ഗോപിനാഥറാവു പരലോകത്തു പോയിരിക്കുകയാണ്, ലിപി വായിക്കാൻ! – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ അങ്ങുമിങ്ങും വെയിലും മഴയുമേറ്റ് ചൊറിപിടിച്ചു നിൽക്കുന്ന മാർബിൾ ഫലകങ്ങൾ കാണാം. ഒരു കാലത്ത് കൊട്ടും മേളവുമായി സ്ഥാപിച്ച ശിലാഫലകങ്ങൾ! വി.ജെ.ടി ഹാളിനു മുന്നിലെ പട്ടം താണുപിള്ള പ്രതിമയ്ക്കരികിൽ അങ്ങനെ രണ്ടെണ്ണമുണ്ട്. അഞ്ചാറു കൊല്ലമേ ആയിട്ടുള്ളൂ സ്ഥാപിച്ചിട്ട്. ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ നേട്ടങ്ങൾ ഖാദിക്ക് നൽകിയതിനെപ്പറ്റി ശാസനം പുറപ്പെടുവിച്ചിരുന്നത്. അന്നിരുന്ന ഏതോ ഐ.എ.എസ്കാരന്റെ തലയിലുദിച്ച ബുദ്ധിയാവാം. ശിലാലിഖിതവ്യാജേന മലയാളത്തെ നാണിപ്പിക്കു മാറ് ഡിറ്റിപി എടുത്തൊട്ടിച്ച മാർബിൾ ഫലകം. അന്ന് കാഴ്ചയിൽ കൊത്തിനേക്കാൾ ഊക്കൻ എടുപ്പായിരുന്നു. ഭരണാധിപന്മാർ മരിച്ച് മഞ്ഞടിഞ്ഞാലും നൂറ്റാണ്ടുകൾ നിലനിൽക്കുമെന്ന് ആരോ കൊടുത്ത ആശയത്തിന്റെ അഴിമതിപ്പകർപ്പായി ലിപി ഇളകിപ്പോയ നല്ല മിനുസ ഫലകം ഗോഷ്ഠിയായി ഇപ്പോഴും അവിടെ കിടപ്പുണ്ട്. അന്നേ നല്ല കരിങ്കല്ലിൽ ഉളി കൊത്തി നാട്ടിയിരുന്നെങ്കിൽ അതിന്നും കിടക്കുമായിരുന്നില്ലേ! അതിന്റെ ചെലവ് എഴുതി വക കൊള്ളിച്ചായിരിക്കാം ശിലാഫലകഗോഷ്ഠി കാണിച്ചത്. ശിലകളിൽ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതിയ ശാസനങ്ങൾ ഇന്നും ഇന്ത്യ ഒട്ടാകെ കിടപ്പുണ്ട്. അവ പലതും ക്ഷമയോടെ വായിച്ച്‌ രേഖപ്പെടുത്തിയ ഒരു ഗവേഷകനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്: ഗോപിനാഥറാവു!

ആ ഒറ്റയാൾപ്പട്ടാളമാണ് ദക്ഷിണേന്ത്യ മുഴുവൻ ഓടി നടന്ന് ശാസന പരിശോധന നടത്തിയ വിദ്വാൻ. പഴയ “മോഡേൺ റിവ്യു”വിലും “ചെന്തമിഴി”ലും തുടർച്ചയായി ലേഖന – പഠനങ്ങൾ എഴുതിയ ഗോപിനാഥറാവുവിനെ എങ്ങനെ മറക്കാൻ! അശോകന്റെ കാലം മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ നമ്മുടെ നാട്ടിൽ പ്രചരിച്ചിട്ടുള്ള ലിപികളുടെ ചാർട്ടുകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. തേഞ്ഞുമാഞ്ഞു പോയ ശിലാശാസനങ്ങൾ വായിക്കാനും അവയുടെ കാലം നിർണ്ണയിക്കാനും റാവുവിനുണ്ടായിരുന്ന പാടവം വി.ആർ.പരമേശ്വരൻ പിള്ളയെപ്പോലുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് ഹസ്തലിഖിതവിദ്യാശാസ്ത്രത്തിലുള്ള താത്പര്യം പ്രകടമാക്കുന്ന ചില ലേഖനങ്ങൾ ഈ അടുത്ത കാലത്തായി “വിജ്ഞാനകൈരളി”യിൽ  തുടർച്ചയായി വന്നു കാണുന്നു. പുതിയ തലമുറ ശിലാ ലിഖിതങ്ങളിലല്ലെങ്കിലും ഹസ്തലിഖിതരേഖകളിലേക്ക് പതിഞ്ഞിറങ്ങുന്നതിന്റെ സൂചനയാണിത്. ഈ മേഖലയിൽ പുസ്തകങ്ങളും വന്നിട്ട് കാലം ഏറെയായി.

“പ്രതിമാലക്ഷണ ശാസ്ത്രം” എന്നൊരു പുസ്തകമുണ്ട്. ഗോപിനാഥറാവു എഴുതിയതാണീ ഗ്രന്ഥം. ആരാണീ ഗോപിനാഥറാവു?

1902 ൽ തിരുവിതാംകൂർ ശിലാശാസനവകുപ്പ് പുനസംഘടിപ്പിച്ചപ്പോൾ അതിന്റെ മേലധികാരിയായിരുന്നു ഗോപിനാഥറാവു. അദ്ദേഹത്തെ കണ്ടു കൊണ്ടു തന്നെയാണ് അങ്ങനെ ഒരു വകുപ്പുണ്ടാക്കിയതു തന്നെ. കോഴിക്കോട് മാനവിക്രമ ഏട്ടൻ തമ്പുരാൻ, കേരള വർമ്മ വലിയകോയിത്തമ്പുരാന് കത്തും കൊടുത്ത് പറഞ്ഞയച്ചതാണ് റാവുവിനെ!

മനോന്മണീയം പ്രൊ.പി. സുന്ദരം പിള്ള അകാലചരമം പ്രാപിച്ചപ്പോൾ ചരിത്രാന്വേഷണം അവതാളത്തിലായി. അപ്പോഴാണ് റാവുവിന്റെ വരവ്. പിന്നെ ചിരിത്രം രണ്ടായി വഴി പിരിഞ്ഞു. ശിലാസന വകുപ്പ് നിലവിൽ വന്നു. “തിരുവിതാംകൂർ ശിലാശാസന ഗ്രന്ഥാവലി” എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചു.

ടിപ്പു സുൽത്താൻ അടിച്ചു തകർത്ത തൃക്കാക്കര മുതലായ പുണ്യ ക്ഷേത്രങ്ങളെ പൂർവ്വസ്ഥിതിയിൽ പണിയാൻ തിരുവിതാംകൂർ രാജാക്കന്മാരെ നിരന്തരം പ്രേരിപ്പിച്ചു. വൈഷ്ണവചരിത്രത്തെപ്പറ്റി റാവുവിന്റെ ഒരു പ്രസംഗപരമ്പര തന്നെയുണ്ട്; മദ്രാസ് യൂണിവേഴ്സിറ്റിയിൽ നടത്തിയതാണ്. പല്ലവ ചരിത്ര ഗവേഷണം നടത്തിയ ജൂവേ സുബ്രേസായ്പിനെ വരെ മലർത്തിയടിച്ചവനാണ് ഗോപിനാഥ റാവു. ഒടുവിൽ മണി കെട്ടിയ സായ്പന്മാർ പോലും റാവുവിന്റെ വീട്ടിനുമുന്നിൽ കൊച്ചു വെളുപ്പാൻ കാലത്തേ വന്ന് കാത്തു കെട്ടിക്കിടപ്പായി.

1872 ൽ തുറയൂരിൽ നിന്ന് ശ്രീരംഗത്തുവന്ന മഹാരാഷ്ട്ര ബ്രാഹ്മണകുലത്തിലാണ് റാവുവിന്റെ ജനനം. ചോഴമണ്ഡലത്തിൽ. കൈനിറയെ പണം.
 27-ാം വയസ്സിൽ തൃശിനാപ്പള്ളി കോളജിൽ പഠിച്ച്, കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദം നേടി ദക്ഷിണേന്ത്യ മുഴുവൻ ചുറ്റി ശിലാലിഖിതങ്ങൾ തേടി നടപ്പായിരുന്നു പണി. റാവു നല്ല ചിത്രകാരനുമായിരുന്നു. സന്ദർശിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെയെല്ലാം വിഗ്രഹങ്ങൾ ഒറ്റ നോട്ടത്തിൽ വരയ്ക്കും.

തിരുവിതാം കൂറിൽ ശിലാലിഖിത മേധാവിയായി ഗോപിനാഥറാവുവിനെപ്പിടിച്ചിരുത്തിയെങ്കിലും അവിടെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന ആളാണോ പുള്ളി! ശിലാലിഖിതങ്ങൾ അന്വേഷിച്ചു പോകും. മേധാവിയായി കസേരയിലങ്ങനെ അള്ളിപ്പിടിച്ചിരുന്നില്ല. ഗവേഷകനായി ഒരു നാൾ പുറപ്പെട്ടങ്ങു പോയി. പിന്നെ പൊങ്ങിയതു മദ്രാസിൽ. ഇപ്പോഴും മദ്രാസ് മ്യൂസ്യത്തിൽ, ടി.എ.ഗോപിനാഥറാവുവിന് പഠിക്കുന്ന കാലത്ത് വരച്ച ചിത്രം കണ്ട് ഒരു കലാസമിതിക്കാർ കൊടുത്ത സ്വർണ്ണപ്പതക്കം വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അദ്ദേഹം വരച്ച ചിത്രവും.

നാല്പത്തിയേഴാം വയസ്സിൽ, 1919 ൽ പരലോകത്തേക്ക് ലിപി വായിക്കാൻ പോയതാണ് പിന്നെ മടങ്ങിവന്നില്ലെന്നു മാത്രമല്ല അദ്ദേഹത്തെ കേരളത്തിലെ പുരാലിഖിതവകുപ്പു പോലും മറന്ന മട്ടാണ്. ഗോപിനാഥറാവുവിന്റെ ഒരു ഫോട്ടോയെങ്കിലും അവിടെ തൂക്കിയിട്ടുണ്ടോ ആവോ!

About The Author

Leave a Reply

Your email address will not be published. Required fields are marked *