ഇപ്പോൾ രാജാറാം മോഹൻ റോയ് ജീവിക്കുന്നത് ലൈബ്രറി പ്രസ്ഥാനത്തിലൂടെയാണ്. ലൈബ്രറി കൗൺസിലിന് പ്രിയപ്പെട്ട പേരാണ് രാജാറാം മോഹൻ റോയ്. എല്ലാവർഷവും പുസ്തകം വാങ്ങാൻ ഗ്രാന്റ് നൽകുക മാത്രമോ ഗ്രന്ഥശാലകൾക്ക് പണം എണ്ണിക്കൊടുത്ത് പുസ്തകം സൗജന്യമായി ലൈബ്രറികൾക്കു വിതരണം ചെയ്യുന്ന പദ്ധതിയും രാജാറാം മോഹൻ റോയ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്.
RRLF എന്നാണ് അതിന്റെ ചുരുക്കപ്പേര്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫണ്ട്! കൽക്കട്ടയിലാണ് ഇതിന്റെ ആസ്ഥാനം. പലവിധ പദ്ധതികൾ അവർക്കുണ്ട്. അതാത് സംസ്ഥാനങ്ങൾക്ക് ഫണ്ട് കൊടുത്ത് സംസ്ഥാനത്തെക്കൊണ്ട് ചെയ്യിക്കുന്ന പരിപാടിയാണിത്. രണ്ടുവർഷമായി കാലത്തിനും നേരത്തിനും മലയാള പുസ്തകങ്ങൾ എടുക്കാതെ ഫണ്ടു കളഞ്ഞോ ആവോ! അങ്ങനെ ലാപ്സാക്കിക്കളയുന്നവരല്ല സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. ഭരണ സാരഥ്യം വഹിക്കുന്ന വി.കെ. മധു, പിണറായിക്കഹിതനാണെങ്കിലും കാര്യക്ഷമതയുള്ളൊരു സഖാവാണ്! ഇപ്പോഴത്തെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്. അല്ലെങ്കിൽ ഇത്തവണ ഓടിച്ചിട്ട് മാർച്ച് മാസം ഒടുവിൽത്തന്നെ 300 പുസ്തകം വീതം പ്രസാധകരിൽ നിന്ന് വാങ്ങുമായിരുന്നോ? ഒരു വിദഗ്ദ്ധ സമിതി നേരത്തേ തെരഞ്ഞെടുത്തു വച്ച പുസ്തകങ്ങൾ, 35% കമ്മീഷൻ കിഴിച്ച്. ഓടിച്ചിട്ട് ഫണ്ട് ലാപ്സാക്കാതിരിക്കാൻ വേണ്ടി പതിമൂന്നാം മണിക്കൂറിൽ ചെയ്തതായിരുന്നു. എന്തായാലും തൂറാൻ നേരത്ത് ചന്തിയന്വേഷിക്കുന്ന ഒരു പരിപാടിയായിപ്പോയി ആ പുസ്തകമെടുപ്പ് എന്ന് ദോഷൈകദൃക്കുകൾക്ക് കുറ്റപ്പെടുത്താം. എന്നാലും സംഗതി ജോറായി.
മുമ്പ് പലപ്പോഴും നൂറ് പുസ്തകം വീതമാണ് ഓരോ പ്രസാധകന്മാരിൽ നിന്നും എടുക്കാറുണ്ടായിരുന്നത്. അതിനു കാരണം പ്രസാധകന്മാരുടെ ബാഹുല്യമാണ്. മാത്രമല്ല രാജാറാം മോഹൻ റായി ലൈബ്രറി ഫണ്ടിന്റെ സാദ്ധ്യതാവരിശ് അറിയാവുന്ന കോളേജ് വാദ്ധ്യാന്മാരുവരെ സ്വന്തം നിലയിൽ പുസ്തകം അച്ചടിച്ച് RRLF ൽ ചവിട്ടിക്കേറ്റാൻ കാത്തിരിക്കാറുണ്ടായിരുന്നു. അങ്ങനെ നാല് കൊല്ലത്തിനു മുമ്പ് അടിച്ചു കിടപ്പുമുറിയിൽ വച്ചിരുന്ന പുസ്തകങ്ങൾ ഭാര്യയുടെ ചീത്ത കേട്ടുകേട്ടു മടുത്ത് വിതരണക്കാർക്ക് കടലാസ്സ് വിലക്ക് തൂക്കിക്കൊടുത്ത ഒരു കോളേജ് പ്രൊഫസ്സറെ ഈയുള്ളവനറിയാം. പേരു പുറത്തു പറഞ്ഞു നാറ്റിക്കുന്നില്ല.
ചില വേന്ദ്രന്മാർ രാജാറാം മോഹൻ റായിയുടെ ആസ്ഥാനം തിരക്കിപ്പിടിച്ച് കൽക്കട്ടയ്ക്ക് വണ്ടി കയറിപ്പോയതുമറിയാം. ആയിരം കോപ്പി വീതം ഇംഗ്ലീഷിലും ഹിന്ദിയിലും പുസ്തകങ്ങൾ അവർ നേരിട്ട് വാങ്ങാറുണ്ട്. അത് മണത്തറിഞ്ഞിട്ടാണ് പോയത്. കൽക്കട്ടയിൽ പോയി കറങ്ങിയാലറിയാം. ഡൽഹി വഴിയാണ് പരിപാടികൾ നടക്കുക. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഹിന്ദി എഴുത്തുകാർ തെളിഞ്ഞു നടക്കുന്നത്. മലയാളത്തിന്റെ പത്തിരട്ടി പുസ്തകങ്ങൾ അവർ പല ഭാഷകളിൽ നിന്ന് എടുക്കുന്നുണ്ട് എന്നു പറയുമ്പോൾ സംഗതിയുടെ കിടപ്പ് മനസ്സിലായിക്കാണുമല്ലോ.
രാജാറാം മോഹൻ റായിയുടെ മറ്റൊരേർപ്പാട് ISBN കൊടുക്കുക എന്നതാണ്. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ എന്നാൽ ബാർകോഡിൽ പുസ്തകത്തിന്റെ പതിമൂന്നക്ക നമ്പരുണ്ടാകും. അതിൽ സ്ക്കാനറടിച്ചാൽ പുസ്തകത്തിന്റെ ജാതകം വരെ കിട്ടും. 1970 ലാണ് രാജാറാം മോഹൻറായ് ഈ പരിപാടി തുടങ്ങിയത്. 2001 വരെ ആവശ്യക്കാർക്കെല്ലാം എത്ര നമ്പർ വേണമെങ്കിലും അയച്ചു കൊടുക്കുമായിരുന്നു. പിന്നീട് അതൊരു കച്ചവടമായപ്പോൾ ഒന്നു പിടിമുറുക്കി. 2010 മുതൽ രജിസ്റ്റർ ചെയ്ത പ്രസാധന ശാലകൾക്കേ നമ്പർ കിട്ടുകയുള്ളൂ എന്നായി. മാത്രമല്ല പുസ്തകത്തിന്റെ കവറും ഉള്ളടക്കവുമൊക്കെ കൊടുക്കണമെന്നുമായി. നമ്പറും വാങ്ങി സർക്കാരിനെ പാരവച്ചാലോ. പത്തു കൊല്ലം കഴിഞ്ഞപ്പോൾ രാജാറാം മോഹൻ റോയിയുടെ മസിലു പിടുത്തം തീർന്നു. സർക്കാരിനെതിരെ ടാങ്ക് വക്കാൻ വേറെ വഴികളുണ്ടെന്നു കണ്ടപ്പോൾ പ്ലേറ്റ് മാറ്റി. ഇപ്പോൾ എത്ര നമ്പരു വേണമെന്നാണ് യന്ത്രം ചോദിക്കുന്നത്. നീയൊക്കെ കൊണ്ടുപോയി ചുട്ടുതിന്നോ! എന്ന മട്ടിലാണ് ISBN വിതരണം. ചില കോളേജ് അദ്ധ്യാപകർ സ്ഥാനക്കയറ്റത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് പത്തു കോപ്പി POD യിൽ അച്ചടിപ്പിച്ച് സ്വന്തം വീട്ടു പേരിൽ ഒരു പ്രസാധനശാലയുടെ രജിസ്റ്റർ നമ്പരും വാങ്ങി ISBN എടുക്കുന്ന ഏർപ്പാട് ഇന്ന് വ്യാപകമാണ്. അതും ഈ രാജാറാം മോഹൻ റായിയാണ് കൊടുക്കുന്നത്. അങ്ങനെ യുജിസിയുടെ കണ്ണു വെട്ടിക്കാനിറക്കുന്ന പുസ്തകങ്ങൾ ദൈവം തമ്പുരാനു പോലും പിന്നെ കാണാൻ കഴിയില്ല.
ഇടക്കിടെ fb യിൽ ജോൺ മത്തായി എന്നൊരു കോപ്പനെഴുതുമായിരുന്നു, പരുന്നഭോജികളായ പ്രസാധകർ എന്ന്. വാശിക്ക് വളിവിട്ടു യോഗ്യരാകുന്നവരെപ്പറ്റി കടമ്മനിട്ട എഴുതിയ ഇനത്തിൽപ്പെട്ടവനാണവനെന്നു തോന്നുന്നു. ഇപ്പോഴും ജോൺ മത്തായി വിചിരിച്ചിരിക്കുന്നത് പുസ്തകം വിറ്റ് പ്രസാധകർ കാശു വാരുന്നുവെന്നാണ്.
ഇനി ഇതാ ആഗസ്റ്റ് മാസം മുതൽ പുസ്തകോത്സവം വരാൻ പോകുന്നു. പൊക്രാനും റഷ്യയും തമ്മിലുള്ള അടിയുടെ പതിനാറടിയന്തരത്തിനു ശേഷം കടലാസ്സ് കിട്ടാനില്ല. കിട്ടുന്ന കടലാസ്സിന് തീവിലയും. കിലോക്ക് 86 രൂപയായിരുന്നത് 128 രൂപയായി. എന്നാലും ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച് പുസ്തകം അച്ചടിക്കാൻ ചെറുകിട പ്രസാധകർ നെട്ടോട്ടമാണ്. എന്നിട്ടോ? ക്ഷേത്ര നഗരിയിലെ ഭിക്ഷാടകരായി പ്രധാന പ്രതിഷ്ഠകൾക്ക് അകമ്പടി സേവിച്ചു കൊണ്ട് “അമ്മാ വല്ലതും തരണേ, ചേട്ടാ ഞങ്ങളെക്കൂടി ശ്രദ്ധിക്കണേ” എന്ന് എട്ടരക്കട്ടയിൽ കൈ നീട്ടി വരിവച്ചു നില്ക്കുന്ന കാഴ്ച നിങ്ങൾക്ക് ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവങ്ങളിൽ കാണാം. ദയനീയമാണത്. ഗതികേടു കൊണ്ട് സംഭവിക്കുന്നത് എന്തു കൊണ്ടാണെന്ന് നേരത്തെ ഒരു കുറിപ്പിൽ ഈയുള്ളവർ എഴുതിയിരുന്നല്ലോ!
ഊതി വീർപ്പിച്ച നെഞ്ചുമായി മേളയിൽ എൺപതിനായിരത്തി നാല്പത്തെട്ടു രൂപ അറുപത് പൈസ വിറ്റുവരവ് കിട്ടി എന്നു വീമ്പിളക്കുന്നവരുമുണ്ട്. കണക്കപ്പിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും എന്നൊരു ശൈലി ആരോ ചമച്ചതു ലൈബ്രറി കൗൺസിൽ മേളകളെ ഉദ്ദേശിച്ചവണം! ആത്മഹത്യയിലേക്കല്ലേ പുസ്തകോത്സവങ്ങൾ പോകുന്നത്?
മാതൃകാപരമായി നടന്നുകൊണ്ടിരുന്ന “വായനയുടെ വസന്തം” എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തവിതരണ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കോത്താഴത്തെ ഒരു വിദ്യാഭ്യാസ ഡയക്ടർ വന്ന് “വിദ്യാരംഗം” പോലും വേയ്സ്റ്റല്ലേ എന്നു ചോദിക്കുമ്പോൾ വായനയുടെ മഹാകാശമായ പിജിയുടെ മരുമകൻ വിദ്യാഭ്യാസ മന്ത്രിയായി സംസ്ഥാനത്തിരിക്കുന്നത് ഭൂഷണമോ? പുസ്തകങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ലവനെയൊക്കെ ഐ.എ.എസ്സോടെ പറപ്പിക്കേണ്ടതല്ലേ? ഇപ്പോഴത്തെ ശിവൻകുട്ടി മന്ത്രിയ്ക്കതിനു കഴിയും.
നല്ല മൈലേജായിരുന്നു വായനയുടെ വസന്തം വഴി പൊതു വിദ്യാഭ്യാസവകുപ്പിന് കിട്ടിയിരുന്നത്. സർക്കാരിനും! അതാണ് കളഞ്ഞു കുളിച്ചിരിക്കുന്നത്. അതോ പണമില്ലാഞ്ഞിട്ട് നിർത്തിയതോ?
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും എഴുത്തുകാർ സ്വന്തം പുസ്തകത്തിന്റെ കവർ പ്രകാശനം സൂപ്പർ സ്റ്റാറുകളെ വച്ച് തകൃതിയായി നടത്തിക്കൊണ്ടുമിരിക്കുന്നു. പതപ്പിച്ചു പതപ്പിച്ച് പതയായിത്തീരുകയാണ് പുസ്തകങ്ങൾ!
നമുക്ക് രാജാറാം മോഹൻ റോയിയിലേക്ക് വരാം. രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം മതി അദ്ദേഹത്തിന് ഇന്ത്യാ ചരിത്രത്തിൽ സ്ഥാനം നേടാൻ. പാവം അറുപത്തൊന്ന് വയസ്സു വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
ഏതാണ്ട് ഇരുന്നൂറു വർഷം തികയുന്നതിനുമുമ്പ് 1829 ൽ ബംഗാളിൽ മാത്രം 650 ഹിന്ദു വിധവകളെയാണ് ഭർത്താക്കന്മാരുടെ മൃതശരീരം ചിതയിൽ വച്ച ശേഷം ഭാര്യയെ പച്ചക്ക് ആ ശരീരത്തോട് ചേർത്ത് കെട്ടി അതിനു മേൽ വിറകു കൂട്ടി തീ വച്ചു ദഹിപ്പിച്ചത്. സതി! 1829 ൽ രാജാ റാം മോഹൻ റായും ഗവർണർ ജനറൽ വില്യം ബന്റിക്കുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഗവണ്മന്റ് നിയമം മൂലം സതി നിർത്തലാക്കിയത്.
റായ്യുടെ മറ്റൊരു വിപ്ലവം ബ്രഹ്സമാജത്തിന്റെ സ്ഥാപനമാണ്. ടാഗോറിന്റെ “ഗോറ” വായിച്ചാൽ അത് ബോദ്ധ്യമാവും. നവീന വിദ്യാഭ്യാസത്തിലൂടെ സ്ത്രീ മുന്നേറ്റം ബംഗാളിലാണ് ആരംഭിച്ചത്. ചില്ലറക്കാര്യം വല്ലതുമാണോ സ്ത്രീ സ്വാതന്ത്ര്യം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആളായിരുന്നു അദ്ദേഹം. അതിലൂടെ സ്വാതന്ത്ര്യം നേടാൻ ഇംഗ്ലീഷുകാരുടെ തോളത്തു കയ്യിട്ടു നടന്നു. ഇടക്കിടക്കിട്ട് ലവന്മാരെ കുത്തുകയും ചെയ്യുമായിരുന്നു. ആരംഭത്തിൽ തോളിൽകയ്യിട്ടു നടന്നതു ശരി. ഗാന്ധിജി രംഗപ്രവേശം ചെയ്തപ്പോൾ സംഗതി മാറിയില്ലേ! കടുവയെ കിടുവ പിടിച്ചു.
ഇന്ന് ബ്രഹ്മസമാജമില്ല. ഇര, “അതിജീവിത”യായി മാറിയതു മാത്രം മിച്ചം. പെണ്ണിന്റെ ഗതി അധോഗതിയായി തുടരുകയാണ്. പാതിരാത്രി തൊണ്ടി മുതൽ മൊബൈലിലിട്ട് കണ്ടതെല്ലാം ഹാഷ് ടാഗിൽ തെളിഞ്ഞില്ലേ? മള്ളൂരും ആയിരം രൂപയുമുള്ളത് ആളൂരും ഒരു കോടിയും എന്നാക്കിയാൽ നിങ്ങൾക്ക് ആരേയും ബലാൽക്കാരം ചെയ്യാമെന്ന സ്ഥിതിയല്ലേ? വക്കീല് പുഷ്പം പോലെ ഇറക്കിക്കൊണ്ടു വരുമല്ലോ. ഇന്ത്യൻ സ്ത്രീത്വം ഇന്ന് “ഒണ്ടാക്ക”ലിന്റെ വക്കിൽ എത്തി നിന്നിട്ടും കമാന്ന് ഒരക്ഷരം നമ്മുടെ സ്ത്രീകൾ ഉരിയാടുന്നുണ്ടോ! പ്രശ്നങ്ങളൊന്നൊന്നായി തുറന്നു വിടുമ്പോഴും മാനത്ത് പെയ്യുന്ന മഴയുടെ കാര്യം പറഞ്ഞ് പരിഹസിക്കുന്ന ഭരണാധിപൻ കോമാളിക്കളികളിക്കുന്നതു കാണാനാണല്ലോ ദൈവമേ കേരള ജനതയുടെ വിധി !
രാജാറാം മോഹൻ റോയ് സ്വർഗ്ഗത്തിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടാവും. അദ്ദേഹമെങ്ങാൻ ഇങ്ങോട്ട് ഇറങ്ങി വന്നാൽ ഇനി നവോത്ഥാന നായകന്മാരായി ഞെളിഞ്ഞു നടക്കുന്നവന്മാരെയും പുസ്തകങ്ങളുടെ ഇടയിലിട്ട് ദഹിപ്പിക്കുമോ എന്നാണെന്റെ സന്ദേഹം!












