പൊതുവെ മദ്യപാന ശീലമില്ലാത്തവരാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹി നേതാക്കളിൽ നല്ലൊരു ഭാഗം. എന്നാൽ മദ്യപാനത്തിന്റെ പേരിൽ നിരവധി പഴി കേട്ടിട്ടുള്ള ആളാണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ. മദ്യപിച്ച് പാർലമെന്റിലും ഗുരുദ്വാരകളിലുമെത്തുക, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മദ്യപിച്ച് കുഴഞ്ഞുവീഴുക, മരണവീടുകളിൽവരെ മദ്യപിച്ചു പോയി പ്രശ്നങ്ങളുണ്ടാക്കുക തുടങ്ങി അനേകം ആരോപണങ്ങളായിരുന്നു മന്നിനെതിരെ നിരന്തരം ഉയർന്നിരുന്നത്. എന്നാൽ ഒടുവിൽ സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നതിനു മുൻപു തന്നെ, 2019 ൽ, താനിനി ഒരിക്കലും മദ്യപിക്കില്ലെന്ന് അമ്മയുടെ പേരിൽ മൻ പരസ്യമായി പ്രതിജ്ഞ ചെയ്തു. മൻ തന്റെ മാതാപിതാക്കളെ പിടിച്ച് സത്യം ചെയ്തിട്ടുണ്ടന്ന് ആം ആദ്മി പാർട്ടിയുടെ ഡൽഹി നേതാക്കളൊക്കെ പഞ്ചാബിൽ വന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു. അതേ സമയം, മദ്യത്തെ ചൊല്ലിയുള്ള ഈ പ്രശ്നം പഞ്ചാബിൽ പ്രശ്നമായില്ലെങ്കിലും രാജ്യതലസ്ഥാനത്ത് മറ്റൊരു വിധത്തിൽ പ്രശ്നമായി. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ കൂടുതൽ മദ്യശാലകൾ അനുവദിക്കുകയും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന ആരോപണം മുൻപും ഉയർന്നിട്ടുണ്ട്. എന്നാൽ മദ്യനയം പാർട്ടിയെ എത്തിച്ചിരിക്കുന്നത് അത്ര ചെറുതല്ലാത്ത പ്രതിസന്ധിയിലാണ്. അതിന്റെ തെളിവാണ് ഇപ്പോൾ രാജ്യതലസ്ഥാനത്തെ മദ്യമേഖലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൂട്ടക്കുഴപ്പങ്ങളും സിബിഐ റെയ്ഡും രാഷ്ട്രീയ ആരോപണങ്ങളുമെല്ലാം. ഡൽഹി രാഷ്ട്രീയത്തെ ഇപ്പോൾ സംഭവബഹുലമാക്കിയ ‘മദ്യനയ വിവാദം’ എന്താണ്? 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എഎപിക്കെതിരെ ബിജെപി പ്രയോഗിക്കുന്ന ട്രംപ് കാർഡാണോ സിബിഐ റെയ്ഡും കേസും മറ്റു വിവാദങ്ങളും? എന്തുകൊണ്ടാണ് മനീഷ് സിസോദിയയെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്? കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? വിശദമായി പരിശോധിക്കാം…
∙ ഏഴു സംസ്ഥാനങ്ങള്‍, 21 ഇടങ്ങളിൽ റെയ്ഡ്
ഡൽഹി സർക്കാരിന്റെ മദ്യനയവുമായി (എക്സൈസ് പോളിസി) ബന്ധപ്പെട്ട് രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലുള്ള 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു പുറമെ മുൻ എക്സൈസ് കമ്മിഷണർ ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്‍ഡ് നടന്നു. കേസിൽ ഒന്നാം പ്രതിയായാണ് സിസോദിയയയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഴിമതി, ക്രിമിനൽ ഗൂഢാലോചന, കണക്കിലെ ക്രമക്കേട് എന്നിങ്ങനെയാണ് എഫ്ഐആറിലെ കുറ്റങ്ങൾ. കേസിൽ 14 പേരെക്കൂടി പ്രതി ചേർത്തിട്ടുമുണ്ട്.

അടുത്തിടെ ഡൽഹി ലഫ്. ഗവർണറായി ചുമതലയേറ്റ വിനയ് കുമാർ സക്സേന എക്സൈസ് വകുപ്പിലെ 11 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക നടപടിക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. ലൈസൻസ് നൽകിയതിൽ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും യോഗ്യതയില്ലാതിരുന്നിട്ടും തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ലൈസൻസ് അനുവദിക്കുകയും ഇത് ഡൽഹി സർക്കാരിന് നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനു തൊട്ടു മുൻപായിരുന്നു ലഫ്. ഗവർണർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇന്നലത്തെ റെയ്ഡിനു പിന്നാലെ 12 ഐഎഎസ് ഓഫിസർമാരെ ലഫ്.ഗവർണർ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
∙ എന്താണ് സിബിഐ അന്വേഷിക്കുന്നത്?
കഴിഞ്ഞ വർഷം നവംബർ 17 ന് നടപ്പാക്കിയ 2021–22 വർഷത്തേക്കുള്ള ഡല്‍ഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തി വച്ചു എന്ന ആരോപണത്തിന്മേലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നത്. പദ്ധതി നടപ്പാക്കിയപ്പോൾ മുതൽ ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രധാനമായും മദ്യത്തിന്റെ മൊത്തവിതരണക്കാരെ സഹായിക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം.
ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യശാലകൾ വീതം ആകെ 849 എണ്ണം ആരംഭിക്കാൻ സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതായിരുന്നു പുതിയ മദ്യനയം. ഇതിനെതിരെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഡൽഹി ലഫ്. ഗവർണർക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയിരുന്നു. തുടർന്ന് ലഫ്. ഗവർണർ വി.കെ സക്സേന ആരോപണത്തിന്മേൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരത്തിൽ ക്രമക്കേട് നടത്തി ലൈസൻസ് അനുവദിച്ചതിലൂടെ ആം ആദ്മി പാർട്ടി കോടികൾ സമ്പാദിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം.

സിസോദിയയ്ക്കാണ് എക്സൈസ് വകുപ്പിന്റെ ചുമതല. സ്വകാര്യ മേഖലയ്ക്ക് ലൈസൻസ് അനുവദിച്ചപ്പോൾ കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടി 144.36 കോടി രൂപ ഫീസ് ഇനത്തിൽ സിസോദിയ ഇളവ് അനുവദിച്ചു, വിമാനത്താവള മേഖലയിൽ മദ്യശാല ആരംഭിക്കുന്നതിനാവശ്യമായ എൻഒസി സമ്പാദിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ലൈസൻസിനായി കെട്ടിവച്ചവരുടെ 30 കോടി രൂപ തിരിച്ചു നൽകി തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുന്ന പ്രധാന ആരോപണങ്ങൾ. ലൈസൻസിന് അപേക്ഷിക്കുന്നവർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും എന്ന 2010 ലെ മദ്യനയത്തിന്റെ ലംഘനമാണ് ഈ കാര്യങ്ങളെന്നാണ് ആരോപണം. ഈ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭയെ അറിയിക്കാതെയാണെന്നും പിന്നീട് വിവാദമായപ്പോഴാണ് ഇക്കാര്യം പരിഗണിക്കാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടതെന്നും എന്നാൽ ഈ തീരുമാനം ലഫ്. ഗവർണർ ഇടപട്ട് മരവിപ്പിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. മന്ത്രിസഭ പരിഗണിക്കുന്ന വിഷയങ്ങൾ 48 മണിക്കൂർ മുൻപെങ്കിലും ലഫ്. ഗവർണറെ അറിയിക്കണം എന്നായിരുന്നു ചട്ടമെങ്കിലും അതുണ്ടായില്ല എന്നും ആരോപണത്തിൽ പറയുന്നു.
സിസോദിയയുടെ ഒരു സഹായിയുമായി ബന്ധപ്പെട്ട കമ്പനിക്ക് മദ്യവിതരണക്കാരിലൊരാൾ ഒരു കോടി രൂപ നൽകിയതായി സിബിഐ എഫ്ഐആറിൽ പറയുന്നു. ഈ മദ്യവിതരണക്കാരും ഇടനിലക്കാരുമാണ് ഡൽഹിയിലെ പുതിയ മദ്യനയത്തിന് ചുക്കാൻ പിടിച്ചത് എന്നാണ് സിബിഐയുടെ അവകാശവാദം. ഇറക്കുമതി ചെയ്യുന്ന ബീയറിന്റെ വില കുറച്ചതു വഴിയും ഖജനാവിന് നഷ്ടമുണ്ടായി എന്ന ആരോപണവും സിബിഐ അന്വേഷണ പരിധിയിൽ വരും. ബീയർ കെയ്സിന് 50 രൂപ വീതം കുറച്ചത് അംഗീകൃത ഏജൻസികളുടെ അനുവാദമില്ലാതെയാണെന്നും ഇതുവഴി നഷ്ടം സംഭവിച്ചു എന്നുമാണ് ആരോപണം. സിബിഐക്ക് മുൻപു തന്നെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.
∙ ഒരു കുപ്പിക്ക് ഒന്ന് ഫ്രീ, ആകർഷകമായ കടകൾ, ഡിസ്കൗണ്ട്
ഡൽഹിയിൽ ഒരുവർഷം 21 ‘ഡ്രൈ ഡേ’ ഉണ്ടായിരുന്നത് പുതിയ മദ്യനയ പ്രകാരം മൂന്നാക്കി വെട്ടിക്കുറച്ചിരുന്നു. ഇതുവഴി സ്വകാര്യ മദ്യക്കട ഉടമകൾക്കും ഹോട്ടലുകൾക്കും ബാറുകൾക്കും കൂടുതൽ ഉത്പന്നം വിറ്റഴിക്കാനും ഉപയോക്താക്കൾക്ക് വിലക്കുറവും സൗജന്യങ്ങളും സമ്മാനിക്കാനും സാധിക്കും എന്നതും പുതിയ മദ്യനയത്തിന്റെ ഭാഗമായിരുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഉപയോക്താക്കളെ ആകർഷിക്കാൻ വിവിധ മദ്യശാലകൾ ഡിസ്കൗണ്ട് ഓഫറുകളും മറ്റും പ്രഖ്യാപിച്ചിരുന്നത് ഏറെ ചർച്ചയായിരുന്നു. നിശ്ചിത വിലയ്ക്ക് മുകളിലുള്ള മദ്യം ഒരെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി നൽകുന്നതും അതല്ലാത്ത ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതുമൊക്കെ മദ്യശാലകളിൽ തിരക്ക് കൂടാൻ കാരണമായിരുന്നു. മദ്യവിൽപ്പന കൂട്ടുന്നതിന്റെ ഭാഗമായി എംആർപി നിരക്കിനേക്കാൾ കുറച്ചു കൊടുക്കുന്നതിനെ സർക്കാരും പ്രോത്സാഹിപ്പിച്ചതോടെ വൻ മദ്യവിതരണ കമ്പനികൾ ഈ മേഖലയിൽ കുത്തക നേടി.

കഴിഞ്ഞ ജൂൺ മാസം ആയപ്പോഴേക്കും വിപണിയിലുണ്ടായിരുന്ന മദ്യത്തിന്റെ 90 ശതമാനവും 50 ശതമാനം ഡിസ്കൗണ്ട് നൽകി വിറ്റഴിച്ചിരുന്നു എന്നാണ് കണക്ക്. ഉൽപാദക–മൊത്തവിതരണക്കാർക്ക് മാത്രമേ ഈ ബഹളത്തിൽ പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നുള്ളൂ. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ ഡൽഹി ലിക്വർ ട്രേഡേഴ്സ് അസോസിയേഷൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ മദ്യനയം അനധികൃതമാണെന്നും മദ്യം കുപ്പി ഒന്നിന് എന്നതിനു പകരം വൻതുക ഒറ്റയടിക്ക് നികുതിയായി ഈടാക്കുന്നു എന്നതായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. ഇതിന്മേലുള്ള തർക്കങ്ങളും ചർച്ചകളും മുറുകിയതോടെയാണ് ഡൽഹി പോലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ലഫ്. ഗവർണറുടെ സിബിഐ അന്വേഷണ ഉത്തരവും വന്നു.
മദ്യം വീടുകളിൽ എത്തിച്ചു നൽകുന്ന ‘ഹോം ഡെലിവറി’ പദ്ധതി ആം ആദ്മി പാർട്ടി സർക്കാർ ആവിഷ്കരിച്ചപ്പോൾ, സർക്കാർ മദ്യ സംസ്കാരം വളർത്തുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ മദ്യനിരോധനമുള്ള ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് 42 പേര്‍ അടുത്തിടെ മരിച്ച സംഭവത്തെക്കുറിച്ചാണ് ബിജെപി ആലോചിക്കേണ്ടത് എന്നായിരുന്നു എഎപി തിരിച്ചടിച്ചത്. 849 കടകൾ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിൽ പിന്നീട് അത് 468 ആയതിനു കാരണം ലൈസൻസ് എടുത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതു െകാണ്ടാണെന്നാണ് എഎപി വാദം. അംഗീകൃത മദ്യവിൽപന ഇല്ലാതാക്കി ഗുജറാത്ത് മോഡലിൽ വ്യാജമദ്യം വിൽക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് സിസോദിയ അന്ന് ആരോപിച്ചിരുന്നു.

∙ എന്താണ് ഇപ്പോഴത്തെ അവസ്ഥ?
ഇക്കഴിഞ്ഞ മാർച്ച് വരെയായിരുന്നു നിലവിൽ മദ്യക്കടകൾ നടത്തിയിരുന്നവർക്ക് ലൈസൻസ് ഉണ്ടായിരുന്നത്. കോവിഡ് പ്രശ്നങ്ങൾ മുൻനിർത്തി ഇക്കഴിഞ്ഞ ജൂലൈ വരെ അതേ ലൈസൻസിൽ തന്നെ പ്രവർത്തിക്കാൻ പിന്നീട് അനുമതി നൽകി. എന്നാൽ ഇതിനിടെയാണ് ലഫ്. ഗവർണർ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. അതോടെ, ജൂലൈ മാസത്തോടെ പുതിയ നയം അവസാനിപ്പിക്കുകയാണെന്നും സെപ്റ്റംബർ ഒന്നു മുതൽ പഴയ മദ്യനയമായിരിക്കും പിന്തുടരുക എന്നും ആം ആദ്മി പാർട്ടി സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ കൂടി മദ്യശാലകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നിലവിലെ ലൈസൻസികളെ അനുവദിക്കുകയും ചെയ്തു. തുടക്കത്തിലെ സന്ദിഗ്ധാവസ്ഥയ്ക്ക് ശേഷം ഒരു ദിവസം വൈകി ലൈസൻസ് ഒരു മാസം കൂടി നീട്ടി നൽകാൻ അനുമതി നൽകുകയും മദ്യശാലകൾ തുറക്കുകയും ചെയ്തു.
2021-22 വർഷത്തേക്കുള്ള എക്സൈസ് നയം പിൻവലിച്ചതോടെ 468 സ്വകാര്യ മദ്യവിൽപന ശാലകൾക്ക് ഓഗസ്റ്റ് 31 വരെ തുറന്നു പ്രവർത്തിക്കാനായിരുന്നു അനുമതി. സെപ്റ്റംബർ മുതൽ പഴയ മദ്യനയത്തിലേക്ക് തിരികെ പോവുകയാണെന്ന് സർക്കാർ പറഞ്ഞതോടെ കുറേയധികം പേർ ലൈസൻസ് പുതുക്കിയില്ല. ഓഗസ്റ്റ് മാസത്തോടെ തങ്ങളുടെ ലൈസൻസ് അവസാനിക്കുകയാണെന്ന് അറിയാവുന്നതിനാൽ മിക്കവരും പുതിയ സ്റ്റോക്കുകൾ എടുക്കാതെയായി. ഉള്ളവ എത്രയും വേഗം വിറ്റഴിക്കാനും മിക്കവരും ശ്രമിച്ചു. നേരത്തേ പ്രവർത്തിച്ചിരുന്ന മിക്ക കടകളും ഇപ്പോൾ അടഞ്ഞു കിടക്കുന്നു.
‘‘വളരെ വിചിത്രമാണ് ഡല്‍ഹിയിലെ മദ്യക്കടകളുടെ ഇപ്പോഴത്തെ അവസ്ഥ. നേരത്തേ ഇടുങ്ങിയ മുറിക്കുള്ളിലും മറ്റുമൊക്കെ പ്രവർത്തിച്ചിരുന്ന മദ്യക്കടകളാണ് കഴിഞ്ഞ നവംബറോടെ കോലവും രൂപവുമൊക്കെ മാറി മെച്ചപ്പെട്ടത്. ആർക്കും കടന്നു ചെന്ന് ആവശ്യമുള്ള മദ്യം എടുക്കാവുന്ന വൃത്തിയുള്ള അന്തരീക്ഷമായിരുന്നു. അന്ന് ഇവിടെ തന്നെ അത്തരത്തിൽ മൂന്ന് ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. എന്നാൽ അടുത്തിടെ പോയപ്പോൾ അതു മൂന്നും അടച്ചിരിക്കുന്നു. പുതിയൊരെണ്ണം തുറന്നിട്ടുണ്ട്, അവിടെയാണെങ്കിൽ ഉത്സവത്തിന്റെ ആളാണ്. അടുക്കാൻ പോലും പറ്റുന്നില്ല’’, വര്‍ഷങ്ങളായി വടക്കൻ ഡൽഹിയിൽ താമസിക്കുന്ന മലയാളികളിലൊരാൾ പറഞ്ഞത് ഇങ്ങനെ.

മദ്യം സ്റ്റോക്ക് ഇല്ലാതായതോടെ കടകൾ അടച്ചു പൂട്ടിയവരാണ് മിക്കവരും. പുതിയ മദ്യനയം പിൽവലിച്ചതോടെ പഴയ മദ്യനയത്തിന്റെ ബാക്കിയായ കുറച്ച് സർക്കാർ ഔട്ട്‌ലെറ്റുകളിൽ മാത്രമായി പിന്നീട് കാര്യമായ വിൽപ്പന. ഇവിടങ്ങളിലെ തിരക്ക് കൂടിയതോടെ മദ്യം കിട്ടാനില്ലാതായി. തുടർന്ന് ഡൽഹിയുടെ അതിർത്തി നഗരങ്ങളായ യുപിയിലെ നോയിഡ, ഹരിയാനയിലെ ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്കായി മദ്യം തേടിയുള്ള ഒഴുക്ക്.

1970–കൾ മുതൽ പ്രധാനമായും സർക്കാരാണ് ഡൽഹിയിലെ മദ്യവ്യാപാരം നിയന്ത്രിക്കുന്നത്. എന്നാൽ 475 സർക്കാർ ഔട്ട്‍ലെറ്റുകളും 389 സ്വകാര്യ ഔട്ട്‍ലെറ്റുകളും ഉൾപ്പെടെ 864 എണ്ണമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതെല്ലാം നിർത്തിയിട്ടാണ് സ്വകാര്യ മേഖലയ്ക്കായി മദ്യവിതരണം തുറന്നു കൊടുക്കുന്നതും ആധുനിക സൗകര്യങ്ങളോടെ പുതിയ കടകൾ വരുന്നതും. എന്നാൽ ഓഗസ്റ്റ് ആദ്യം മുതൽ ഈ കടകൾ ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. ആരോപണങ്ങൾക്കും കൂട്ടക്കുഴപ്പങ്ങൾക്കും ഒടുവിൽ നിലവിൽ 342 മദ്യക്കടകൾ മാത്രമാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. 15 സോണുകളിൽ ലൈസൻസ് എടുത്തിരുന്നവർ അത് ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി സെപ്റ്റംബർ ഒന്നു മുതൽ പഴയ കടകളിൽ, സർക്കാരിന്റെ ഔട്ട്‍ലെറ്റുകളിലൂടെയാകും മദ്യവിതരണം.
∙ സിസോദിയ എന്ന ഡൽഹിയുടെ ‘ഡി ഫാക്ടോ’ മുഖ്യമന്ത്രി
ഡൽഹിയിൽ ബിജെപിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് ഭരണം പിടിക്കുകയും രാജ്യതലസ്ഥാനത്ത് ശക്തി വർധിപ്പിക്കുകയും ചെയ്തതോടെ ആം ആദ്മി പാർട്ടിയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി രാഷ്ട്രീയ പോരാട്ടം ശക്തമാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിനാണ് ഡല്‍ഹിയുടെ ക്രമസമാധാന ചുമതല എന്നതുകൊണ്ടു തന്നെ ഡൽഹി പൊലീസിനു മേൽ കേജ്‌രിവാൾ സർക്കാരിന് നിയന്ത്രണം ഇല്ല എന്നത് ഏറെ നാളായി പുകയുന്ന പ്രശ്നമാണ്. അതിനു പിന്നാലെയാണ് ഡൽഹി ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽക്കിക്കൊണ്ടുള്ള ഭേദഗതി സർക്കാർ പാർലമെന്റിൽ പാസാക്കുന്നതും. ഈ ഏറ്റുമുട്ടലിൽ ഏറ്റവും പ്രധാനമാണ് ഡല്‍ഹിയിലെ മദ്യനയം സംബന്ധിച്ചുള്ള തർക്കം ഇപ്പോൾ കേസിലും റെയ്‍ഡിലും ആരോപണ, പ്രത്യാരോപണങ്ങളിലുമൊക്കെ എത്തി നിൽക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആണെങ്കിലും ഡൽഹിയുടെ ‘ഡി ഫാക്ടോ’ മുഖ്യമന്ത്രിയാണ് മനീഷ് സിസോദിയ. ഈ ഉപമുഖ്യമന്ത്രിയാണ് ഡൽഹിയിലെ പ്രധാനപ്പെട്ട മുഴുവൻ വകുപ്പുകളും ഭരിക്കുന്നതും. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അഴിമതി കേസിൽ അറസ്റ്റിലാകുന്നതിനു മുൻപു തന്നെ ധനം, വിദ്യാഭ്യാസം, എക്സൈസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന സിസോദിയ അതിനു ശേഷം, ആരോഗ്യം, ആഭ്യന്തരം, ഊർജം, ടൂറിസം തുടങ്ങിയവ ഉൾപ്പെടെ 22 വകുപ്പുകളാണ് ഭരിക്കുന്നത്. ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറ്റിയതിന് പ്രധാനമായും സിസോദിയയാണ് പ്രകീർത്തിക്കപ്പെടുന്നത്. രാജ്യത്തുടനീളം ഭാവി ഒളിംപിക് താരങ്ങളെ വളർത്തിയെടുക്കുക എന്നതു ലക്ഷ്യമിട്ട് ഒളിംപ്യൻ കർണം മല്ലേശ്വരി വൈസ് ചാൻസിലറായി ഒരു കായിക സർവകശാല ഡൽഹിയിൽ ഉയരുന്നുണ്ട്. ഇതിെനാപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുന്ന സംരംഭകത്വ സർവകലാശാല സിസോദിയ ഈ വർഷം ഉദ്ഘാടനം ചെയ്തിരുന്നു.
∙ പരസ്യമോ മികവോ?
കേജ്‌രിവാൾ പല സംസ്ഥാനങ്ങളിലായി പാർട്ടി വളർത്തുകയും ഭാവി പ്രധാനമന്ത്രിയാവുകയും ചെയ്യുക എന്നതാണ് സിസോദിയയെ ഡൽഹി ഭരണം ഏൽപ്പിച്ചിരിക്കുന്നതിന്റെ പിന്നിലെന്നാണ് അടക്കം പറച്ചിലുകള്‍. പാർട്ടി പഞ്ചാബിൽ കൂടി അധികാരം പിടിച്ചതോടെ ഈ പറച്ചിലുകൾക്ക് ആക്കം കൂടി. സിസോദിയയുടെ മികവിൽ ഡൽഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കുണ്ടായ പുരോഗതി ചൂണ്ടിക്കാണിക്കുന്നത് കേജ്‌രിവാൾ തന്നെയാണ്. ഡൽഹിയുടെ വിദ്യാഭ്യാസ മികവിനെ കുറിച്ച് അമേരിക്കയിലെ ‘ന്യൂയോർക്ക് ടൈംസി’ൽ ലേഖനം വന്നതിനു പിന്നാലെയാണ് സിബിഐ റെയ്ഡ് എന്നതുകൊണ്ട് ഇത് ബിജെപിയുടെ പേടിയിൽ നിന്നുണ്ടായതാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. എന്നാൽ ന്യൂയോർക്ക് ടൈംസിലും അൽ–ജസീറയിലും വന്ന ലേഖനങ്ങൾ ആം ആദ്മി പാർട്ടി കാശ് കൊടുത്ത് എഴുതിച്ചതാണ് എന്നാണ് ബിജെപി ആരോപണം.

അതിനിടെ, തങ്ങളുടെ ലേഖനം എന്തെങ്കിലും പരസ്യ ഇനത്തിൽ ഉൾപ്പെട്ടതല്ല എന്നും തങ്ങളുടെ ലേഖകൻ തന്നെ തയാറാക്കിയതാണെന്നും വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് മുൻപും തങ്ങൾ ഇത്തരത്തിൽ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വിശദീകരണക്കുറിപ്പ് ഇറക്കി. ന്യൂയോർക്ക് ടൈംസിലെയും അൽ–ജസീറയിലെയും ലേഖനങ്ങൾ ഒന്നാണെന്നും അതുകൊണ്ട് അത് പണം നൽകി എഴുതിച്ചതാണെന്നുമുള്ള ബിജെപി വാദത്തോട് ആം ആദ്മി പാർട്ടി നേതാവ് സൗരവ് ഭരദ്വാജ് പ്രതികരിച്ചത്, ന്യൂയോർക്ക് ടൈംസിന്റെ ലേഖനമാണ് തങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് അൽ–ജസീറ അത് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നാണ്.
∙ ‘ഒന്നാം നമ്പർ’ പ്രശ്നം
ഇപ്പോഴത്തെ സിബിഐ റെയ്ഡിനു പിന്നിൽ ആം ആദ്മി പാർട്ടി നേതാക്കൾ മറ്റു ചില കാരണങ്ങളും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയെ ഒന്നാം നമ്പർ രാജ്യമാക്കാൻ കേജ്‌രിവാൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചതും രാജ്യമാകെ പര്യടനം നടത്താൻ പോകുന്നതും പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ റെയ്ഡ് വന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെ, സിസോദിയയെ ബിജെപി ലക്ഷ്യം വയ്ക്കുന്നുവെന്ന് കേജ്‌രിവാൾ തന്നെ നേരത്തേ ആരോപിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളെ ക്ഷീണിപ്പിക്കുക എന്നതാണ് ബിജെപി സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അതുകൊണ്ടു തന്നെ സിസോദിയയെ അറസ്റ്റ് ചെയ്താലും അദ്ഭുതപ്പെടാനില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കേജ്‌രിവാൾ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജയിൻ അഴിമതിക്കേസിൽ ഇപ്പോഴും ജയിലിലാണ്. 2024ൽ മോദിയും കേജ്‌രിവാളും തമ്മിലുള്ള പോരാട്ടമായിരിക്കും എന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്‍ജയ് സിങ് പറയുന്നത്. ‘‘നിങ്ങൾക്ക് കേജ്‌രിവാളിനെ തടയാനാവില്ല. ഞങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ മാതൃകകളെ തടയാനാവില്ല. കേജ്‌രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും നിങ്ങൾ ലക്ഷ്യമിടുന്നു എങ്കിൽ ആയിക്കൊള്ളൂ. രാജ്യം മുഴുവൻ ഇത് കാണുന്നുണ്ട്. ഇന്ത്യയെ ഒന്നാം നമ്പറാക്കാനുള്ള ശ്രമങ്ങളെ ഈ നടപടികൾ കൊണ്ട് തകർക്കാനാവില്ല’’, സഞ്ജയ് സിങ് പറയുന്നു.
∙‘ലഫ്. ഗവർണർ എന്തിന് തീരുമാനം മാറ്റി?’
ഡൽഹിയിലെ അംഗീകാരമില്ലാത്ത (അൺഓതറൈസ്ഡ്) മേഖലകളിലും മദ്യശാലകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടക്കത്തിൽ ലഫ്. ഗവർണർ അനുമതി നൽകിയതാണെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്നാക്കം പോവുകയായിരുന്നുവെന്ന് സിസോദിയ ഈ മാസമാദ്യം ആരോപിച്ചിരുന്നു. ലഫ്. ഗവർണറുടെ നടപടിയിലൂടെ കോടിക്കണക്കിന് രൂപ സർക്കാരിന് നഷ്ടം വന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് മദ്യനയം അന്നത്തെ ലഫ്. ഗവർണർക്ക് അയച്ചു നൽകിയത്. ‘‘ലഫ്. ഗവർണർ ഇത് വായിക്കുകയും തുടർന്ന് അദ്ദേഹം ഇതിന് അനുമതി നൽകുകയും ചെയ്തു. പലയിടത്തും പല വിധത്തിലാണ് മദ്യക്കടകൾ ഉണ്ടായിരുന്നത്. ചില വാർഡിൽ രണ്ടും മൂന്നും ഉള്ളപ്പോൾ ചിലയിടത്ത് ഒന്നുപോലും കാണില്ല. ഇത് ഏകീകരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ലഫ്. ഗവർണറുടെ അനുമതി കിട്ടിയ ശേഷം ടെണ്ടർ നടപടികളിലേക്ക് പോയി. നവംബർ 17 ന് കടകൾ തുറക്കേണ്ടതു െകാണ്ട് ആ മാസമാദ്യം അദ്ദേഹത്തിന്റെ അനുമതിക്കായി മദ്യനയം വീണ്ടും സമർപ്പിച്ചു. എന്നാൽ നവംബർ 15–ന് ഗവർണർ തന്റെ നിലപാട് മാറ്റുകയായിരുന്നു. അനുമതി ഇല്ലാത്ത കോളനികളിലും പ്രദേശങ്ങളിലും (അൺഓതറൈസ്ഡ്) കടകൾ തുറക്കണമെങ്കിൽ ഡൽഹി ഡവലപ്മെന്റ് അതോറിറ്റി, മുൻസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി എന്നിവയുടെ അനുമതിയും വാങ്ങണമെന്ന നിബന്ധന അദ്ദേഹം മുന്നോട്ടു വച്ചു. മുൻപ് അദ്ദേഹം ഇത് പരിഗണിച്ചപ്പോൾ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. ലഫ്. ഗവർണർ ആരുടെയെങ്കിലും സമ്മർദ്ദത്തിന് അടിപ്പെട്ടാണോ തീരുമാനം മാറ്റിയത് എന്നത് അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടാൻ പോവുകയാണ്’’, എന്നായിരുന്നു സിസോദിയ ഓഗസ്റ്റ് മാസമാദ്യം പറഞ്ഞത്.
പുതിയ മദ്യനയം സർക്കാരിന് കോടികളുടെ വരുമാനം ഉണ്ടാക്കി തരുമായിരുന്നിടത്ത് ലഫ്. ഗവർണറുടെ തീരുമാനം മൂലം കോടികൾ നഷ്ടപ്പെടുകയാണ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. പുതിയ നയം വരുന്നതിനു മുൻപും അൺഓതറൈസ്ഡ് മേഖലകളിൽ കടകൾ തുറന്നിരുന്നു. എല്ലാ വർഷവും ഇത് അംഗീകരിക്കാറുള്ളതാണ് എന്നും എന്നാൽ ലഫ്. ഗവർണറുടെ ഓഫിസിലെത്തിയപ്പോൾ അത് അനുവദിച്ചില്ല എന്നുമാണ് സിസോദിയ പറയുന്നത്. ‘‘ഈ നിലപാട് മാറ്റം മൂലം അൺഓതറൈസ്ഡ് മേഖലകളിലെ കടകൾ തുറക്കാൻ കഴിഞ്ഞില്ല. പുതുതായി ലൈസൻസ് എടുത്തവർ കോടതിയിൽ പോയി. തുടർന്ന് ഈ മേഖലയിലെ വാർഡുകളിലുള്ള ലൈസൻസികൾക്ക് ലൈസൻസ് ഫീസിന്റെ കാര്യത്തിൽ ഇളവുകൾ അനുവദിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ കോടതി നിർദേശിച്ചു. അതുകൊണ്ടാണ് സർക്കാർ വലിയ നഷ്ടം നേരിട്ടത്. സർക്കാരിനോടോ മന്ത്രിസഭയോടോ ആലോചിക്കാതെ ലഫ്. ഗവർണർ തീരുമാനം മാറ്റുകയായിരുന്നു. ഇതു വലിയ നഷ്ടമാണ് വരുത്തിവച്ചത്. പഴയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു ലഭിച്ചിരുന്ന വരുമാനം 6000 കോടി രൂപയായിരുന്നു. എന്നാൽ പുതിയ മദ്യനയം വരുന്നതോടെ ഈ വരുമാനം 9500 കോടി രൂപയെങ്കിലും ആയി മാറുമെന്നായിരുന്നു കരുതിയത്’’– സിസോദിയ പറഞ്ഞു.
∙ ആരോപണ, പ്രത്യാരോപണങ്ങളുമായി ബിജെപി, എഎപി, കോൺഗ്രസ്
പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചതോടെ വിൽപ്പന കൂടുകയും വരുമാനം കുറയുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണ് ഡൽഹിയിൽ ഉണ്ടായത് എന്നാണ് ബിജെപിയുടെ ആരോപണം. നേരത്തേ മദ്യ കോൺട്രാക്ടർമാര്‍ക്ക് രണ്ടര ശതമാനം കമ്മിഷൻ നൽകിയിരുന്നിടത്ത് ഇത് 12.5 ശതമാനമാക്കി സ്വകാര്യ മദ്യമാഫിയയെ പ്രോത്സാഹിപ്പിക്കുകയാണ് കേജ്‌രിവാൾ സർക്കാർ. ഈ കമ്മിഷൻ വർധനവിന്റെ പിന്നിലുള്ളത് കോടികളുടെ അഴിമതിയാണ് എന്നും കേന്ദ്രമന്ത്രി കൂടിയായ മീനാക്ഷി ലേഖി ആരോപിച്ചിരുന്നു. ജനത്തെ വിഡ്ഢികളാക്കുന്ന പരിപാടികളും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടികളുമൊക്കെ കേജ്‌രിവാൾ നിർത്തണം. സത്യേന്ദ്ര ജയിൻ ജയിലിൽ പോയിട്ടു പോലും കേജ്‌രിവാൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തില്ല. ആം ആദ്മി പാര്‍ട്ടി, കേജ്‌രിവാൾ, സിസോദിയ എന്നിവരുടെ യഥാർഥ മുഖം ഇന്ന് പുറത്തായി എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും പ്രതികരിച്ചു. ഡൽഹി സർക്കാരിന്റെ മദ്യനയം വൻ കുംഭകോണമെന്ന് ബിജെപി എംപി പർവേഷ് വർമയും ആരോപിച്ചു.
ഏകപക്ഷീയവും ഖജനാവിന് ഏറെ നഷ്ടം വരുത്തുന്നതുമാണ് പുതിയ നയം. പുതിയ മദ്യനയം അത്ര നല്ല മെച്ചപ്പെട്ടതായിരുന്നെങ്കിൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ എന്തിനാണ് അത് പിൻവലിച്ചത്? അരവിന്ദ് കേജ്‌രിവാൾ നേരത്തേ സത്യേന്ദ്ര ജയിനും സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അയാളിപ്പോഴും ജയിലിലാണ്. സിസോദിയയും ജയിലിൽ പോകും.
അമിത് മാളവ്യ, ബിജെപി ഐടി സെൽ മേധാവി

എന്നാൽ ബിജെപിയും ആം ആദ്മി പാർട്ടിയുമായി ധാരണ നിലനിൽക്കുന്നുവെന്ന് തങ്ങൾ നേരത്തേ തന്നെ സംശയിച്ചിരുന്നു എന്നാണ് കോൺഗ്രസ് പറയുന്നത്. ആം ആദ്മി പാർട്ടി പണമുണ്ടാക്കുകയും അതുകൊണ്ട് കോൺഗ്രസിനെ തകർക്കുകയും ബിജെപിയെ പിന്തുണയ്ക്കുകയുമാണ്. ഇനിയും ആം ആദ്മി പാർട്ടിയെ കൊണ്ട് ആവശ്യമില്ല എന്നു വന്നപ്പോൾ ഉണ്ടായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. എഎപിയുടെ എല്ലാ കൊള്ളരുതായ്മകളും പുറത്തു വരും. ബിജെപിയും അവരുമായി ഇതിനെ തടയാൻ കരാർ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറയുന്നു.
ഇതേസമയം, സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് സിസോദിയ എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറയുന്നത്. ലോകം മുഴുവൻ പ്രകീർത്തിക്കപ്പെടുന്ന ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ റെയ്ഡ്. ‘‘ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ ദിനപത്രമായ ന്യൂയോർക്ക് ടൈംസ് അവരുടെ ഒന്നാം പേജിൽ സിസോദിയയുടെ ചിത്രം പ്രസിദ്ധപ്പെടുത്തി. പിന്നാലെ മോദി സിബിഐയെ അയച്ചു. ഇന്ത്യ എങ്ങനെയാണ് ഇങ്ങനെ പുരോഗമിക്കുക’’– മൻ ചോദിക്കുന്നു.
English Summary: What is the Delhi Liquor Policy Case and How it Becomes a Political war between AAP, BJP and Congress | Explained














