LIMA WORLD LIBRARY

മാമ്പഴം – ഡോ. വേണു തോന്നക്കൽ

മാമ്പഴക്കാലം കഴിഞ്ഞില്ല. നമ്മുടെ കാര്യമല്ല മാവും മരങ്ങളും ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് . നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തൊടികളും സിമന്റ് കാടുകളും ഉണ്ടാക്കിയല്ലോ. നമുക്ക് ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി കഴിക്കാനും നാം ശീലിച്ചു.
പഴങ്ങളിലെ രാജാവാണ് മാമ്പഴം, രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊപ്പം നാരു ഘടകവും ആൻറി ഓക്സിഡന്റുകളും മാമ്പഴത്തിൽ ധാരാളമായുണ്ട്.
ആൻറി ഓക്സിഡന്റുകളും ജീവകങ്ങളും നമ്മുടെ മാനസിക സംഘർഷം ലഘൂകരിക്കുകയും ചർമ്മരോഗം കാക്കുകയും ആരോഗ്യവും സൗന്ദര്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മാമ്പഴം കഴിച്ച് സുന്ദരികളും സുന്ദരന്മാരും ആവുക.
മാമ്പഴത്തിലെ കരോട്ടിനോയ്ഡ് കൾ കാഴ്ച മെച്ചപ്പെടുത്തുന്നു. ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ധാരാളം നാര് ഘടകങ്ങൾ ഉള്ളതിനാൽ അത് ദഹനം, മലശോധന എന്നിവ മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം കാക്കുകയും ചെയ്യുന്നു. മറ്റു പഴങ്ങൾ പോലെ തന്നെ മാമ്പഴവും ജ്യൂസ് ( നീര് ) ആക്കാതെ ചവച്ചരച്ചു കഴിക്കുന്നതാണ് ഉത്തമം.
പച്ച മാങ്ങ ഉപ്പും കൂട്ടി കഴിച്ചു ദാഹത്തിന് വെള്ളം കുടിച്ചവരുണ്ടാവും. അതുപോലെ ഉപ്പുമാങ്ങയും കടുമാങ്ങയും ഉപയോഗിച്ചിരുന്നു. അത്തരക്കാർ ഇന്നും നാട്ടിൻപുറങ്ങളിൽ ഉണ്ട്. അതൊക്കെയും ഓരോ ദേശത്തിന്റെ പ്രത്യേകതയും സംസ്കാരവുമാണ്.
മാങ്ങ (മാമ്പഴം ) യിൽ നിന്നും ധാരാളം വിഭവങ്ങൾ തയ്യാറാക്കുന്നു. മാങ്ങാച്ചമ്മന്തി, മാമ്പഴപുളിശ്ശേരി, കടുമാങ്ങ, കണ്ണിമാങ്ങ അച്ചാർ, കിച്ചടി, പച്ചടി, മാമ്പഴ ചോറ് എന്നു തുടങ്ങി ധാരാളം വിഭവങ്ങൾ . ഓരോ ദേശത്തിന്റെ സംസ്കാരത്തിനും രുചിഭേദങ്ങൾക്കും ശീലത്തിനും അനുസരിച്ച് വിഭവങ്ങൾ ഉണ്ടാക്കുന്നു.
മാമ്പഴക്കാലം കഴിഞ്ഞാൽ മാങ്ങ ഉപയോഗിക്കുന്നതിനായി അത് ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നു. ഇന്നത്തെപ്പോലെ രാസവസ്തുക്കൾ ഉപയോഗിച്ച് കാലങ്ങളോളം ഭക്ഷണം സൂക്ഷിക്കുന്ന ഏർപ്പാട് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നില്ല. അതിനാൽ അക്കാലത്ത് അന്തസ്സുള്ള മാരക രോഗങ്ങളും കുറവായിരുന്നു.
മാങ്ങ ഉപ്പിലിട്ടു (ഉപ്പുമാങ്ങ) സൂക്ഷിക്കാൻ വലിയ ചീനഭരണികൾ ഉണ്ടായിരുന്നു. ചില വീടുകളിൽ അത്തരം ഭരണികൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഉപ്പുമാങ്ങ സദ്യയിലെ ഒരു പ്രധാന ഇനമായിരുന്നു. ശാപ്പാട്ടു രാമൻമാരുടെ ഉപ്പുമാങ്ങ കഥകൾ ധാരാളം കേട്ടിരിക്കുന്നു. ഉപ്പുമാങ്ങയിൽ നിന്നും അനവധി വിഭവങ്ങൾ തയ്യാറാക്കാം.
മാമ്പഴക്കാലത്ത് മാവിൻ ചുവട്ടിൽ ധാരാളം മാങ്ങയണ്ടികൾ ഉണ്ടാകും. അത് ശേഖരിച്ച് ഉണക്കി തല്ലിപ്പൊട്ടിച്ചു പരിപ്പെടുത്ത് അരച്ച് അണ്ടിപ്പായസം ഉണ്ടാക്കിയിരുന്നു. പച്ചപരിഷ്കാരത്തിന്റെ മണമടിക്കാത്ത മാവും മാമ്പഴവും ഉള്ള നാട്ടിൻപുറങ്ങളിൽ ഇന്നും അത്തരം ഭക്ഷണങ്ങൾ ജനത്തിന് ശീലമാണ്. അതിനാൽ അവരെ കാത്ത് പുത്തൻ മാരക രോഗങ്ങളുടെ നീണ്ട ക്യൂവും വാതിലിന് പുറത്ത് കാണാനാവില്ല.
എല്ലാ മാമ്പഴത്തിനും പോഷകഗുണം ഏതാണ്ട് സമാനമാണ്. അതിനാൽ ദുരഭിമാന ത്തിൻറെ പേരിൽ വലിയ വില നൽകി മുന്തിയ ഇനം മാമ്പഴം വാങ്ങി കച്ചവട കുത്തകകളെ സഹായിക്കേണ്ടതില്ല.
വിലകൂടിയ ഉൽപ്പന്നത്തിന് ഗുണം കൂടുതൽ ഉണ്ട് എന്ന തെറ്റായ ധാരണ നമുക്കിടയിലുണ്ട്. വില കൂടുതൽ ഉൽപ്പന്നത്തിന്റെ ഡിമാൻഡും ആയി ബന്ധപ്പെട്ടും വരാം. ഉൽപ്പന്നം ആവശ്യത്തിന് കമ്പോളത്തിൽ എത്തിക്കാതെയും അതിൻറെ പരസ്യ പ്രചരണങ്ങളിലൂടെയും ഡിമാൻഡ് വർദ്ധിപ്പിക്കാവുന്നതാണ്.
വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങിക്കുക ഇക്കാലത്ത് ഒരു ഫാഷനും കൂടിയാണ്. ജനം അത്തരം ഉൽപ്പന്നങ്ങളുടെ പിറകെയാണ്. പണം കൈവശമില്ലായെങ്കിൽ ലോണെടുത്തും അവർ അത്തരം സാധനങ്ങൾ വാങ്ങിയിരിക്കും. ലോൺ അടക്കാനാവാതെ ആത്മഹത്യ ചെയ്യുവാനും അവർക്ക് മടിയുണ്ടാവില്ല.
മാംഗിഫെറ ഇൻഡിക്ക ( Mangifera indica) എന്നാണ് മാവിന്റെ ശാസ്ത്രനാമം. തെക്കൻ ഏഷ്യയാണ് ജന്മദേശം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px