തായ്പെയ് ∙ യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിൽ ക്ഷുഭിതരായ ചൈന തയ്‌വാനെ വളഞ്ഞ് വൻ സൈനികാഭ്യാസം തുടങ്ങി. തീരക്കടലിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. തയ്‌വാൻതീരത്തുനിന്നു വെറും 19 കിലോമീറ്റർ അകലെയാണ് ‘ഡോങ്ഫെങ്’ മിസൈലുകളിലൊന്നു പതിച്ചത്. സ്വയം ഭരണമുള്ള തയ്‌വാനെ സ്വന്തം പ്രവിശ്യയായാണു ചൈന കാണുന്നത്. യുഎസ് നേതാവിന്റെ സന്ദർശനം ചൈന എതിർത്തിരുന്നതാണ്. എന്നാൽ ചൈനയുടെ പ്രതിഷേധം അവഗണിച്ചായിരുന്നു ചൊവ്വാഴ്ച പെലോസി തയ്‌വാനിലെത്തിയത്.
ഞായർ വരെ സൈനികാഭ്യാസം തുടരുമെന്നാണു ചൈനയുടെ പ്രഖ്യാപനം. മിസൈൽവർഷം അടക്കം അഭ്യാസങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 1996നു ശേഷം ഇത്രയും വിപുലമായ സൈനികാഭ്യാസം ഈ മേഖലയിൽ ആദ്യമാണ്.
മേഖലയിൽ സൈനികാഭ്യാസം നടത്താനുള്ള എല്ലാ അവകാശവും ചൈനയ്ക്കുണ്ടെന്ന് റഷ്യ അഭിപ്രായപ്പെട്ടു. ഇത് തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന അതിക്രമമാണെന്നു തയ്‌വാൻ ആരോപിച്ചു. മിസൈൽ വിക്ഷേപിച്ചു പേടിപ്പിക്കാൻ ശ്രമിച്ച് ഉത്തര കൊറിയയെ അനുകരിക്കുകയാണു ചൈന ചെയ്യുന്നതെന്നും തയ്‌വാൻ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങളുടെ സമുദ്രപരിധിയിൽ 5 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതിൽ ജപ്പാൻ പ്രതിഷേധിച്ചു.
തയ്‌വാനിലേക്കും അവിടെനിന്നുള്ളതുമായ അൻപതിലേറെ വിമാനസർവീസുകൾ റദ്ദാക്കി. അതിനിടെ, തയ്‌വാൻ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെയും പ്രസിഡന്റ് സയ് ഇങ് വെന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. സൈനികാഭ്യാസം തുടരുന്നുവെങ്കിലും തയ്‌വാനിൽ ജനജീവിതം സാധാരണനിലയിലാണെന്നാണു റിപ്പോർട്ടുകൾ.
തയ്‌വാൻ മേഖലയിൽ ചൈന പുതിയ പ്രതിസന്ധി സൃഷ്ടിച്ചെടുക്കരുതെന്ന് കംബോഡിയയിൽ ‘ആസിയാൻ’ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പു നൽകി. ജി7 രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രഖ്യാപനത്തിലും സമാന വിമർശനമുണ്ടായതിനെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അപലപിച്ചു. തയ്‌വാൻ വിഷയം തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നാണു ചൈനയുടെ ഉറച്ച നിലപാട്.
English Summary: China says it conducted missile strikes near Taiwan
About The Author
No related posts.