്നും മറ്റും വിശേഷിപ്പിക്കപ്പെട്ട ലൂ ഷാവ് ചി ആയിരുന്നു ” എന്ന് കുറിക്കുന്നുണ്ട്. എന്നാൽ “സാംസ്കാരിക വിപ്ലവ ” ത്തെ തടർന്ന് ലൂ ഷാവ് ചി യെ ചൈനീസ് റിപ്പബ്ലിക്കിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയുണ്ടായി .
ഇ.എം.എസ്സ്. അവതാരികയിൽ തുടരുന്നു:- “ഇതിനിടയ്ക്ക് ലൂ ഷാവ് ചി ക്ക് എന്തുപറ്റി എന്ന ചോദ്യത്തിനുത്തരം കാണാൻ പ്രയോജനപ്പെടുന്ന യാതൊരു വിവരവും ഔദ്യോഗികമായി കിട്ടിയിട്ടില്ല. പക്ഷെ “സാംസ്കാരിക വിപ്ലവ ” ത്തിന്റെ മൂർധന്യാവസ്ഥയിൽപ്പോലും തന്റെ മൗലിക നിലപാടിൽ യാതൊരു മാറ്റവും വരുത്താത്ത ലൂ ഷാവ് ചി വാർധക്യസഹജമായ ദേഹാസ്വാസ്ഥ്യം മൂലം മരണപ്പെട്ടു എന്ന് ഊഹിക്കാനാണ് വഴി.
അത് ശരിയായാലും തെറ്റായാലും ഇവിടെ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ കൃതിയ്ക്കുള്ള പ്രാധാന്യം ഇല്ലാതാവുന്നില്ല”.
ലൂ ഷാവ് ചി ക്ക് എന്ത്പറ്റിയെന്ന് E M S ഇതിൽ പറയാതെ പറയുന്നുണ്ട്.
”ഉൾപ്പാർട്ടി ജനാധിപത്യ സമരത്തിനും ” ”സാസ്കാരിക വിപ്ലവ ” ത്തിനുമിടയിൽ ലൂ ഷാവ് ചിക്ക് എന്തുപറ്റി കാണുമെന്ന് ഞാൻ പറയാതെതന്നെ പ്രിയപ്പെട്ട വായനക്കാർക്ക് ഊഹിക്കാൻ കഴിയുമല്ലോ.
NB : പാർട്ടിയിൽ നിന്ന് ബഹിഷ്കൃതനായ ലൂ ഷാവ് ചി സോവിയറ്റ് യൂണിയനിലേക്ക് ഒളിച്ച് പറക്കുന്നതിനിടയിൽ വിമാനം തകർന്നാണ് മരിച്ചതെന്നും പറയപ്പെടുന്നുണ്ട് ).

ബൈബിളും ഖുറാനും ഗീതയും അതാത് കാലഘട്ടത്തിലെ വിജ്ഞാന ഭാണ്ഡങ്ങളുടെ സമാഹാരമാണ്. അതൊക്കെ ആ കാലഘട്ടത്തിലെ സാമാന്യജനങ്ങളുടെ ലോജിക്കുകളെ തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. അത് ആ കാലഘട്ടത്തിൽ പ്രതിലോമകരമായിരുന്നു എന്ന് എങ്ങനെ പറയാൻ കഴിയും. ഇന്ന് അതിനെ പ്രതിലോമകരം എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, അതും പൂർണ്ണമായും ശരിയല്ലല്ലോ. മഹാഭൂരിപക്ഷത്തിന്റെ ലോജിക്കുകൾ എന്നും ജലാശയത്തിലെ പൊങ്ങുതടികളെപ്പോലെയായിരുന്നു. അവരുടെ ബോധ നിലവാരത്തിന് ഒരു standardization രൂപീകരിക്കാതെ ഗുരു പ്രവാചകന്മാർക്കും സമൂഹത്തിനും മുമ്പോട്ട് പോകാൻ കഴിയില്ലല്ലോ. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ബൈബിളിലും ഖുറാനിലും ഗീതയിലും രൂപീകരിക്കപ്പെട്ട ആശയപരമായതിന്റെ തലങ്ങളിൽ നിന്നും അല്പം പോലും സാമാന്യജനങ്ങൾക്ക് മുമ്പോട്ട് നീങ്ങാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉത്തമ നിദർശനങ്ങളാണ് ഈ മത ഗ്രന്ഥങ്ങൾ നമ്മുടെ ജീവിതത്തിന് മേൽ ഇപ്പോഴും സ്ഥാപിച്ചിരിക്കുന്ന ആധിപത്യം. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന ആ സമൂഹത്തെ ഗുരു പ്രവാചകന്മാർ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ അതും ഭാഗികമായി പോലും ശരിയല്ലല്ലോ . പിന്നെ എന്താണ് മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിനും സ്വാതന്ത്ര്യത്തിനും ഓരു പോംവഴി ?!

5.2.2022.

Written by Adv. Pavumpa Sahadevan.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px