അതൃപ്തിയെ കൃതജ്ഞതകൊണ്ട് അകറ്റുക

Facebook
Twitter
WhatsApp
Email

നാം പലപ്പോഴും നിസ്സാരമായി കരുതുന്ന, വിലമതിക്കാത്ത സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞതാണ് ജീവിതം. നമ്മുടെ അപൂർണ്ണതകളെക്കുറിച്ചു ചിന്തിച്ചും ആകുലപ്പെട്ടും, ഒന്നും പ്രവർത്തിക്കാൻ ഉന്മേഷം തോന്നാത്ത നിമിഷങ്ങളും അല്ലെങ്കിൽ ദിവസങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലോ? ഇത്തരം സമയങ്ങളിൽ ഒരു കൃതജ്ഞതയുടെ പട്ടിക തയ്യാറാക്കിയാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ശാന്തമായ ഒരു സ്ഥലത്ത് സുഖമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. ആദ്യമായി ആഴത്തിലുള്ള ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക. നമ്മുടെ ഹൃദയം തുറക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതിന്റെ അടയാളമാണിത്. നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ, നമ്മുടെ ഹൃദയഭാഗത്ത് ഒരു കൈ വയ്ക്കാം. ഇങ്ങനെ നമ്മുടെ ഹൃദയത്തെ ഇപ്പോൾ സംസാരിക്കാൻ നാം അനുവദിക്കുകയാണ്. അതൃപ്തി നിറഞ്ഞ,പരാതിപ്പെടുവാൻ ശീലമുള്ള നമ്മുടെ മനസ്സിന് അല്പസമയം വിശ്രമം കൊടുക്കുകയാണ് ഇതുവഴി നമ്മൾ ചെയ്യുന്നത്. അതൃപ്തി രോഗമാണ്. ഇത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ രോഗാതുരമാക്കും. കാരണം, നമ്മുടെ മനസ്സ് നമ്മൾ നന്ദി പറയേണ്ട കാര്യങ്ങളെക്കുറിച്ച് ധാർമ്മികമായി വിലയിരുത്താന്നാനുളള ഉപകരണമാണ്. അതിൻ്റെ വിലയിരുത്തലുകളും മൂല്യനിർണ്ണയങ്ങളും മിക്കവാറും നമ്മെ കുറ്റബോധത്തിലേക്ക് നയിച്ചേക്കാം.

ഓർമ്മകളുടെ കുടമാറ്റം അതൃപ്തിയുടെ വേലിയേറ്റം നമ്മുടെ ഹൃദയത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കും. എത്രയോ ആളുകളോട്, സാഹചര്യങ്ങളോട്, അവരുടെ നല്ല പ്രവൃത്തികളോട്, വ്യക്തിപരമായ സഹായങ്ങളോട്, ഇങ്ങനെ എന്തിനോടെല്ലാം എപ്പോഴും നമുക്കു നന്ദിയുളളവരാകാൻ കഴിയും? ഇതിന് നമ്മൾ തയ്യാറാണെന്ന് തോന്നുമ്പോൾ, നമ്മുടെ ജീവിതത്തിലെ നന്ദിയുടെ ഒരു പട്ടിക തയ്യാറാക്കുക. ഏറ്റവും കുറഞ്ഞത് ഇരുപത് കാരണങ്ങളെങ്കിലും കൃതജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ടുപിടിക്കാൻ. ശ്രമിക്കുക. ഇതുവഴി ചില ആളുകളോട് നമുക്ക് നേരിട്ട് നന്ദി പ്രകടിപ്പിക്കാനും കഴിയും. ഈ പരിശീലനത്തിന്റെ പ്രഭാവം നമ്മുടെ ഹൃദയത്തിൽ നന്ദിയുടെ തരംഗങ്ങൾ വർദ്ധിപ്പിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ എല്ലാ ദിവസവും ഈ പട്ടിക വായിക്കുകയും നമ്മുടെ ജീവിതം എത്ര സമ്പന്നമാണെന്ന് തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുക. ഈ തിരിച്ചറിവ് നമ്മുടെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ആയിരിക്കും. നമ്മുടെ ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കേണ്ട പുതിയ അവസരങ്ങളെക്കറിച്ച് നമ്മൾ ബോധവാന്മാരാകുമ്പോഴെല്ലാം പട്ടികയിൽ ചേർക്കാൻ മറക്കാതിരിക്കുക.

നന്ദിയുടെ ചിന്തകൾ സാവധാനം നമ്മുടെ ഹൃദയത്തിൽ വളരാൻ തുടങ്ങുമ്പോൾ നമ്മുടെ മനസ്സിലെ അതൃപ്തിയും ആവലാതിയും സാവധാനം നിലയ്ക്കാൻ തുടങ്ങും. കൃതജ്ഞത പ്രകടിപ്പിക്കാൻ എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തെ അനുവദിക്കുക. ഇതാണ് നമ്മുടെ ഉണ്മയുടെ ഏറ്റവും സ്വാഭാവികമായ സഹജഗുണം. എപ്പോഴും എല്ലാറ്റിനോടും എല്ലാവരോടും കൃതജ്ഞതയുളളവരായിരിക്കാൻ ശീലിക്കുക. കൃതജ്ഞതയുടെ സ്പന്ദനങ്ങൾ നമ്മുടെ ഓരോ ഹൃദയമിടിപ്പിലും ഉണ്ടായിരിക്കട്ടെ.

ആൻ്റെണി

About The Author

Leave a Reply

Your email address will not be published. Required fields are marked *