സംഗീതത്തിന്റെ സാമൂഹ്യവീക്ഷണം – അഡ്വ.പാവുമ്പ സഹദേവൻ

Facebook
Twitter
WhatsApp
Email

ഏതൊരു കലയെയും സാഹിത്യത്തെയും സംഗീതത്തെയും ചിത്രകലയെയും ശാസ്ത്രത്തെയും തത്ത്വശാസ്ത്രത്തെയും സംബന്ധിച്ചായാലും കർക്കശമായ നിയമങ്ങളിലും ചിട്ടവട്ടങ്ങളിലും വ്യാകരണങ്ങളിലും കടിച്ചുതൂങ്ങുന്ന കലാസാഹിത്യ സംഗീത പ്രസ്ഥാനങ്ങൾക്ക് പിന്നീട് അധികം മുമ്പോട്ട് പോകാൻ കഴിയില്ല എന്നത് ഒരു ശക്തമായ പൊതുനിയമംതന്നെയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഭാരതം, കലയിലും സാഹിത്യത്തിലും സംഗീതത്തിലും ശാസ്ത്രത്തിലും ദർശനത്തിലും കൈവരിച്ച നേട്ടങ്ങൾ, പിന്നീട് അതിന്റെ തുടർച്ചയിലൂടെയും വികാസത്തിലൂടെയും അധികം മുമ്പോട്ട് കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു . എന്നാൽ നമ്മുടെ ആ സുവർണ്ണ കാലഘട്ടത്തിൽ , ഈ മേഖലയിൽ ഒന്നുമല്ലാതിരുന്ന പശ്ചാത്യ രാജ്യങ്ങൾ പിന്നീട് അവരുടെ നവോത്ഥാന ചരിത്ര കാലഘട്ടത്തോടെ, ടി കലയിലും നാടകത്തിലും ശാസ്ത്രത്തിലും സംഗീതത്തിലും തത്ത്വചിന്തയിലും കൈവരിച്ച വമ്പിച്ച മുന്നേറ്റങ്ങൾ നമ്മൾ കണേണ്ടതുണ്ട്.

നമ്മുടെ ക്ലാസ്സിക്കൽ സംഗീതം പണ്ട് കാലത്തുതന്നെ ഉന്നതമായ ഒരു നിലയും വളർച്ചയും ആസ്വാദനശേഷിയും കൈവരിച്ചെങ്കിലും, പിന്നീടങ്ങോട്ട് അതിന് വളരാൻ കഴിയാതെ, നിന്ന നിലയിൽതന്നെ നിൽക്കുകയാണുണ്ടായത് . കർക്കശമായ അതിന്റെ നിയമങ്ങളിലും ചിട്ടകളിലും , അതിന് അതിന്റെ old classical musicial framework തകർക്കാൻ കഴിയാതെ പോയതാണ്, നമ്മുടെ സംഗീതത്തിന്റെ മുരടിച്ചയ്ക്ക് കാരണമായത്. മാത്രവുമല്ല ഉന്നതമായ സ്വാതന്ത്ര്യബോധത്തിന്റെയും സർഗ്ഗാത്മകതയുടെയും അഭാവം മൂലം നമ്മുടെ സംഗീതപാരമ്പര്യത്തിന് വളരാൻ കഴിയാതെ ശ്വാസം മുട്ടുന്ന അവസ്ഥയുമുണ്ടായി. എന്നാൽ സംഗീതത്തിൽ നമ്മളെക്കാൾ വളരെയധികം പിന്നിലായിരുന്ന പാശ്ചാത്യരാജ്യങ്ങൾ, അവരുടെ ഉയർന്ന സർഗ്ഗാത്മക ബോധംകൊണ്ടും സ്വാതന്ത്ര്യബോധംകൊണ്ടും സാഹസിക ചിന്തകൾകൊണ്ടും , നമ്മുടെ സംഗീതത്തെ പിന്തള്ളി അവർ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. അവരുടെ സംഗീതം സൃഷ്ടിക്കുന്ന ഒരു തരം പച്ചയായ ജൈവികമായ ആഹ്ലാദത്തെ ആർക്കും നിഷേധിക്കാൻ കഴിയില്ല. സ്ഫോടനാത്മകമായ ഒരു തരം വ്യക്തിസ്വാതന്ത്ര്യത്തിൽ നിന്നാണ് അവരുടെ സർഗ്ഗാത്മകത വളരുന്നതും അത് സംഗീതത്തിന്റെ ഔന്നത്യത്തെ പ്രാപിക്കുന്നതും. അതിന്റെ ആരോഹണ – അവരോഹണ ക്രമങ്ങളും സ്ഥൂല – സൂക്ഷ്മ ഭാവങ്ങളും ചടുലമായ താള ഭാവലയങ്ങളും അനുപമം തന്നെയാണ്. അത് ആധുനിക മനുഷ്യന്റെ വികാരവിചാരങ്ങളെയും സ്വപ്നങ്ങളെയും ആവേശങ്ങളെയും സഹജമായി സംതൃപ്തിപ്പെടുത്തുന്നു. പാശ്ചാത്യ സംഗീതം അതിന്റെ ചടുലമായ സ്വരവിന്യാസങ്ങളിലൂടെ മനുഷ്യമനസ്സിന്റെ ലൈംഗിക വികാരങ്ങളെ ആവിഷ്കരിക്കുകയും സഹജമായ ജൈവിക ആഹ്ലാദത്തെ സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സംഗീതത്തെപ്പോലെ, കേവലമായ മോക്ഷത്തിന്റെ മിഥ്യാ സാഫല്യരഥ്യകളിലൂടെ നയിക്കുകയല്ല പാശ്ചാത്യ സംഗീതം ചെയ്യുന്നത്. അത് മനുഷ്യനെ പുതുപുത്തൻ ജൈവകമായ ആഹ്ലാദത്തിന്റെ ഗിരിശൃംഗങ്ങളിലേക്കുയർത്തുന്നു. ഉൾക്കടലിൽ നിന്ന് ശാന്തമായി അരങ്ങേറുന്ന ഓളങ്ങൾ കരയിലേക്കെത്തുമ്പോൾ ആഞ്ഞ് തകർത്തെറിയുന്നതുപോലെയാണ് പാശ്ചാത്യസംഗീതം അതിന്റെ സ്വരഗരിമ പ്രകടിപ്പിക്കുന്നത്. ശാന്തരസത്തിലാരംഭിച്ച് രൗദ്ര ബീഭത്സരസഭാവത്തിലൂടെ വീണ്ടും ശാന്തസ്വരത്തിലേക്ക് മടങ്ങുന്ന അതിന്റെ സ്വരവിന്യാസക്രമങ്ങൾ, നമ്മുടെ പച്ചയായ ജീവിതത്തിന്റെ താളലയഭാവത്തിന്റെ തനി സ്വരൂപംതന്നെയാണ് ആവിഷ്കരിക്കുന്നത്.പ്പിക്കുന്നത്. പാശ്ചാത്യ സംഗീതം, ആധുനിക നാഗരികതയിലെ മനുഷ്യൻ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയും സംത്രാസങ്ങളും വിഭ്രാമകമായ അവസ്ഥയും ഒപ്പിയെടുത്ത് സംഗീതാവിഷ്കാരം നൽകുന്നതിൽ പാശ്ചാത്യ സംഗീതം വൻകുതിപ്പ് നടത്തിയിരിക്കുന്നു. നാഗരിക മനുഷ്യന്റെ ജീവിതവേദനകളും ആത്മാവിന്റെ പിടയലുകളും ശമിപ്പിക്കുന്നതിനുള്ള ഒറ്റമൂലിപോലെ ഔഷധഗുണമുള്ള സംഗീതമാണ് കഴിഞ്ഞ ചില ദശകങ്ങളായി പാശ്ചാത്യസംഗീതം ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
ക്ഷമയോടെയുള്ള പരീക്ഷണോന്മുഖതയും സ്ഥിരോത്സാഹവും സാഹസികമായ സ്വാതന്ത്ര്യബോധവും ആത്മാർപ്പണബോധവുമാണ് പാശ്ചാത്യസംഗീതത്തിന്റെ കരുത്തുറ്റ മൂലധനം. പാശ്ചാത്യ ജനതയുടെ നിർഭയത്വംകൊണ്ടും സാഹസികമായ സ്വാതന്ത്ര്യബോധം കൊണ്ടുമാണ് അവർ സംഗീതത്തിന്റെ ഇന്നത്തെ ഉന്നത നിലയിൽ എത്തിച്ചേർന്നിരിക്കുന്നത്. They are adventurous and freedom loving people. ഏതൊരു കലയുടെയും സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും സംഗീതത്തിന്റെയും വളർച്ചയിൽ, fearlessness ഉം Romantic adventurous thought ഉം നിർണ്ണായക പങ്ക് വഹിക്കുന്നു എന്നുള്ളത് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . എങ്കിലേ നമ്മൾക്ക് ഈ വ്യത്യസ്ത കലാ സാഹിത്യ സംഗീതമണ്ഡലങ്ങളിൽ ഇനിയെങ്കിലും പുതുമകൾ സൃഷ്ടിച്ചുകൊണ്ട് വമ്പിച്ച മുന്നേറ്റങ്ങളുണ്ടാക്കാൻ കഴിയുകയുള്ളൂ.

ഭക്തിയുടെ അതിപ്രസരം ഒരു നിശ്ചിത ഘട്ടംവരെ നമ്മുടെ ക്ലാസ്സിക്കൽ സംഗീതത്തെ (കർണ്ണാട്ടിക്) ഉന്നതമായ നിലയിലേക്ക് വളരാൻ സഹായിച്ചെങ്കിലും പിൽക്കാലത്ത് അതേ ആദ്ധ്യാത്മിക ഭക്തിയുടെ ഉന്മാദം നമ്മുടെ കർണ്ണാട്ടിക് സംഗീത പാരമ്പര്യത്തെ മുരടിപ്പിക്കുകയാണുണ്ടായത്.
സംഗീതത്തിലെ ആ അമിത ഭക്തി ഭ്രാന്ത് പിന്നീട് നമ്മുടെ ശാസ്ത്രീയ സംഗീതത്തെ Castrate ( ഷണ്ഡീകരിക്കുക) ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചേരുകയുണ്ടായി. അതാണ് നമ്മുടെ ക്ലാസ്സിക്കൽ സംഗീതത്തിന്റെ വളർച്ചയുടെ വഴിയിൽ സംഭവിച്ച ദുര്യോഗം. (എന്നാൽ വർത്തമാനകാലത്ത് ചില മാറ്റങ്ങളോടെയും പരീക്ഷണങ്ങളോടെയും നമ്മുടെ സംഗീതത്തിലുണ്ടായ പുരോഗതി കാണാതിരിക്കുന്നുമില്ല). എന്നാൽ, അതേസമയം, നമ്മുടെ ക്ലാസ്സിക്കൽ സംഗീതം വിദേശ രാജ്യങ്ങളിലും മറ്റും ആസ്വദിക്കപ്പെടുന്നില്ലേ , എന്ന് ചോദിച്ചാൽ, തീർച്ചയായും ആസ്വദിക്കപ്പെടുന്നുണ്ട്. നമ്മൾ ഇന്ത്യാക്കാരും നന്നായിട്ട് ആസ്വദിക്കുന്നുണ്ട്. അതിന് കാരണം, സംഗീതത്തിലെ അടിസ്ഥാനപരമായ ചില അഭിരുചികളും സാർവ്വലൗകിക ഭാവങ്ങളുമാണ്. അതുകൊണ്ട് മാത്രം പുതിയ സംഗീതത്തിന്റെ സാധ്യതകൾ അടയുന്നില്ലല്ലോ. ഷേക്സ്പിയർ നാടകങ്ങൾ ഇന്നും ആസ്വദിക്കുന്നതുകൊണ്ട്, നാടകത്തിൽ പുതിയ ആശയങ്ങളും സങ്കല്പങ്ങളും സങ്കേതങ്ങളും പരീക്ഷണങ്ങളും ഉണ്ടാകാതിരിക്കുന്നില്ലല്ലോ. പഴയ ഒരു കാലത്ത് അതിന്റെ പാരമ്യതയിൽ എത്തിച്ചേർന്ന കലയും സാഹിത്യവും സംഗീതവും കഥകളിയുമൊക്കെ ഇന്നും ആസ്വദിക്കപ്പെടുന്നതുകൊണ്ടു മാത്രം, പുതിയ കലാസാഹിത്യ സംഗീത പ്രവണതകളെ എതിർക്കുന്നതിൽ അർത്ഥമില്ലല്ലോ. കലയിലും നാടകത്തിലും സാഹിത്യത്തിലും തത്ത്വചിന്തയിലും സംഗീതത്തിലുമൊക്കെ സാർവ്വലൗകികവും സാർവ്വകാലികവുമായ ചില മൂല്യങ്ങളും അർത്ഥങ്ങളും ഭാവങ്ങളും അഭിരുചിയും അന്തർഭവിച്ചിരിക്കുന്നതുകൊണ്ടാണ് എക്കാലത്തെയും ജനങ്ങൾ അത്തരം (കാളിദാസന്റെയും ഷേക്സ്പിയറുടെയും ) കലാ നാടക സാഹിത്യ സംഗീത തത്ത്വചിന്തകൾ ആവോളം ആസ്വദിക്കുന്നത്.

പുതിയ നാടകവും കലയും സാഹിത്യവും സംഗീതവും സിനിമയുമൊക്കെ യുവജനങ്ങളാണ് എന്നും നെഞ്ചേറ്റി ലാളിച്ചിരുന്നത്. ചെറുപ്പക്കാർ എന്നും പുതിയ കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. പുത്തൻ കാലത്തിന്റെ ട്രെൻറും ചലനവും ചടുലതയും താളലയഭാവബോധവും ആവാഹിക്കുന്നതും ആസ്വദിക്കുന്നതും എന്നും ചെറുപ്പക്കാർതന്നെയാണ്. അവരാണ് പുത്തൻ കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കൊടിക്കൂറ വഹിച്ചുകൊണ്ട് കാലത്തിലൂടെ അപ്രതിരോധമായ ജൈത്രയാത്ര നടത്തുന്നത്., അവർ കാലത്തിന്റെ തീപ്പന്തമേന്തുന്ന ഉരുക്കുമുഷ്ടികളാണ്. കലയിലും സാഹിത്യത്തിലും സംഗീതത്തിലും തത്ത്വചിന്തയിലുമൊക്കെ പുതിയ ആശയങ്ങളും പ്രസ്ഥാനങ്ങളും പ്രവണതകളുമൊക്കെ ആവിഷ്കരിക്കുന്നതും യുവ കലാകാരന്മാർ തന്നെയാണ്. അവർ യഥാസ്ഥിതിക കാലത്തെ പുത്തൻകാലംകൊണ്ട് പ്രതിരോധിക്കുന്നവരാണ്. വർത്തമാന-ഭൂത-കാലത്തെ ചീഞ്ഞളിഞ്ഞ യഥാസ്ഥിതിക പേക്കോലങ്ങളെ വെല്ലുവിളിക്കാനുള്ള ശേഷിയുള്ളത് അവർക്ക് മാത്രമാണ്.

പ്രപഞ്ചത്തിന് ഒരു താളലയഭാവ സംഗീതമുണ്ട്. അത് എപ്പോഴും മാറ്റത്തിന് വിധേയമാണ്. കാലം മാറുന്നതനുസരിച്ച് ആ താളലയഭാവങ്ങൾ മാറിക്കൊണ്ടിരിക്കും. പ്രകൃതിയുടെ സൃഷ്ടിയായ മനുഷ്യനിലും അവന്റെ കലയിലും സാഹിത്യത്തിലും സംഗീതത്തിലും നാടകത്തിലും സിനിമയിലും മാറിക്കൊണ്ടിരിക്കുന്ന അത്തരം താളഭാവലയങ്ങൾ പ്രകടമാവും. അതാണ് പുതിയ കലാ സാഹിത്യ സംഗീത ആശയങ്ങളും പ്രസ്ഥാനങ്ങളുമായി ഓരോരോ കാലഘട്ടത്തിലും ജന്മമെടുക്കുന്നത്. സംഗീതത്തിലെ പുതിയ പ്രവണതകളാണ് പുതുയുഗത്തെ വിളിച്ചറിയിക്കുന്നത്. ഒരു ജനതയുടെ മാനസികവും സാമൂഹികവുമായ വളർച്ചയെ, അവരുടെ സംഗീത സൃഷ്ടിയിൽ നിന്നും (നാടക ചിത്രകലാ സാഹിത്യ തത്ത്വചിന്തയിൽ നിന്നും) അതിന്റെ ആസ്വാദനശേഷിയിൽ നിന്നും മനസ്സിലാക്കാൻ കഴിയും.
🌹🌳🙏

03.07.2022.

Written by Adv. Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *