പരുപരുത്ത കാഠിന്യമുള്ള ശിലകളെ പണിയായുധങ്ങൾകൊണ്ട് ചെത്തിമിനുക്കി മനോഹര ശില്പങ്ങൾ ഉണ്ടാക്കുന്നതു പോലെ നമ്മുടെ ജീവിതത്തെ ദുഃഖങ്ങളിലൂടെയും പ്രശ്ന പ്രതിസന്ധികളിലൂടെയും കടത്തിവിട്ട് മിനുസപ്പെടുത്തി സന്തോഷത്തിന്റെ പുതുലോകത്തെത്തിക്കുന്ന ശില്പങ്ങളാക്കി മാറ്റണം. കടലിലെ തിരമാലകൾ പോലെ ആർത്തിരമ്പിയെത്തുന്ന ജീവിത പ്രശ്നങ്ങളെ പ്രത്യാശയുടെയും ആശ്രയബോധത്തിന്റെയും ബലത്തിൽ നാം തരണം ചെയ്യണം. ജീവിതം ജീവിക്കാനുള്ളതാണെന്ന തികഞ്ഞ യാഥാർഥ്യ ബോധത്തിൽ ജീവിക്കുക. ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് തികഞ്ഞ മണ്ടത്തരമാണ്. ആത്മഹത്യയും ഒളിച്ചോട്ടവും ഒന്നിനും പരിഹാരമല്ലെന്ന ബോധ്യം നമുക്കുണ്ടാകണം. സുഖദു:ഖങ്ങളെ ഒരേ മനസ്സോടെ ഉൾക്കൊള്ളാൻ ശീലിക്കണം. പനിനീർ പൂവുകൾക്കായി പലവട്ടം നിന്നെ വാഴ്ത്തി, കണ്ണീർ പൂവുകൾക്കായി ഒരു വട്ടം പാടിയില്ല എന്നത് ഒരു വൈരുധ്യമാണെന്ന് ഓർക്കുക. ജീവിതത്തിലെ സുഖ ദുഃഖങ്ങളെ ഈ തിരിച്ചറിവോടെ കാണാൻ കഴിയണം.









