പുസ്തക വായനയിൽ എന്റെ താവളം ഞങ്ങളുടെ ലൈബ്രറി ആയിരുന്നു…
ഞാൻ ബിരുദത്തിന് പഠിക്കുമ്പോൾ
എന്റെ വീടിന് തൊട്ടടുത്തുള്ള നാഷ്ണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ലൈബ്രേറിയൻ ഞാനായിരുന്നു…
പുസ്തക വായന ഭ്രാന്തായി മാറിയ കാലം…
കണ്ടതും കിട്ടിയതും
കിട്ടാത്തത് തേടിപ്പിടിച്ചും വായിച്ചിരുന്ന പ്രായം…
കഥയുടേയും കവിതയുടേയും അതിർവരമ്പുകൾ കാണാനാവാത്ത വിധം ഭാഷ പൂത്തിറങ്ങുന്ന ശൈലിയിൽ
എം.ടി എഴുതിയതെല്ലാം വായിച്ചു തീർക്കാൻ അവസരം കിട്ടിയ സുവർണ്ണ കാലം…
എം.ടിയുടെ രചനകൾ വായിക്കുമ്പോൾ വരികളിലൂടെ
അക്ഷരങ്ങൾ നൃത്തം ചെയ്യുന്നതായാണ് അനുഭവപ്പെടുന്നത്…
കാല്പനിക റിയലിസത്തിന്റെ മലയാളത്തിലെ ശക്തമായ മാതൃകയാണ് എം.ടിയുടെ എഴുത്തുകൾ…
കീഴ് വഴക്കങ്ങളെ ലംഘിക്കുന്നവരുടെ ധിക്കാരകഥകൾ രേഖപ്പെടുത്തിയ എം.ടിയുടെ ചില രചനകളിൽ
ആത്മവിശ്വാസത്തിന്റെ കരുത്തുണ്ടെങ്കിലും സത്യത്തിന്റെ സൗന്ദര്യം കുറവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
എം.ടി എഴുതിയതു കൊണ്ട് വളച്ചൊടിച്ച ചില സത്യങ്ങളെ നേരാണെന്ന് ചിന്തിക്കാൻ കഴിയില്ലല്ലോ…
എന്നാലും…,
എം.ടിയുടെ നോവലുകളുള്ള
കലാകൗമുദിയും മാതൃഭൂമി ആഴ്ചപ്പതിപ്പും കാത്തിരുന്ന നാളുകൾ…
പത്രങ്ങളിൽ വന്നിരുന്ന എം.ടിയുടെ ലേഖനങ്ങൾ ആവേശത്തോടെ വായിച്ചിരുന്ന നാളുകൾ…
പത്രങ്ങളുടെ
ഓണപതിപ്പുകളിൽ ആദ്യം എം.ടിയുടെ എഴുത്തുകളെ തിരഞ്ഞിരുന്ന നാളുകൾ…
എം.ടി എഴുതിയ തിരക്കഥകൾ ആദ്യത്തെ ദിവസം തന്നെ കാണാനായി തീയേറ്ററിൽ കാത്തിരുന്ന നാളുകൾ…
ഇതൊക്കെ എം.ടി സമ്മാനിച്ച സന്തോഷങ്ങളാണ്…
ഇന്നും ടെലിവിഷനിൽ എം.ടിയുടെ ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന സിനിമ കാണുമ്പോൾ നിസഹായനായി കിടക്കുന്ന ബാലൻ.കെ.നായർ ഓരോ മനുഷ്യനും നൽകുന്ന ഒരു ഓർമ്മപ്പെടുത്തലായാണ് അനുഭവപ്പെടുന്നത്…
എഴുത്തിന്റെ ലോകത്ത്
എന്നും എക്കാലവും മലയാളിക്ക് ഓർമ്മിക്കാനുള്ള രണ്ട് അക്ഷരങ്ങളാണ് “എം.ടി…”
ബഹുമാനപ്പെട്ട എം.ടി.വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേരുന്നു…………………………………………..
____ഉല്ലാസ് ശ്രീധർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏










