LIMA WORLD LIBRARY

‘പൊതുതാല്‍പര്യ ഹര്‍ജി വ്യവസായമാക്കരുത്’; ലുലു മാളിനെതിരായ ഹർജി തള്ളി കോടതി

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ ലുലു മാൾ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമിച്ചതെന്നാരോപിച്ച് കൊല്ലം സ്വദേശി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലധികം വലിപ്പമുള്ള കെട്ടിടമായതിനാൽ മാളിന് സംസ്ഥാന സർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി തെറ്റാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേന്ദ്ര സർക്കാരാണ് ഇതിന് അനുമതി നൽകേണ്ടതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ വാദം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പൊതുതാൽപര്യ ഹർജി വ്യവസായമാക്കരുതെന്ന് ഹർജിക്കാരന് മുന്നറിയിപ്പു നൽകി.

ലുലു ഗ്രൂപ്പിനെയും ഏഴു സർക്കാർ വകുപ്പുകളെയും പ്രതിചേർത്ത് കൊല്ലം സ്വദേശി എം.കെ.സലിം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സലിം നൽകിയ അപ്പീലാണ് സുപ്രീംകോടതിയും നിരസിച്ചത്.

ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിനു മുകളിലുള്ള നിർമാണത്തിന് പാരിസ്ഥിതിക അനുമതി നൽകേണ്ടത് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയമാണ്. എന്നാൽ, 2.32 ലക്ഷം സ്ക്വയർ ഫീറ്റുള്ള ലുലു മാളിന് പരിസ്ഥിതി അനുമതി നൽകിയത് സംസ്ഥാന സർക്കാരിനു കീഴിലുള്ള സമിതിയാണ്. ഇതു ചട്ടലംഘനമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.

ആക്കുളം കായലിനും പാർവതി പുത്തനാർ കനാലിനും സമീപം തീരദേശ നിയമനം ലംഘിച്ചാണ് മാൾ നിർമിച്ചതെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, എല്ലാ അനുമതികളും പല ഘട്ടങ്ങളിലായി ലഭിച്ച ശേഷമാണ് മാൾ നിർമിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പൊതു താൽപര്യ ഹർജികൾ വ്യവസായമാക്കുന്നത് അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പ്രതികരിച്ചു. ലുലു ഗ്രൂപ്പിന് 25 രാജ്യങ്ങളിൽ വ്യവസായ ശ്രംഖലയുണ്ട്. രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായും പരിസ്ഥിതി സൗഹൃദമായും വ്യവസായവും നിക്ഷേപവും നടത്തുന്ന സ്ഥാപനത്തിനെതിരെ കേരളത്തിൽ മാത്രമാണ് ഇത്തരം വ്യാജ പരാതികൾ ഉയർന്നത്. ലുലു ഗ്രൂപ്പിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങൾക്ക് തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്. കേരളത്തിൽ കൂടുതൽ നിയമാനുസൃത നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന സന്ദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പിനെതിരെ വ്യാജ പരാതികൾ നൽകുന്നവരുടെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ അടക്കം തെറ്റായ പ്രചാരണങ്ങൾ നടത്തി ലുലു ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും നിയമത്തിൽ പൂർണ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോകുമെന്നും നന്ദകുമാർ വ്യക്ത്മാക്കി.

English Summary: Supreme Court of India rejects Plea Against Lulu Mall at Trivandrum

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px