ഈ വിശ്വത്തെ മുഴുവൻ സ്വന്തമായി നമുക്കു കാണണമെങ്കിൽ, കടൽത്തീരം പോലെ ഒരു മനസ്സും സ്വന്തമായിട്ടെല്ലാം പങ്കിടാൻ ആകാശം പോലൊരു ഹൃദയവും നമുക്കുണ്ടാകണം.അതുകൊണ്ടാണ് വിശ്വപ്രേമ സങ്കീർത്തനം ഉദ്ഘോഷിക്കുന്നത്:”ഏകോദര സോദരർ നാമേവരുമെല്ലാ ജീവികളും ലോകപടത്തിൽ തമ്മിലിണങ്ങിടുമോതപ്രോദങ്ങൾ ” എന്ന്. ഈ ലോകമാകുന്ന വസ്ത്രത്തിൽ നെടുകയും കുറുകെയും നെയ്തിരിക്കുന്ന തന്തുക്കളാണ് നാമോരോരുത്തരും.ഇവിടെ സ്വന്തക്കാരല്ലാത്തവരായി ആരുണ്ട്? സ്വന്തമല്ലാത്തതായി എന്തുണ്ട്? എന്നാൽ നമ്മുടെ ഇന്നത്തെ ലോകം ചുരുങ്ങുകയാണ്. സ്വയം ഉൾവലിഞ്ഞും സ്വയം ആസ്വദിക്കുകയും ചെയ്യുക എന്നതിലുപരി ഒന്നും തന്നെ നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നില്ല. പരസ്പരം മനസ്സിലാക്കുന്നതിന്റെ മന:ശാസ്ത്രം നാമിന്ന് മറന്നു പോയിരിക്കുന്നു.” യെത്ര വിശ്വം ഭവത് ഏകനീഡം ” എന്ന ചിന്തയുടെ ചാരുതകൊണ്ട് ഐക്യസൂക്തത്തിന്റെ തന്തുക്കളാൽ നമുക്ക് ഈ വിശ്വത്തെ സുന്ദരമാക്കാം. സഹതാപത്തിനും കണ്ണീരിനും സ്നേഹത്തിനും നമുക്ക് അർഥം കണ്ടെത്താം. ജോസ് ക്ലെമന്റ്











