നമ്മുടെ ഈ ജീവിതത്തിൽ തെറ്റുധരിക്കപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല.മനസ്സിൽ പോലും ചിന്തിക്കാത്തതും സ്വപ്നേപി കാണാത്തതുമായ കാര്യങ്ങൾക്കു വരെ നാം തെറ്റുധരിക്കപ്പെട്ടിട്ടുണ്ടാകും. ഇപ്പോഴും അത് തുടരുന്നുമുണ്ടാകും. നന്മയുടെ പക്ഷം ചേർന്നതിന്റെ പേരിൽ നീതി പീഠങ്ങളിലേക്കും ഒടുവിൽ മരണത്തിലേക്കും വരെ വലിച്ചെറിയപ്പെട്ട ഒത്തിരി പേർ നമ്മുടെ കൺമുന്നിലുണ്ട്. അകാരണമായി തൂക്കുമരത്തിലേറ്റിയ ബഞ്ചമിൻ മൊളോയിസ് , തത്ത്വജ്ഞാനിയായ സോക്രട്ടീസ്, ഒടുവിൽ സ്റ്റാൻ സ്വാമി വരെ ആ പട്ടിക നീളുന്നുണ്ട്. ഏഥൻസിലെ തെരുവിൽ കൂടെ നട്ടുച്ചയ്ക്ക് കത്തിച്ച വിളക്കുമായി നടന്ന ഡയോജനിസ് യഥാർഥ മനുഷ്യനെ തേടുകയായിരുന്നില്ലേ? ഭ്രാന്തനെന്നു തെറ്റുധരിക്കപ്പെട്ട് സമൂഹം അദ്ദേഹത്തോട് ചെയ്തത് എത്രയോ വലിയ ക്രൂരതയാണ്. നമ്മുടെ നിലവിളികളും കുമ്പസാരവും ആരുടേയും മനസ്സിൽ ഒരനുരണവും സൃഷ്ടിക്കപ്പെടാതിരിക്കുമ്പോൾ നാമും മാനസികമായി പ്രക്ഷുബ്ധരാകും. അപ്പോൾ നാം സ്വയം നീതികരിക്കാൻ ശ്രമിക്കരുത്. കാരണം, അത് നമ്മെ കൂടുതൽ അപഹാസ്യരാക്കുകയേയുള്ളൂ. ഇത്തരം അവസരങ്ങളെ ക്ഷമയോടെ, തൻ മയത്വത്തോടെ നേരിടാൻ പരിശ്രമിക്കുക. ജോസ് ക്ലെമന്റ്










