കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ, അതിവേഗം ബഹുദൂരം, ഒപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമാണ് ഇന്നത്തെ ലോകം. പക്ഷെ എല്ലാവരിലേക്കും എല്ലാത്തിലേക്കും എത്താനോ ഒപ്പമല്ലെങ്കിലും സമീപത്തെങ്കിലുമെത്താനോ ആർക്കും സാധിക്കുന്നില്ല. ചിലപ്പോൾ അത്യാവശ്യങ്ങൾ പോലും അവഗണനയുടെ പാഴ്ക്കൂടുകളിലേക്ക് വലിച്ചെറിയപ്പെടുന്നു. അവഗണനയുടെ കയ്പ് അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുകയും ഒറ്റപ്പെടുന്നവരുടെ സംഖ്യ വർധിക്കുകയുമല്ലാതെ ഒന്നിനും വേഗതയുമില്ല, ഒപ്പത്തിനൊപ്പം ഉണ്ടാകുന്നുമില്ല. അതിവേഗത്തിൽ ബഹുദൂരത്തിലേക്ക് ഒറ്റപ്പെടുത്തി അകത്തി കൊണ്ടിരിക്കയാണ്. എല്ലാ തലങ്ങളിലും ഈ പ്രതിഭാസം കാണാം. ഭരണതലങ്ങളിൽ, ഉദ്യോഗസ്ഥ തലങ്ങളിൽ, സാമൂഹിക മേഖലകളിൽ, ആധ്യാത്മിക തലങ്ങളിൽ, സാഹിത്യ- സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ, കുടുംബ തലങ്ങളിൽ അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും. ഈ തിരക്കുകളൊക്കെ പലപ്പോഴും സഹായം തേടി വരുന്നവരെ പറഞ്ഞു വിടാനുള്ള തിരക്കിന്റെ മറുപടികളല്ലേ ? ഞാനും നിങ്ങളും ഇതിൽ നിന്നും മുക്തരല്ലെന്ന് ഓർക്കണേ . ഈ പറഞ്ഞുവിടൽ സംസ്കാരത്തിന്റെആൾരൂപങ്ങളല്ലേ നാമും ? ജോസ് ക്ലെമന്റ്









