സമയം എന്ന മൂന്നക്ഷരത്തിൽ നമ്മുടെ ജീവിതമുണ്ട് ; കാലമുണ്ട്; അതിന്റെ ചരിത്രമുണ്ട്. നനവുള്ള പുസ്തകത്താളിലെ അപൂർവരാഗമാണ് സമയം. സമയത്തിന്റെ ചടുലമായ യാത്ര അതിരുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചരിത്രമുഹൂർത്തങ്ങൾ യാഥാർഥ്യമാകുന്നു. ആരെയും ശ്രദ്ധിക്കാതെ കൂസലെന്യേ വേഗതയിൽ തേരോടിച്ചു പോകുന്ന തന്നിഷ്ടക്കാരനായ ഒരു ചക്രവർത്തിയുടെ ഭാവമാണ് സമയം എന്ന വാക്ക് നമ്മിൽ പലപ്പോഴും ഉണർത്തുന്നത്. പക്ഷേ, സമയം പരമ സത്യമാണെന്നും അതിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിലാണ് നമ്മുടെ ജീവിതമെന്നും നാം തിരിച്ചറിയുമ്പോൾ സമയത്തെ നാം വന്ദിക്കും. ഏറ്റവും വിലപ്പെട്ടതും എന്നാൽ അറിയാതെ പലരും നഷ്ടപ്പെടുത്തുന്നതും എന്തെന്ന കടങ്കഥയുടെ ഉത്തരമാണ് – സമയം!
സമയമെന്ന വർത്തമാന കാല യാഥാർഥ്യത്തെ ഉൾകൊണ്ട് അതിന്റെ അപാരമായ വിലയെയും മൂല്യത്തെയും മനസ്സിലാക്കിക്കൊണ്ട് മലയാളിയുടെ പുതു വർഷമായ ഈ ചിങ്ങപ്പുലരിയെ നമുക്ക് വരവേല്ക്കാം.
സമൃദ്ധിയുടെ ആണ്ടു പിറവിയുടെ ആശംസകൾ നേരുന്നു.
About The Author
No related posts.