LIMA WORLD LIBRARY

ആത്മസൗഖ്യം സഹാനുഭൂതിയിലൂടെ (The healing power of sympathetic joy) – ആൻ്റെണി പുത്തൻപുരയ്ക്കൽ

നമ്മൾ ഓരോരുത്തരും നമുക്കു ചുറ്റുമറ്റുള്ള എല്ലാവരേക്കാളും, ചിലപ്പോൾ പലരേക്കാളും കുറച്ചുകൂടി പ്രാധാന്യമുള്ളവരാണെന്നും, അതുമല്ലെങ്കിൽ മറ്റുള്ളവരെക്കാൾ ഏറ്റവും പ്രമുഖനാകണമെന്നുമുള്ള ചിന്തയുളളവരാണോ? എന്റെ സന്തോഷം, ലക്ഷ്യങ്ങൾ, ബന്ധങ്ങൾ, വിജയങ്ങൾ, പ്രശസ്തി ഇവയെല്ലാം മറ്റുള്ളവരുടെതിനേക്കാൾ മുന്നിൽ നിൽക്കണമെന്നുള്ള ചിന്തകൾ നമ്മുടെ മനസ്സിൽ വളരെ ശക്തമായി ഉണ്ടാകാറുണ്ടോ? ഇതെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും ഇതിനുവേണ്ടി നമ്മുടെ മാനസിക ഊർജ്ജം മുഴുവനും തന്നെ ചെലവഴിക്കുകയും ചെയ്യുന്നവരാണോ നമ്മൾ? എങ്കിൽ സൂക്ഷിക്കുക. ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെയും വൈദ്യശാസ്ത്രത്തിന്റെയും അഭിപ്രായത്തിൽ ഇത്തരത്തിലുള്ള ചിന്തകൾ തീർച്ചയായും വളരെ നിഷേധാത്മക വികാരങ്ങളാണ്. അനാരോഗ്യകരമായ ഈ ചിന്തകൾ നമ്മുടെ മനസ്സിൽ ദീർഘകാലം നിലനിന്നാൽ, നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. നമ്മുടെ നിരവധിയായ രോഗങ്ങൾക്കും ഭാഗ്യഹീനമായ ജീവിതാവസ്ഥയ്ക്കും കാരണമായ ഈ യാഥാർത്ഥ്യം നാം ചിലപ്പോൾ വളരെ വൈയ്കിയായിരിക്കും തിരിച്ചറിയുന്നത്. യാഥാർത്ഥ്യബോധത്തോടെ ഈ വസ്തുതയെക്കുറിച്ച് വിശകലനം ചെയ്താൽ നമ്മുടെ മാനസിക സഹനത്തിന്റെയും പലവിധ രോഗങ്ങളുടെയും യഥാർത്ഥ കാരണം നമ്മുടെ മനസ്സിൽ കുടികൊള്ളുന്ന അമിതമായ അസൂയയാണ്. അസൂയ ഒരു പരിധിയിൽ കവിഞ്ഞ് നമ്മുടെ മനസ്സിൽ നിലനിന്നാൽ അത് നമ്മുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയെ തീർച്ചയായും അപകടത്തിലേക്ക് നയിക്കും.

ഏതൊരു വ്യക്തിബന്ധത്തിലും അസൂയ പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന്, ചെറുപ്പത്തിൽ, മാതാപിതാക്കളിൽ നിന്ന് കൂടുതൽ ശ്രദ്ധ നേടുന്ന സഹോദരങ്ങളോട് നമുക്ക് അസൂയ തോന്നുക സ്വാഭാവികമാണ്. സൗഹൃദത്തിനുള്ളിലെ അസൂയയും അസാധാരണമല്ല. എന്നാൽ, നമ്മൾ പൊതുവേ അസൂയയെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ സാധാരണയായി അർത്ഥമാക്കുന്നത് ദമ്പതികളുടെ ബന്ധങ്ങളിലും സൗഹൃദവൃത്തങ്ങളിലും കാണപ്പെടുന്ന അസൂയ നിറഞ്ഞ വികാരങ്ങളുടെ വിജൃംഭിക്കലാണ്.

അസൂയാലുക്കളായ ഒരാൾക്ക് തങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ മറ്റൊരു വ്യക്തിക്ക് നൽകിയതിനാൽ, തങ്ങളോട് അടുപ്പമുള്ള ഒരാൾ പിന്നോക്കം പോയതായി തോന്നുന്നു. ഇത് സാധാരണയായി വളരെ വേദനാജനകമായ അനുഭവമാണ്. ഈ മൂന്നാമതൊരാൾക്കെതിരെ നമ്മൾ പോരാട്ടം തുടങ്ങുന്നു. അസൂയ കൂടുതലും കാണപ്പെടുന്നത് അടുത്ത ബന്ധങ്ങളിലാണ്. അസൂയ, നഷ്‌ടമായ സ്‌നേഹം വീണ്ടെടുക്കാൻ പകയുമായി കൈകോർക്കും. അസൂയയോടെ ആരോടെല്ലാം എത്രകാലം എന്തിനെല്ലാം വേണ്ടി നാം പോരാടിയാലും ഏറ്റവും അവസാനം പരാജയം കാത്തിരിക്കുന്നത് നമ്മെ തന്നെയാണ്.

ആരും അസൂയപ്പെടാൻ വേണ്ടി ജനിക്കുന്നില്ല, ചിലപ്പോൾ ഇഷ്ടപ്പെടുന്നുമില്ല. ഇത് ഒരു തരത്തിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു. നമുക്ക് എപ്പോഴും അസൂയയുടെ കാരണം അറിയാനോ യുക്തിപൂർവ്വം വിശകലനം ചെയ്യാനോ സാധിക്കുകയുമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, അസൂയ ഒരു നല്ല വികാരമല്ല. നമ്മിലെ അസൂയ നമ്മുടെ തന്നെ സന്തോഷത്തെയും ആരോഗ്യത്തെയും നശിപ്പിക്കുമെന്ന് ഉറപ്പാണ്.

ആരുടെയെങ്കിലും സന്തോഷത്തിലോ, വിജയത്തിലോ, സൗഭാഗ്യത്തിലോ സാക്ഷ്യം വഹിക്കുമ്പോൾ, അല്ലെങ്കിൽ ഇത്തരത്തിലുള്ള വാർത്തകൾ അറിയുമ്പോൾ നമ്മുടെ ഉള്ളിൽ പലപ്പോഴും ഉയരുന്ന വികാരങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റൊരാൾ സന്തോഷവാനായിരിക്കുമ്പോൾ, വിജയിക്കുമ്പോൾ നമുക്കും യഥാർത്ഥത്തിൽ സന്തോഷിക്കാൻ കഴിയുമോ? മറ്റുള്ളവരുടെ സന്തോഷവും ലക്ഷ്യങ്ങളും സ്വപ്നങ്ങളും വിജയങ്ങളും എല്ലാം നമ്മുടേതുപോലെ തന്നെ പ്രധാന്യമുളളതാണെന്ന് നമുക്ക് ഓരോരുത്തർക്കും പൂർണ്ണമായി അംഗീകരിക്കാൻ സാധിക്കുമോ? മറ്റൊരാളുടെ സന്തോഷം നമ്മിൽ നിന്ന് എന്തോ അപഹരിക്കുന്നതായി, നമ്മുടെ പ്രധാന്യം കുറഞ്ഞു പോകുന്നതായി തോന്നാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? മറ്റുളളവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷമെന്ന് തിരിച്ചറിയാനും ആ രീതിയിൽ അവരോട് മാനസികമായി ഐക്യപ്പെടാനും നാം എന്ത് ചെയ്യണം?

മറ്റുള്ളവർക്ക് സന്തോഷം ഉണ്ടാകുമ്പോൾ, ആ സന്തോഷത്തിൻ്റെ ഭാഗമാകാൻ നമുക്കു കഴിയാത്തതിനുള്ള കാരണം എന്തായിരിക്കും? ഇതിനുളള പ്രധാന കാരണം നമ്മിലെ അസൂയയും അത്യാഗ്രഹവുമാണ്. അസൂയ ഒരു സങ്കീർണ്ണമായ വികാരമാണ്. ഉത്കണ്ഠയെ അടിസ്ഥാനമാക്കിയുള്ള അരക്ഷിതാവസ്ഥ, കോപം, മറ്റുള്ളവരുമായി താരതമ്യപ്പെടുത്താനുള്ള ആസക്തി എന്നിവയുടെ വിഷ സംയോജനത്തിന്റെ ഫലമാണ് അസൂയ. suht: രോഗം, eiver: കയ്പേറിയത് എന്നീ രണ്ട് പഴയ ജർമ്മൻ വാക്കുകളിൽ നിന്നാണ് അസൂയ എന്ന പദം ഉരുത്തിരിഞ്ഞത്. വ്യക്തിബന്ധങ്ങളിൽ യഥാർഥ്യമോ സാങ്കല്പികമോ ആയ ഭീഷണി ഉണ്ടാകുന്നുമെന്ന് നാം ചിന്തിക്കുമ്പോഴാണ് ഇത് നമ്മിൽ ഉണ്ടാവുക. സംശയം, ക്രോധം, ഭയം, അപമാനം എന്നിങ്ങനെയുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഒരു വികാരമാണ് അസൂയ. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. സാധാരണ വികാരങ്ങൾ പോലെ അസൂയ അനുഭവപ്പെടുന്ന സമയത്ത് നമ്മിൽ മറ്റു വികാരങ്ങളായ നീരസം, കോപം, ശത്രുത, വിദ്വേഷം എന്നിവയും സൃഷ്ടിക്കപ്പെടും. മറ്റുള്ളവരുടെ നേട്ടങ്ങളെയോ, വിജയങ്ങളെയോ വിലമതിക്കുന്നതിൽ നിന്നും ഇത് നമ്മെ തടയും.

അത്യാഗ്രഹം ഉണ്ടാകുന്നത് സ്വയം പ്രാധാന്യത്തിന്റെ ഊതിപ്പെരുപ്പിച്ച ഒരു ബോധത്തിൽ നിന്നാണ്. എന്തിന്റെയെങ്കിലും അല്ലെങ്കിൽ ആരുടെയെങ്കിലും മൂല്യത്തെ വിലമതിക്കുന്നതിൽ നിന്ന് അതു നമുക്ക് മാത്രമായി നേടാനുള്ള ആഗ്രഹത്തിലേക്ക് മാറാൻ നമ്മെ പ്രേരിപ്പിക്കുന്നു. അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താൻ പ്രയാസമാണ്. ഇത് നമ്മിലെ സഹാനുഭൂതിയുടെയും സന്തോഷത്തിന്റെയും മുഖ്യ ശത്രുവാണ്.

അസൂയ, സങ്കീർണ്ണവും അടിസ്ഥാനപരമായി തികച്ചും സ്വാഭാവികമായ ഒരു മനുഷ്യ വികാരമാണ്. എന്നാൽ,സന്തോഷവും കോപവും പോലെയല്ല അസൂയ എന്ന വികാരം. അസൂയ വേദനാജനകവും അനാരോഗ്യകരവുമായ ഒരു വൈകാരിക അനുഭവമാണെങ്കിലും, പരിണാമ മനഃശാസ്ത്രജ്ഞർ അതിനെ അടിച്ചമർത്തേപ്പെടേണ്ട ഒരു വികാരമായിട്ടല്ല, മറിച്ച് ശ്രദ്ധിക്കപ്പെടേണ്ട, അംഗീകരിക്കപ്പെടേണ്ട ഒരു വികാരമായി കണക്കാക്കുന്നു. മൂല്യവത്തായ ഒരു ബന്ധം അപകടത്തിലാണെന്നും അത് വീണ്ടെടുക്കാൻ നടപടികൾ കൈക്കൊള്ളനുമുള്ള ഒരു സൂചനയായി ഈ വികാരത്തെ പരിഗണിക്കണം. ഒരു ഇണയുടെ അല്ലെങ്കിൽ സുഹൃത്തിന്റെ വാത്സല്യം നഷ്ടപ്പെടാതിരിക്കാനുള്ള ഒരു ആന്തരിക ഉണർത്തലായി ഇതിനെ കണക്കാക്കണം. തൽഫലമായി, അസൂയയെ ഒരു അവശ്യ വികാരമായി ഒരു പരിധിവരെ കരുതുന്നതിൽ തെറ്റില്ല. കാരണം, ഇത് സാമൂഹിക ബന്ധങ്ങൾ സംരക്ഷിക്കാനും പ്രധാനപ്പെട്ട സമ്പർക്കങ്ങളും പെരുമാറ്റങ്ങളും നിലനിർത്താനുമുളള ഒരു ഉൾപ്രേരണയാണ്.

ജന്തുലോകത്ത് സാധാരണയായി കാണുന്ന ഒരു സുരക്ഷാ സംവിധാനമാണ് അസൂയ. നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ജന്തുലോകത്തുനിന്ന് നമ്മിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അതിജീവനത്തിനുള്ള ഒരു തന്ത്രമായി ഇതിനെ പരിഗണിക്കാം. ഇതിനെ യുക്തിപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഇത് നമ്മുടെ ആത്മവിശ്വാസത്തെയും ബന്ധങ്ങളെയും സന്തോഷത്തെയും ശാരീരിക സൗഖ്യത്തെയും ഇല്ലാതാക്കും.

അസൂയ മനുഷ്യനായിരിക്കുന്നതിന്റെ ഭാഗം മാത്രമാണ്. നമ്മൾ എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അസൂയ അനുഭവപ്പെട്ടിട്ടുണ്ടായിരിക്കും. അതിന് പിന്നിലെ കാരണം തിരിച്ചറിയുന്നതിലൂടെ നമുക്ക് എന്തെങ്കിലും പഠിക്കാനും മുന്നോട്ട് പോകാനും കഴിയും. ഈ യാഥാർത്ഥ്യമാണ് അസൂയയുള്ള ഓരോ വ്യക്തിയും അംഗീകരിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ, മറ്റുള്ളവരെക്കാൾ ശ്രദ്ധ സ്വയം തന്നിൽതന്നെ കേന്ദ്രീകരിക്കാൻ ഒരാൾക്ക് കഴിയും. എന്നാൽ ഈ വികാരം അതിരുകടന്നാൽ നമ്മുടെ ബന്ധങ്ങളെ ബാധിക്കുകയും അനാരോഗ്യകരമായ സ്ഥിതിവിശേഷം സംഭവിക്കുകയും ചെയ്യാനുളള സാധ്യത വളരെ കൂടുതലാണ്.

മറ്റുള്ളവരുടെ സന്തോഷത്തിൽ സഹാനുഭൂതിയുള്ള ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും ഗുണത്തെ പാലി ഭാഷയിൽ മുദ്ദിത എന്നാണ് വിളിക്കുക. മറ്റുള്ളവരുടെ സന്തോഷത്തിൽ നാം യഥാർത്ഥത്തിൽ സന്തോഷിക്കുമ്പോൾ നമ്മിൽ നിറയുന്നത് സഹാനുഭൂതിയുള്ള സന്തോഷമാണ്. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സ്വാഭാവികമായും സഹാനുഭൂതിയുടെ ഈ ഗുണം ജന്മന ലഭിക്കാറുള്ളു. അസൂയാലുക്കൾക്ക് തങ്ങളിൽ സഹാനുഭൂതിയുള്ള സന്തോഷം വളർത്താൻ വളരെ പ്രയാസമാണ്. ഇങ്ങനെയുള്ളവർക്ക് ഈ ഗുണം വളർത്തിയെടുക്കാൻ യഥാർത്ഥത്തിൽ പരിശീലനം ആവശ്യമാണ്. സഹാനുഭൂതിയുള്ള സന്തോഷം വളർത്തിയെടുക്കൽ ഒരിക്കലും അസാധ്യമായ കാര്യമല്ല. ഈ സന്തോഷം നമ്മിൽ വളർത്തന്നുതിന് ഏറ്റവും വലിയ വെല്ലുവിളി നമ്മിൽ കുടികൊള്ളുന്ന വിവിധ അനുമാനങ്ങളും ഭയവുമാണ്. ഈ പുറന്തോടുകൾ തകർത്തു നാം യാഥാർത്ഥ്യത്തിൻ്റെ ലോകത്തേക്ക് വന്നാൽ സഹാനുഭൂതി ഉള്ള സന്തോഷം നമ്മിൽ വളരെ വേഗം വളരും.

എന്താണ് സഹാനുഭൂതിയുള്ള സന്തോഷം? നമ്മുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മറ്റെല്ലാ ജീവജാലങ്ങളുടേയും സന്തോഷത്തിലും വിജയത്തിലും അവരോടൊപ്പം സന്തുഷ്ടരായിരിക്കുവാനും ഹൃദയപൂർവ്വവും സന്തോഷിക്കാനും നീരസവും അസൂയയും ഭയവും സമ്മർദ്ദവും ഇല്ലാതെ സ്‌നേഹദയയോടെ അവരെ പരിഗണിക്കാനുമുളള നമ്മുടെ മാനസിക മനോഭാവം അല്ലെങ്കിൽ വികാരമാണ് സഹാനുഭൂതിയോടെയുള്ള സന്തോഷം. ഈ വികാരത്തിന് ശാസ്ത്രജ്ഞന്മാർ ചിലപ്പോൾ അഭിനന്ദനാർഹമായ സന്തോഷം, വികാരപരമായ പ്രതിഫലം, അല്ലെങ്കിൽ (കൂടുതൽ വിശാലമായി) സ്വതഃഭാവാത്മകമായ സഹാനുഭൂതി എന്നും വിളിക്കുന്നു. ചുരുക്കത്തിൽ, മറ്റൊരാൾക്ക് എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ നമ്മിൽ അനുഭവപ്പെടുന്ന കലർപ്പില്ലാത്ത നന്മയുടെ വികാരമാണിത്.

സഹാനുഭൂതി നിറഞ്ഞ സന്തോഷം നമ്മുടെ മസ്തിഷ്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഏതു തരത്തിലുള്ളതാണെന്ന് ശാസ്ത്രലോകം വളരെ കൗതുകത്തോടെയാണ് മനസ്സിലാക്കാൻ ശ്രമിച്ചത്. മറ്റുള്ളവരുടെ വേദനയിൽ നാം അലിവുളളവരാകുമ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ നാഢീയ കോശശൃംഖലകൾ വരുത്തുന്ന ക്രമീകരണരീതികളും പ്രവർത്തനങ്ങളും സഹാനുഭൂതി നിറഞ്ഞ സമയത്തുള്ള സന്തോഷവും വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു. സഹാനുഭൂതിയുള്ള സന്തോഷം അഗ്രമസ്തിഷ്കപരിപഥത്തിൽ (frontostriatal circuitry) കൂടുതൽ ശക്തമായ ഊർജ്ജപ്രസരണം നടത്തുന്നതുകൊണ്ട് പുതിയ നാഢീയ വീഥികൾ (neural pathways) ഉണ്ടാകുന്നുവെന്ന് കണ്ടെത്തി. അഗ്രമസ്തിഷ്ക ആവൃതിയാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കൽ, ആസൂത്രണം, തീരുമാനമെടുക്കൽ തുടങ്ങിയ ബോധപൂർവ്വമായ പ്രക്രിയകളെ നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖല. ഈ ഭാഗം സജീവമാകുമ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ കൂടുതൽ ‘ഡോപാമൈൻ ഹോർമോൺ’ ഉല്പാദിപ്പിക്കപ്പെടും. ഇത് നമ്മുടെ മനസ്സിൽ സന്തോഷവും സുഖാനുഭൂതി നിറഞ്ഞ അനുഭൂതികളും പ്രചോദനവും നിലനിർത്താൻ സഹായിക്കും. നമ്മുടെ ശ്രദ്ധ അർഹിക്കുന്നതെന്താണെന്ന് തീരുമാനിക്കാനും, അവയെ എങ്ങനെ വ്യാഖ്യാനിക്കണം, സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നിങ്ങനെയുള്ള കൂടുതൽ മാനസിക പ്രക്രിയകൾ സഹാനുഭൂതി നിറഞ്ഞ സന്തോഷത്തിന്റെ ഭാഗമാണ്. സഹാനുഭൂതി നിറഞ്ഞ സന്തോഷമുളളവരുടെ മനസ്സ് എപ്പോഴും സജീവവും നന്മനിറഞ്ഞതുമായിരിക്കും.

സഹാനുഭൂതി നിറഞ്ഞ സന്തോഷം നമ്മുടെ മസ്തിഷ്കത്തിലും ശരീരത്തിലും ഒരുപോലെ മാറ്റങ്ങൾ വരുത്തുന്നതായി ശാസ്ത്രലോകം കണ്ടുപിടിച്ചു കഴിഞ്ഞു. മറ്റുള്ളവരുടെ നല്ലതും ചീത്തയുമായ വികാരങ്ങളോടുള്ള നമ്മുടെ സഹാനുഭൂതി നിറഞ്ഞ സന്തോഷം നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളുടെ പ്രാധാന്യം തിരിച്ചറിയുന്നതും വിലയിരുത്തുന്നതുമായ മസ്തിഷ്ക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന മദ്ധ്യ-അഭിപൃഷ്ഠ-മദ്ധ്യ അഗ്രാവൃതിയെ (medial and dorsal medial prefrontal cortex) സജീവമാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ, നമ്മിലുള്ള നല്ല വികാരങ്ങളും മറ്റുള്ളവരിൽ നാം കാണുന്ന നല്ല കാര്യങ്ങളും ആനന്ദത്തെ ഉളവാക്കുന്ന അധരീയ അഗ്രമസ്തിഷ്കപാളിയെ (ventromedial prefrontal cortex) ഉത്തേജിപ്പിക്കുന്നുവെന്ന് പരീക്ഷണങ്ങൾ സമർത്ഥിക്കുന്നു. അതിനാൽ, സഹാനുഭൂതിയുടെ സന്തോഷം നമ്മുടെ മസ്തിഷ്കത്തിൽ വളരെ പ്രകടമായ, ഭാവാത്മക അനുരണനം സൃഷ്ടിക്കുന്നതുകൊണ്ടുളള നേട്ടം കൈവരിക്കുന്നവർ നമ്മൾ ഓരോരുത്തരുമാണെന്ന് നാം തിരിച്ചറിയണം.

സഹാനുഭൂതിയുടെ സന്തോഷം വളർത്തിയെടുക്കാൻ തടസ്സമായി നിൽക്കുന്ന അനേകം ഘടകങ്ങൾ നമ്മിൽ തന്നെയുണ്ട്. ഇത് ഏതെല്ലാം എന്നറിയുന്നത് സഹാനുഭൂതി നമ്മിൽ വളർത്തുന്നതിനും ഉപകരിക്കും. ഇതിൽ പ്രധാനമായ കാര്യം നമ്മുടെ തന്നെ ഉള്ളിലെ ഉത്കണ്ഠകളും ഭയവും അത്യാർത്തിയും മുൻവിധികളുമാണ്. നമ്മുടെ മനസ്സിലെ വൈകാരിക സ്ഥിതി സഹാനുഭൂതി നിറഞ്ഞു സന്തോഷിക്കുന്നതിനുള്ള നമ്മുടെ സ്വാഭാവിക ഉന്മുഖതയുടെ വഴിയിൽ തടസ്സമായി നില്ക്കുന്നുവെന്ന് മനഃശാസ്ത്രജ്ഞൻമാർ കരുതുന്നു. വംശീയമോ ദേശീയമോ മറ്റെന്തെങ്കിലുമോയായ ഇടുങ്ങിയ ചിന്താഗതികൾ മറ്റുള്ള ആളുകളോട് സഹാനുഭൂതി കാണിക്കുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത് എന്ന് തെളിയിക്കുന്ന പല പഠനങ്ങളും നിലവിലുണ്ട്.

യഥാർഥ്യമെന്ന് നമുക്കു തോന്നുന്ന നമ്മുടെ എല്ലാ സാമൂഹിക ധാരണകളും – നമ്മുടെ മുൻകാല അനുഭവങ്ങൾ, വിശ്വാസങ്ങൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ധാരണകൾ നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നാം നേടിയതല്ല, മറിച്ച് നമ്മുടെ മനസ്സിലേയ്ക്ക് നിക്ഷേപിക്കപ്പെട്ടതോ, അല്ലെങ്കിൽ നമ്മുടെ മനസ്സ് സൃഷ്ടിച്ചതോ മാത്രമാണ്. ഒരു സംസ്കാരത്തിന്റെ നിർമ്മിതികൾ അയുക്തിസഹജവും എപ്പോഴും സംശയാസ്പദവുമായ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്കാരത്തിൻറെ വിഭജന രേഖകൾ നമ്മിൽ നിന്ന് ബോധപൂർവ്വം തുടച്ചു മാറ്റാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സഹാനുഭൂതിയുള്ള സ്നേഹം വളർത്താൻ നമുക്ക് കഴിയാതെ പോകും.

നമ്മുടെ അബോധമനസ്സ് നമ്മുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സ്വാധീനങ്ങളെക്കുറിച്ച് നാം ഒരിക്കലും തന്നെ ബോധവാന്മാരാകാറില്ല. ആവർത്തിച്ചുള്ള മനസ്സിലെ അസൂയ നിറഞ്ഞ ചിന്തകളുടെ മാളങ്ങളിൽ നിന്നും നാം സ്വയം സ്വതന്ത്രരാകാൻ ശ്രമിക്കുന്നില്ലെങ്കിൽ അത്യന്തം അപകടകരമായ അസൂയ നമ്മിൽ വർദ്ധിച്ചുകൊണ്ടിരിക്കും. സുപ്രസിദ്ധ സ്കോട്ടിഷ് സൈക്യാട്രിസ്റ്റ്, ആർ.ഡി. ലയിംഗ്, നമ്മുടെ ആശയക്കുഴപ്പങ്ങളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നത് ഇപ്രകാരമാണ്: “നാം ചിന്തിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളുടെ വ്യാപ്തി നമ്മൾ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെടുന്നതിന്റെ പരിമിതിയാണ് നമ്മിലെ അസൂയ. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് നാം ശ്രദ്ധിക്കുന്നതുവരെ ഈ മാനസിക നില നമ്മിൽ തുടരും.”

സഹാനുഭൂതിയുള്ള സന്തോഷം വളർത്താൻ ബുദ്ധിമുട്ടാണ്, കാരണം മറ്റുള്ളവരുടെ വിജയത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താൻ അത് നമ്മോട് ആവശ്യപ്പെടുന്നു. സ്വതഃഭാവാത്മകമായ സഹാനുഭൂതി നമ്മൾ ഇഷ്ടപ്പെടാത്തവരോടും നമ്മോട് അസൂയപ്പെടുന്നവരോടു പോലും കാണിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അത്യന്തം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ പ്രതിബന്ധങ്ങൾക്കിടയിലും, അസൂയയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുകയും അത്യാഗ്രഹത്തിന്റെ ചങ്ങലകൾ വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് വലിയ നേട്ടങ്ങളാണ്. ഇത്രയും പ്രയാസകരമായ വികാരങ്ങൾ നാം കൈകാര്യം ചെയ്യുമ്പോൾ നമ്മുടെ മാനസികവും വൈകാരികവുമായ ക്ഷേമം വർദ്ധിപ്പിക്കുമെന്നത് നമ്മെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.

സഹാനുഭൂതിയുള്ള സന്തോഷം എങ്ങനെ പരിശീലിക്കാം എന്നുകൂടി അറിയുന്നത് നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർദ്ധിപ്പിക്കുവാൻ നമ്മെ സഹായിക്കും.

സഹാനുഭൂതിയുള്ള സന്തോഷ ധ്യാനം നാല് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അഭ്യസിക്കുന്നത്; സ്വയം, പ്രിയപ്പെട്ട ഒരാൾ, ഒരു നിഷ്പക്ഷ വ്യക്തി, ഒരു വിരുദ്ധ വ്യക്തി എന്നിവരാണ് ഇവർ. സാധാരണയായി, ഈ ധ്യാനം അഭ്യസിക്കുന്നവർ ആദ്യം തങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തുടങ്ങുക. കാരണം സഹതാപം, സഹാനുഭൂതി, അനുകമ്പ എന്നീ വികാരങ്ങൾ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്വാഭാവികമായി നമ്മിൽ ഉടലെടുക്കും. അടുത്തതായി, അവർ ഒരു നിഷ്പക്ഷ വ്യക്തിയോട് ഭാവാത്മക വികാരങ്ങൾ പ്രകടിപ്പിക്കുവാൻ തുടങ്ങും. ഒരുപക്ഷേ, അവർ തെരുവിലോ, മറ്റെവിടെയെങ്കിലുമോ കണ്ടുമുട്ടിയ അപരിചിതനായ ഒരാളായിരിക്കാം. ഇങ്ങനെ അജ്ഞാതനായ വ്യക്തിയോടു പോലും നാം ആത്മാവിൽ വളർത്തിയെടുക്കുന്ന സഹാനുഭൂതി നിറഞ്ഞ സന്തോഷം സാധാരണ ദൈനംദിന ഇടപെടലുകളിൽ കൂടുതൽ സഹാനുഭൂതിയും അനുകമ്പയും ഉള്ളവരാകാൻ നമ്മെ സഹായിക്കും.

ജീവിതത്തിൽ നമ്മെ ബുദ്ധിമുട്ടിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്തിട്ടുള്ള വ്യക്തികൾക്കു നേരെയും സഹാനുഭൂതി നിറഞ്ഞ സന്തോഷം നൽകാൻ നമുക്ക് കഴിയുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണ്. ഇത് നമ്മെ സംബന്ധിച്ച് കഠിനമായിരിക്കുമെങ്കിലും, നമ്മുടെ ഉള്ളിലെ ശത്രുതയും അസൂയയും അകറ്റാൻ, അല്ലെങ്കിൽ ലഘൂകരിക്കാൻ ഇത് നമ്മെ സഹായിക്കും. ഈ സ്‌നേഹ-ദയ ധ്യാനത്തിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം നമ്മുടെ ഉള്ളിലെ ഇടുങ്ങിയ അതിരുകൾ തകർക്കാനും നമ്മിൽ കുടികൊള്ളുന്ന ശത്രുത മനോഭാവം ഇല്ലാതാക്കാനും മറ്റുള്ളവരുമായി മനസ്സ അനുരഞ്ജിതരാകാനും നമ്മെ സഹായിക്കും. ഇത് നാം നമ്മോടു തന്നെ കാണിക്കുന്ന ഏറ്റവും ദയയുളള പ്രവൃത്തിയാണ്.

സഹാനുഭൂതിയുള്ള സന്തോഷം അനുഭവിക്കാനും നിലനിർത്താനും ബുദ്ധിമുട്ടുള്ള സമയം നമ്മുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും. സഹാനുഭൂതി നിറഞ്ഞ സന്തോഷം നമ്മിൽ നഷ്ടപ്പെടുന്നതായി കണ്ടെത്തുകയാണെങ്കിൽ, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നല്ല ഉദ്ദേശ്യത്തോടെയും പരിശ്രമത്തിലൂടെയും നമുക്ക് അത് തിരികെ ലഭിക്കുമെന്ന് ഓർമ്മിക്കുക. ഭാഗ്യവശാൽ, സഹാനുഭൂതിയുള്ള സന്തോഷം മറ്റേതൊരു വികാരവും പെരുമാറ്റവും പോലെ നമുക്ക് ചില മാനസിക വ്യായാമങ്ങൾ ഉപയോഗിച്ച് വീണ്ടെടുക്കാൻ അല്ലെങ്കിൽ വളർത്തിയെടുക്കാൻ കഴിയും.

സമാനുഭാവത്തിനും സഹാനുഭൂതിയുള്ള സന്തോഷത്തിനും നമ്മുടെ പരിപൂർണ്ണമായ ശ്രദ്ധ ആവശ്യമാണ്. ഒരുപക്ഷേ ഇത്രയും കാലം നാം ശ്രദ്ധിക്കാത്ത നമ്മുടെ മനോവികാരങ്ങളെ നാം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. സഹാനുഭൂതി നിറഞ്ഞ നമ്മുടെ പ്രതികരണം പൂർണ്ണമായും സ്വയമേവയുള്ളതായിരിക്കണം.

സഹാനുഭൂതിയുള്ള സന്തോഷം വീണ്ടെടുക്കാനും വളർത്താനുമുള്ള ഏറ്റവും സുപ്രധാനമായ മാർഗ്ഗം അവധാനപൂർവ്വ ധ്യാനവും സഹാനുഭൂതി ധ്യാന പരിശീലനമാണ്.

അവധാനപൂർവ്വ ധ്യാനത്തിലൂടെ സഹാനുഭൂതിയുള്ള സന്തോഷം പരിശീലിച്ചാൽ, മറ്റുള്ളവരോട് സഹതപിക്കാനും അനുകമ്പയും ആർദ്രതയും വളർത്തുവാനും നമുക്കു കഴിയും. വ്യക്തി ബന്ധങ്ങളിൽ നമുക്ക് മികച്ച വ്യക്തിത്വം പുലർത്തുവാൻ ഇത് നമ്മെ സഹായിക്കും. ശ്രദ്ധയും ഏകാഗ്രതയും ആവശ്യമുള്ള എല്ലാ പ്രവർത്തനങ്ങളുമായി നമ്മെ ബന്ധിപ്പിക്കുകയും, വിരസതയെയും നിസ്സംഗതയെയും ചെറുക്കാനും മുദിതയ്ക്ക് കഴിയും. നിഷേധാത്മകമായ വികാരങ്ങളും വിചാരങ്ങളും നമ്മുടെ മനസ്സിൽ കുറയ്ക്കുവാൻ സഹാനുഭൂതിയുള്ള സന്തോഷം നമുക്ക് ഉപകാരപ്രദമാകും.

മറ്റുള്ളവർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളിലും സന്തോഷിച്ചുകൊണ്ട് നമ്മുടെ സ്നേഹവും അനുകമ്പയും വർദ്ധിപ്പിക്കുന്ന ഒരു എളുപ്പ ധ്യാന പരിശീലനമാണിത്. ഇതിനെ സഹാനുഭൂതി സന്തോഷ ധ്യാനം (Sympathetic joy meditation) എന്നു വിളിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി നമ്മുടെ ഹൃദയം തുറക്കലാണിത്. ഇത് നമ്മുടെ ഉള്ളിലുള്ള അത്യാഗ്രഹം, അസൂയ, ശത്രുത എന്നിവയെ പ്രതിരോധിക്കുവാൻ നമ്മെ സഹായിക്കും. നാം അനുഭവിക്കുന്ന മാനസികസമ്മർദ്ദം, ഉത്കണ്ഠ, പലവിധ ആസക്തികൾ, കോപം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ആന്തരിക സംഭാഷണത്തിൽ നിന്ന് അൽപ്പനേരത്തേക്കെങ്കിലും പുറത്തു കടക്കാനുള്ള ഒരു മാർഗ്ഗവും കൂടിയാണിത്.

സഹാനുഭൂതിയുള്ള സന്തോഷം പരിശീലിക്കുന്നതിനുള്ള രീതി വളരെ ലളിതമാണ്. ഇതിന്റെ അടിസ്ഥാന ആശയം, നമുക്കറിയാവുന്ന എല്ലാവരെക്കുറിച്ചും ഇന്ന് അവർ അനുഭവിച്ച എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും, അവർക്ക് ഇന്ന് ഈ അത്ഭുതകരമായ കാര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വളരെ മികച്ചതാണെന്ന് തോന്നാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്.

ആദ്യമായി, നിങ്ങളോട് ഏറ്റവും അടുപ്പമുള്ള ആളുകളെ – നല്ല സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ എന്നിവരെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നിങ്ങൾക്ക് ധ്യാനം ആരംഭിക്കാം. അതിനുശേഷം നമുക്കറിയാവുന്നതോ മറ്റുളളവർ അനുഭവിച്ചതായി സങ്കൽപ്പിക്കുന്നതോ ആയ കാര്യത്തിലും അവർക്കുണ്ടായ ഓരോ നല്ല അനുഭവത്തിലും, നമ്മൾ സന്തോഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു.

അടുത്തതായി നമ്മുടെ ചിന്തൾ മറ്റുള്ളവരുടെ സന്തോഷത്തെയും ഭാഗ്യവത്തെയും കുറിച്ച് മാത്രമല്ല, മറ്റുള്ളവർ ചെയ്ത നല്ല പ്രവൃത്തികളെക്കുറിച്ചും അവർക്കുണ്ടായ സന്തോഷത്തെക്കുറിച്ചും ആലോചിക്കാം. ഇത് സഹാനുഭൂതിയുടെ കൂടുതൽ ശക്തമായ രൂപമാണ്. കാരണം, ഈ ചിന്തകൾ നമ്മുടെ ദൈനംദിന ആനന്ദത്തിന് അപ്പുറം മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിന്റെ പരോപകാര ആനന്ദത്തിനും കാരണമാക്കും. ഇത് നമ്മുടെ മികച്ച സ്വഭാവത്തെ ശക്തിപ്പെടുത്താനും ഭാവാത്മക ഗുണങ്ങളെ നമ്മിൽ വളർത്തുന്നതിനും നല്ല മാനസികാവസ്ഥകളും പ്രവർത്തനങ്ങളും മനസ്സിൽ നിറയ്ക്കുന്നതിനും സഹായിക്കും.

ഇങ്ങനെ ‘നന്മയിൽ വസിക്കുക എന്നത്’ തിന്മയെക്കുറിച്ചുള്ള ഉൽപാദനക്ഷമമല്ലാത്ത ഊഹാപോഹത്തിനെതിരായ പ്രവൃത്തിയാണ്. ഇത്തരത്തിൽ സന്തോഷിക്കുന്നത് നമ്മുടെ മനസ്സിനെ കൂടുതൽ സന്തോഷത്തിലേക്ക് നയിക്കുകയും മറ്റുള്ളവരുമായി സന്തോഷകരമായ ബന്ധം സ്ഥാപിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളിൽ സന്തോഷിക്കുന്ന ഈ ഘട്ടത്തിൽ, ലോകത്തിലെ ഏറ്റവും ദയയുള്ള, ഉദാരമനസ്കരായ ആളുകളിലേക്ക് നമ്മുടെ ചിന്തകൾ വികസിപ്പിക്കുന്നതും ഉപകാരപ്രദമാകും.

മറ്റുളള ആളുകൾ ദിവസംന്തോറും ചെയ്യുന്ന തരത്തിലുള്ള വീരോചിതമായ പ്രവർത്തനങ്ങൾ നമ്മൾ ഒരിക്കലും പരിഗണിക്കുന്നില്ലെങ്കിലും, അവർ അത്തരം ശ്രമങ്ങൾ നടത്തിയത് എത്ര മഹത്തായ കാര്യമാണെന്ന് സഹാനുഭൂതിയോടെ സന്തോഷിക്കാനുള്ള ചെറിയ ശ്രമം നമ്മൾ നടത്തുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതു വഴി സഹാനുഭൂതി നിറഞ്ഞ സന്തോഷത്തിലൂടെ, അവരുടെ ഔദാര്യത്തിന്റെയും നിസ്വാർത്ഥതയുടെയും സന്തോഷം നമ്മിൽ പതിക്കാൻ കാരണമാകും.

ധ്യാനത്തിന്റെ അവസാനഭാഗത്ത് നമ്മളിലേക്ക് മടങ്ങിവരാവുന്നതും ഇന്ന് നമ്മൾ ചെയ്ത എല്ലാ നല്ല കാര്യങ്ങളിലും സന്തോഷിക്കുന്നതും നല്ലതാണ്. ഇതുപോലുള്ള നമ്മുടെ സ്വന്തം നല്ല ഗുണങ്ങളിൽ സന്തോഷത്തോടെ ധ്യാനം ആരംഭിക്കാൻ നിർദ്ദേശിക്കുന്ന ചില അധ്യാപകരും ചികിത്സാവിദ്ധരുമുണ്ട്. എന്നാൽ, സ്വന്തം സൽകർമ്മങ്ങളിൽ സന്തോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മനുഷ്യരും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്.

പക്ഷം പിടിക്കാതെ മത്സരം കാണാൻ കഴിയുന്നത് നമ്മുടെ സഹാനുഭൂതിയുളള സന്തോഷം വർദ്ധിപ്പിക്കുവാനുളള ഒരു നല്ല പരിശീലനമാണ്. എല്ലാ മത്സരാർത്ഥികളുടെയും പ്രയത്നം, വൈദഗ്ദ്ധ്യം, അല്ലെങ്കിൽ കലാപരമായ കഴിവ് എന്നിവയെ അഭിനന്ദിക്കുക – ആരു വിജയിച്ചാലും നമ്മൾ സന്തോഷിക്കുക.

വൈകാരിക സന്തുലിതാവസ്ഥയോടെ ദിവസേന വാർത്തകൾ വായിക്കാനും കാണാനും കേൾക്കാനും പരിശീലിപ്പിക്കുക. മാധ്യമങ്ങളിലെ വാർത്തകൾ എപ്പോഴും വായനക്കാരിലും ശ്രോതാക്കളിലും വ്യത്യസ്തമായ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരിക്കും. മനുഷ്യരുടെ ഇടയിലെ ജാതി മത വൈരുദ്ധ്യങ്ങളും അനഭിലഷണീയമായ സാമൂഹ്യ, രാഷ്ട്രീയ മാത്സര്യങ്ങളും നമ്മുടെ മാധ്യമങ്ങളുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഈ വിഷയങ്ങൾ എല്ലാം തന്നെ നമ്മുടെ മനസ്സിൽ അസൂയയും കോപവും വിദ്വേഷവും ആരോടെങ്കിലും വളർത്തുവാൻ പര്യാപ്തവുമാണ്. ഇവ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന പ്രതികരണങ്ങൾ മിക്കപ്പോഴും നിഷേധാത്മകവുമാണ്.

ഭവാത്മകമായ സംഭവങ്ങൾ കേൾക്കാൻ കാതോർക്കുക. നമ്മോട് അടുത്തിടപഴകുന്ന ആളുകൾ – സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ – എന്നിവരിൽ നിന്നും അവർക്കുണ്ടായ സന്തോഷകരമായ സംഭവങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് നമ്മോട് സംസാരിക്കുമ്പോൾ, നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് പ്രത്യേകം നിരീക്ഷിക്കുക. ഇങ്ങനെയുള്ള നിമിഷങ്ങളിൽ നമ്മെ അവരുമായി പരസ്പരം കൂടുതൽ അടുപ്പിക്കാൻ കഴിയുന്ന വിധത്തിൽ നമ്മിൽ ഭാവാത്മക വികാരങ്ങൾ പരിപോഷിപ്പിക്കുവാൻ പരിശീലിക്കുന്നത് നമ്മിലെ അസൂയ കുറയ്ക്കുന്നതിന് നമ്മെ സഹായിക്കും. ഇത് മറ്റുള്ളവരുമായുള്ള അടുപ്പം നന്നായി നിലനിർത്താനും പരസ്പര ബന്ധങ്ങളിൽ സംതൃപ്തിയുടെയും സന്തോഷത്തിൻ്റെയും വികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

അസൂയ ലഘൂകരിക്കാൻ നാം ഓരോരുത്തരും ഉത്സാഹപൂർവ്വം പരിശീലിക്കേണ്ടതാണ്. നമ്മുടെ പോരായ്മകളുടേയും ഇല്ലായ്മകളുടേയും ഓർമ്മപ്പെടുത്തലുകൾ നിറഞ്ഞതാണ് ജീവിതം. അസൂയയെ നമ്മുടെ മനസ്സിൽ ലഘൂകരിക്കുന്നതിനും സന്തോഷവും സമാധാനവും നമ്മിൽ വളർത്തുന്നതിനും അനേകം മാർഗ്ഗങ്ങളിലൂടെ നമുക്ക് പരിശീലിക്കാം.

സ്വഅനുകമ്പ ധ്യാനരീതിയി (self-compassion meditation) അഭ്യസിക്കുന്നത് നമ്മുടെ ഉള്ളിലെ ആത്മവിമർശനാത്മക ശബ്ദത്തെ നേരിടാനും നമ്മോട് തന്നെ കൂടുതൽ അനുകമ്പയുള്ളവരായിത്തീരുവാനും നമ്മെ സഹായിക്കും. നമ്മുടെ പോരായ്മകളെക്കുറിച്ച് ചിന്തിച്ച് സ്വയം വിമർശിക്കുകയും ശകാരിക്കുയും നിരാശപ്പെടുകയും സ്വയം മുറിവേൽപ്പിക്കുകയും മറ്റുള്ളവരോട് അസൂയപ്പെടുകയും ചെയ്യാതിരിക്കാനും സന്തോഷം നിലനിർത്താനും ഈ ധ്യാനം നമ്മെ സഹായിക്കും.

മറ്റുള്ളവരോട് സ്നേഹദയ വളർത്തുവാൻ നമ്മെ സഹായിക്കുന്ന മറ്റൊരു ധ്യാനരീതിയാണ് (compassion meditation). ഇത് നമ്മിലെ അസൂയ കുറയ്ക്കുവാൻ നമ്മെ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മറ്റുള്ളവരെ പരിപൂർണ്ണമായി അംഗീകരിക്കാനും അവരുടെ നന്മ ആഗ്രഹിക്കാനും നമ്മുടെ മനസ്സിനെ സജ്ജമാക്കുന്ന ഒരു ധ്യാന രീതിയാണ് ഇത്. നമ്മെ മറ്റുള്ളവരുമായി – പ്രിയപ്പെട്ടവരുമായും പരിചയക്കാരുമായും അപരിചിതരുമായിപ്പോലും കൂടുതൽ ബന്ധപ്പെടുത്തുവാനും നമ്മുടെ സന്തോഷം വർദ്ധിപ്പിക്കുവാനും ഇത് വളരെ ഉപകാരപ്രദമാണ്. ആളുകൾ സ്‌നേഹദയയുള്ള ധ്യാനം പതിവായി പരിശീലിക്കുമ്പോൾ, അവർ മറ്റുള്ളവരോട് കൂടുതൽ ഭാവത്മകമായി സ്വയം പ്രതികരിക്കാൻ തുടങ്ങുമെന്നും അവരുടെ സാമൂഹിക ഇടപെടലുകളിലും അടുത്ത ബന്ധങ്ങളിലും കൂടുതൽ സംതൃപ്തി നൽകുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സ്‌നേഹപൂർവകമായ ധ്യാനം വഴി നമുക്ക് നമ്മെക്കുറിച്ചു തന്നെയുള്ള നമ്മുടെ സ്വാർത്ഥമായ ശ്രദ്ധ കുറയ്ക്കുവാനും മറ്റുള്ളവരുടെ സന്തോഷത്തിൽ കൂടുതൽ പങ്കാളികളാകുവാനും നമുക്ക് കഴിയും.

അസൂയ എന്ന വിനാശകരമായ വികാരത്തെ ലഘൂകരിക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു മാർഗ്ഗം പൊതുവായ മാനവിക ധ്യാനമാണ്. നമ്മുടെ പൊതുവായ മാനവികതയെ തിരിച്ചറിയാനും അംഗീകരിക്കുവാനുമുള്ള ഏറ്റവും സുഗമമായ ഒരു വഴിയാണിത്. നമ്മുടെ പൊതുവായ മാനവികത എന്നതിനർത്ഥം നാമെല്ലാവരും മനുഷ്യരാണ്, ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഓരോരുത്തരുടെയും വൈയക്തികമായ പ്രശ്നങ്ങൾക്കൊപ്പം നമ്മുടെ സംഘാതമായ പ്രശ്നങ്ങൾ കൂടി പൊതുവായി പരിഗണിക്കപ്പെടേണ്ടതാണ് എന്ന് ബോധ്യം നമുക്കെല്ലാവർക്കും ഉണ്ടാകണം. നാമെല്ലാവരും കഷ്ടപ്പാടും സമ്മർദ്ദവും നഷ്ടവും വേദനയും അനുഭവിക്കുന്നു. നമ്മൾ എല്ലാവരും സ്നേഹിക്കപ്പെടാനും സംതൃപ്തി അനുഭവിക്കാനും ആഗ്രഹിക്കുന്നു. നമ്മൾ നമ്മുടെ ബന്ധം മെച്ചപ്പെടുത്താൻ മാത്രമല്ല, മറ്റുള്ളവരോട് അനുകമ്പ വളർത്തിയെടുക്കാനും സഹായിക്കുന്നതിനും നമ്മൾ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സഹാനുഭൂതിയുളള സന്തോഷം വർദ്ധിപ്പിക്കുവാനും നമ്മിലെ അസൂയ ലഘൂകരിക്കാനും പല മാർഗ്ഗങ്ങളുണ്ട്. ഇതിൽ ഒന്നാമത്തേത്, നമ്മൾ അസൂയാലുക്കൾ ആണെന്ന യാഥാർത്ഥ്യം നാം സ്വയം അംഗീകരിക്കുക എന്നതാണ്. ഇത് നമ്മുടെ അഹം ബോധത്തിന് ഒരു ഭീഷണിയാണ്. നമ്മുടെ സ്വന്തം ബലഹീനതയെ അംഗീകരിക്കുന്നതിലൂടെ നമ്മുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയണ് നമ്മൾ പരിപോഷിപ്പിക്കുക. നമ്മിലെ അസൂയ അയുക്തികമായ ശത്രുതയുടെയും അവ്യക്തമായ നീരസത്തിന്റെയും വികാരമായിരിക്കാം നമ്മിൽ ജനിപ്പിക്കുക. ഉദാഹരണത്തിന്,അസൂയയുടെ വികാരങ്ങൾ നമ്മുടെ ഹൃദയമിടിപ്പ് കൂട്ടാനും, പേശികൾ മുറുക്കിക്കെട്ടാനും കൈപ്പത്തികൾ വിയർപ്പിക്കാനും വരെ ശക്തിയുള്ളതാണ്. ഈ നില തുടർന്നാൽ നമ്മുടെ ശരീരം ഒരു സദാ ഒരു പോരാട്ടത്തിന്റെയോ പലായനത്തിന്റെയോ പ്രതികരണാവസ്ഥയിൽ ആയിരിക്കും സ്ഥിതി ചെയ്യുക. ഇങ്ങനെ ഒരു അവസ്ഥ കുറെക്കാലം നിലനിന്നാൽ അത് നമ്മുടെ ശരീരത്തിൽ രോഗങ്ങൾ ഉണ്ടാക്കും.

അസൂയ എന്ന നാണയത്തിന്റെ മറുവശം മാത്രമാണ് അതിരുകടന്ന അഭിമാനമെന്ന് തിരിച്ചറിയുക. അഹങ്കാരത്തോടെ അസൂയയെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ നാം ഒരിക്കലും വിജയിക്കില്ല. നമ്മുടെ സ്വന്തം അസൂയാവഹമായ സ്വഭാവങ്ങളെക്കുറിച്ച് ചിന്തിച്ച് ഊറ്റം കൊള്ളാതിരിക്കുക. ഇത് അസ്ഥിരമായ സാമൂഹിക താരതമ്യ ശ്രേണി നിലനിർത്താനെ സഹായിക്കു. നമ്മുടെ സ്വന്തം അഹങ്കാരത്തെ ഉത്തേജിപ്പിക്കാൻ മറ്റാരെയെങ്കിലും താഴ്ത്തേണ്ട ആവശ്യം ഇല്ലെന്ന് തിരിച്ചറിയുക.

അസൂയ നിറഞ്ഞ മനസ്സിൽ അനുകമ്പ കൊണ്ട് നിറയ്ക്കുവാൻ പഠിക്കുക. അസൂയ ഒരു സ്വഭാവികമായ ഗുണമായി പലർക്കും തോന്നുമെങ്കിലും, അത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് തിരിച്ചറിയുക. അസൂയ വസ്‌തുതാപരമായി വളരെ ഇടുങ്ങിയ ഒരു ചിന്താഗതിയാണെന്നും മറ്റുള്ളവർ ആരാണെന്നും അവരുടെ ജീവിതം എങ്ങനെയാണെന്നുമുള്ള മുഴുവൻ ചിത്രവും നമ്മിൽ നിന്നും മറയ്ക്കുന്നുവെന്നും നമുക്ക് ബോധ്യം ഉണ്ടാവണം. ആരെങ്കിലും അത്ഭുതകരമായ നേട്ടങ്ങൾ ജീവിതത്തിൽ നേടിയെന്ന് തോന്നുകയും അവരോട് അസൂയ തോന്നുകയും ചെയ്യുമ്പോൾ അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ നമ്മിലെ അസൂയ ശമിക്കും. ഒരു വ്യക്തിയെ അവരുടെ പൂർണ്ണതയിൽ അഭിനന്ദിക്കുന്നതും അവരുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തുഷ്ടരായിരിക്കാൻ കഴിയുന്നതും നമ്മിലെ മനുഷ്യത്വത്തിന്റെ പര്യായമാണ്.

അസൂയയെ സ്വയം മെച്ചപ്പെടുത്താനുളള അവസരമായി ഉപയോഗിക്കുക. ബുദ്ധിമുട്ടുള്ള ബാല്യകാലം, ആഘാതകരമായ ഒരു സംഭവങ്ങൾ, അല്ലെങ്കിൽ ചില ആരോഗ്യസ്ഥിതികൾ, വൈകല്യങ്ങൾ എന്നിങ്ങനെ നമുക്കുതന്നെ മാറ്റാൻ കഴിയാത്ത കാര്യങ്ങളിൽ നമ്മുടെ അസൂയ വേരൂന്നിയിരിക്കുമ്പോൾ, സ്വയം മെച്ചപ്പെടുത്താൻ അസൂയ ഉപയോഗിക്കുന്നത് നമ്മെ നിരാശയിലേയ്ക്കും സ്വയം കുറ്റപ്പെടുത്തുന്നതിലേയ്ക്കും ആഴത്തിൽ തള്ളിയിടാൻ സാധ്യതയുണ്ട്. എന്നാൽ നമ്മിൽ തന്നെ ചില മാറ്റങ്ങൾ വരുത്താൻ നാം സ്വയം തയ്യാറകുമെങ്കിൽ, ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്കു നേടാൻ കഴിയും. ഉദാഹരണത്തിന്, നമ്മുടെ ഉൽപ്പാദനക്ഷമതയുള്ള സഹപ്രവർത്തകരോട് നമ്മൾ അസൂയപ്പെടുന്നുവെങ്കിൽ, നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ നമുക്ക് സ്വയം കൂടുതൽ ഉൽപ്പാദനക്ഷമതയുളളവരാകാൻ കഴിയും.

ദിനംന്തോറും നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം അനുഗ്രഹങ്ങൾ എണ്ണാൻ മറക്കാതിരിക്കാൻ സ്വയം ഓർമ്മിപ്പിക്കുക. അസൂയ നമ്മുടെ സ്വന്തം അനുഗ്രഹങ്ങളെയും നേട്ടങ്ങളെയും പരിഗണിക്കാതെ മറ്റുളളവരുടെ കഴിവുകളെയും ഉയർച്ചകളെയും കുറിച്ചുള്ള നിഷേധാത്മകമായ നമ്മുടെ ചിന്തകളാണ്. ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിലും ചിലപ്പോഴൊക്കെ നമ്മുടെ കൈവശമുള്ള അവ്യക്തമോ അദൃശ്യമോ ആയ കാര്യങ്ങളിലും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമുക്ക് കൂടുതൽ പ്രയോജനം ചെയ്യും. ഒരു കാര്യം സുനിശ്ചിതമാണ്, അസൂയ നമ്മുടെ സന്തോഷം ചോർത്തിക്കളയുകയും ഊർജം നശിപ്പിക്കുകയും ചെയ്യുന്നു. അസൂയ നാം കാണാതെ പോകുന്ന, അറിയാത്ത നമ്മിലെ നന്മ, സിദ്ധി, സമൃദ്ധി എന്നിവയെക്കുറിച്ചെല്ലാമുള്ള നമ്മുടെ അവബോധത്തിന്റെ അഭാവമാണ്. നമ്മുടെ ആത്മാഭിമാനം ഉയർത്താനുള്ള ശ്രമങ്ങളിലൂടയിൽ നമ്മിൽ വളരുന്ന ആപൽക്കരമായ അസൂയ നമ്മുടെ വേദനയുടെ പ്രഭവകേന്ദ്രമാണ്.

എന്തൊക്കെ പ്രയോജനങ്ങളാണ് സഹാനുഭൂതിയുള്ള സന്തോഷം നമ്മിൽ നിലനിൽക്കുമ്പോൾ, അഥവ നാം വളർത്തുമ്പോൾ നമുക്ക് ലഭിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഈ അറിവ് തീർച്ചയായും നമുക്ക് പ്രോത്സാഹം നൽകുന്നതാണ്.

അനുകമ്പയുള്ള സന്തോഷം ഭാവത്മകമായ ചിന്തകളും വികാരങ്ങളും നമ്മിൽ ഉണർത്തുവാനും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ആരോഗ്യകരമായ വികാരങ്ങൾ വളർത്താനും നമ്മെ സാഹായിക്കും. ശ്രേഷ്ഠമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തിന്മകളെയും അഭ്യൂഹങ്ങളെയെയും ചെറുത്ത് നമ്മുടെ മനസ്സമാധാനം വർദ്ധിപ്പിക്കാനും നമുക്ക് കഴിയും. കൂടുതൽ തുറന്ന മനസ്സോടെ ഓരോ കാര്യങ്ങളെയും വസ്തുതാപരമായി വീക്ഷിക്കുവാനും സമചിത്തതയോടെ വിലയിരുത്തുവാനുമുളള കഴിവ് നമ്മിൽ വർദ്ധിക്കും.

എല്ലാ മനുഷ്യരെയും ഹൃദയപൂർവ്വം സ്വീകരിക്കാനും മുൻവിധികൾ ഇല്ലാതെ പ്രവർത്തിക്കുന്നതിനും വിവേകപരമായി പ്രതികരിക്കുന്നതിനും സഹാനുഭൂതിയുള്ള സന്തോഷം നമ്മെ പ്രാപ്തരാക്കും. മറ്റുള്ളവരെ തള്ളിക്കളയുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യാനുള്ള മനുഷ്യരിൽ ഭൂരിപക്ഷം പേരിലും കാണുന്ന പ്രവണത കുറയ്ക്കാൻ ഇതു ഉപകാരിക്കും. എല്ലാവരും വ്യത്യസ്തരാണെന്നുളളതാണല്ലോ മനുഷ്യരാശിയുടെ സൗന്ദര്യം. ഈ വ്യത്യസ്തയെ സർവ്വത്മാന സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള മാനസിക പക്വത കൈവരിക്കാനുള്ള ഏറ്റവും സുപ്രധാനമായ മാർഗ്ഗമാണ് സഹാനുഭൂതിയുള്ള സന്തോഷം. ആരേയും നിരസിക്കാതെ, ആരോടും അപമര്യാദയായി പെരുമാറുതെ, എല്ലാവരേയും തുല്യരായി പരിഗണിക്കാനും സഹായിക്കാനും സംരക്ഷിക്കാനും ഇത് എല്ലാവരേയും സഹായിക്കും.

അനുഭാവപൂർണ്ണമായ സന്തോഷം നമ്മുടെ നിഷേധാത്മകമായ ആന്തരിക സംഭാഷണങ്ങളിൽ നിന്ന് നമ്മുടെ മനസ്സിനെ മോചിപ്പിക്കുകയും നമ്മുടെ മനസ്സിനെ നിരന്തരം അലട്ടുന്ന ആശങ്കകളുടെയും സമ്മർദ്ദങ്ങളുടെയും പ്രശ്‌നങ്ങളുടെയും പ്രവാഹം കുറയ്ക്കാനും ഉപകരിക്കും.

മറ്റൊരാളുടെ സന്തോഷത്തിൽ പൂർണ്ണമായി പങ്കുചേരാൻ കഴിയുന്ന വ്യക്തിക്ക് നേട്ടങ്ങൾ ഏറെയുണ്ട്. മറ്റൊരാളുടെ ഭാഗ്യത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ഒരാളിൽ അനുഭവപ്പെടുന്ന സന്തോഷം തലച്ചോറിന്റെ പ്രതിഫല വ്യവസ്ഥയെ എങ്ങനെ സജീവമാക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. കേവലം മാനസിക സുഖം തോന്നുന്നതിനുമപ്പുറം, സഹാനുഭൂതിയുള്ള സന്തോഷം അനുഭവിക്കാനുള്ള കഴിവ് കൂടുതൽ ജീവിത സംതൃപ്തിയും സന്തോഷവും നമ്മിൽ തന്നെ വർദ്ധിപ്പിക്കും.

കൂടുതൽ സഹാനുഭൂതിയുള്ള സന്തോഷം നമ്മെ കൂടുതൽ അനുകമ്പയുള്ള വ്യക്തികളെയും സമൂഹങ്ങളെയും സൃഷ്ടിക്കും. സഹാനുഭൂതി നിറഞ്ഞ സന്തോഷത്തെക്കുറിച്ചുളള കൂടുതൽ പഠനങ്ങൾ സമർത്ഥിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനുള്ള നമ്മുടെ സന്നദ്ധതയുടെ ഗുണഭോക്താക്കൾ നാം തന്നെയാണെന്ന യാഥാർത്ഥ്യമാണ്. സഹാനുഭൂതിയുള്ള സന്തോഷം മികച്ച വ്യക്തിബന്ധങ്ങൾ വളർത്തുകയും നിലനിർത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

സഹാനുഭൂതി നിറഞ്ഞ സന്തോഷം ജോലി സ്ഥലങ്ങളിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. 2016-ൽ അധ്യാപകരുടെയും മുൻനിര ആരോഗ്യ പ്രവർത്തകരുടെയുമിടയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ജോലിയിൽ കൂടുതൽ സഹാനുഭൂതിയുള്ള സന്തോഷം അനുഭവിച്ചവർ ജോലിയിൽ കുറഞ്ഞ തളർച്ചയും ഉയർന്ന സംതൃപ്തിയും കാണിക്കുന്നതായി കണ്ടെത്തി. ഇതുപോലെ ഇവർ സഹപ്രവർത്തകരുമായി നല്ല വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചതുമായി ഗവേഷകർക്ക് കാണാൻ കഴിഞ്ഞു. ഗവേഷകരെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം സഹാനുഭൂതിയുള്ള കൂടുതൽപേരും ഏറ്റവും കുറഞ്ഞ ദിവസങ്ങളിലെ അസുഖാവധി എടുത്തിട്ടുള്ളത് എന്നതായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px