ഇന്ന് വിരൽത്തുമ്പിലറിയാം ലോകത്തെവിടെ നിന്നും ഇറങ്ങുന്ന പുസ്തകങ്ങളെ! ലോകകമ്പോളത്തിൽ കൃതികൾ ഇറങ്ങുമ്പോൾ തന്നെ മലയാളത്തിൽ വിവർത്തനവും വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിൽ നിന്നായിരുന്നു ആദ്യ കാലത്ത് നോവലുകൾ വിവർത്തനം ചെയ്തിരുന്നത്. ഷേക്സ്പിയറിന്റെ ഹാസ്യം അടിച്ചു മാറ്റി നാടകങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പള്ളിക്കൂടം അദ്ധ്യാപകർ എഴുതിയെന്ന കാര്യം ശരി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ബംഗാളിലെ ഒരു നോവൽ മുഴുവനായി മലയാളത്തിൽ വന്നു. പിന്നെ എത്രയോ കൃതികൾ ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ ബംഗാളി നേരിട്ടു തർജമ ചെയ്ത ലീലാ സർക്കാർ ബോംബയിലിപ്പോഴും ജീവിച്ചിരിപ്പുണ്ട്.
നോവലിന്റെ കാര്യത്തിലാണ് ഇത് സംഭവിക്കുന്നത്. ഒരു നൂറുവർഷം മുമ്പ് ബംഗാളി കൃതികളായിരുന്നു മലയാളത്തിലേക്ക് അധികവും വിവർത്തനം ചെയ്തു വന്നിരുന്നത്. തേവലക്കര നാരായണനമ്പിയുടെ കാര്യം തന്നെ എടുക്കാം, ആദ്യത്തെ ബംഗാളി നോവൽ തർജമക്കാരനാണ്. സംസ്ക്കൃത പണ്ഡിതൻ തർജമക്കാരനായതെങ്ങനെ?
1876 ൽ ഏറനാട്ടിനെ തൃപ്പനച്ചി ഗ്രാമത്തിൽ ജനിച്ച തേവലക്കര നമ്പി, 1817 ൽ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ “ചന്ദ്രശേഖർ” എന്ന നോവലിനെ ചന്ദ്രശേഖരനാക്കി മലയാളത്തിൽ പുറത്തിറക്കി. കുട്ടികളെ സംസ്കൃതം പഠിപ്പിക്കലായിരുന്നു തേവലക്കര നമ്പിയുടെ പണി. മഞ്ചേരിക്കോവിലകത്തും നിലമ്പൂർ കോവിലകത്തും സംസ്കൃതം പഠിപ്പിക്കൽ. മഞ്ചേരി കോവിലകത്തെ ഒരു തമ്പുരാൻ അന്ന് “സാഹിത്യചിന്താമണി” എന്ന പേരിൽ ഒരു മാസിക തുടങ്ങി നമ്പിയെപ്പിടിച്ച് അതിന്റെ പത്രാധിപരാക്കി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ശ്രീമഹാഭാരതം വിവർത്തനം ചെയ്തിരുന്ന കാലത്ത് തമ്പുരാന്റെ എഴുത്തുകാരിൽ പ്രമുഖനായിരുന്നു നാരായണനമ്പി. കവി കേസരി പി.വി.കൃഷ്ണവാര്യരുടെ സഹപത്രാധിപരായിരുന്നു. മൂന്ന് നാടകങ്ങൾ എഴുതിയിട്ടുണ്ട്. യയാതി ചരിതം, സുമംഗലിചരിതം, ശാർങ്‌രചരിതം, ധർമ്മപദം, നീതി ബോധ കഥകൾ, ബുദ്ധമത ദർപ്പണം, ചന്ദ്രശേഖരൻ, മാധവീകങ്കണം എന്നിവ വിവർത്തനങ്ങൾ. സരസകഥകൾ എന്നൊരു സമാഹാരവും പുറത്തിറക്കി. നോവലുകൾ അക്കാലത്തെ പല ആനുകാലികങ്ങളിലും വന്നത് പുസ്തക രൂപത്തിൽ ഇന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
മലബാർ കലാപകാലത്ത് നിലമ്പൂർ വിട്ട് കോഴിക്കോട്ടെത്തി. അവിടെ മനോരമയുടെ പത്രാധിപരായി ജോലി നോക്കി. അതിനു ശേഷം സി.കൃഷ്ണന്റെ മിതവാദിയിൽ ജോലി നോക്കുമ്പോൾ 48-ാം വയസ്സിൽ വസൂരി വന്ന് 1924 ൽ അന്തരിച്ചു. വി.സി. ബാലകൃഷ്ണപ്പണിക്കർ “മലബാറി”യിൽ നമ്പിയുടെ നോവൽ വന്നപ്പോൾ എഴുതി: “ചന്ദ്രശേഖരന്റെ പരിഭാഷാകർത്താവ് ഒരു വലിയ ഇന്ദ്രജാലക്കാരനാണെന്ന് ഞങ്ങൾ വിചാരിക്കുന്നു. അനുഭവിക്കുന്തോറും ആഹ്ളാദ പ്രദമായിരിക്കുന്ന ഈ പരിഭാഷ നമ്പിയുടെ അസാധാരണമായ ബുദ്ധിസാമർഥ്യത്തിനും ക്ഷമാ സമേതമുള്ള സൂക്ഷ്മ ഗ്രാഹിതക്കും ഒരു വലിയ തെളിവായിരിക്കുന്നു.”
മാന്ത്രിക സംഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നോവലാണ് “ചന്ദ്രശേഖരൻ”. അന്നത്തെക്കാലത്തെ ഒരു സംഭവമായിരുന്നു ചന്ദ്രശേഖരൻ. 1915 ൽ “ധർമ്മപദം” പ്രസിദ്ധപ്പെടുത്തി. 24 അദ്ധ്യായങ്ങളിൽ ശ്രീബുദ്ധനെപ്പറ്റിയുള്ള നോവലിന്റെ വിവർത്തനമാണിത്. 1916 ൽ “നീതി ബോധ” കഥകൾ പുറത്തു വന്നു. ബുദ്ധൻ രാമായണകഥ ഒരു ബ്രാഹ്മണന് പറഞ്ഞു കൊടുക്കുന്ന രീതിയിലാണ്. കഥക്കൊടുവിൽ ഒരു ട്വിസ്റ്റുണ്ട്. കഥയിൽ പറയുന്ന രാമനാണ് ബുദ്ധനായി അവതരിച്ചതെന്ന്.
ഫാദർ കാമിൽ ബുൽക്കെ എഴുതിയ “രാമകഥ – ഉത്ഭവവും വളർച്ചയും” എന്ന കൃതി അഭയദേവ് മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് വായിച്ചാൽ അമ്പരന്നുപോകും. വാല്മീകി രാമായണത്തിനു മുമ്പു തന്നെ രാമകഥ ഇന്ത്യയിലുണ്ടായിരുന്നു. 12-ാം നൂറ്റാണ്ടു വരെ രാമായണത്തെ ഒരു സാഹിത്യ കൃതിയായിട്ടാണ് കണ്ടിരുന്നത്. പിന്നീടുണ്ടായ അദ്ധ്യാത്മരാമായണം, അത്‌ഭുത രാമായണം തുടങ്ങിയവ പ്രചാരത്തിൽ വന്നതോടെ രാമായണം ഭക്തി ഗ്രന്ഥമായി മാറി. രാമന്റെ ജനനം മുതൽ സീതാപരിത്യാഗം വരെയുള്ള സംഭവങ്ങൾ വിവിധ രാമായണങ്ങളിൽ പല വിധത്തിൽ ആഖ്യാനം ചെയ്തിരിക്കുന്നത് ഫാദർ കാമിൽ ബുൽക്കെ കാണിച്ചുതരുന്നു. കുറഞ്ഞത് പത്ത് രാമായണ നോവലെങ്കിലും അത് വച്ച് പുതിയകാലത്ത് എഴുതാം.
രമേശ ചന്ദ്രദത്തിന്റെ “മാധവീകങ്കണം” 1921ലാണ് നമ്പി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മലബാർ ലഹളക്കാലത്ത്. 386 പുറങ്ങൾ. അക്ബർ ഭാരതം ഭരിക്കുമ്പോഴുള്ള സംഭവങ്ങളാണ് പ്രമേയം. ഹേമലത, നരേന്ദ്രൻ, ശ്രീശൻ എന്നീ മൂന്നു കുട്ടികളെ കേന്ദ്രസ്ഥാനത്തു നിർത്തി കഥ പറഞ്ഞിരിക്കുന്നു. ഗവേഷണം ആവശ്യപ്പെടുന്ന ഗ്രന്ഥമാണിത്.
1899 ൽ പ്രസിദ്ധീകരിച്ച “ആർദ്രാ പ്രബന്ധം” തിരുവാതിരയെപ്പറ്റിയുള്ള 108 ശ്ലോകങ്ങളടങ്ങിയതാണ്. മലബാർ കലാപ ശേഷം എഴുതിയ “ശ്രീബുദ്ധൻ” എന്ന ഖണ്ഡകാവ്യം 256 ശ്ലോകങ്ങളടങ്ങിയതാണ്.
ആദ്യ കാല ചെറുകഥാകൃത്തുക്കളിലൊരാളാണ് തേവലക്കര നാരായണമ്പി. ഇന്ദുലേഖ എന്ന പത്രത്തിന്റെ പത്രാധിപരായ മുൻഷി സാർ സ്വന്തം ഭാര്യയെ പുകഴ്ത്തിപ്പറയുന്ന നർമ്മരസം കലർന്ന കഥയാണ് “ഇന്ദുലേഖ”. തന്റെ ഭർത്താവിനേയും വിശ്വസ്ത ഭൃത്യനേയും കൊണ്ട് തന്നെ തട്ടിക്കൊണ്ടു പോകാൻ ഒരുമ്പെട്ട കുഞ്ഞുണ്ണി കർത്താവിനെ കൊന്ന് തരുണിയും മരിക്കുന്ന കഥയാണ് “ഉപദേശം നാലാക്കിയതു” എന്ന ശീർഷകത്തിലുള്ള കഥ. ഇതെല്ലാം ഒന്നിക്കുന്ന “സരസകഥകൾ” എന്ന കഥാസമാഹാരത്തിന് വള്ളത്തോളാണ് അവതാരിക എഴുതിയിരിക്കുന്നത്. ഒടിയന്റെ കഥയാണ്, “ഒരു ഒടിയൻ” വീണ്ടും ആ കഥകളൊക്കെ പ്രസക്തമാകുകയാണ്.
ഭാഗ്യ നിർഭാഗ്യങ്ങളുടെ ലോകത്ത് തിരക്കിനിടയിൽ ചിലരങ്ങടിഞ്ഞു പോകുന്നു. ചരിത്രഗതിയിൽ കുഴിച്ചുമൂടപ്പെടുന്നു. അടുത്ത കാലത്ത് വീണ്ടെടുക്കപ്പെടാനായി.











